തിരയുക

Vatican News
ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ... ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ... 

വിശുദ്ധിയിലേക്കുളള വിളി: ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 83-86 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ; അവർ ദൈവത്തെ കാണും"

83. ഹൃദയം ലളിതവും നിർമ്മലവും കളങ്കരഹിതമായവരെക്കുറിച്ച് സുവിശേഷഭാഗ്യങ്ങൾ പ്രതിപാദിക്കുന്നു. എന്തെന്നാൽ സ്നേഹിക്കാവുന്ന ഒരു ഹൃദയം, സ്നേഹത്തെ ഉപദ്രവിച്ചേക്കാവുന്ന, ബലഹീനതപ്പെടുത്തിയേക്കാവുന്ന അപകടത്തിലേക്കെത്തിയേക്കാവുന്ന ഒന്നും കൈക്കൊള്ളുന്നില്ല. ബാഹ്യമോടികള്‍ക്കപ്പുറം യഥാർത്ഥത്തിൽ നാം തേടേണ്ടതും അപേക്ഷിക്കേണ്ടതുമായി നമ്മുടെ യഥാർത്ഥ ലക്ഷ്യങ്ങളേ ചിത്രീകരിക്കുവാനാണ് ഹൃദയം എന്ന വാക്ക് ബൈബിൾ ഉപയോഗിക്കുന്നത്: “മനുഷ്യർ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു; കർത്താവാകട്ടെ ഹൃദയ

 ഭാവത്തിലും”(1സാമു.16:7).  ദൈവം നമ്മുടെ ഹൃദയങ്ങളോടു സംസാരിക്കുവാൻ ആണ് ആഗ്രഹിക്കുന്നത് (cf.  ഹോസി 2:16).  അവിടെ അവിടുത്തെ നിയമം എഴുതുവാൻ ആഗ്രഹിക്കുന്നു.(cf.  ജെറ.31:33) ഒറ്റവാക്കിൽ പറഞ്ഞാൽ, അവിടുന്ന് നമുക്ക് പുതിയ ഹൃദയം തരുവാൻ ആഗ്രഹിക്കുന്നു.(cf.  എസെ.36: 26)

ഹൃദയം - സ്നേഹത്തിന്‍റെ ഇരിപ്പിടം

സ്നേഹത്തിന്‍റെ ഇരിപ്പിടമെന്ന് പറയുന്നത് ഹൃദയത്തെയാണ്. ഇന്ന് നാം ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ദൈവത്തെ കാണുമെന്ന  അഷ്ടസൗഭാഗ്യത്തെ കുറിച്ചാണ് വിചിന്തനം ചെയ്യുന്നത്. എന്താണ് ഹൃദയശുദ്ധി കൊണ്ട് അർത്ഥമാക്കുന്നത്? നമ്മുടെ പ്രവർത്തികളിൽ നാം മനസ്സ് വയ്ക്കുമ്പോൾ ആ മനസ്സിന്‍റെ ഉദ്ദേശ്യങ്ങളെയും ആ ഉദ്ദേശ്യങ്ങളുടെ പരിശുദ്ധിയെയും കുറിച്ച് ചിന്തിക്കാനുള്ള ഒരു ക്ഷണമാണ് ഈ അഷ്ടസൗഭാഗ്യം നമുക്ക് നൽകുന്നത്. ഹൃദയമില്ലാതെ ചെയ്യുന്ന ഏതു പ്രവൃത്തിയും അതിനാൽ തന്നെ വ്യർത്ഥമാണ്. ഹൃദയത്തെ മനസ്സിലാക്കുന്ന, രഹസ്യങ്ങളെ അറിയുന്ന ദൈവം ഹൃദയത്തോടു സംസാരിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ പ്രബോധനത്തിൽ നമ്മെ ഓർമ്മപ്പെടുത്തുന്നു. അങ്ങനെയാണെങ്കിൽ പരിശുദ്ധനായ ദൈവത്തെ സമീപിക്കാൻ പരിശുദ്ധമായ ഹൃദയം നമ്മിൽ ഉണ്ടാകണം. പരിശുദ്ധി എന്നത് ഒരാളുടെ നേട്ടങ്ങളെയോ കുറവുകളെയോ ആശ്രയിച്ചല്ല നിലകൊള്ളുന്നത്. അതിനുദാഹരണമാണ് ദേവാലയത്തിൽ പ്രാർത്ഥിക്കുവാൻ ചെന്ന ഫരിസേയനും ചുങ്കക്കാരനും. ഫരിസേയൻ തന്‍റെ പ്രവൃത്തികളെ ദൈവത്തിന്‍റെ മുന്നിൽ നിരത്തി പൂജയർപ്പിക്കുമ്പോൾ ചുങ്കക്കാരൻ തന്‍റെ ബലഹീനതകളെ നിരത്തി ദൈവത്തിന്‍റെ പരിശുദ്ധിയുടെ മുന്നിൽ താൻ അയോഗ്യനാണെന്ന് ഏറ്റുപറഞ്ഞ് ദൈവത്തിന് പൂജയർപ്പിക്കുന്നു. നാം ഏതവസ്ഥയിൽ ആയിരുന്നാലും കാരുണ്യവാനായ ദൈവത്തിന് നമ്മെ സ്വീകരിക്കാൻ കഴിയും. പക്ഷേ ഫരിസേയന്‍റെ മനോഭാവത്തോടെ നാം നമ്മുടെ  അവസ്ഥയെ അംഗീകരിക്കാതിരിക്കുന്നിടത്തോളം കാലം നമുക്ക് ദൈവത്തെ പ്രീതിപ്പെടുത്തുവാൻ കഴിയുകയില്ല. നമ്മുടെ ഹൃദയകവാടത്തിൽ മുട്ടുന്ന ദൈവത്തെ സ്വീകരിക്കുവാനും കഴിയുകയില്ല. നമ്മൾ ചെയ്യുന്ന പുണ്യങ്ങളെ കുറിച്ചുള്ള ഏറ്റുപറച്ചിലുകളെക്കാൾ കൂടുതൽ ദൈവം വിലനൽകുന്നത് ദൈവത്തെ ആശ്രയിച്ച് ഇടുങ്ങിയ പാതയിലൂടെ യാത്ര ചെയ്യുന്ന വിനയഭാവത്തെയും ആത്മാർത്ഥതയെയാണ്. ഫരിസേയർ തന്‍റെ പ്രവർത്തികളെ അഹങ്കാരമുള്ള ഹൃദയത്തോടെ തുറന്നു കൊടുക്കുമ്പോൾ ചുങ്കക്കാരൻ ഹൃദയത്തിൽ നിറഞ്ഞു നിന്ന വിനയത്തോടെ തന്നെത്തന്നെ തുറന്നുകാട്ടുന്നു. അതുകൊണ്ട് ദൈവം ചുങ്കക്കാരന്‍റെ പരിശുദ്ധി നിറഞ്ഞ പശ്ചാത്താപത്തിൽ ഉയർന്ന പ്രാർത്ഥനയിൽ സംപ്രീതനാകുന്നു. പ്രാർത്ഥനയും, പ്രവർത്തനവും രണ്ടല്ല. അവ ഒരുമിച്ച് സംയോജിക്കപ്പെടേണ്ടവയാണ്. അങ്ങനെ അല്ലെങ്കിൽ ഏശയ്യാ പ്രവാചകൻ അന്ന് പറഞ്ഞത് പോലെ ഈ ജനം അധരം കൊണ്ട് എന്നെ ആരാധിക്കുന്നു എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്നു അകന്നിരിക്കുന്നു എന്ന പ്രവചനം നമ്മിലും അന്വർഥമാക്കപ്പെടും.

ഹൃദയംകൊണ്ടുള്ള യാഗാര്‍പ്പണങ്ങള്‍

84 .“നിന്‍റെ ഹൃദയത്തെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുക”(സുഭാ.4:23). കാപട്യത്താൽ കളങ്കിതമായ ഒന്നിന് കർത്താവിന്‍റെ മുന്നിൽ വിലയില്ല അവിടുന്ന് " വഞ്ചനയിൽ നിന്നും ഓടിയകലുന്നു; മൂഢാലോചനകളോടു വേഗം വിടപറയുന്നു"  (ജ്ഞാനം.1:5)" രഹസ്യങ്ങൾ അറിയുന്ന"  സ്വർഗ്ഗസ്ഥനായ പിതാവ്  (മത്താ.6:6) " മനുഷ്യനിലുള്ളത് എന്തെന്ന്” അറിയുന്ന ദൈവപുത്രനെ പോലെ (cf.  യോഹ.2: 25) എന്തെല്ലാമാണ് അശുദ്ധവും ആത്മാർത്ഥതയില്ലാത്തതും കേവലം പ്രകടനപരമായതും അല്ലെങ്കില്‍ ബാഹ്യമായതും എന്നറിയുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ മനുഷ്യൻ കാട്ടുന്ന ചില കോലാഹലങ്ങളുണ്ട്. ആ കോലാഹലങ്ങളുടെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളും ഉദ്ദേശ്യശുദ്ധികളെയും ദൈവം വ്യക്തമായി കാണുകയും അറിയുകയും ചെയ്യുന്നു. ദൈവത്തിന്‍റെ തിരുനടയിലിരുന്ന് അർപ്പിക്കപ്പെടുന്ന ആരാധനാ അധരവ്യായാമമായും അര്‍പ്പണം ഒളിച്ചോട്ടമായും മാറ്റപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നാളുകൾ കഴിയുന്തോറും ഇതുപോലെയുള്ള അഭ്യാസങ്ങൾ വളർന്നുകൊണ്ടിരിക്കുന്നത് മനുഷ്യൻ തിരിച്ചറിയാതെ പോകുന്നു. വേദനിക്കുന്ന, കഷ്ടപ്പെടുന്ന, പാർശ്വവത്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ നേരെയുള്ള ഒരു കണ്ണടയ്ക്കലും കൂടിയാകുമ്പോള്‍ നമ്മുടെ ഹൃദയത്തിന്‍റെ ശുദ്ധി എന്ന് നാം വിശേഷിപ്പിക്കുന്നതും വിശ്വസിക്കുന്നതുമായ അശുദ്ധിയാണ് നാമിന്ന് സമൂഹത്തിന്‍റെ മുന്നിൽ വിളമ്പി നൽകുന്നതെന്ന് നാം തിരിച്ചറിയണമെന്ന് പാപ്പാ നമ്മോടു ആഹ്വാനം ചെയ്യുന്നു. ഹൃദയംകൊണ്ട് ദൈവത്തിന്‍റെ മുന്നിൽ അർപ്പിക്കപ്പെടുന്ന യാഗങ്ങള്‍ക്കും ആരാധനകൾക്കും ഒരു ലംബ തലവും, ഒരു സമാന്തര തലവുമുണ്ട്. നീതി നിഷേധിക്കുന്നതും മറ്റുള്ളവരുടെ ജീവിതങ്ങളെ അഹങ്കാരം, അധികാരം, വക്രത കൊണ്ട് വേട്ടയാടുന്നതും ദൈവത്തിന്‍റെ ഹൃദയത്തെ അസ്വസ്ഥതപ്പെടുത്തുന്നു. അതോടൊപ്പം നമ്മുടെ പരിശുദ്ധിയെ മലിനപ്പെടുത്തുകയും ചെയ്യുന്നവയാണ്. ഈ മനോഭാവത്തോടെ ദൈവസന്നിധിയിൽ അർപ്പിക്കപ്പെടുന്ന ഒരു യാഗങ്ങളിലും ദൈവം സംപ്രീതനാകുന്നില്ല.

സഹോദരങ്ങളോടുള്ള സ്നേഹത്തിന്‍റെ പ്രതിബദ്ധത

85. സ്നേഹ പ്രവർത്തികൾ കൂടാതെ നിശ്ചയമായും സ്നേഹം ഉണ്ടാവില്ല. എന്നാൽ ഈ സുവിശേഷഭാഗ്യം നമ്മെ ഓർമിപ്പിക്കുന്നത് നമ്മുടെ ഹൃദയത്തിൽ നിന്നും ഉയരുന്ന ഒരു പ്രതിബദ്ധത നമ്മുടെ സഹോദരീ സഹോദരന്മാരോടു നമുക്ക് ഉണ്ടാവണം എന്ന് കർത്താവ് ആഗ്രഹിക്കുന്നു എന്നാണ്. എന്തുകൊണ്ടെന്നാൽ " ഞാൻ എന്‍റെ സർവ്വസമ്പത്തും ദാനം ചെയ്താലും എന്‍റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല. "  (1കൊറി.13). ഹൃദയത്തിൽ നിന്നും വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നതെന്ന് മത്തായിയുടെ സുവിശേഷം പറയുന്നു. (cf.15:18). എന്തെന്നാൽ ഹൃദയത്തിൽ നിന്നുമാണ് കൊലപാതകവും മോഷണവും കള്ളസാക്ഷ്യവും ദുഷിച്ചപ്രവർത്തികളും. (cf.15:19).വരുന്നത്. നമ്മുടെ പ്രവർത്തനങ്ങളെ നിർണ്ണയിക്കുന്ന ശക്തമായ തീരുമാനങ്ങളും അഭിലാഷങ്ങളും ഹൃദയത്തിന്‍റെ ഉദ്ദേശ്യങ്ങളിൽ നിന്നുമാണ് വരുന്നത്.

സ്നേഹപ്രവർത്തികൾ കൂടാതെ നിശ്ചയമായും സ്നേഹം ഉണ്ടാവില്ലായെന്നും സഹോദരങ്ങളുടെ ഹൃദയത്തിൽ നിന്നും ഉയരേണ്ട പ്രതിബദ്ധതയെ ദൈവം ആഗ്രഹിക്കുന്നുവെന്നും പറയുന്ന പാപ്പാ ഇന്ന് നമ്മുടെ കൂടെ വസിക്കുന്ന സഹോദരങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത എന്താണെന്ന് വിചിന്തനം ചെയ്യാനും ആഹ്വാനം ചെയ്യുന്നു. സ്വന്തം വീട്, ജോലി, സമ്പത്ത്, നേട്ടം ഇവയുടെയുള്ളിൽ നിന്നും മനുഷ്യർക്ക് പുറത്തു വരാൻ കഴിയാതെ പോകുന്നതിന്‍റെ കാരണം എന്താണെന്ന് ചിന്തിച്ചാൽ നമുക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന സത്യമാണ് സ്നേഹത്തിന്‍റെ അഭാവം. എന്‍റെത് നിന്‍റെതാണെന്ന മനോഭാവത്തിൽ നിന്നും എനിക്കുള്ളത് എനിക്കും നിനക്കുള്ളത് നിനക്കുമെന്ന മനോഭാവത്തിലേക്ക് മാറി ഇപ്പോൾ നിന്‍റെതും എന്‍റെതാണെന്ന് ചിന്തിക്കുന്ന വക്രമായ ചിന്തയിലേക്ക് മനുഷ്യന്‍റെ മനോഭാവം അധഃപതിച്ചിരിക്കുന്നു.

നമ്മുടെ ഭവനങ്ങളുടെ ഹൃദയമാണ് അത്താഴമേശ. അവിടെ സ്നേഹത്തിന്‍റെ അദ്ധ്വാനവും ത്യാഗത്തിന്‍റെ വിയർപ്പുതുള്ളികളും അലിയിച്ചു കരുതലിന്‍റെയും കനിവിന്‍റെയും വിരുന്നു വിളമ്പിയിരുന്നു. എന്നാൽ ഇന്ന് രുചിമങ്ങിയ വിരുന്നും ഐക്യമില്ലാത്ത വിരുന്നു മേശകളുമായി നമ്മുടെ സ്നേഹഭവനങ്ങൾ മാറി കൊണ്ടിരിക്കുന്നു. അതിന്‍റെ പരാഗങ്ങൾ സമൂഹത്തിലും ലോകം മുഴുവനിലും വ്യാപിക്കുകയും ചെയ്യുന്നു. കുടുംബ ജീവിതങ്ങളിൽ മാത്രമല്ല സമർപ്പിതരിൽ പോലും സ്നേഹത്തിന്‍റെ അഭാവം കാണുവാൻ കഴിയും. ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് ദൈവം പറയുമ്പോൾ പോലും സ്നേഹമില്ലാത്ത ഹൃദയത്തോടെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരുടെ ജീവിതത്തെ ബലി കൊടുക്കുകയും ദൈവത്തിന്‍റെ മുന്നിൽ  നീതിമാന്‍റെ പുറങ്കുപ്പായമണിഞ്ഞ് മനസ്സാക്ഷിക്കുത്തില്ലാതെ ജീവിക്കാനും മടിയില്ലാത്തവരായി നാം മാറികൊണ്ടിരിക്കുന്നു. സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളും ഇതിൽ നിന്ന് വ്യത്യസ്ഥമല്ല. അഴിമതികൾക്കും അക്രമങ്ങൾക്കും ഇടവരുത്തുക മാത്രമല്ല അതിന് നേതൃത്വം കൊടുക്കാൻ പോലും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് സാധ്യമാകുന്നത് നിസ്വാർത്ഥമായ സ്നേഹം ഹൃദയത്തിൽ ഇല്ലാത്തതിനാൽ തന്നെയാണ്.

ഹൃദയത്തിന്‍റെ നൈര്‍മ്മല്യം

86. ദൈവത്തെയും സഹോദരനെയും (cf.മത്തായി 22:36-40) കേവലം വാക്കുകളിലൂടെ അല്ലാതെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഹൃദയമാണ് നിർമ്മല ഹൃദയം. ഇതിന് ദൈവത്തെ കാണാനാവും.  തന്‍റെ സ്നേഹഗീതത്തിൽ വിശുദ്ധ പൗലോസ് പറയുന്നു: “ഇപ്പോൾ കണ്ണാടിയിലൂടെ അവ്യക്തമായി” (1കൊറി.13:12) നാം കാണുന്നു; എന്നാൽ സ്നേഹത്തിന്‍റെയും, സത്യത്തിന്‍റെയും അളവനുസരിച്ച് നാം മുഖാഭിമുഖം കാണും. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. സ്നേഹത്തെ കളങ്കപ്പെടുത്തുന്നവയിൽ നിന്നെല്ലാം ഹൃദയത്തെ കാത്തു സൂക്ഷിക്കുക; അതാണ് വിശുദ്ധി.

കേവലം വാക്കുകളിലൂടെ അല്ലാതെ ആത്മാർത്ഥമായി സ്നേഹിക്കുന്നതിലാണ് നിർമ്മല ഹൃദയം അടങ്ങിയിരിക്കുന്നത് എന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. സ്നേഹം ഉണ്ടെന്ന് പറയുകയും എന്നാൽ ഒട്ടിയ വയറുമായി നമ്മുടെ മുന്നിൽ കൈ നീട്ടുന്ന വ്യക്തിയുടെ മുന്നിൽ പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന നമ്മുടെ ഹൃദയം നിർമ്മലമാണോ എന്ന് ആവർത്തിച്ചു ചിന്തിക്കുവാനും ഈ പ്രബോധനം നമ്മെ ക്ഷണിക്കുന്നു. ആത്മാർത്ഥമായ സ്നേഹമുള്ളവർക്ക് മാത്രമേ മനുഷ്യനെ മനുഷ്യനായി കാണുവാനും, അപരന്‍റെ വേദനകളെ അതേ തീവ്രതയോടെ മനസ്സിലാക്കാനും കഴിയുകയുള്ളു. നിർമ്മലമായ ഹൃദയമുള്ളവർക്ക് മാത്രമേ വിശപ്പനുഭവിക്കുന്നവനെയും, വിവസ്ത്രനെയും, തടവുക്കാരനെയും, രോഗിയെയും അവന്‍റെ വേദനകളോടു കൂടി മനസ്സിലാക്കുവാനും അവരെ സഹായിക്കുന്നതിനായി കരങ്ങൾ ഉയർത്തുവാനും കഴിയുകയുള്ളു. അങ്ങനെയുള്ള മനുഷ്യരെയാണ് കണ്ണാടിയിലൂടെയല്ലാ മുഖാഭിമുഖം സ്വന്തം കണ്ണുകൾകൊണ്ട് വ്യക്തമായി മനുഷ്യരെ കാണുന്നുവരെന്ന്പൗലോസ് പറയുന്നത്. മനുഷ്യന്‍റെ നോവുകളെ വ്യക്തമായി കാണുവാൻ നമുക്ക് കഴിയുന്നുവെങ്കിൽ നമ്മില്‍ നിർമ്മല ഹൃദയമുണ്ടെന്ന് വിശ്വസിക്കാം. മറ്റുള്ളവരെ നമുക്ക് മനുഷ്യരായിപരിഗണിക്കുവാൻ കഴിയുന്നില്ലെങ്കിൽ നമ്മിൽനിന്നും നിർമ്മലമായ ഹൃദയം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയണം. നിർമ്മലമായ ഹൃദയത്തോടെ ദൈവത്തെയും മനുഷ്യനെയും പ്രീതിപ്പെടുത്തുവാൻ നമുക്ക് പരിശ്രമിക്കാം.

01 August 2019, 11:47