തിരയുക

മാർപ്പാപ്പാ ഇമ്മാനുവേൽ വില്ലേജിലെ  അൽഷിമേർ രോഗികളെ  സന്ദർശിക്കുന്നു മാർപ്പാപ്പാ ഇമ്മാനുവേൽ വില്ലേജിലെ അൽഷിമേർ രോഗികളെ സന്ദർശിക്കുന്നു 

വിശുദ്ധിയിലേക്കുളള വിളി: കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 80-82 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

80."കാരുണ്യം ഉള്ളവർ ഭാഗ്യവാന്മാർ അവർക്കു കരുണ ലഭിക്കും." കാരുണ്യത്തിന് രണ്ടു മാനങ്ങളുണ്ട്. അതു കൊടുക്കുന്നതും സഹായിക്കുന്നതും മറ്റുള്ളവരെ ശ്രൂശൂഷിക്കുന്നതുമെന്നപോലെ മാപ്പു നൽകുന്നതിലും മനസ്സിലാക്കുന്നതിലും കൂടി അടങ്ങിയിരിക്കുന്നു. ഒരു സുവർണ്ണ നിയമത്തിൽ വിശുദ്ധ മത്തായി അത് സംഗ്രഹിക്കുന്നു. "മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ"(7:12).  ഈ നിയമം എല്ലാ കാര്യത്തിലും ബാധകമാണെന്ന് മതബോധനഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു(71). പ്രത്യേകിച്ചും ധാർമ്മീക വിധിതീർപ്പ് ഉറപ്പില്ലാത്തതും തീരുമാനം ക്ലേശകരവും ആവുന്ന (72)സാഹചര്യങ്ങളിൽ.

സ്വന്തം ജീവിതത്തെ ദൈവത്തിന്‍റെ മുന്നിൽ മാത്രം ഇരുന്ന് നിശബ്ദമായി ഒന്ന് വിശകലനം ചെയ്താൽ - ദൈവത്തിന്‍റെ കരുണയുടെ വറ്റാത്ത ഉറവ അനുദിനം അനുനിമിഷം നമ്മിലൂടെ നിറഞ്ഞൊഴുകുന്നത് തിരിച്ചറിയാൻ കഴിയും. ഈ അനുഭവം മറന്ന് പോകുമ്പോഴാണ് അപരനെ തൊടാനാവാത്തതും തീണ്ടാനാവാത്തതുമായി കണക്കാക്കുക.  നാം അനുഭവിക്കുന്ന കരുണ അനുഭവവേദ്യമാക്കി അപരന് വിളമ്പുമ്പോഴാണ് നാം അനുഗ്രഹീതരാവുക. ദാനങ്ങൾ എല്ലാം പങ്കുവയ്ക്കലിനായുള്ളതാണ്‌. അതാണ് സത്യമായ ക്രൈസ്തവ പാരമ്പര്യം. അപ്പോസ്തലന്മാരുടെ ആദ്യ സമൂഹം ഈ പങ്കുവയ്ക്കലിലാണ് തഴച്ചു വളർന്നത്. എപ്പോഴൊക്കെ ഈ പങ്കുവയ്ക്കൽ മുടങ്ങുന്നുവോ അപ്പോഴെല്ലാം അനുഗ്രഹത്തിന് പകരം അപകടങ്ങൾ പതിയിരിക്കുന്നതും നടപടി പുസ്തകത്തിൽ വായിക്കാം. ഇത് അപ്പോസ്തല നടപടിയിൽ മാത്രമല്ല നമ്മുടെ അനുദിന നടപടികളിലും സൂക്ഷിച്ചാൽ വായിച്ചെടുക്കാൻ കഴിയും.

കരുണ അനുദിന ജീവിതത്തിന്‍റെ അനുഭവമാണ്

നമുക്കുള്ളതെല്ലാം ദൈവത്തിന്‍റെ ദാനങ്ങളാണെന്നും അത് പങ്കുവയ്ക്കാനുള്ളതാണെന്നും സമ്പത്തു മാത്രമല്ല, നമുക്ക് ലഭിക്കുന്ന ഓരോ ദിവസത്തെ കൃപകൾ പോലും പങ്കുവെയ്ക്കാനുള്ളതാണെന്നും മനസ്സിലാക്കണം. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളെ കുറിച്ചും ഫലങ്ങളെ കുറിച്ചും പഠിപ്പിക്കുമ്പോൾ വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് ഒരു വ്യക്തിക്ക് പരിശുദ്ധാത്മാവ് വരം  നൽകുന്നത് ആ വ്യക്തിക്ക് വേണ്ടി മാത്രമല്ല മറിച്ച് സമൂഹത്തിനു വേണ്ടിയാണ് എന്നാണ്. കൃപാനുഭവങ്ങളെ എല്ലാം പരിശോധിക്കുമ്പോൾ അതെല്ലാം മറ്റുളളവർക്കായി പങ്കുവയ്‌ക്കേണ്ടതാണെന്ന് മനസ്സിലാക്കുമ്പോൾ ഒന്നും പിടിച്ച് വയ്ക്കാതെ പങ്കുവയ്ക്കുമ്പോഴാണ് സത്യത്തിൽ നമ്മൾ അനുഗ്രഹീതരാകുന്നത്. കരുണ എന്ന് പറയുന്നത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലുള്ള അനുദിന അനുഭവമാണ്. അത്രമാത്രം ദൈവത്തിന്‍റെ കരുണ അനുഭവിക്കുന്ന നമ്മൾ ആ കരുണ അനുഭവിച്ചതിനു ശേഷം മറ്റുള്ളവരെ നീചരായി കണക്കാക്കുന്ന അനുഭവം നമുക്ക് അനുഗ്രഹമല്ല മറിച്ച് അപകടമാണ് സമ്മാനിക്കുന്നത്. കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്കു കരുണ ലഭിക്കും എന്ന് പറയുമ്പോൾ  നാം ഓർക്കേണ്ടത്  നമുക്ക് ലഭിച്ച കരുണയെ കുറിച്ച് നാം അവബോധമായുള്ളവരായിരിക്കണം എന്നാണ്. ആ കരുണയനുഭവം നമ്മെ കരുണയുള്ളവരാക്കി മാറ്റി തീർക്കണം. അങ്ങനെ നമുക്ക് രൂപാന്തരീകരണം ഉണ്ടാകണം. അപ്പോൾ നാം കരുണ കാണിക്കുന്ന മനുഷ്യൻ നമ്മെക്കാള്‍ കരുണയുള്ളവനായി മറ്റുള്ളവരുടെ മുന്നിൽ തെളിയുകയും അങ്ങനെ കരുണയുടെ ചങ്ങലകൾ രൂപപ്പെടുകയും ചെയ്യുന്നു. ആ ചങ്ങലയിലാണ് സത്യത്തിൽ ക്രിസ്തീയതയുടെ അടിത്തറ അടങ്ങിയിരിക്കുന്നത്.

സ്നേഹവും കാരുണ്യവും

സ്നേഹവും കാരുണ്യവും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങൾ പോലെയാണ്. സ്നേഹമുള്ളിടത്ത് മാത്രമേ കാരുണ്യത്തിന് ജീവൻ നൽകാൻ കഴിയുകയുള്ളൂ. കാരുണ്യമുള്ള വ്യക്തിക്കുമാത്രമേ വേർതിരിവില്ലാതെ ഏവരെയും സ്നേഹിക്കുവാൻ കഴിയുകയുള്ളു. ഇവിടെ പാപ്പാ കാരുണ്യത്തിന്‍റെ രണ്ട് മാനങ്ങളെ കുറിച്ച് സംസാരിക്കുന്നു. കൊടുക്കുന്നതും സഹായിക്കുന്നതുമാണെന്ന് പറഞ്ഞുകൊണ്ട് മാപ്പു നൽകലും മനസ്സിലാക്കാനും കൂടി അവയിൽ അറിഞ്ഞിരിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു. പാപ്പായുടെ ഈ പ്രബോധന വാക്കുകൾക്ക് ശക്തി നൽകുന്നത് ക്രിസ്തു പഠിപ്പിച്ച സുവർണ്ണ നിയമമാണ്. മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് നാം ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവർക്ക് നാം ചെയ്തു കൊടുക്കണമെന്ന നിയമത്തെ പാപ്പാ ഇവിടെ ഓർമ്മപ്പെടുത്തുമ്പോൾ ഈ നിയമം നമ്മുടെ ജീവിതത്തിൽ എത്രമാത്രം പാലിക്കപ്പെടുന്നു എന്ന് ആത്മപരിശോധന ചെയ്യണം. മറ്റുള്ളവരെ സേവിക്കുന്നതിനേക്കാൾ മറ്റുള്ളവരാൽ സേവിക്കപ്പെടാൻ ഇഷ്ടപ്പെടുന്നവരാണ്. നാം ഏറ്റവും നല്ലത് നമുക്കായി തിരഞ്ഞെടുക്കുമ്പോൾ മറ്റുള്ളവർ അർഹിക്കുന്നത് പോലും നിഷേധിക്കുന്നവരാകാം. അങ്ങനെ കാരുണ്യത്തിന്‍റെ കല്പനയിൽ നിന്നും എത്രയെത്ര കല്ലേറു ദൂരങ്ങളാണ് നമുക്കും അപരർക്കുമിടയിൽ തീർത്തിരിക്കുന്നത്. ഇങ്ങനെയുള്ള നമ്മുടെ ജീവിത വൈകല്യങ്ങളെ സൗഖ്യപ്പെടുത്തുന്ന ലേപനമായി ഈ പ്രബോധനത്തെ കാണുവാൻ കഴിയുമെങ്കിൽ നമുക്കും നാം ആഗ്രഹിക്കുന്ന കരുണയും നാം അനുഭവിക്കുന്ന സ്നേഹവും നിസ്വാർത്ഥമായി നൽകുവാൻ കഴിയും.

ക്ഷമ - കാരുണ്യത്തിന്‍റെ മുഖം

81.നൽകുക, മാപ്പു നൽകുക എന്നുവെച്ചാൽ നമ്മുടെ ജീവിതത്തിൽ അളവറ്റ വിധം നൽകുകയും മാപ്പു നൽകുകയും ചെയ്യുന്ന ദൈവത്തിന്‍റെ പരിപൂർണ്ണത ചെറിയ അളവിലെങ്കിലും നമ്മിൽ പുനരാവിഷ്കരിക്കുക എന്നാണ്. ഇക്കാരണം കൊണ്ടുതന്നെ "പരിപൂർണ്ണമായിരിക്കുക" (മത്തായി.5:48)എന്ന വാക്ക് ലൂക്കായുടെ സുവിശേഷത്തിൽ നാം കേൾക്കുന്നില്ല പകരം “നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കാരുണ്യമുള്ളവനായിരിക്കുന്നതുപോലെ കാരുണ്യമുള്ളവരാകുവിന്‍; വിധിക്കരുത്, നിങ്ങളും വിധിക്കപ്പെടുകയില്ല.കുറ്റാരോപണം നടത്തരുത്, നിങ്ങളുടെ മേലും കുറ്റം  ആരോപിക്കപ്പെടുകയില്ല.ക്ഷമിക്കുവിൻ, നിങ്ങളോടും ക്ഷമിക്കപ്പെടും,നൽകുവിൻ, നിങ്ങൾക്കും ലഭിക്കും." (ലൂക്കാ.6:36-38)എന്നാണ്. അവഗണിക്കരുതാത്ത ഒരു കാര്യം കൂടി ലൂക്കാ കൂട്ടിച്ചേർക്കുന്നു :നിങ്ങൾ അളക്കുന്ന അളവുകൊണ്ട്‌ തന്നെ നിങ്ങൾക്കും അളന്നു കിട്ടും(6 : 38) മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും മാപ്പ് നൽകുന്നതിനും നാം ഉപയോഗിക്കുന്ന അളവുകോൽ വച്ച് നമുക്ക് ലഭിക്കുന്ന മാപ്പു നൽകൽ അളക്കപ്പെടും. നൽകുന്നതിന് നാം ഉപയോഗിക്കുന്ന അളവുകോൽ വച്ചാവും നമുക്കും ലഭിക്കുന്നത് അളക്കപ്പെടുക.

മറ്റുള്ളവർക്ക് നൽകുക, മറ്റുള്ളവരോടു ക്ഷമിക്കുക എന്ന് പറയുമ്പോൾ അതിന്‍റെ അർത്ഥം ദൈവത്തിന്‍റെ പരിപൂർണതയിൽ പങ്കുചേരുന്നതാണെന്ന് പാപ്പാ ഇവിടെ വ്യക്തമാക്കുന്നു.ദൈവത്തിന്‍റെ പരിപൂർണ്ണത കാരുണ്യത്തിൽ ആണെന്ന് പറയുന്ന പാപ്പാ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തു പഠിപ്പിക്കുന്ന ചില ഉപദേശങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സ്വർഗ്ഗസ്ഥനായ പിതാവിന്‍റെ കാരുണ്യത്തെക്കുറിച്ച് ആദ്യം പാപ്പാ സംസാരിക്കുന്നു. ദൈവത്തെപ്പോലെ കാരുണ്യമുള്ളവരായിരിക്കുവാനും, ആരെയും വിധിക്കാതിരിക്കുവാനും, ആരുടെ മേലും കുറ്റാരോപണം നടത്താതിരിക്കുവാനും, ക്ഷമിക്കുവാനും വിശുദ്ധ ഗ്രന്ഥം നമ്മോടു ആവശ്യപ്പെടുന്നുവെന്ന് ചൂണ്ടികാണിക്കുന്നു. എല്ലാത്തിന്‍റെയും അവസാനത്തില്‍ നാം അളക്കുന്ന അളവ് കൊണ്ട് തന്നെ നമുക്കും അളന്നു കിട്ടും എന്നും പറയുന്നു ദൈവത്തിൽനിന്നും നിസ്സീമമായ കരുണ അനുഭവിക്കുന്നവരാണ് നാമോരോരുത്തരും ദൈവം തന്‍റെ കാരുണ്യത്തിനുള്ളിൽ നമ്മുടെ കുറവുകൾ മറച്ചുപിടിക്കൂന്നില്ലെങ്കിൽ നമുക്ക് ആരുടേയും മുന്നിൽ വലിയവരായി നില്‍ക്കാനാവില്ല. ഇപ്പോൾ നാം അനുഭവിക്കുന്ന ആനുകൂല്യങ്ങളും, സൽപേരും, അഭിമാനവും ആഡംബര ജീവിതവും നമ്മിൽ നിന്നും ഒലിച്ചു പോകുമായിരുന്നു. എന്നാൽ നമ്മുടെ കുറവുകളെ ക്ഷമിച്ച് മറച്ചുപിടിച്ച് നമ്മോടു കരുണ കാണിക്കുന്ന ദൈവത്തിന്‍റെ കരുണയെ അത്ര മാത്രം സ്വീകരിക്കുന്ന നമുക്ക് മറ്റുള്ളവരെ വിധിക്കുവാൻ കുറ്റം ആരോപിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് വിചിന്തനം ചെയ്യുമ്പോൾ നാം അയോഗ്യരാണെന്ന് നമുക്ക് വ്യക്തമാകും. എപ്പോഴാണ് മറ്റുള്ളവരെ നാം വിധിക്കുന്നത്? കുറ്റം ഇല്ലാത്തവനാണ് കുറ്റക്കാരനെ വിധിക്കേണ്ടത്. പാപം ഇല്ലാത്തവനാണ് പാപിയെ വിധിക്കേണ്ടത്. നീതിമാൻ പോലും ഏഴ് പ്രാവശ്യം പാപത്തിൽ വീഴുന്നു എന്നു പറയപ്പെടുമ്പോൾ നമ്മുടെ ജീവിതത്തിൽ അവശേഷിക്കുന്ന നന്മ കൊണ്ട് ഒരാളെ വിധിക്കുവാൻ നമുക്ക് എങ്ങനെ കഴിയും? ഓരോ വ്യക്തിയുടെയും നേരെ ചൂണ്ടുവിരൽ നീട്ടുമ്പോൾ ആ വ്യക്തിയെ വിധിക്കാൻ മാത്രം എന്നിൽ വിശുദ്ധിയുണ്ടോ, യോഗ്യതയുണ്ടോ എന്ന് സ്വയം ചോദിക്കാൻ കഴിയണം. അപ്പോള്‍ നമുക്ക് ലഭിക്കുന്ന ഉത്തരം എപ്പോഴും ക്ഷമ എന്നല്ലാതെ മറ്റൊന്നുമല്ല.

കാരുണ്യത്തോടെ പ്രവർത്തിക്കുന്നതാണ് വിശുദ്ധി

82."പ്രതികാരം ആസൂത്രണം ചെയ്യുന്നവർ ഭാഗ്യവാന്മാർ" എന്നു യേശു പറയുന്നില്ല എന്നാൽ മാപ്പ് നൽകുന്നവരെയും ഏഴു എഴുപതു  പ്രാവശ്യം അത് ചെയ്യുന്നവരെയും അവിടുന്ന് "ഭാഗ്യവാന്മാർ" എന്നു വിളിക്കുന്നു(മത്താ.12: 22).  ദൈവിക അനുകമ്പയാൽ ദർശിക്കപെട്ടവരാണ് നാമെല്ലാം. ആത്മാർത്ഥതയോടെ കർത്താവിനെ സമീപിക്കുകയും ശ്രദ്ധയോടെ ശ്രവിക്കുകയും ചെയ്തില്ലെങ്കിൽ "ഞാൻ നിന്നോടു കാണിച്ചത് പോലെ നീയും നിന്‍റെ സഹോദരനോടു കാരുണ്യം കാണിക്കേണ്ടതായിരുന്നില്ലേ" എന്ന് അവിടുത്തെ ശാസന കേൾക്കുന്ന വേളകൾ ഉണ്ടാകും (മത്താ.18:33) .

കാരുണ്യത്തോടെ കാണുകയും പ്രവർത്തിക്കുകയും ചെയ്യുക അതാണ് വിശുദ്ധി.

അന്ത്യവിധിയെ  മറക്കാതിരിക്കാം

ഇവിടെ ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കുവാൻ ആവശ്യപ്പെടുന്ന ക്രിസ്തു ദൈവത്തിന്‍റെ കാരുണ്യം സ്വീകരിക്കുന്ന നാം മറ്റുള്ളവരോടു ക്ഷമയിലൂടെ കരുണ കാണിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. എങ്ങനെയാണ് നമുക്ക് കരുണ കാണിക്കുവാൻ കഴിയുക. നമ്മിൽ നിന്നും നാം പുറത്തുവന്ന് ഈ ലോകത്തെ വിശാലമായ കണ്ണുകളോടെ കാണുവാൻ ശ്രമിക്കുമ്പോൾ കരുണയ്ക്കു വേണ്ടി കേഴുന്ന നമ്മുടെ സഹോദരങ്ങളെ തിരിച്ചറിയുവാൻ കഴിയും. ഇന്ന് സൽപ്പേരിനും, സമ്പത്തിനും, അധികാരത്തിനും വേണ്ടി കരുണയില്ലാത്തവരായി മാറുന്ന മനുഷ്യഹൃദയത്തിൽ അന്ത്യവിധിയെ കുറിച്ചുള്ള ഓർമ്മകൾ പോലും മാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് സ്വർഗ്ഗം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ എന്ന് ക്രിസ്തു സുവിശേഷത്തിൽ പറയുന്നു. കാരുണ്യത്തിന് വേണ്ടിയുള്ള മനുഷ്യന്‍റെ ദാഹം ഇന്നുവരെ ശമിപ്പിക്കുവാൻ കഴിയാത്തത് സമൃദ്ധമായി നൽകുവാൻ മനുഷ്യനിൽ കരുണ ഇല്ലാത്തതു കൊണ്ടല്ല മറിച്ച് കരുണയോടെ അവരെ സമീപിക്കുവാൻ കഴിയാത്തതുകൊണ്ടാണ്. സ്വന്തം മാതാപിതാക്കളെ കരുണയില്ലാതെ വൃദ്ധമന്ദിരങ്ങളിലേക്ക് പറഞ്ഞുവിടുന്ന മക്കളും, മക്കളെ അനാഥരായി ഉപേക്ഷിക്കുന്ന മാതാപിതാക്കളും, പണത്തിനുവേണ്ടി കാരുണ്യമില്ലാതെ രോഗികളെ കൊല്ലുന്ന വൈദ്യനും, അക്ഷരവിദ്യയിൽ പോലും അപകടങ്ങൾക്ക് കെണിയൊരുക്കുന്ന അദ്ധ്യാപകനും എന്നിങ്ങനെ കരുണ നൽകേണ്ട ഇടങ്ങളിലെല്ലാം മനുഷ്യൻ ക്രൂരതകളുടെ കരിന്തിരിയുമായാണ് സഞ്ചരിക്കുന്നത്. എന്നാൽ മനുഷ്യന്‍റെ ഈ സഞ്ചാരം അവസാനിക്കുന്നിടത്ത് ക്രിസ്തു മനുഷ്യനെ നോക്കി  ചോദ്യമുയർത്തുന്നു. “ഞാൻ നിന്നോടു കരുണ കാണിച്ചത് പോലെ നീയും നിന്‍റെ സഹോദരനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?”

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2019, 09:50