തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുത്ത ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുത്ത ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.  (Vatican Media )

പിതാവിനോടുള്ള ബന്ധത്തെ ബലപ്പെടുത്തുന്ന പ്രാർത്ഥന

വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂലൈ 28ആം തിയതി ഞായറാഴ്ച്ച, പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പോസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രത്യക്ഷനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരീ സഹോദരൻമാരെ, സുപ്രഭാതം!

ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥന പിതാവുമായുള്ള ദൃഢമായ ബന്ധമായിരുന്നു

ഇന്നത്തെ സുവിശേഷത്തിന്‍റെ താളുകളിൽ (ലൂക്ക11:1-13) വിശുദ്ധ ലുക്കാ യേശു ശിഷ്യന്മാരെ "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥന പഠിപ്പിച്ച സാഹചര്യങ്ങളെ കുറിച്ച് വിവരിക്കുകയാണ്. ഹെബ്രായപരമ്പര്യമനുസരിച്ചുള്ള പ്രാർത്ഥനകൾ ചൊല്ലി പ്രാർത്ഥിക്കാൻ അവർക്കു അറിയാമായിരുന്നു. എങ്കിലും അവർ ആഗ്രഹിച്ചത് യേശുവിന്‍റെ പ്രാർത്ഥനയുടെ അതെ സവിശേഷതകൾ ജീവിക്കാനായിരുന്നു.

പ്രാർത്ഥനയുടെ നീണ്ട യാമങ്ങൾക്കു ശേഷമായിരുന്നു യേശുവിന്‍റെ എല്ലാ പ്രധാന പ്രവർത്തികളും. അതിനാൽ  അവരുടെ ഗുരുവിന്‍റെ ജീവിതത്തിൽ ഒട്ടും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായിരുന്നു പ്രാർത്ഥന എന്ന് അവർക്കു ഉറപ്പിച്ചുപറയാൻ കഴിയുമായിരുന്നു, മാത്രമല്ല ആ കാലഘട്ടങ്ങളിലെ മറ്റു ഗുരുക്കൻമാരുടേത് പോലായിരുന്നില്ല യേശുവിന്‍റെ പ്രാർത്ഥന. ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥന പിതാവുമായുള്ള ദൃഢമായ ഒരു ബന്ധമായിരുന്നു. അത് അവരെ വശീകരിക്കുകയും ചെയ്തു. അതിനാല്‍ ദൈവവുമായുള്ള ഒന്നിക്കലിന്‍റെ ആ നിമിഷങ്ങളിൽ പങ്കുചേർന്ന് ആ മധുരം മുഴുവൻ അനുഭവിക്കാൻ അവർ ഒത്തിരി ആഗ്രഹിക്കുകയും ചെയ്തു.  

ക്രിസ്തീയ പ്രാർത്ഥന

ഒരുദിവസം, ഏകാന്തമായ ഒരിടത്ത് യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍  അവന്‍റെ പ്രാർത്ഥന കഴിയാൻ ശിഷ്യന്‍മാര്‍ കാത്തുനിന്ന് ചോദിച്ചു: “കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെ" (ലൂക്ക11:1) ശിഷ്യരുടെ സ്പഷ്ടമായ ചോദ്യത്തിന് മറുപടിയായി, പ്രാർത്ഥനയുടെ ഒരു നിർവ്വചനം സാംശീകരിക്കയോ, "എന്തെകിലും നേടിയെടുക്കാവുന്ന" പ്രാർത്ഥനയുടെ കാര്യക്ഷമമായ ഒരുവിദ്യ പഠിപ്പിക്കുകയോ അല്ല ചെയ്തത്. പിതാവുമായി നേരിട്ടുള്ള ഒരു ബന്ധം വഴി, അവരിൽ പിതാവുമായുള്ള ഒരു വ്യക്തിപരമായ ബന്ധത്തിന്‍റെ ഗൃഹാതുരത്വം സൃഷ്ടിച്ച്, പ്രാർത്ഥനയുടെ അനുഭവം നേടിയെടുക്കാൻ ക്ഷണിക്കുകയാണ്. ഇവിടെയാണ് ക്രൈസ്തവ പ്രാർത്ഥനയുടെ പുതുമയിരിക്കുന്നത്! പരസ്പരം സ്നേഹിക്കുന്ന വ്യക്തികൾ തമ്മിലുള്ള ഒരു സംവാദമാണത്. പരസ്പര ശ്രവണത്തെ നിലനിർത്തിക്കൊണ്ടും പരസ്പര പ്രതിബദ്ധതയ്ക്ക് തയ്യാറായിക്കൊണ്ടുമുള്ള വിശ്വാസത്തിലധിഷ്ഠിതമായ സംവാദം. ഇത് പിതാവിനോടൊപ്പമുള്ള പുത്രന്‍റെ സംഭാഷണമാണ്. പിതാവും, മക്കളും തമ്മിലുള്ള സംഭാഷണം. ഇതാണ് ക്രിസ്തീയ പ്രാർത്ഥന.

അങ്ങനെ സ്വർഗ്ഗീയ ഗുരു ഭൂമിയിലെ തന്‍റെ ദൗത്യത്തിൽ നമുക്കു നൽകിയ ഏറ്റം വിലയേറിയ ദാനമായ "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥന അവരെ ഏൽപ്പിക്കുന്നു.  ഒരുപക്ഷ അവിടുന്ന് നമുക്കായി അവശേഷിപ്പിച്ച ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണത്. പുത്രനും, സഹോദരനും ആണ് താനെന്ന തന്‍റെ രഹസ്യം വെളിപ്പെടുത്തിയശേഷം ഈ പ്രാർത്ഥന വഴി യേശു നമ്മെ ദൈവത്തിന്‍റെ പിതൃത്വത്തിലേക്ക് പ്രവേശിപ്പിക്കുകയും അവനുമായി പ്രാർഥനാപൂർവ്വം നേരിട്ടുള്ള സംഭാഷണത്തിലേക്ക് പ്രവേശിക്കാനുള്ള വഴി കാണിക്കുകയും ചെയ്യുന്നു അതോടൊപ്പം. ആത്മവിശ്വാസത്തോടെ നേരിട്ട് സംഭാഷണത്തിലേക്ക് പ്രവേശിക്കാനും പിതാവും- പുത്രനും, പുത്രനും- പിതാവുമായുള്ള ഒരു സംഭാഷണത്തിലേക്കുള്ള മാർഗ്ഗം കാണിച്ചുതരുന്നു എന്ന് ഊന്നിപ്പറയാൻ ഞാന്‍ ആഗ്രഹിക്കുന്നു.

ദൈവത്തിന്‍റെ പിതൃത്വത്തെ ഹൃദയത്തിൽ അനുഭവവേദ്യമാക്കുന്ന പ്രാര്‍ത്ഥന

"സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയിൽ നാം ചോദിക്കുന്നത് അവിടുത്തെ നാമത്തിന്‍റെ വിശുദ്ധീകരണവും, രാജ്യത്തിന്‍റെ വരവും, ക്ഷമയും, തിന്മയിൽ നിന്നുള്ള രക്ഷയും തന്‍റെ ഏക പുത്രനിൽ നമുക്കായി നല്കപ്പെട്ടതും നിർവഹിക്കപെട്ടതുമാണ്. ചോദിക്കുന്ന നേരത്തില്‍ തന്നെ  നമുക്ക് അവ സ്വീകരിക്കാൻ കൈകൾ തുറന്നു വയ്ക്കാം. കർത്താവ് നമ്മെ പഠിപ്പിച്ച പ്രാർത്ഥന എല്ലാ പ്രാർത്ഥനയുടെയും രത്നച്ചുരുക്കമാണ്.  നമുക്ക് സഹോദരരോടുള്ള  ഐക്യത്തിൽ പിതാവിലേക്കു തിരിയാം. പിതാവ് പുത്രനിൽ പ്രകടിപ്പിച്ച ദാനങ്ങളെ സ്വീകരിക്കാം. ചില സമയങ്ങളിൽ പ്രാർഥനയിൽ ശ്രദ്ധ വ്യതിചലിക്കുന്നുണ്ടെങ്കിലും പലപ്പോഴും "പിതാവേ" എന്ന ആദ്യത്തെ വാക്കില്‍ അവസാനിപ്പിക്കാനുള്ള ആഗ്രഹം നമ്മിലുണ്ടാകും, ഒപ്പം ദൈവത്തിന്‍റെ പിതൃത്വം നമ്മുടെ ഹൃദയത്തിൽ അനുഭവപ്പെടുകയും ചെയ്യുന്നു. പിതാവിനോടുള്ള ഈ പ്രാർത്ഥന പഠിപ്പിക്കുമ്പോൾ, സുവിശേഷകൻ, അത്യാവശ്യ സമയത്തിൽ പാതിരാത്രിയില്‍ കൂട്ടുകാരന്‍റെ വാതിക്കൽ വന്നു മുട്ടി ശല്യപ്പെടുത്തുന്ന ഒരു മനുഷ്യന്‍റെ ഉപമയും ചേർക്കുന്നുണ്ട്. നാം പ്രാർത്ഥനയില്‍ നിർബന്ധിതരായിത്തീരണം. മൂന്ന്, മൂന്നര വയസ്സ് പ്രായമുള്ളപ്പോൾ കുട്ടികൾ അവർക്ക് മനസ്സിലാകാത്ത കാര്യങ്ങൾ അവരുടെ പിതാവിനോടു ചോദിക്കാൻ തുടങ്ങുന്നതിനെ ഞാനിപ്പോള്‍ അനുസ്മരിക്കുന്നു. കുട്ടികള്‍ തങ്ങളുടെ പിതാവിനോടു വിശദീകരണം ചോദിക്കുന്നു. അപ്പോൾ പിതാവ് അവർക്കു ഉത്തരം നൽകുവാൻ ആരംഭിക്കുമ്പോൾ പിതാവ് വിശദീകരിക്കുന്നത് മുഴുവനും കേൾക്കാതെ തന്നെ പുതിയ ചോദ്യങ്ങളുയർത്താൻ ആരംഭിക്കുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ  സംഭവിക്കുന്നത്? കാര​ണം  പല കാര്യങ്ങളിലും കുട്ടികൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. അവർ വസ്തുതകളെ പാതിവഴിയിൽ‌ മനസ്സിലാക്കാനാണ് ആരംഭിക്കുന്നത്. കുട്ടികൾ അവരുടെ പിതാവിന്‍റെ നോട്ടത്താൽ ആകർഷിക്കപെടാൻ ആഗ്രഹിക്കുന്നു: അതിനായി "എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട്?" എന്ന് ചോദ്യമുയർത്തുന്നു. നാമും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ആദ്യത്തെ വാക്കിൽ നിർത്തുകയാണെങ്കിൽ,  പിതാവിന്‍റെ നോട്ടം നമ്മിലേക്ക് ലഭിക്കുവാൻ നാം കുട്ടികളായിരുന്നപ്പോൾ ചെയ്തത് പോലെ."പിതാവേ, പിതാവേ" എന്നും"എന്തുകൊണ്ട്? എന്നു പറയുകയും ചെയ്യുമ്പോൾ പിതാവായ ദൈവം നമ്മെ നോക്കും.

നിത്യം പ്രാർത്ഥിക്കുന്ന സ്ത്രീയായ മറിയത്തോടു പരിശുദ്ധാത്മാവാൽ നയിക്കപ്പെട്ട് യേശുവോടൊന്നിച്ച് സുവിശേഷം ജീവിക്കുവാൻ  നമ്മുടെ പിതാവിനോടു പ്രാർത്ഥിക്കുവാൻ നമുക്ക് അപേക്ഷിക്കാം. ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു

28 July 2019, 15:09