തിരയുക

Vatican News
 ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥന സന്ദേശം നല്‍കുന്നു ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥന സന്ദേശം നല്‍കുന്നു  (Vatican Media)

ആനന്ദം നല്‍കുന്ന പ്രേഷിതത്വം

ജൂലൈ, 7ആം തിയതി ഞായറാഴ്ച്ച, വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂലൈ 7ആം തിയതി ഞായറാഴ്ച്ച, റോമിലും, ഇറ്റലിയിലും നല്ല ചൂടനുഭവപ്പെട്ടിട്ടും പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം 12 മണിക്ക് അപ്പോസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രത്യക്ഷനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരി സഹോദരങ്ങളേ, ശുഭദിനാശംസകള്‍!

സുവിശേഷം പ്രഘോഷിക്കുകയെന്ന  സഭാ ദൗത്യം

ഇന്നത്തെ സുവിശേഷം (ലൂക്കാ.10:1-12.17-20) ഭാഗത്തിൽ യേശു തന്‍റെ പന്ത്രണ്ട് അപ്പോസ്തലൻമാരോടൊപ്പം എഴുപത്തിരണ്ട് ശിഷ്യൻമാരെ പ്രേഷിത ദൗത്യത്തിനായി അയയ്ക്കുന്നു. എഴുപത്തിരണ്ട് എന്ന സംഖ്യ ഒരു പക്ഷേ എല്ലാ രാഷ്ട്രങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഉൽപത്തി പുസ്തകത്തിൽ എഴുപത്തിരണ്ട് വിവിധ രാഷ്ട്രങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.(ഉൽപ്പ.10:1-32) അങ്ങനെ അയയ്ക്കുക എന്ന കർമ്മം എല്ലാ ജനങ്ങൾക്കും സുവിശേഷം പ്രഘോഷിക്കുക എന്ന സഭയുടെ ദൗത്യത്തെയാണ് പ്രതിബിംബിക്കുന്നത്. യേശു ശിഷ്യൻമാരോടു അരുൾ ചെയ്തു: കൊയ്ത്തു വളരേ, വേലക്കാരോ ചുരുക്കം. അതിനാൽ കൊയ്ത്തിന് വേലക്കാരെ അയയ്ക്കുവാൻ കൊയ്ത്തിന്‍റെ നാഥനോടു പ്രാർത്ഥിക്കുവിൻ."(ലൂക്കാ.10:2)

പ്രാർത്ഥനയ്ക്ക് സാർവ്വത്രീകമായ മാനമുണ്ടായിരിക്കണം

ഈശോയുടെ ഈ ആഹ്വാനം എപ്പോഴും പ്രബലമാണ്. നാം എപ്പോഴും കൊയ്ത്തിന്‍റെ നാഥനോടു അഭ്യർത്ഥിക്കണം. അതായത് പിതാവായ ദൈവത്തോടു നാം നിരന്തരം പ്രാർത്ഥിക്കണം. അപ്പോൾ പിതാവായ ദൈവം ലോകമാകുന്ന ഈ വയലിലേക്ക് വേല ചെയ്യുവാൻ വേലക്കാരെ അയയ്ക്കും. നാം ഓരോർത്തരും തുറവുള്ള ഹൃദയത്തോടും, പ്രേഷിത മനോഭാവത്തോടും കൂടെ പ്രാർത്ഥിക്കണം. നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ ആവശ്യങ്ങൾക്കായി മാത്രമായിരിക്കരുത്. ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ പ്രാർത്ഥനയ്ക്ക് സാർവ്വത്രീകമായ ഒരു മാനമുണ്ടായിരിക്കും.

പ്രേഷിതത്വത്തിന്‍റെ അനിവാര്യതകൾ

എഴുപത്തിരണ്ട് ശിഷ്യൻമാരെ അയയ്ക്കുമ്പോൾ യേശു കൃത്യമായ നിർദ്ദേശങ്ങൾ അവർക്ക് നൽകുന്നു. അത് പ്രേഷിതത്വത്തിന്‍റെ നൈസർഗ്ഗീകതയെ സൂചിപ്പിക്കുന്നു. ആദ്യമായി പ്രാർത്ഥന. രണ്ടാമത് പോകുക. തുടർന്ന് മടിശ്ശീലയോ, സഞ്ചിയോ എടുക്കരുത്. അടുത്തതായി വീടിന് സമാധാനം ആശംസിക്കണം. ആ വീട്ടിൽ തന്നെ വസിക്കണം., അവിടെയുള്ള രോഗികളെ സുഖപ്പെടുത്തണം. ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയും ചെയ്യണം.കൂടാതെ ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ തെരുവിലിറങ്ങി കൊണ്ട് പറയണം നിങ്ങളുടെ നഗരത്തിൽ നിന്ന് ഞങ്ങളുടെ കാലുകളിൽ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങൾക്കെതിരേ ഞങ്ങൾ തട്ടി കളയുന്നു.(ലൂക്കാ.10:2-10).

ഈ അനിവാര്യതകൾ പ്രേഷിത ദൗത്യം പ്രാർത്ഥനയിൽ അധിഷ്ടിതമായതാണെന്നും, ഒരേ സ്ഥലത്തിൽ നിൽക്കാതെ ചുറ്റി സഞ്ചരിക്കുന്നതാണെന്നും, ദാരിദ്യവും, നിസ്സംഗതയും ആവശ്യപ്പെടുന്നതാണെന്നും സമാധാനവും, സൗമ്യതയും ദൈവരാജ്യ സമീപനത്തിന്‍റെ അടയാളങ്ങളെ  വെളിപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കുന്നു. ഇതൊരു മതപരിവർത്തനമല്ല. മറിച്ച് പ്രഘോഷണവും സാക്ഷ്യവുമാണ്. ഇത് നിഷ്കളങ്കതയെയും എല്ലാം ഉപേക്ഷിക്കാനുള്ള സുവിശേഷധിഷ്ഠിതമായ സ്വാതന്ത്ര്യത്തെയും ആവശ്യപ്പെടുന്നു. അതോടൊപ്പം രക്ഷയുടെ സന്ദേശത്തെ അവഗണിക്കുമ്പോൾ വിധിക്കുകയോ ശപിക്കുകയോ ചെയ്യാതിരിക്കുവാനുള്ള ഉത്തരവാദിത്വത്തെയും പ്രകാശമാക്കുന്നു. ഈ വ്യവസ്ഥകൾക്കനുസൃതമായി ജീവിച്ചാൽ സഭയുടെ പ്രേഷിത ദൗത്യം ആനന്ദത്തിന്‍റെ സ്വഭാവമുള്ളതായി വെളിപ്പെടും.

ആനന്ദം നല്‍കുന്ന പ്രേഷിതത്വം

ഇനി എങ്ങനെയാണ് ഈ ദൗത്യം അന്ത്യത്തിലെത്തുന്നത്? "എഴുപത്തിരണ്ട് പേരും സന്തോഷത്തോടെ തിരിച്ചു വന്നു."(ലൂക്കാ.10:17) എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആനന്ദമെന്നത് പ്രേഷിത ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിൽ നിന്നും വന്ന നൈമിഷീകമായ ആനന്ദമല്ല. മറിച്ച് "നിങ്ങളുടെ പേര് സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു" എന്ന ഈശോയുടെ വാഗ്ദാനത്തിൽ വേരൂന്നിയ ആനന്ദമാണത്. ഈ വെളിപ്പെടുത്തലിലൂടെ യേശു ആന്തരികമായ ആനന്ദത്തെയും, അവിടുത്തെ പുത്രനെ അനുഗമിക്കുവാന്‍ നമ്മെ ദൈവം വിളിച്ചുവെന്ന ബോധ്യത്തിൽ നിന്നും വന്നതും ആർക്കും നശിപ്പിക്കാൻ കഴിയാത്തതുമായ ആനന്ദത്തെയും അർത്ഥമാക്കുന്നു. അതാണ് അവിടുത്തെ ശിഷ്യരായിരിക്കുക എന്നതിന്‍റെ ആനന്ദം. ഉദാഹരണമായി ഇന്ന്  ഈ ചത്വരത്തിലായിരിക്കുന്നവസരത്തിൽ  നാം മാമ്മോദീസ സ്വീകരിച്ച അന്ന് നമുക്ക് നൽകപ്പെട്ട നമ്മുടെ പേരിനെ നമുക്കോർക്കാം. നാം സ്വീകരിച്ച നമ്മുടെ പേര് ദൈവത്തിന്‍റെ ഹൃദയത്തിലും, സ്വർഗ്ഗത്തിലും എഴുതപ്പെട്ടതാണ്. ഈ കൃപയുടെ ആനന്ദം ഓരോ വ്യക്തിയെയും ശിഷ്യനും പ്രേഷിതനുമാക്കുകയും യേശുവോടു ഐക്യപ്പെട്ട് സഞ്ചരിക്കുവാനും തനിക്കായി ഒന്നും മാറ്റിവെയ്ക്കാതെ മറ്റുള്ളവർക്കായി നൽകുവാൻ ക്രിസ്തുവിൽ നിന്നും പഠിക്കുവാനും തന്നിൽ നിന്നും തന്‍റെതായ എല്ലാ വസ്തുക്കളിൽ നിന്നും തന്നെത്തന്നെ സ്വാതന്ത്രനാക്കാനും ഇടവരുത്തുന്നു.  

ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും നമ്മെ രക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവിടുത്തെ രാജ്യത്തിന്‍റെ ഭാഗമാകാൻ നമ്മെ വിളിക്കുന്നുവെന്നും എല്ലാവരോടും അറിയിക്കാനുള്ള ക്രിസ്തുവിന്‍റെ  ശിഷ്യന്മാരുടെ ദൗത്യത്തെ എല്ലാ സ്ഥലത്തും അറിയിക്കുവാന്‍ നമുക്കൊരുമിച്ച് പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസംരക്ഷണം അപേക്ഷിക്കാം. ഈ വാക്കുകളിൽ പാപ്പാ തന്‍റെ  പ്രഭാഷണം ഉപസംഹരിച്ചു.

 

07 July 2019, 14:30