തിരയുക

Vatican News
അഷ്ടഭാഗ്യങ്ങൾ അഷ്ടഭാഗ്യങ്ങൾ 

വിശുദ്ധിയിലേക്കുളള വിളി: നീതിക്കുവേണ്ടി പീഡനമേല്‍ക്കുന്നവർ ഭാഗ്യവാന്മാര്‍

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 90-94 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

“നീതിക്കുവേണ്ടി പീഡനമേല്‍ക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്”

90.യേശു നിർദ്ദേശിക്കുന്നത് ഒഴുക്കിനെതിരെ സഞ്ചരിക്കാനുള്ള വഴി തന്നെയാണെന്ന് അവിടുന്ന് തന്നെ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. നമ്മുടെ ജീവിത രീതിയിലൂടെ നാം ജീവിക്കുന്ന സമൂഹത്തെ വെല്ലുവിളിക്കാനും അതിന്‍റെ ഫലമായി അവിടെ ഒരു ശല്യമായി വരെ മാറാനുമാണത്. നീതിക്കു വേണ്ടി പോരാടുന്നു എന്ന ഒറ്റക്കാരണത്താൽ ദൈവത്തോടും സഹോദരോടുള്ള തങ്ങളുടെ പ്രതിബദ്ധത ഗൗരവമായി എടുക്കുന്നതുകൊണ്ട് എത്രയോ പേരാണ്

 മതപീഡനത്തിനിരയായിട്ടുണ്ടെന്നും പീഡിപ്പിക്കപ്പെടുന്നതെന്നും അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇരുളടഞ്ഞ മന്ദോഷ്ണസ്ഥിതിയിലേക്ക് മുങ്ങിത്താഴുവാൻ നാം ആഗ്രഹിക്കുന്നില്ലെങ്കിൽ നമുക്ക് ഒരു അനായാസ ജീവിതത്തിനായി ആഗ്രഹിക്കാതിരിക്കാം. “എന്നാല്‍ സ്വന്തം ജീവൻ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും” (മത്തായി.16: 25)

ഈ ലോകത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരുടെ സഞ്ചാരത്തിന്‍റെ അന്ത്യമെപ്പോഴും സത്യത്തിന്‍റെ സുഗന്ധം നിറഞ്ഞതായിരിക്കും. ഒറ്റയ്ക്ക് പറക്കുന്നവരുടെ ചിറകുകൾ ബലമുള്ളവയായിരിക്കും. നീതിക്കു വേണ്ടി പോരാടിയവരെല്ലാം കഠിനമായ ഏകാന്തതയിലൂടെ കടന്നു പോയവരാണ്. ഈ മനുഷ്യർ ഒഴുക്കിനെതിരേ നീന്തുന്നവരാണ്. അനീതിക്കെതിരേ നീന്തുവാന്‍ എളുപ്പമാണ്. നീതിബോധം നഷ്ടപ്പെട്ട വ്യക്തികളിൽ നിന്നുമാണ് ഈ ലോകത്തിന്‍റെ അസാമാധാനം ജന്മമെടുക്കുന്നത്. മറ്റുള്ളവരുടെ ജീവിതത്തിനു നേരെ അവർ വച്ച് നീട്ടുന്ന അസാമാധാനത്തിന്‍റെ ഭാരമാണ് ഈ ലോകത്തിന്‍റെ വലിയ ശാപമായും പാപമായും രൂപപെട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ മാർപ്പാപ്പാ പറയുന്നു ദൈവത്തോടും സഹോദരന്മാരോടുള്ള പ്രതിബദ്ധത ഗൗരവമായി എടുക്കുന്നത് കൊണ്ടാണ് പലരും മതപീഡനത്തിനിരയാകുന്നതെന്ന്. സ്വന്തം ജീവനെ അപകടത്തിലാക്കി മറ്റുള്ളവരുടെ ജീവന് വേണ്ടി പോരാടുന്നവർ യഥാർത്ഥത്തിൽ ക്രിസ്തു വാഗ്ദാനം ചെയ്ത നിത്യ ജീവൻ സ്വന്തമാക്കുന്നു. ക്രിസ്തു എന്ന വ്യക്തിയെ പ്രതി കുരിശേറ്റെടുക്കുന്നതും ജീവിക്കുന്നതും ജീവിതത്തിന്‍റെ ഭാഗ്യമായി കരുതുന്നവർക്ക്‌ മാത്രമേ നീതിയോടെ പ്രവർത്തിക്കാനും നീതിക്കു വേണ്ടി പീഡനമേൽക്കാനും കഴിയുകയുള്ളു. കൃപ ലഭിച്ചവർക്കല്ലാതെ മറ്റാർക്കും അത് സാധ്യമാകുകയില്ല.  

91.സുവിശേഷം ജീവിക്കുന്നതിൽ എല്ലാം എളുപ്പമായിരിക്കും എന്ന് നാം പ്രതീക്ഷിക്കരുത് എന്തെന്നാൽ നമ്മുടെ പാതയിൽ അധികാരദാഹവും ലൗകീക താൽപര്യങ്ങളും തടസ്സമുണ്ടാക്കും. “ആത്മജ്ഞാനവും ജനങ്ങൾക്കിടയിലുള്ള ഐക്യദാർഢ്യവും കൈവരുത്താൻ സാമൂഹിക സംവിധാനങ്ങളും ഉല്പാദനവും ഉപഭോഗവും പ്രയാസങ്ങളും ഉണ്ടാക്കുന്നതാകയാൽ ആ സമൂഹം അന്യവൽക്കരിക്കപ്പെടും” എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ നിരീക്ഷിച്ചു. അത്തരമൊരു സമൂഹത്തിൽ രാഷ്ട്രീയവും ബഹുജന സമ്പർക്കമാധ്യമങ്ങളും സാമ്പത്തികവും സാംസ്കാരികവും മതപരവുമായ സംവിധാനങ്ങൾ എന്നിവ പോലുമുള്ള സ്ഥാപനങ്ങളും യഥാർത്ഥമായ മാനുഷിക സാമൂഹിക വികസനത്തിന് തടസ്സം ഉണ്ടാക്കത്തക്കവിധം കുടുക്കിലാക്കപ്പെടുന്നു. തൽഫലമായി സുവിശേഷഭാഗ്യങ്ങൾ അനായാസം ജീവിക്കാനാവുന്നവയല്ല. അതിനുള്ള ഏത് പരിശ്രമവും നിഷേധാത്മകമായും സംശയത്തോടെയും വീക്ഷിക്കപ്പെടാം; പരിഹസിക്കപ്പെടുകയും ചെയ്യാം.

സുവിശേഷം ജീവിക്കുന്നത് അത്ര എളുപ്പമല്ലെന്ന് നമ്മെ ഓർമിപ്പിക്കുന്ന പാപ്പാ അധികാരദാഹവും, ലൗകീകതാൽപര്യങ്ങളും ജീവിതത്തിന്‍റെ സുകൃതങ്ങളെ നഷ്ടപ്പെടുത്തുന്ന പ്രലോഭനങ്ങളാണെന്ന് വ്യക്തമാക്കുന്നു. അധികാരത്തിന്‍റെ പേരിൽ മറ്റുള്ളവരുടെ അവകാശങ്ങളെ വേട്ടയാടുന്നവരുടെ ലക്ഷ്യം ‘എല്ലാം കൈവശപ്പെടുത്തണം’ എന്ന ലൗകീക ആഗ്രഹം തന്നെയാണ്. ചെറിയ സമൂഹങ്ങളെ പോലും ഇത് വല്ലാതെ സ്വാധീനിക്കുന്നു. സ്നേഹം എന്ന ആയുധം കൊണ്ട് സേവനത്തിന്‍റെ ശുശ്രൂഷയായി അധികാരത്തെ കാണാതെ, അത്യാഗ്രഹികളായി തീരുകയാണ് പലപ്പോഴും നാം. അതിനായി മറ്റുള്ളവരുടെ നീതിയും സമാധാനവും നഷ്ടപ്പെടുത്താനും മനുഷ്യരെ ഇല്ലാതാക്കാനും ഇങ്ങനെയുള്ളവർ പരിശ്രമിക്കുന്നു. തങ്ങൾ ധരിക്കുന്ന വസ്ത്രത്തിലും നടപ്പിലും ഇരിപ്പിലും അധികാരത്തിന്‍റെ അധികഠിനമായ താപം കലർത്തി ഇവർ നിസ്സാഹയരായ ജീവിതങ്ങൾക്ക് നേരെ പൊള്ളലേല്‍പ്പിക്കുന്നു. അങ്ങനെ ചില രാഷ്ട്രീയവും മതപരവും സാമ്പത്തികവും സാംസ്കാരികവുമായ സംവിധാനങ്ങൾ യഥാർഥ മാനുഷിക വികസനത്തിന് തടസ്സമാകുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന പാപ്പാ മനുഷ്യന്‍റെ സ്വാര്‍ത്ഥതയുടെ ഫലങ്ങളാണെന്ന് വ്യക്തമാക്കുന്നു. മറ്റുള്ളവരെ മനുഷ്യനായി കാണാനുള്ള കാഴ്ച കുറവാണ് ഈ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന ഘടകം. ഈ തിന്മയിൽ നിന്നും പിന്മാറി നീതിപൂർവ്വം പ്രവർത്തിക്കുന്നവരുടെ ജീവിതം എപ്പോഴും അപകടത്തിലായിരിക്കും.അങ്ങനെ മനുഷ്യന്‍റെ സ്വാര്‍ത്ഥതയുടെ ഫലങ്ങളായി ചില രാഷ്ട്രീയവും മതപരവും സാമ്പത്തികവും സാംസ്കാരികവുമായ സംവിധാനങ്ങൾ യഥാർഥ മാനുഷിക വികസനത്തിന് തടസ്സമാകുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു  പാപ്പാ. മനുഷ്യ നന്മയെ പ്രതിയും സമൂഹത്തിന്‍റെ പരിശുദ്ധിക്ക് വേണ്ടിയും സ്വജീവനെ അപകടത്തിലാക്കുന്നതിന്‍റെ മഹത്വത്തെ കുറിച്ചാണ് ഈ ഭാഗത്തില്‍ പാപ്പാ സൂചിപ്പിക്കുന്നത്.

92. സ്നേഹത്തിന്‍റെ കൽപ്പന ജീവിക്കുന്നതിനും നീതിയുടെ പാതയെ പിഞ്ചെല്ലുന്നതിനും നാം അനുഭവിക്കേണ്ടി വരുന്ന എല്ലാ മടുപ്പിലും വേദനയിലും കുരിശു നമ്മുടെ വളർച്ചയുടെയും വിശുദ്ധീകരണത്തിന്‍റെയും സ്രോതസ്സായി നിലനിൽക്കും. സുവിശേഷത്തിനുവേണ്ടി സഹനം അനുഭവിക്കേണ്ടിവരുമെന്ന് പുതിയനിയമം നമ്മോടു പറയുമ്പോൾ അത് കൃത്യമായി ഉദ്ദേശിക്കുന്നത് മതപീഡനങ്ങളെയാണ്. (അപ്പോ.5: 41; ഫിലി.1:29; കെളോ.24: 2; തിമോത്തി.1:12; 1പത്രോസ്. 2: 20, 4:14- 16; വെളിപാട്.2:10)

ഈ ഭാഗത്തിൽ മാർപാപ്പാ സുവിശേഷത്തിന് വേണ്ടി സഹനം അനുഭവിക്കേണ്ടിവരുന്ന പുതിയനിയമത്തിലെ കാഴ്ചപ്പാടിനെ കുറിച്ച് വ്യക്തമാക്കിത്തരുന്നു. നീതിക്കുവേണ്ടി സഹനം ഏൽക്കേണ്ടി വരുമ്പോൾ നമുക്ക് ശക്തി ലഭിക്കുന്നത് കുരിശെന്ന സ്രോതസ്സിൽ നിന്ന് മാത്രമാണ്. നമ്മുടെ ജീവിതത്തിൽ കുരിശുകൾ മെനഞ്ഞെടുക്കുന്ന അനേകം വ്യക്തികളുണ്ട്. നമ്മുടെ വളർച്ച ആഗ്രഹിക്കാത്തവരും, അസൂയാലുക്കളും, വഞ്ചനയും, വക്രതയും നിറഞ്ഞ വ്യക്തികളാണവര്‍. നമ്മുടെ ജീവിതത്തിൽ പലരും കുരിശുകൾ തീർക്കുമ്പോൾ അവയെ അതിജീവിക്കുവാൻ രക്ഷയുടെ ചിഹ്നമായ കുരിശിനെ മുറുകെ പിടിക്കണമെന്ന് പാപ്പായുടെ പ്രബോധനം നമ്മെ ഓർമ്മപ്പെടുത്തുന്നു. സ്വർഗ്ഗം വിലയ്ക്കു വാങ്ങുന്ന സ്വർണ്ണനാണയമായി സഹനത്തെ കാണുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ പ്രത്യാശയോടെ അഭിമുഖീകരിക്കാൻ കഴിയും. നഷ്ടങ്ങൾ നഷ്ടങ്ങളായി കാണാതെ ദൈവേഷ്ടങ്ങളായി കാണുവാൻ കഴിയണം. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ദൈവരാജ്യത്തെ പ്രതി പീഡനം അനുഭവിക്കുന്ന അനേകം സഹോദരങ്ങളുണ്ട്. കുട്ടികൾ പോലും ദൈവരാജ്യത്തെ പ്രതി ജീവൻ അർപ്പിക്കുന്നു. യഥാർത്ഥത്തിൽ അവർ പ്രഭാതത്തിൽ അൾത്താരയിൽ അർപ്പിക്കപ്പെടുന്ന ബലി അവരുടെ ജീവിത പ്രദോഷത്തിൽ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്.

93. ഇവിടെ നാം പ്രതിപാദിക്കുന്നത് മറ്റുള്ളവരോടുള്ള മോശമായ പെരുമാറ്റത്തിലൂടെ നമുക്ക് ഉണ്ടാകാവുന്ന പീഡനങ്ങളെക്കുറിച്ച് അല്ല; പിന്നെയോ നമുക്ക് അനിവാര്യമാകുന്ന മതപീഡനത്തെ കുറിച്ചാണ്. വിശുദ്ധർ ദുരഭിമാനവും നിഷേധാത്മകതയും വിദ്വേഷവും മൂലം ഒറ്റയാൻമാരോ, മാറിനിൽക്കുന്നവരോ അല്ല. ക്രിസ്തുവിന്‍റെ അപ്പോസ്തലന്മാരും അങ്ങനെയായിരുന്നില്ല. അപ്പോസ്തല പ്രവർത്തനങ്ങളിൽ ആവർത്തിച്ചു പറയുന്നത്, അവർ അധികാരികളിൽ ചിലരാല്‍ പീഡിപ്പിക്കപ്പെടുകയും ക്ലേശിപ്പിക്കപ്പെടുകയും ചെയ്തു. (cf.4:1-3, 5:17-18) എങ്കിലും "എല്ലാവരുടെയും സ്നേഹം ആർജ്ജിച്ചു എന്നാണ്.(2:47; cf.4:21, 33;5:13)

മതപീഡനത്തിന്‍റെ ആത്മീയതയെ കുറിച്ച് പാപ്പാ ഇവിടെ പരാമർശിക്കുന്നു. മതപീഡനത്തെ കുറിച്ച് പറയുമ്പോൾ പാപ്പാ സ്നേഹത്തെക്കുറിച്ചും പങ്കുവയ്ക്കുന്നു. ദൈവരാജ്യത്തെ പ്രതി പീഡനത്തിന് വിധേയമാക്കപ്പെട്ടവര്‍ അധികാരികളാല്‍ പീഡിപ്പിക്കപ്പെട്ടിട്ടും മറ്റുള്ളവരുടെ സ്നേഹം ആര്‍ജ്ജിച്ചുവെന്ന് തിരുവചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കുന്നു. പീഡിപ്പിക്കപ്പെടുമ്പോൾ സ്നേഹിക്കുവാൻ കഴിഞ്ഞത്കൊണ്ടാണ് ആദിമ ക്രൈസ്തവ സമൂഹം ജീവസ്സുറ്റതായി തീർന്നത്. നമ്മെ ദ്രോഹിക്കുന്നവരെ ക്ഷമയോടെ സമീപിക്കുവാൻ ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തുവിന്‍റെ  തിരുമൊഴികളെ ജീവിതത്തിന്‍റെ വരമൊഴിയാക്കാന്‍ കഴിയണമെന്ന് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. മനുഷ്യന്‍റെ ഉള്ളിലെ വെറുപ്പും വിദ്വേഷവുമാണ് മനുഷ്യജീവിതത്തിന്‍റെ അസമാധാനത്തിനും നീതി നിഷേധിക്കുന്ന പ്രവണതയ്ക്കും കാരണമായിത്തീരുന്നത്. അതിന്‍റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന തിന്മയാണ് അസൂയയും അധികാരദാഹവും അഹങ്കാര മനോഭാവവും. കുരിശിലെ ക്രിസ്തുവിനെ അനുഗമിക്കുന്ന നമുക്ക് ക്രൂശിതന്‍റെ പാതകളെ പിന്തുടരുവാൻ അത്ര കഴിയാതെ പോകുന്നതും ഈ തിന്മകൾക്ക് നാം അടിമപ്പെട്ടതുകൊണ്ടാണ്. അത് സമൂഹത്തിൽ  നീതിനിഷേധിക്കപ്പെട്ടവരെ ജനിപ്പിക്കുന്നു.

94. മതപീഡനങ്ങൾ കഴിഞ്ഞ കാലത്തിന്‍റെ ഒരു യാഥാർത്ഥ്യം അല്ല; ഇന്നും നാം അവ അനുഭവിക്കുന്നു. പല സമകാലീന രക്തസാക്ഷികളെയും പോലെ രക്തം ചിന്തിയോ അല്ലെങ്കിൽ കുറേക്കൂടി സൂക്ഷ്മമായ രീതികളിലൂടെയോ അപവാദങ്ങളും നുണകളും വഴിയോ നാം അവ അനുഭവിക്കുന്നു. എന്നെ പ്രതി എല്ലാ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ (മത്തായി.5:11) നിങ്ങൾ ഭാഗ്യവാന്മാരാണ് യേശു പറയുന്നു. മറ്റവസരങ്ങളിൽ മതപീഡനം നമ്മുടെ വിശ്വാസത്തെ പരിഹസിക്കുകയും നമ്മെ വിഡ്ഢികളായി തോന്നിപ്പിക്കത്തക്ക കുത്തുവാക്കുകളുടെ രൂപം സ്വീകരിക്കുകയും ചെയ്യുന്നു.

നമുക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെങ്കിലും അനുദിനം സുവിശേഷത്തിന്‍റെ പാത സ്വീകരിക്കുക: അതാണ് വിശുദ്ധി. ഈ അടുത്ത കാലങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ശ്രമിച്ച പല വ്യക്തികളും രക്തസാക്ഷികളായി രൂപാന്തരപ്പെടുന്ന ചരിത്രം സമകാലിക മാധ്യമങ്ങളിലൂടെ നാമറിയുന്നുണ്ട്. ക്രിസ്തു സാക്ഷ്യത്തിനായി നിലകൊണ്ട വിശ്വാസികൾ ഇന്ത്യയിലും, ഇറാഖിലും, പാക്കിസ്ഥാനിലും, സിറിയയിലും മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പീഡനങ്ങൾ അനുഭവിക്കുന്നു. സത്യത്തിനു സാക്ഷ്യം വഹിക്കാൻ പരിശ്രമിക്കുമ്പോൾ വിവാദങ്ങളിലൂടെയും, നുണ പ്രചരണങ്ങളിലൂടെയും സത്യത്തെ വളച്ചൊടിക്കുകയും അർദ്ധസത്യങ്ങളെ സത്യങ്ങളായി പ്രചരിപ്പിക്കുകയും ചെയ്യാന്‍ നാശത്തിന്‍റെ ശക്തികൾ നടത്തുന്ന പോരാട്ടങ്ങൾ നമുക്ക് അനുദിനം പരിചിതങ്ങളായ യാഥാർത്ഥ്യമായി മാറുന്നു. ക്രിസ്തുവിന്‍റെ സത്യം സ്നേഹത്തിന്‍റെ സത്യമാകുമ്പോൾ അവന്‍റെ ശത്രുവായ പിശാചിന്‍റെ തന്ത്രം സ്നേഹത്തിന് വിപരീതമായ വിദ്വേഷത്തിലും, വെറുപ്പിലും, ഭിന്നതയിലും അധിഷ്ഠിതമാകുന്നു. ഇവയിലൂടെ കടന്നുവരുന്ന സഹനങ്ങളെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ വിശുദ്ധിയുടെ പാത നമ്മുടെ മുന്നിൽ തെളിഞ്ഞുവരും. ഈ പാത വിശാലമായതല്ല. മറിച്ച് ഞെരുക്കമുള്ളതും, ഇടുങ്ങിയതുമാണ്. ഈ പാതയിലൂടെ സഞ്ചരിക്കാൻ അഷ്ടസൗഭാഗ്യങ്ങൾ നമ്മെ സഹായിക്കുന്നു.

 

15 August 2019, 13:17