തിരയുക

Vatican News
ദുരിതത്തിലകപ്പെട്ടവരെ രക്ഷിക്കുന്നു... ദുരിതത്തിലകപ്പെട്ടവരെ രക്ഷിക്കുന്നു... 

കപ്പൽ തകർന്ന് ദുരന്തത്തിനിരയായവര്‍ക്ക് പാപ്പായുടെ പ്രാര്‍ത്ഥന

മെഡിറ്ററേനിയൻ കടലില്‍ കപ്പൽ തകർന്ന ദുരന്തത്തിനിരയാക്കപ്പെട്ടവര്‍ക്കായി ഫ്രാൻസിസ് മാർപാപ്പാ പ്രാർത്ഥിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂലൈ 28ആം തിയതി ഞായറാഴ്ച്ച,  വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം ഫ്രാൻസിസ് പാപ്പാ  കഴിഞ്ഞ ആഴ്ചയില്‍  കപ്പൽ തകർന്ന് മുങ്ങി മരിച്ച കുടിയേറ്റക്കാരെ അനുസ്മരിച്ചു. കുടിയേറ്റ പ്രശ്‌നം പരിഹരിക്കുന്നതിനായി “വേഗതയോടും നിർണ്ണായകതയോടും കൂടി പ്രവർത്തിക്കാൻ” അന്താരാഷ്ട്ര സമൂഹത്തോടു  പാപ്പാ  വീണ്ടും ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച  മെഡിറ്ററേനിയനിൽ കപ്പൽ തകർന്ന ദുരന്തത്തിനിരയായവർക്കുവേണ്ടി പ്രാര്‍ത്ഥന അഭ്യർത്ഥിച്ചു.  കഴിഞ്ഞ ബുധനാഴ്ച ലിബിയയുടെ തീരത്തില്‍ നിന്നും എട്ട് കിലോമീറ്റർ അകലെ കപ്പല്‍ തകര്‍ന്ന് മുങ്ങിയതിനെ തുടർന്ന് നിരവധി കുടിയേറ്റക്കാരുടെ ജീവിതം അപകടത്തിലാക്കപ്പെട്ടു. ഈ വർഷം മെഡിറ്ററേനിയന്‍ കടലില്‍ സംഭവിച്ച ഏറ്റവും മോശമായ കപ്പൽ തകർച്ചയാണിതെന്ന് കരുതപ്പെടുന്നു. 115 പേരെ കാണാതായതായും 134 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ഒരു മൃതദേഹം കണ്ടെടുത്തു.  അഭയാർഥികളെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, ലിബിയയ്ക്കും യൂറോപ്പിനുമിടയിലുള്ള വഴിയിൽ 2019ന്‍റെ  ആദ്യത്തെ നാല് മാസങ്ങളിൽ ഇതിനകം 164 പേർ മരിച്ചതായി വ്യക്തമാക്കുന്നു. ഞായറാഴ്ച നടത്തിയ പ്രസ്താവനയിൽ ഫ്രാൻസിസ് മാർപാപ്പാ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും എല്ലാവരുടെയും സുരക്ഷയും അന്തസ്സും ഉറപ്പാക്കാനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ കൂടിയിരുന്ന ജനങ്ങളോടു ദുരന്തത്തിനിരയായവർക്കു വേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയും തന്നോടൊപ്പം പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

28 July 2019, 15:16