തിരയുക

Vatican News
വ്യോമാക്രമണത്തിനിരയാക്കപ്പെട്ട  ലിബിയയിലെ കുടിയേറ്റക്കാർക്കായുള്ള  തടങ്കൽ കേന്ദ്രം വ്യോമാക്രമണത്തിനിരയാക്കപ്പെട്ട ലിബിയയിലെ കുടിയേറ്റക്കാർക്കായുള്ള തടങ്കൽ കേന്ദ്രം  (AFP or licensors)

കുടിയേറ്റക്കാർക്കായുള്ള തടങ്കൽ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിനിരയായവര്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന

ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥന ആവശ്യപ്പെട്ടത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലിബിയയിലെ കുടിയേറ്റക്കാർക്കായുള്ള ഒരു തടങ്കൽ കേന്ദ്രത്തിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കുടിയേറ്റക്കാർക്കായി ഫ്രാൻസിസ് മാർപാപ്പാ ത്രികാല പ്രാര്‍ത്ഥന സന്ദേശത്തിനു ശേഷം പ്രാർത്ഥിച്ചു. അഫ്ഗാനിസ്ഥാൻ, മാലി, ബുർകിന ഫാസോ, നിഗർ എന്നിവിടങ്ങളിൽ കൂട്ടക്കൊലയ്ക്ക് ഇരയായ നിരവധി പേരെ അനുസ്മരിക്കുകയും ചെയ്ത പാപ്പാ ലിബിയയിലെ കുടിയേറ്റക്കാർക്കായുള്ള ഒരു തടങ്കൽ കേന്ദ്രത്തിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ദരിദ്രരും നിരായുധരുമായ ആളുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരാൻ വിശ്വാസികളെ ക്ഷണിക്കുകയും ചെയ്തു. ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ആക്രമണത്തെക്കുറിച്ച് യുഎൻ നടത്തിയ വിലയിരുത്തലിൽ 6 കുട്ടികളടക്കം 53 പേർ കൊല്ലപ്പെട്ടതായും 130 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആദ്യത്തെ ആഘാതത്തെത്തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചില അഭയാർഥികളെയും കുടിയേറ്റക്കാരെയും കാവൽക്കാർ വെടിവച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരം ഗുരുതരമായ സംഭവങ്ങൾ അന്താരാഷ്ട്ര സമൂഹം സഹിക്കരുതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. തുടർന്ന്, “ഏറ്റവും ആവശ്യമുള്ള കുടിയേറ്റക്കാർക്കായി സംഘടിതവും ഏകീകൃതവുമായ മാനുഷിക ഇടനാഴികൾ തുറക്കുമെന്ന്”  തന്‍റെ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.  “അഫ്ഗാനിസ്ഥാൻ, മാലി, ബർകിന ഫാസോ, നിഗർ എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന കൂട്ടക്കൊലകളുടെ ഇരകളെഓർമ്മിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ പാപ്പാ അവര്‍ക്കായി ഒരു നിമിഷം മൗനമായ പ്രാർത്ഥന അര്‍പ്പിക്കുകയും ചെയ്തു.

റോമാക്കാർക്കും, തീർത്ഥാടകരായെത്തിയ എല്ലാവര്‍ക്കും ആശംസകൾ നേര്‍ന്ന പാപ്പാ അമേരിക്കയിലെ ക്ലീവ്‌ലാൻഡില്‍ നിന്നും വന്ന വിശുദ്ധ ഇഗ്നേഷ്യസ് സ്കൂൾ വിദ്യാർത്ഥികളെയും, ബസിയാസ്കോ,  മൈരാഗോ എന്ന സ്ഥലങ്ങളില്‍ നിന്നെത്തിയ ചെറുപ്പക്കാരെയും, റോമിലുള്ള "സച്ചെര്‍ദോസ്" ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തില്‍ വൈദീക പരിശീലനം നല്‍കുന്നവര്‍ക്കായുള്ള കോഴ്‌സിൽ പങ്കെടുക്കാനെത്തിയ പുരോഹിതന്മാരെയും, റോമിലെ എറിത്രിയൻ സമൂഹത്തെയും പാപ്പാ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് എല്ലാവർക്കും നല്ല ദിനം ആശംസിച്ചു കൊണ്ടും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് അനുസ്മരിപ്പിച്ചു കൊണ്ടുമാണ്  പാപ്പാ  ത്രികാല പ്രാർത്ഥന പരിപാടി അവസാനിപ്പിച്ചത്.

07 July 2019, 14:40