തിരയുക

ദരിദ്രനും  വൃദ്ധനുമായ പിതാവ്... ദരിദ്രനും വൃദ്ധനുമായ പിതാവ്... 

വിശുദ്ധിയിലേക്കുളള വിളി: ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 67-70 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

“ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതാണ്”

67.” നമ്മുടെ ജീവിതത്തിലെ സുരക്ഷിതത്വം നാം എവിടെയാണ് കാണുന്നതെന്ന് സസൂക്ഷ്മം വീ‍ക്ഷിക്കുവാൻ നമ്മുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുവാന്‍ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. സാധാരണയായി സമ്പന്നർ തങ്ങളുടെ സമ്പത്തിലാണ് സുരക്ഷിതത്വം കാണുന്നത്. തങ്ങളുടെ സമ്പത്തിന് ഭീഷണി ഉയർന്നാൽ ഈ ഭൂമിയിലെ ജീവിതം തകർന്നടിഞ്ഞേക്കാം എന്ന്ചിന്തിക്കുന്നു. ഭോ‌‌‌‌‌‌‌‌‌ഷനായ ധനികന്‍റെ ഉപമയില്‍ യേശു തന്നെ ഇത് നമ്മോട് പറയുന്നു. എല്ലാം ഭദ്രമെന്ന് കരുതുകയും എന്നുവരികിലും ഭോ‌‌‌‌‌‌‌‌‌ഷനായിരുന്ന, ഒരാളെക്കുറിച്ചാണ് ഈശോ പറയുന്നത്; എന്തെന്നാൽ അന്നുതന്നെ താൻ മരിക്കുമെന്ന സത്യം അവന്‍റെ ചിന്തയിൽ ഉദിച്ചില്ല.” (ലൂക്കാ.12:16 -21)

അനാവിം എന്ന വാക്കു അർത്ഥമാക്കുന്നത് ദൈവത്തിൽ പൂർണ്ണമായുള്ള ആശ്രയത്വത്തെയാണ്. ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുന്ന വ്യക്തിക്ക് ഒരിക്കലും ആന്തരികമായ സ്വാതന്ത്ര്യം നഷ്ടപ്പെടുകയില്ല. ആന്തരീക സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന സുവിശേഷഭാഗത്തിൽ നാം ഇങ്ങനെ വായിക്കുന്നു. "നിന്‍റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്‍റെ ഹൃദയവും." ദൈവത്തിൽ ആശ്രയിക്കുന്ന വ്യക്തിയുടെ നിക്ഷേപം എപ്പോഴും ദൈവമാകയാൽ ആ വ്യക്തിയുടെ ഹൃദയം എപ്പോഴും ദൈവത്തിന്‍റെ നേരെ സ്പന്ദിച്ചു കൊണ്ടിരിക്കും. ഇവിടെ ഫ്രാൻസിസ് മാർപാപ്പാ, സമ്പത്തിൽ സുരക്ഷിതത്വം കാണുന്ന മനുഷ്യരെ കുറിച്ച് പറയുന്നു. സമ്പന്നൻ സമ്പത്തിൽ തന്‍റെ സുരക്ഷയുറപ്പിക്കുമ്പോൾ അവൻ കരുതുന്ന സമ്പത്തിനു ഭീഷണിയുയർന്നാൽ അവന്‍റെ ജന്മം തകർന്നടിഞ്ഞു പോകുന്നെന്ന് ചിന്തിച്ചേക്കാമെന്നു പാപ്പാ വിശദീകരിക്കുന്നു. ഇന്ന് നാം ജീവിക്കുന്ന ഈ ലോകത്തിൽ മനുഷ്യർ കരുതുന്ന സമ്പത്തുകൾ എന്തൊക്കെയാണ്? ധനം മാത്രമാണോ സമ്പത്തായി പരിഗണിക്കപ്പെടുന്നത്‌.  ധനത്തെ മാത്രമല്ല മനുഷ്യൻ സമ്പത്തായി കാണുന്നത്. ചില മനുഷ്യർക്ക് അധികാരം ഒരു പ്രധാനപ്പെട്ട സമ്പത്താണ്. തങ്ങളുടെ അധികാരത്തിന്‍റെ സുരക്ഷിതത്വത്തെ പ്രതി മറ്റുള്ളവരുടെ ജീവിതങ്ങളെ വേട്ടയാടുന്ന മനുഷ്യരെ നാം കണ്ടിരിക്കാം. അവരുടെ ജീവിതത്തിന്‍റെ നിയന്ത്രണം ദൈവത്തിന്‍റെ കൈകളിലാണെന്ന് അല്പജ്ഞാനികളായ അവർ ചിന്തിക്കുന്നില്ല. ഒരു പക്ഷെ അങ്ങനെ ചിന്തിച്ചില്ലെങ്കിൽ കൂടി  അത്ര പ്രാധാന്യം നൽകാതെ അലക്ഷ്യമായി ജീവിക്കുന്നു. ഇങ്ങനെ താൻ കരുതുന്ന നശ്വരമായ വസ്തുക്കളെ സമ്പത്തായി കരുതി ജീവിക്കുന്നവർക്ക് ദൈവം നൽകുന്ന ഒരു മുന്നറിയിപ്പാണ് ഭോഷനായ ധനികന്‍റെ ഉപമ. ഈ ലോകം മുഴുവൻ സ്വന്തമാക്കിയാലും ആത്മാവിനാവശ്യമായ സുകൃതങ്ങൾ സ്വന്തമാക്കാൻ കഴിയാതെ വന്നാൽ നമുക്കും ഭോഷനായ ധനികനെ പോലെ അസ്വസ്ഥതകളുടെ രാത്രികൾ കാത്തിരിക്കുന്നുവെന്നു പാപ്പായുടെ ഈ പ്രബോധനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ദരിദ്രമായ ഹൃദയമുള്ളവരില്‍ കർത്താവ് നിത്യേനൂതനത്വത്തോടെ പ്രവേശിക്കുന്നു.

68. “സമ്പത്ത് ഒന്നും ഉറപ്പാക്കുന്നില്ല. തീർച്ചയായും, സമ്പന്നരാണെന്ന് വിചാരിച്ചാൽ നാം വളരേ സ്വയം സംതൃപ്തരായി മാറുന്നു. ദൈവവചനത്തിനോ, സഹോദരീ സഹോദരന്മാരോടുള്ള സ്നേഹത്തിനോ, ജീവിതത്തിലെ പരമപ്രധാനമായ കാര്യങ്ങൾ അനുഭവിക്കുന്നതിനോ നാം ഇടം കൊടുക്കുന്നില്ല. ആ വിധത്തിൽ, പരമോന്നതമായ നിധി നാം നഷ്ടപ്പെടുത്തുന്നു. അതുകൊണ്ടാണ് ആത്മാവിൽ ദരിദ്രരായവരെ യേശു ഭാഗ്യവാന്മാർ എന്നു വിളിക്കുന്നത്; എന്തെന്നാൽ ദരിദ്രമായ ഹൃദയമുള്ളവരില്‍ കർത്താവിന് നിത്യേനൂതനത്വത്തോടെ പ്രവേശിക്കാൻ കഴിയുന്നു.”

ദൈവവചനത്തിനും സഹോദരീ സഹോദരന്മാരോടുള്ള സ്നേഹത്തിനും പരമപ്രധാനമായ കാര്യങ്ങൾ അനുഭവിക്കുന്നതിനും ഇടം നൽകാതെ വരുമ്പോൾ പരമോന്നതമായ സമ്പത്തായ ദൈവത്തെയാണ് നാം നഷ്ടമാക്കുന്നതെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ അനുദിനജീവിതത്തിൽ എപ്പോഴും  നമ്മെ അനുസ്മരിപ്പിക്കുന്ന ഒരു ചിന്തയാണ് 'വന്ന വഴി മറക്കരുത്'. നമ്മുടെ ജീവിതത്തിൽ താഴ്ച്ചകളിൽ നിന്നും ഉയർച്ചകളിലേക്കുള്ള യാത്രയിൽ നാം കരുതേണ്ട ചിന്തയാണിത്. നമ്മുടെ നേട്ടങ്ങളിലും കോട്ടങ്ങളിലും നാം എപ്പോഴും സൂക്ഷിക്കേണ്ടത് മനസ്സിന്‍റെ സംതുലിതാവസ്ഥയാണ്. ജീവിതത്തിന്‍റെ ആരോഹണങ്ങളിലും അവരോഹണങ്ങളിലും ഇളകി മറിയാത്ത ഒരു മനസ്സായിരിക്കണം. ഭൗമീകസമ്പത്ത് നമ്മെ സമ്പൂര്‍ണ്ണമാക്കുന്നില്ല. സമ്പത്തിലല്ലാ നമ്മുടെ പരിപൂര്‍ണ്ണത അടങ്ങിയിരിക്കുന്നത്. ഇന്ന് സമ്പത്തു നമ്മുടെ ജീവിതത്തിനും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിനുമിടയിൽ മതിലുകൾ തീർക്കുന്നു. സമ്പത്തിൽ മതിമറന്ന് സഹോദരങ്ങളെ പോലും തിരിച്ചറിയാനാവാത്തവിധം നമ്മുടെ കണ്ണുകളിൽ  തിമിരം ബാധിച്ചിരിക്കുന്നു. സമ്പത്തു പലപ്പോഴും നമ്മെ നല്ല സമൂഹജീവിതത്തിൽ  ഇന്നും വേര്‍പ്പെടുത്തുന്നു. സമ്പത്തിന്‍റെ ആധിപത്യം സമർപ്പിത ജീവിതത്തെയും വേട്ടയാടുന്നു എന്ന യാഥാർഥ്യത്തെ വിസ്മരിക്കാതിരിക്കാം. ഭൗമീക വസ്തുക്കളോടുള്ള  ദാരിദ്ര്യത്തിലല്ല ആത്മാവിൽ ദാരിദ്ര്യം അനുഭവിക്കുന്ന മനസ്സിൽ വസിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. ആത്മാവിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് മാത്രമേ ലോകം വലിയ സമ്പത്തായി കരുതുന്ന അധികാരത്തിന്‍റെയും, പണത്തിന്‍റെയും, പദവിയുടെയും മുന്നിൽ തങ്ങളുടെ വിശുദ്ധമായ ദാരിദ്ര്യം കൊണ്ട് സമ്പന്നരാകാൻ കഴിയുകയുള്ളു. അതിനുദാഹരണമാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസും, മറ്റു വിശുദ്ധരും.വിശന്നു പൊരിയുമ്പോഴും കൈയിലുള്ള അപ്പം കഴിക്കാൻ അദ്ദേഹം മറന്നു പോയത് ഹൃദയത്തിൽ ദൈവം എന്ന സമ്പത്തിനെ ജീവിതത്തിൽ ആവാഹിച്ചതു കൊണ്ടാണ്.

വിശുദ്ധമായ നിസ്സംഗത

69. “ഈ ആത്മീയ ദാരിദ്ര്യം വിശുദ്ധ ഇഗ്നേഷ്യസ് ലയോള “വിശുദ്ധമായ നിസ്സംഗത” എന്ന് വിളിക്കുന്നതുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അതു നമ്മെ പ്രകാശപൂരിതമായ ഒരു ആധുനിക സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിപ്പിക്കുന്നു. നമ്മുടെ സ്വതന്ത്ര മനസ്സിന് അനുവദനീയവും വിലപ്പെട്ടതുമായ എല്ലാ സൃഷ്ടവസ്തുക്കളോടും നിസ്സങ്കരാകുവാന്‍ നാം നമ്മെ തന്നെ പരിശീലിപ്പിക്കേണ്ടതുണ്ട്. അതിലൂടെ അനാരോഗ്യത്തിന് പകരം ആരോഗ്യത്തിലും, ദാരിദ്ര്യത്തിനു പകരം സമ്പന്നതയിലും, അപമാനത്തിനു പകരം അഭിമാനത്തിലും ഹ്രസ്വജീവിതത്തിനു പകരം ദീർഘ ജീവിതത്തിലും മറ്റെല്ലാത്തിലും ശ്രദ്ധിക്കുന്നതില്‍ നിന്നും നമ്മുടെ ഹൃദയം പിൻവലിയുന്നു.”

ദുഃഖത്തിലും സന്തോഷത്തിലും മനസ്സിന്‍റെ സംതുലിതാവസ്ഥ നിലനിർത്താൻ കഴിയുന്നതാണ് വിശുദ്ധമായ നിസ്സംഗതയെന്ന് "HOLY INDIFFERENCE " എന്ന് വിശേഷിപ്പിക്കാം. ജീവിതത്തിൽ നാമെന്തെക്കെയോ സ്വന്തമാക്കിയെന്നിരിക്കാം. നമുക്ക് വേണ്ടി നാം ഈ ഭൂമിയിൽ വച്ച് സ്വരുക്കൂട്ടിയതിനെല്ലാം കണക്കു തീർക്കേണ്ട ക്രിസ്തുവിന്‍റെ അന്ത്യവിധിയുടെ മുന്നിൽ നിൽക്കുമ്പോൾ സുകൃതങ്ങളുടെ ദാരിദ്ര്യവും, പാപങ്ങളുടെ നിറവും നമ്മിലുണ്ടാകാതിരിക്കാൻ പരിശ്രമിക്കാം. ജീവിതത്തിൽ നാം കരുതുന്ന ഭൗമീക വസ്തുക്കൾ നമുക്ക് രക്ഷ പ്രധാനം ചെയ്യുന്നില്ലെന്ന് നമുക്ക് വ്യക്തമായി അറിയാമെങ്കിലും നാം അതിന്‍റെ പുറകെ പോകുന്നത് നശ്വരത നൽകുന്ന സുഖത്തെ പ്രതി മാത്രമാണ്. നശ്വരതയിൽ വിതയ്ക്കപ്പെട്ടവ അനശ്വരതയിൽ കൊയ്തെടുക്കുവാൻ സമയമെത്തുമ്പോൾ സംതൃപ്തിയോടെ ആയിരിക്കണമെങ്കിൽ അനശ്വരതയെ ലക്ഷ്യം വച്ച് നീങ്ങണമെന്നും ആ അനശ്വരതയെന്നത് ആത്മാവിലെ ദാരിദ്ര്യമെന്നും പാപ്പാ നമ്മോടു ആഹ്വാനം ചെയ്യുന്നു. യഥാർത്ഥത്തിൽ നാം ആത്മാവിൽ ദാരിദ്ര്യം അനുഭവിക്കുന്നത് എന്തിനാണ്? എല്ലാറ്റിലും ശ്രേഷ്ഠമായ മഹായോഗമായ ഈശ്വരനെ സ്വന്തമാക്കാനാണ്. വിശുദ്ധ ഇഗ്നേഷ്യസ് ലയോള “വിശുദ്ധമായ നിസ്സംഗത” എന്ന് വിളിക്കുന്ന സാധനയെ അഭ്യസിക്കേണ്ടതും അതിനുവേണ്ടിയായിരിക്കണം. സൃഷ്ടവസ്തുക്കളോടു നാം പുലർത്തുന്ന നിസ്സംഗത സൃഷ്ടാവിനോടുള്ള സംയോഗത്തിനു നമ്മെ സഹായിക്കുന്നു. ആത്മാവിൽ ദാരിദ്ര്യമനുഭവിച്ചവരായിരുന്നു പുണ്യത്തിൽ സമ്പന്നരായിരുന്ന വിശുദ്ധർ. അവരുടെ ജീവിതത്തിൽ ദൈവമെന്ന സമ്പത്തല്ലാതെ മറ്റൊരു വസ്തുവുമുണ്ടായിരുന്നില്ല.

ദരിദ്രരുടെ ജീവിതത്തിലുള്ള പങ്കാളിത്തം

70. "ലൂക്കാ "ആത്മാവിലെ "ദാരിദ്യത്തെ കുറിച്ച് പരാമർശിക്കുന്നില്ല. അദ്ദേഹം വളരെ ലളിതമായി ദരിദ്രര്‍ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. (ലൂക്കാ.6:20) അതിലൂടെ അദ്ദേഹവും ലളിതവും വിരക്തിയുള്ളതുമായ ജീവിതം നയിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. അതിലൂടെ ആത്യന്തികമായി "സമ്പന്നന്നായിരുന്നുട്ടും സ്വയം ദരിദ്രനായ"

(2.കൊറി.8:9) യേശുവുമായി സ്വയം അനുരൂപപ്പെടാൻ നമുക്ക് സാധിക്കുന്നു".ഹൃദയത്തിൽ ദരിദ്രരായിരിക്കുക:അതാണ് വിശുദ്ധി.

വിശുദ്ധ ലൂക്കാ സുവിശേഷകൻ അഷ്ടസൗഭാഗ്യങ്ങളെ അനുസ്മരിപ്പിക്കുന്ന ഭാഗത്തിൽ മൂന്നു കാര്യങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുന്നു.

ലളിതവും വിരക്തിയുമുള്ള ജീവിതം നയിക്കണം.

അപ്പോസ്തലന്മാരെ പോലെ ദരിദ്രരുടെ ജീവിതത്തിൽ പങ്കാളികളാകണം.

സമ്പന്നനായിരുന്നിട്ടും സ്വയം ദരിദ്രനായ യേശുവുമായി സ്വയം അനുരൂപപ്പെടണം.

ലോകം നൽകുന്ന വശീകരണങ്ങൾക്ക് വിപരീതമായി നിൽക്കുന്ന കാര്യങ്ങളെ കുറിച്ചാണ്  സുവിശേഷകൻ നമ്മെ പഠിപ്പിക്കുന്നത്. എല്ലാം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെ അതിവേഗത്തിലോടുന്ന മനുഷ്യന്‍റെ മുന്നിൽ ലളിതവും, വിരക്തിയും വിദൂരത്തിലാണ് നില്‍ക്കുന്നത്. പദവിയുടെയും, പണത്തിന്‍റെയും, അധികാരത്തിന്‍റെയും പേരിൽ തങ്ങളെത്തന്നെ പ്രദർശിപ്പിക്കാനുള്ള പരിശ്രമത്തിൽ മറ്റുള്ളവരുടെ അവകാശങ്ങളെയും, അസ്തിത്വത്തെയും അപകരിക്കുന്നത് പാപമാണ്. നമ്മുടെ ജീവിതത്തിന്‍റെ ഏക വിഷയമായിരിക്കുന്ന ദൈവത്തോടു ഐക്യപ്പെടാന്‍ വേണ്ടി മറ്റെല്ലാ വസ്‌തുക്കളോടും വിരക്തിയുള്ളവരാകുമ്പോൾ ദരിദ്രരുടെ ജീവിതാനുഭവങ്ങളിൽ നമുക്കും പങ്കുകാരാകാൻ കഴിയും. ദൈവം സൃഷ്ടിച്ചത് സ്ത്രീ, പുരുഷൻ എന്നാണ്. എന്നാൽ മനുഷ്യൻ ഈ ഭൂവിൽ സമ്പന്നൻ- ദരിദ്രൻ, യജമാനൻ- സേവകൻ, അധികാരം-അടിമത്വം എന്നിങ്ങനെ അനേകം വിഭാഗീക ചിന്തകളുണർത്തുന്ന വ്യത്യസ്ത്ഥ രൂപങ്ങളെ സൃഷ്ടിച്ചു. അതിന്‍റെ ഫലമാണ് ദരിദ്രരായി കഴിയുന്ന പാവപ്പെട്ട ജനങ്ങൾ. സമൂഹത്തിൽ അവരുടെ ശബ്ദത്തെ രേഖപ്പെടുത്താന്‍ കഴിയാത്ത നിസ്സഹായർ. ഇവരെ സ്വീകരിക്കാൻ സമ്പന്നായിരുന്നിട്ടും ദരിദ്രനായ ക്രിസ്തുവിന്‍റെ ആത്മാവ് നമ്മിൽ പ്രവർത്തിക്കണം. എങ്കിൽ മാത്രമേ ക്രിസ്തുവുമായി നമുക്ക് അനുരൂപപ്പെടാൻ കഴിയുകയുള്ളു. ക്രിസ്തുവിനെ പോലെ തോണിയുടെ അമരത്തും, പാപികളുടെ ഭവനങ്ങളിലും, വിജാതിയരുടെ വീഥികളിലും ചെന്ന് സ്നേഹത്തിന്‍റെയും അലിവിന്‍റെയും സുവിശേഷം പ്രഘോഷിക്കാൻ കഴിയുകയുള്ളു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2019, 14:30