തിരയുക

Vatican News
സമുദ്രാന്തര്‍ഭാഗത്തു നിന്നുള്ള ഒരു ദൃശ്യം സമുദ്രാന്തര്‍ഭാഗത്തു നിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

സമുദ്രസംരക്ഷണത്തിന്‍റെ അനിവാര്യത!

നമ്മുടെ ഗ്രഹത്തിന്‍റെ ജലാശയങ്ങളാണ് സമുദ്രങ്ങള്‍. ഈ സമുദ്രങ്ങള്‍ അസംഖ്യം വൈവിധ്യങ്ങളാര്‍ന്ന ജീവികളുടെ വാസയിടവുമാണ്. ഈ ജീവികളില്‍ മിക്കതിനും വിവധങ്ങളായ കാരണങ്ങളാല്‍ വംശനാശഭീഷണിയുണ്ട്- ഫ്രാന്‍സീസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗത്തില്‍ നിന്ന്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജലസമൃദ്ധവും വംശനാശ ഭീഷണിനേരിടുന്ന അസംഖ്യം വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ വാസയിടവുമായ സമുദ്രങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ   അനിവാര്യത മാര്‍പ്പാപ്പാ ഒരിക്കല്‍കൂടി ചൂണ്ടിക്കാട്ടുന്നു.

ശനിയാഴ്ച (31/8/19) പരസ്യപ്പെടുത്തിയ സെപ്റ്റമ്പര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗത്തിന്‍റെ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സമുദ്രസംരക്ഷണത്തിന്‍റെ അടിയന്തര പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

നമ്മുടെ ഗ്രഹത്തിന്‍റെ ജലാശയങ്ങളാണ് സമുദ്രങ്ങള്‍. ഈ സമുദ്രങ്ങള്‍ അസംഖ്യം വൈവിധ്യങ്ങളാര്‍ന്ന ജീവികളുടെ വാസയിടവുമാണ്. ഈ ജീവികളില്‍ മിക്കതിനും വിവധങ്ങളായ കാരണങ്ങളാല്‍ വംശനാശഭീഷണിയുണ്ട്. പാപ്പാ തന്‍റെ ഹ്രസ്വ വീഡിയൊ സന്ദേശത്തില്‍ പറയുന്നു.

സൃഷ്ടിയെന്നത് ദൈവം നരകുലത്തിനേകിയ സ്നേഹപദ്ധതിയാണ്, പാപ്പാ തുടരുന്നു: പൊതുഭവനത്തോടുള്ള നമ്മുടെ ഐക്യദാര്‍ഢ്യം ജന്മംകൊള്ളുന്നത് നമ്മുടെ വിശ്വാസത്തില്‍ നിന്നാണ്.

കടലുകളും സമുദ്രങ്ങളും സംരക്ഷിക്കുന്നതിനായി രാഷ്ട്രസേവകരും ശാസ്ത്രജ്ഞമാരും അര്‍ത്ഥശാസ്ത്രജ്ഞന്മാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. 

പാപ്പാ ശനിയാഴ്ചത്തെ (31/08/19) ട്വിറ്ററില്‍ കണ്ണിചേര്‍ത്തിരിക്കുന്നതും ഈ പ്രാര്‍ത്ഥനാ നിയോഗമാണ്. 

പാപ്പാ ഈ പ്രാര്‍ത്ഥനാനിയോഗത്തില്‍ കടലുകളും സമുദ്രങ്ങളും എന്ന് എടുത്തു പറഞ്ഞിരിക്കുന്നു.

സമുദ്രങ്ങള്‍ എന്ന പദത്തിന്‍റെ വിവക്ഷ ഭൂഖണ്ഡങ്ങള്‍ക്കു ചുറ്റും വ്യാപിച്ചുകിടക്കുന്ന വിശാലമായ ജലാശയങ്ങള്‍ എന്നാണ്. എന്നാല്‍ കടലുകളാകട്ടെ രാജ്യങ്ങളുടെയൊ ദ്വീപുകളുടെയൊ തീരത്തോട് ചേര്‍ന്നുകിടക്കുന്ന സമുദ്രഭാഗങ്ങളാണ്.

 

31 August 2019, 12:06