തിരയുക

Vatican News
ക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണം ക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണം 

വിശുദ്ധിയിലേക്കുളള വിളി: "ശാന്തശീലർ ഭാഗ്യവാന്മാർ;അവർ ഭൂമി അവകാശമാക്കും"

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 71-74 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

"ശാന്തശീലർ ഭാഗ്യവാന്മാർ ;അവർ ഭൂമി അവകാശമാക്കും"

71. ആരംഭം മുതൽക്കേ സംഘട്ടനങ്ങളുടെയും, തർക്കങ്ങളുടെയും എല്ലാവശത്തുമുള്ള ശത്രുക്കളുടെയും ഇടമായ, മറ്റുള്ളവരെ അവരുടെ ആശയങ്ങളുടെയും, ആചാരങ്ങളുടെയും, സംസാരരീതിയുടെയും വസ്ത്രധാരണ ശൈലിയുടെ പേരിൽ വേർതിരിക്കുന്ന ഒരു ലോകത്തിലെ അതിശക്തമായ വാക്കുകളാണിവ. ഓരോ വ്യക്തിയും അവനോ അവൾക്കോ മറ്റുള്ളവരെ കീഴടക്കി ഭരിക്കുവാൻ അവകാശമുണ്ടെന്ന് കരുതുന്ന അഹങ്കാരത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും വാഴ്ചയാണ് ആത്യന്തികമായി ഇവിടെയുള്ളത്. എന്നിരുന്നാലും, അസാധ്യമെന്ന് തോന്നുന്ന, വ്യത്യസ്ഥമായ ഒരു കർമ്മപഥം യേശു മുന്നോട്ടു വയ്ക്കുന്നു. ശാന്തതയുടെ മാർഗ്ഗം. അവിടുന്ന് ശിഷ്യരോടു ഇടപഴകിയ രീതിയാണത്. അവിടുത്തെ ജെറുസലേം പ്രവേശനത്തിൽ നാം ധ്യാനിക്കുന്നതും അതാണ്: "ഇതാ, നിന്‍റെ രാജാവ് വിനയേന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്തു നിന്‍റെ അടുത്തേക്ക് വരുന്നു."(മത്താ.21:5,സഖ.9:9)

ഇവിടെ മാർപ്പാപ്പാ വിനയത്തിന്‍റെ ബാലപാഠം നമ്മെ പഠിപ്പിക്കുന്നു. ഓരോ വ്യക്തിയും മറ്റുള്ളവരെ ഭരിക്കുവാൻ അവകാശമുണ്ടെന്ന് കരുതുന്ന അഹങ്കാരത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും വാഴ്‍ചയാണ്‌ നമ്മുടെ ജീവിതത്തിലുള്ളതെന്ന് പരാമർശിക്കുന്ന പാപ്പായുടെ വാക്കുകൾ എത്ര അർത്ഥപൂർണ്ണമാണ്. ഇന്ന് നമ്മിലും നമുക്ക് ചുറ്റിലും ഈ മനോഭാവമുണ്ടെന്നു നമുക്ക് വിസ്മരിക്കാൻ കഴിയുകയില്ല. പ്രത്യേകിച്ച് അധികാരം നിര്‍വ്വഹിക്കുമ്പോഴാണ് അഹങ്കാരവും സ്വയം പുകഴ്ചയും മനുഷ്യനിൽ പ്രകടമാക്കപ്പെടുന്നത്. തന്നെ ഭരമേല്പിക്കുന്നവരെ ഭരിക്കുവാനാണ് അധികാരത്തിന്‍റെ ഇരിപ്പിടങ്ങൾ മാറ്റപ്പെടുന്നത്. നമ്മെ ആശ്രയിക്കുന്നവരെയും നമ്മുടെ അധികാരത്തിനു കീഴിലുള്ളവരെയും ചേർത്തണയ്ക്കാനും അവരുടെ വികാരങ്ങളെ മനസ്സിലാക്കുവാനും നമുക്ക് കഴിഞ്ഞിരുന്നുവെങ്കിൽ മനുഷ്യർ തമ്മിലുള്ള കലഹങ്ങളുടെ കടൽ എന്നേ വറ്റിപോകുമായിരുന്നു. യഥാർത്ഥത്തിൽ എന്തിനെ പ്രതിയാണ് മനുഷ്യൻ അഹങ്കരിക്കേണ്ടത്? വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് ക്രിസ്തുവിനെ പ്രതി പീഡനമേൽക്കുന്നതിൽ അഭിമാനിക്കണമെന്നാണ്. യഥാർത്ഥ ക്രിസ്തു ശിഷ്യന്‍റെ വെളിപാടാണ് പൗലോസിൽ കാണാൻ കഴിയുന്നത്. മറ്റുള്ളവരാൽ അവഹേളിക്കപ്പെട്ടിട്ടും ശാന്തരായിരുന്ന് ക്രിസ്തു ശിഷ്യരെന്ന നിലയിൽ അഭിമാനിച്ച അപ്പോസ്തലന്മാരെപോലെയാണോ നാമെന്ന് വിചിന്തനം ചെയ്യാൻ പാപ്പായുടെ ഈ പ്രബോധനം നമ്മെ ക്ഷണിക്കുന്നു. കഴുതപുറത്തു കയറിയ ദൈവപുത്രനെ അനുഗമിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് അഹങ്കാരത്തിന്‍റെ വസ്ത്രമണിഞ്ഞ് നടക്കുമ്പോൾ ക്രിസ്തു മുഖത്തിന്‍റെ പ്രതിച്ഛായയെ തന്നെയാണ് നാം വികൃതമാകുന്നുന്നത്. നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തിന്‍റെ ഛായയും, സാദൃശ്യവും കണ്ടെത്താനാകാത്തതുകൊണ്ടാണ് മറ്റുള്ളവരെ നമ്മെക്കാൾ താഴ്ന്നവരായും, കഴിവില്ലാത്തവരായും കാണുന്നത്. ഇന്നത്തെ ലോകത്തിൽ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങളുടെയും പിന്നിൽ മനുഷ്യന്‍റെ അഹങ്കാരം നിറഞ്ഞ അധികാരമാണ് കാരണം. എല്ലാറ്റിനെയും, എല്ലാവരെയും അടക്കി ഭരിക്കാനുള്ള അവന്‍റെ ആവേശത്തിന് എപ്പോഴും ബലഹീനരായവരാണ് ഇരകളാക്കാപ്പെടുന്നത്. അതുകൊണ്ടാണ് പാപ്പാ അസാധ്യമെന്നു കരുതുന്ന വിനയത്തെ പരിശീലിപ്പിക്കുവാൻ ആവശ്യപ്പെടുന്നത്. സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ ശാന്തത ആവശ്യമാണെന്ന് പാപ്പാ ആവർത്തിക്കുന്നു.

മറ്റുള്ളവരെ കുറിച്ചുള്ള സ്ഥിരം അസ്വസ്ഥതയും അശാന്തതയും നമ്മെ വരണ്ടു​ണയങ്ങിയവരും ക്ഷീണിതരുമാക്കുന്നു.

72. ക്രിസ്തു പറയുന്നു: "ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്‍റെ നുകം വഹിക്കുകയും എന്നിൽ നിന്നും പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും." (മത്താ.11: 29) നാം മറ്റുള്ളവരെ കുറിച്ച് സ്ഥിരം അസ്വസ്ഥരും അശാന്തരുമായാൽ നാം വരണ്ടു​ണയങ്ങിയവരും ക്ഷീണിതരുമാക്കും. എന്നാൽ മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും ആർദ്രതയോടെയും ശാന്തതയോടെയും അവരെക്കാൾ പ്രഗത്ഭൻ എന്ന ഭാവമില്ലാതെയും കണക്കാക്കാനായാൽ നമുക്ക് അവരെ സഹായിക്കാനാകും. നിഷ്പ്രയോജനകരമായ പരാതിപ്പെടലിലൂടെ നമ്മുടെ ഊർജ്ജം പാഴാക്കാതിരിക്കാനും സാധിക്കും. ലിസ്യുവിലെ വിശുദ്ധ കൊച്ചു ത്രേസ്യാ പറയുന്നു: ‘മറ്റുള്ളവരുടെ തെറ്റുകളെ മനസ്സിലാക്കിയും എന്നാൽ അവരുടെ വീഴ്ച്ചകളിൽ ഇടാറേതെയും ജീവിക്കുന്നതാണ് ഉത്തമമായ ഉപവി’.

മറ്റുള്ളവരെ കുറിച്ച് സ്ഥിരം അസ്വസ്ഥരും അശാന്തരുമായാൽ നാം വരണ്ടു​ണയങ്ങിയവരും ക്ഷീണിതരുമാകുമെന്ന് പാപ്പാ നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ അനുദിന ജീവിതത്തിൽ നമ്മുടെ സ്വാർത്ഥതകൾക്കു വേണ്ടിയാണ് മറ്റുള്ളവരുടെ ജീവിതത്തെ നാം വേട്ടയാടുന്നതെന്ന് നമുക്കും മറ്റുള്ളവർക്കും വ്യക്തമായി അറിയാം. മറ്റുള്ളവരുടെ നന്മകളെ കുറിച്ചോർക്കുമ്പോൾ അതിനെ മനപ്പൂർവ്വം മറക്കുകയും എന്നാൽ അപരന്‍റെ ബലഹീനതകളെ ബലപ്പെടുത്തി കാണിക്കുകയും ചെയ്യുന്നു. സ്വാർത്ഥതയുടെ ഗോപുരങ്ങൾ പണിതുയർത്താൻ നിസ്സഹായരുടെ കുടിലുകൾ തകർക്കുകയാണ് നാം. മറ്റുള്ളവരുടെ ബലഹീനതകൾ നമ്മെ എപ്പോഴും അസ്വസ്ഥതപ്പെടുത്താൻ കാരണം നാം സ്വയം നീതിമാന്മാരും വിവേകികളുമാണെന്ന് കരുതുന്നത് കൊണ്ടാണ്. വലിയ മനുഷ്യർ മറ്റുള്ളവരുടെ കുറവുകളെ ഒരിക്കലും കുറവുകളായി പരിഗണിക്കുകയില്ല. കാരണം അവർക്കു സ്വന്തം കുറവുകളെ കുറിച്ചുള്ള അറിവും കുറവുകളെ അതിജീവിക്കാനുള്ള വിവേകവും അവർ ആര്‍ജ്ജിച്ചെടുത്തത് കൊണ്ടാണ്. മറ്റുള്ളവരുടെ ഇല്ലായ്മകളിൽ നിറവിന്‍റെ എണ്ണയൊഴിച്ച് അവരുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുവാൻ അവർ പരിശ്രമിക്കും. അതിന്‍റെ ഉദാഹരണമായി പാപ്പാ ഈ പ്രബോധനത്തിൽ ‘മറ്റുള്ളവരുടെ തെറ്റുകളെ മനസ്സിലാക്കിയും എന്നാൽ അവരുടെ വീഴ്ചകളിൽ ഇടാറേതെയും ജീവിക്കുന്നതാണ് ഉത്തമമായ ഉപവി’ എന്ന് പറയുന്ന വിശുദ്ധ കൊച്ചു ത്രേസായുടെ വാക്കുകളെ അനുസ്മരിപ്പിക്കുന്നു.

ശാന്തത പരിശുദ്ധാത്മാവിന്‍റെ ദാനം

73. പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളിൽ ഒന്നാണ് ശാന്തതയെന്ന് വിശുദ്ധ പൗലോസ് പറയുന്നു (ഗലാ.5:23). നമ്മുടെ സഹോദരീ സഹോദരന്മാരിൽ ആരെങ്കിലും നമുക്ക് ക്ലേശമുണ്ടാക്കിയാൽ "ശാന്തതയുടെ അരൂപിയോടെ" അവരെ തിരുത്തുവാൻ നാം ശ്രമിക്കണമെന്ന് അദ്ദേഹം ഉപേദശിക്കുന്നു. എന്തെന്നാൽ "നിങ്ങളും പ്രലോഭിക്കപ്പെടാവുന്നവരാണ്." (ഗലാ.6:1) എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. നാം നമ്മുടെ വിശ്വാസത്തെയും ബോധ്യങ്ങളെയും പ്രതിരോധിക്കുമ്പോഴും "ശാന്തതയോടെ" അത് ചെയ്യണം (1പത്രോ.3:16). നമ്മുടെ ശത്രുക്കളോടും "ശാന്തതയോടെ"(2തിമോ.2:25) പെരുമാറണം. ദൈവവചനത്തിന്‍റെ ഈ കല്‍പന പാലിക്കുന്നതിൽ തിരുസഭയിൽ നമുക്കു മിക്കപ്പോഴും തെറ്റ് പറ്റുന്നു."

"ശാന്തശീലർ ഭാഗ്യവാന്മാർ;അവർ ഭൂമി അവകാശമാക്കും"എന്ന സൗഭാഗ്യത്തെകുറിച്ച് വിവരിക്കുന്ന പാപ്പാ പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളിൽ ഒന്നാണ് ശാന്തതയെന്ന് ഓർമ്മിപ്പിക്കുന്ന പൗലോസ് അപ്പോസ്തലന്‍റെ വാക്കുകളെ ഇവിടെ അനുസ്മരിപ്പിക്കുന്നു. വിശ്വാസത്തിനെതിരായി വരുന്ന വിഘ്‌നങ്ങളോടു ശാന്തതയോടെ പെരുമാറണമെന്ന് വിശുദ്ധ പത്രോസിന്‍റെ വാക്കുകളെയും “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന പ്രബോധനത്തിൽ അനുസ്മരിക്കുന്നതോടൊപ്പം നമ്മുടെ ശത്രുക്കളോടു ശാന്തതയോടെ പെരുമാറണം എന്ന ദൈവവചനം പാലിക്കുന്നതില്‍ തിരുസഭയിൽ മിക്കപ്പോഴും തെറ്റുപറ്റുന്നുവെന്നും ചൂണ്ടികാണിക്കുന്നു.മനുഷ്യന് എപ്പോഴാണ് ശാന്തത നഷ്ടപ്പെടുന്നത്? ഒരു വ്യക്തി അവൻ ആഗ്രഹിക്കുന്നത് ആഗ്രഹിക്കുന്ന രീതിയിൽ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയാണ് അവന്‍റെയുള്ളിലെ ശാന്തതയെ അശാന്തമാക്കുന്നത്. ഇനി മനുഷ്യന്‍റെ ആഗ്രഹം എന്താണ്? ഈ ലോകത്തിലെ അവന്‍റെ നിലനില്‍പ്പാണ്. ആ നിലനിൽപ്പിനു വേണ്ടിയുള്ള അവന്‍റെ പരാക്രമവും, ഓട്ടവും, ആർത്തിയുമാണ് അശാന്തതയുടെ പ്രധാനപ്പെട്ട കാരണങ്ങൾ. ഇതിന്‍റെ ആയുധങ്ങളാണ് അധികാരവും, അഹങ്കാരവും. വിനയത്തോടെ സേവനം ചെയ്യാൻ കടപ്പെട്ടിരിക്കുന്ന വ്യക്തികൾ വിനയത്തിനു വിപരീതമായി പ്രവർത്തിക്കുകയും, മനുഷ്യജീവിതങ്ങളുടെ ശാന്തതയെ അപകരിക്കുകയും ചെയ്യുന്നു. മറ്റുള്ളവർക്ക് സ്വസ്ഥത നൽകുന്ന മനുഷ്യർ കുലീനത്വമുള്ളവരാണ്. അത് നല്‍കാൻ കഴിയാത്തവർ സ്വന്തം ജീവിതത്തിലും സ്വസ്ഥത അനുഭവിക്കുന്നില്ല.

ശാന്തശീലർ ദൈവത്തിൽ മാത്രം പ്രത്യാശയർപ്പിക്കുന്നു.

74.ദൈവത്തിൽ മാത്രം ശരണം വയ്ക്കുന്നവരുടെ ആന്തരീക ദാരിദ്ര്യത്തിന്‍റെ മറ്റൊരു ആവിഷ്ക്കാരമാണ് ശാന്തത. വാസ്തവത്തിൽ വിശുദ്ധ ഗ്രന്ഥത്തിൽ ശാന്തതയുള്ളവരെയും ദരിദ്രരെയും പരാമർശിക്കാൻ 'അനാവിം'(ANAWIM ) എന്ന ഒറ്റവാക്കാണ് ഉപയോഗിക്കുന്നത്. "ഞാൻ അത്രയും ശാന്തനായാൽ ഞാൻ ഒരു മണ്ടനോ, വിഡ്ഢിയോ,ദുർബ്ബലനോ ആണെന്ന് അവർ കരുതിയേക്കാം." എന്ന് ചിലർ പറഞ്ഞേക്കാം. പറയട്ടെ. എന്നാൽ എപ്പോഴും ശാന്തനായിരിക്കുന്നതാണ് നല്ലത്. ആ സമയം നമ്മുടെ ആഴമായ ആഗ്രഹങ്ങൾ സാധിക്കപ്പെടും.ശാന്തശീലർ ഭൂമി അവകാശമാക്കും എന്നതിന്, അവർ തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്‍റെ വാഗ്‌ദാനങ്ങൾ നിറവേറുന്നതു കാണും എന്നർത്ഥമാണ്. എല്ലാ സാഹചര്യങ്ങളിലും ശാന്തശീലർ തങ്ങളുടെ പ്രത്യാശ ദൈവത്തിൽ മാത്രം അർപ്പിക്കുന്നു. അവിടുന്നിൽ പ്രത്യാശ അർപ്പിക്കുന്നവർ ഭൂമി അവകാശമാക്കും. അവർ സമാധാനത്തിന്‍റെ പൂർണ്ണത അനുഭവിക്കും.(cf.സങ്കീ.37:9-11).കർത്താവു അവരെ വിശ്വസിക്കുന്നു. "ആത്മാവിൽ എളിമയും, അനുതാപവും ഉണ്ടായിരിക്കുകയും എന്‍റെ വചനം ശ്രവിക്കുമ്പോൾ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാൻ കടാക്ഷിക്കുക".(ഏശ.66:2). ശാന്തതയോടും വിനയത്തോടുംകൂടി പ്രതികരിക്കുക: അതാണ് വിശുദ്ധി.

ദൈവത്തെ മാത്രം പദം വച്ച് നീങ്ങുന്നവരുടെ ആന്തരീക ദാരിദ്യ്രത്തിന്‍റെ മറ്റൊരു ആവിഷ്കാരമാണ് ശാന്തതയെന്ന് പാപ്പാ വിശേഷിപ്പിക്കുന്നു. ശാന്തശീലർ ദൈവത്തിൽ മാത്രം പ്രത്യാശയർപ്പിക്കുന്നു. ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളോടും, സഹനങ്ങളോടും ശാന്തമായി പ്രതികരിക്കുവാൻ ദൈവത്തിൽ നിന്നും ഇവർക്ക് ശക്തി ലഭിക്കുന്നു. നമ്മുടെ ശാന്തശീലത്തെ മറ്റുള്ളവർ നമ്മുടെ ബലഹീനതയായി കണ്ട് നമ്മെ മണ്ടനെന്നോ അവിവേകിയെന്നോ തെറ്റുദ്ധരിച്ചാലും ശാന്തരായിരിക്കുന്നത് നല്ലതാണെന്ന് പാപ്പാ വ്യക്തമാക്കുന്നു.

ക്രിസ്തുവിന്‍റെ ശാന്തത ഈ ലോകത്തെ ഇന്നും വരും യുഗങ്ങളിലും അത്ഭുതപ്പെടുത്തുന്നതാണ്. കുറ്റാരോപണങ്ങളും,നീണ്ട മര്‍ദ്ദനങ്ങളും, അവഹേളനങ്ങളും, കുരിശുമരണവും ക്രിസ്തുവിന്‍റെ ശാന്തതയുടെ മുന്നിൽ പരാജയപ്പെട്ടിരുന്നു. ഗുരുവിന്‍റെ നിശബ്ദമായ സഹനത്തെ പരാജയമായി ശിഷ്യർ തെറ്റുധരിച്ചപ്പോഴും എല്ലാം പൂർത്തിയായി എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ് മിഴിപൂട്ടി, തലചായ്ക്കാൻ ക്രിസ്തുവിനു കഴിഞ്ഞത് ആത്മാവിൽ നിറഞ്ഞു നിന്നിരുന്ന ആന്തരീക ദാരിദ്ര്യമാണ്.  ജീവിതത്തിൽ ശാന്തരായിരുന്ന് ഭൂമി അവകാശമാക്കാൻ ക്രിസ്തു നമുക്ക് കാണിച്ചു തന്ന ശാന്തതയെ പരിശീലിക്കുവാൻ നമുക്ക് പരിശ്രമിക്കാം.

04 July 2019, 10:05