തിരയുക

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളുമായുള്ള യേശുവിന്‍റെ കണ്ടുമുട്ടല്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളുമായുള്ള യേശുവിന്‍റെ കണ്ടുമുട്ടല്‍ 

യേശുവുമായുള്ള സമാഗമം സാക്ഷ്യത്തിന്‍റെ സ്രോതസ്സ്!

ഫ്രാന്‍സീസ് പാപ്പായുടെ ട്വീറ്റുകള്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സാക്ഷ്യം നല്കുതിനെക്കുറിച്ച് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

വിശുദ്ധ മഗ്ദലന മറിയത്തിന്‍റെ തിരുന്നാള്‍ദിനമായിരുന്ന തിങ്കളാഴ്ച (22/07/19) വിശുദ്ധ മേരി മഗ്ദലിന്‍ എന്ന ഹാഷ്ടാഗോടു കൂടി (#SaintMaryMagdalene) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സാക്ഷ്യവഹിക്കലിനെക്കുറിച്ചുള്ള ആശയം പങ്കുവച്ചിരിക്കുന്നത്.

“ജീവിക്കുന്ന യേശുവുമായുള്ള നേര്‍ക്കാഴ്ചയില്‍ നിന്നാണ് സാക്ഷ്യം ജന്മംകൊള്ളുന്നത്. പ്രത്യാശയുടെ പ്രേഷിതയായ വിശുദ്ധ മഗ്ദലന മറിയമേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

ഹൃദയജ്ഞാനത്തെക്കുറിച്ചായിരുന്നു പാപ്പായുടെ ഞായറാഴ്ചത്തെ (21/07/19) ട്വീറ്റ്. 

ഞായറാഴ്ച (21/07/19) ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ലൂക്കായുടെ സുവിശേഷം 10:38-42 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സഹോദരിമാരായ മാര്‍ത്തയും മറിയവും യേശുവിനെ ഭവനത്തില്‍ സ്വീകരിക്കുകയും മാര്‍ത്ത വീട്ടുകാര്യങ്ങളി‍ല്‍ വ്യാപൃതയായും വ്യഗ്രചിത്തയുമായിരിക്കുകയും മറിയമാകട്ടെ യേശുവിന്‍റെ പാദാന്തികത്തില്‍ ഇരുന്നു അവിടത്തെ ശ്രവിക്കുകയും ചെയ്ത സംഭവം ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിന് ആധാരം. 

പാപ്പായുടെ ആ സന്ദേശം ഇപ്രകാരമായിരുന്നു:

“ഹൃദയത്തിന്‍റെ ജ്ഞാനം അടങ്ങിയിരിക്കുന്നത് മനനവും പ്രവര്‍ത്തനവും തമ്മില്‍ സമന്വയിപ്പിക്കാന്‍ അറിയുന്നതിലാണ്. മാര്‍ത്തയുടെ കരങ്ങളോടും മറിയത്തിന്‍റെ  ഹൃദയത്തോടും കൂടി നമുക്ക് ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനുള്ള അനുഗ്രഹം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാം” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2019, 10:06