തിരയുക

നീതിക്കു വേണ്ടി വിശക്കുക നീതിക്കു വേണ്ടി വിശക്കുക 

വിശുദ്ധിയിലേക്കുളള വിളി: നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ.

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 77-79 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

"നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും."

77. “വിശപ്പും ദാഹവും തീക്ഷണമായ അനുഭവങ്ങളാണ്. എന്തെന്നാൽ അവ നമ്മുടെ അതിജീവിനത്തിനുള്ള ജന്മവാസനയുടെ അടിസ്ഥാന ആവശ്യങ്ങളാണ്. സമാന തീക്ഷണതയോടെ നീതിക്കു വേണ്ടി ദാഹിക്കുകയും നന്മ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്. യേശു പറയുന്നു: അവർ സംതൃപ്തരാക്കപ്പെടും; എന്തെന്നാൽ ഉടനടിയോ സാവകാശമോ നീതി സ്ഥാപിതമാകും. നമ്മുടെ പ്രയത്നങ്ങളുടെ ഫലങ്ങൾ എല്ലായ്പ്പോഴും നാം കണ്ടില്ലെന്നു വന്നേക്കാമെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കുവാൻ നമുക്ക് സഹകരിക്കാം."

ജീവിതത്തിന്‍റെ അത്യന്താപേക്ഷിതമാണ് ആഹാരവും പാനീയവും. അതിനു വേണ്ടിയാണ് നാമോരോരുത്തരും അദ്ധ്വാനിക്കുന്നതും. അന്നന്നുള്ള അപ്പത്തിന് വേണ്ടി ഒരുവശത്തു മനുഷ്യർ കഠിനമായി കഷ്ടപ്പെട്ടിട്ടും അവർക്കു അപ്പം നിഷേധിക്കപ്പെടുമ്പോൾ മറുവശത്തു മറ്റു ചില മനുഷ്യർ സുഭിക്ഷമായും അലക്ഷ്യമായും അപ്പം ഭക്ഷിക്കുകയും മലിനമാക്കുകയും വെറുതെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇവിടെയാണ് നീതിയെകുറിച്ചും സമത്വത്തെകുറിച്ചും നാം ചിന്തിക്കേണ്ടത്. "ആനന്ദിച്ചാഹ്ലാദിക്കുവിൻ" എന്ന ഈ പ്രബോധനത്തിൽ "നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും." എന്ന അഷ്ടഭാഗ്യത്തെ കുറിച്ച് പാപ്പാ പ്രബോധിപ്പിക്കുമ്പോൾ നീതിക്കു വേണ്ടി വിശപ്പനുഭവിക്കുന്നവർ ഈ ഭൂവിലുണ്ടെന്നും അവർക്കു ഉടനടിയോ സാവകാശമോ നീതി ലഭിക്കുമെന്നും നീതിക്കു വേണ്ടിയുള്ള പ്രയത്നങ്ങളുടെ ഫലം എപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും അതിനെ ജീവിതത്തിൽ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കണമെന്നും പാപ്പാ ഉത്‌ബോധിപ്പിക്കുന്നു. നീതിക്കു വേണ്ടി എങ്ങനെയാണ് വിശപ്പും ദാഹവും അനുഭവിക്കേണ്ടതെന്ന് ചിന്തിക്കുമ്പോൾ നിയമത്തെ മാറ്റി നിർത്താനാവില്ല. നീതിക്കു എപ്പോഴും നിയമവുമായി ബന്ധമുണ്ട്. നിയമം ലംഘിക്കപ്പെടുമ്പോഴും നിയമത്തിൽ സമത്വം ഇല്ലാതാക്കപ്പെടുമ്പോഴുമാണ് യഥാർത്ഥത്തിൽ നീതി അനീതിയുടെ ചമയമാണിയുന്നത്. നിയമം തനിക്കല്ലെന്നും മറ്റുള്ളവരെ നിയമം പഠിപ്പിക്കുവാൻ താൻ ഭരമേല്പിക്കപ്പെട്ടിരിക്കുവെന്നും സ്വയം തങ്ങളെ  നിയമ പീഠത്തിൽ അവരോധിക്കുന്നവരാണ് സത്യത്തിൽ മറ്റുള്ളവരുടെ ജീവിതത്തിൽ നീതിയെ അവഗണിക്കുന്നത്. ഇവരാണ് യഥാര്‍ത്ഥത്തിൽ നിയമം ലംഘിക്കുന്നവർ. നാം ജീവിക്കുന്ന ഈ ലോകത്തിൽ നീതി നിഷേധിക്കപ്പെടുന്നത് എപ്പോഴും ദുർബ്ബലരായ മനുഷ്യര്‍ക്കാണ്. അധികാരത്തിന്‍റെ വിശുദ്ധിയെ പോലും അനീതിയാൽ മലിനപ്പെടുത്തുന്നവരാണ് ഈ ലോകത്തിന്‍റെ സൗന്ദര്യത്തെ വൃണപ്പെടുത്തുന്നത്. നിയമത്തിന്‍റെ മറവിൽ മറ്റുള്ളവർക്കു നീതി നിഷേധിക്കുന്നത് ഇന്നത്തെ സമൂഹത്തിൽ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറ്റപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഒരു ക്രൈസ്തവനെ സംബന്ധിച്ച് ക്രിസ്തു സ്ഥാപിച്ച നീതി നടപ്പിലാക്കാൻ വിശപ്പും ദാഹവും അനുഭവിക്കേണ്ടി വരുന്നത് അവന്‍റെ സൗഭാഗ്യമായി കണ്ടാൽ മാത്രമേ സംതൃപ്തി ലഭിക്കുകയുള്ളുവെന്ന് പാപ്പാ നമ്മെ ഓർമ്മപ്പെടുത്തുന്നു.

യഥാർത്ഥ നീതിക്കു വേണ്ടിയുള്ള പോരാട്ടം

78. “സ്ഥാപിത താത്പര്യങ്ങളാൽ കളങ്കിതവും പല വിധത്തിൽ വികലമാക്കപ്പെട്ടതുമായ ലോകത്തിന്‍റെ നീതിയിൽ നിന്നും വ്യത്യസ്ഥമായ ഒന്നാണ് യേശു വാഗ്ദാനം ചെയ്യുന്നത്. എല്ലാം വ്യവഹാരമായി കാണുന്ന അവസ്ഥയിൽ, "എന്ത് എന്തിനു" (quid pro quo) എന്ന അനുദിന രാഷ്ട്രീയ സാഹചര്യത്തിൽ, അഴിമതിയിൽ മുങ്ങുക എത്ര എളുപ്പമാണെന്ന് അനുഭവം നമുക്ക് കാണിച്ചു തരുന്നു. നിസ്സഹായരായി നോക്കി നിന്ന് കൊണ്ട് എത്രയോ പേരാണ് അനീതി സഹിക്കേണ്ടി വരുന്നത്. എന്നാൽ മറ്റു ചിലരാകട്ടെ ജീവിതത്തിന്‍റെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കുന്നു. യഥാർത്ഥ നീതിക്കു വേണ്ടിയുള്ള പോരാട്ടം ചിലർ അവസാനിപ്പിച്ച് ജേതാക്കളോടൊത്ത് അനുയാത്ര ചെയ്യാൻ നിശ്ചയിക്കുന്നു. എന്നാൽ യേശു പുകഴ്ത്തുന്ന നീതിക്കു വേണ്ടിയുള്ള വിശപ്പിനും ദാഹത്തിനും ഇതുമായി യാതൊരു ബന്ധവുമില്ല."

നീതിയും അനീതിയും

ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ചിലർ സ്വന്തമാക്കുമ്പോൾ മറ്റുചിലർ നിസ്സഹായരായി നോക്കി നിന്ന്കൊണ്ട് അനീതി സഹിക്കേണ്ടി വരുന്നു എന്ന് മാർപാപ്പാ പ്രബോധനത്തിൽ സൂചിപ്പിക്കുന്നു. യഥാർത്ഥ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെകുറിച്ചും അനീതിയുടെ വക്താക്കളുടെ പുറകിൽ താൽക്കാലികമായ നേട്ടത്തിന് വേണ്ടിയും സുഖത്തിനു വേണ്ടിയും ഓടുന്ന വ്യക്തികളെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുന്നു. അതോടൊപ്പം നീതിയെന്താണെന്നറിഞ്ഞിട്ടും അതിന്‍റെ പക്ഷം നില്‍ക്കാതെ അനീതി പ്രവർത്തിക്കുന്നവരുടെ പുറകെ പോകുന്നതിനെക്കുറിച്ചും പാപ്പാ വ്യക്തമാക്കുന്നു.

നമുക്ക് ചുറ്റും ഒന്ന് നോക്കാം. പ്രധാനമായി നീതി എവിടെയൊക്കെയാണ് തിരസ്കരിക്കപ്പെടുന്നത്. എന്തിനാണ് അനീതി ഇങ്ങനെ തഴച്ചുവളരുന്നത് എന്ന് ചിന്തിക്കുമ്പോൾ സ്വന്തം നിലനിൽപ്പിനു വേണ്ടിയും പണത്തിന് വേണ്ടിയും അധികാരത്തിന് വേണ്ടിയും മറ്റുള്ളവരുടെ നീതിയെ നമ്മുടെ ജീവിതത്തിലേക്ക് നാം കവർന്നെടുക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. സ്വന്തം നിലനിൽപ്പിനു വേണ്ടിയും പണത്തിന് വേണ്ടിയും അധികാരത്തിനും വേണ്ടിയുള്ള ഓട്ടത്തില്‍ മറ്റുള്ളവര്‍ക്ക് നല്‍കപ്പെടേണ്ട നീതിയെ നാം കണ്ടില്ലെന്ന ഭാവത്തോടെയാണ് ജീവിക്കുന്നത്. അമ്മയുടെ ഉദരം മുതൽ തുടങ്ങുന്ന അനീതി ഒരു മനുഷ്യന്‍റെ അന്ത്യംവരെയും അവനോടൊപ്പം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ജീവിതത്തിന്‍റെ എല്ലാം അപഹരിക്കപ്പെടുന്ന എത്രയോ മനുഷ്യരുണ്ട്. രാപ്പകൽ മുഴുവനും അദ്ധ്വനിച്ചിട്ടും സത്യസന്തമായ നിവേദനം ലഭിക്കാതെ കഷ്ടപ്പെടുന്ന കർഷകരും, ജാതിയുടെയും, വർഗ്ഗത്തിന്‍റെയും മതത്തിനെയും പേരിൽ വർഗ്ഗീയത വിതച്ച് സമാധാനത്തിന്‍റെയും ശാന്തിയുടെയും അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന രാഷ്ട്രീയ നേതാക്കന്മാരും എന്ന് തുടങ്ങി ദൈവത്തിന്‍റെ പേരിൽ ദൈവീക മൂല്യങ്ങളെ മുറുകെ പിടിക്കുന്നു എന്ന് പഠിപ്പിക്കുകയും എന്നാൽ വ്യക്തിസത്തയുടെ താഴ്വാരങ്ങളിൽ നിന്നും ധ്യാനാത്മകതയുടെ മലമുകളിലേക്ക് പ്രവേശിക്കാതെ തങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കുന്നവരും ഇന്ന് സമൂഹത്തിൽ അനീതിയുടെ മുഖങ്ങളെയാണ് പ്രതിഫലിപ്പിച്ചു കൊണ്ടിരിക്കുന്നത്.

വിശ്വാസം, വിശുദ്ധി, സ്നേഹം, പുണ്യം എന്നിവയെ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിച്ച് കൊണ്ട് ശക്തരും സമ്പന്നരും അധികാരമുള്ളവരും ഒക്കെയാണ് ഈ ലോകത്തിൽ ജീവിക്കാനുള്ള അർഹത ലഭിച്ചിരിക്കുന്നു എന്ന ധാരണയിൽ ശിശുക്കൾ മുതൽ വൃദ്ധർവരെ ഓരോരുത്തരുടെയും അവകാശങ്ങളെ അനീതിയുടെ പേരിൽ അക്രമത്തിന്‍റെ പേരിൽ അഴിമതിയുടെ പേരിൽ നിർബന്ധിച്ച് കവർന്നെടുക്കുന്ന മനുഷ്യരെ നോക്കിയാണ് ക്രിസ്തു പറയുന്നത് നീതിക്കുവേണ്ടി വിശപ്പനുഭവിക്കുക നീതിക്കുവേണ്ടി ദാഹിക്കുക. മറ്റുള്ളവരുടെ ജീവിതത്തിന് യാതൊരു വിലയും നൽകാതെ സ്വന്തം ജീവിതത്തിന്‍റെ മതിലുകളു‌ടെ വികസനത്തെ മാത്രം ലക്ഷ്യം വച്ച് കൊണ്ടിരിക്കുന്ന ചില മനുഷ്യരെ നോക്കി പറയുന്നത് ജീവിതത്തിലൊരിക്കലും അവർ സംതൃപ്തി  അനുഭവിക്കുന്നില്ല എന്നാണ്. നാളെയെക്കുറിച്ച് ആകുലപ്പെടേണ്ടാ എന്ന് പറയുന്ന ക്രിസ്തുവിന്‍റെ മൊഴികളെ മനപൂർവ്വം തിരസ്കരിച്ച് എല്ലാം നേടുവാനുള്ള മനുഷ്യന്‍റെ ആർത്തിയാണ് അഴിമതിക്കും അനീതിക്കും കാരണമാകുന്നത് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ക്രിസ്തുവിന്‍റെ മൂല്യങ്ങളുടെ സത്ത ഉൾക്കൊണ്ട് നമ്മെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യർക്ക് വേണ്ടിയും ദുർബ്ബലരായി കരുതപ്പെടുന്നവർക്ക് വേണ്ടിയും സമൂഹം തഴയപ്പെട്ട മനുഷ്യർക്കു വേണ്ടിയും ജീവിക്കുവാനുള്ള ഉൾക്കാഴ്ചയാണ്  ഈ പ്രബോധനത്തിലൂടെ പാപ്പാ നമുക്ക് കാണിച്ചുതരുന്നത്. ഈ ഭാഗത്തിൽ പാപ്പാ അഴിമതിയെക്കുറിച്ചും സംസാരിക്കുന്നുണ്ട് ഉപവിയുടെ പേരിൽ സ്ഥാപനങ്ങൾ നിർമ്മിക്കുകയും എന്നാൽ അതിന്‍റെ മറവിൽ അനീതിയെ ജനിപ്പിക്കുകയും ചെയ്യുന്ന എത്രയെത്ര സംഭവങ്ങളാണ് നമ്മുടെ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ അവകാശങ്ങളെ മനപൂർവ്വം നിഷേധിച്ചും അപഹരിച്ചും അധിക്ഷേപിച്ചും കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്‍റെ ഇരുണ്ട മുഖങ്ങളാണ് അനീതിയും, അഴിമതിയും.

ദുർബ്ബലർക്കു ലഭിക്കേണ്ട നീതി

79. "വ്യക്തികൾ സ്വന്തം തീരുമാനങ്ങളിൽ തന്നെ നീതി പുലർത്തുമ്പോഴാണ് മനുഷ്യ ജീവിതത്തിൽ യഥാർത്ഥ നീതി നിറവേറുന്നത്. ദരിദ്രര്‍ക്കും ദുർബ്ബലർക്കും വേണ്ടിയുള്ള നീതിക്കായുള്ള അവരുടെ പ്രവര്‍ത്തനങ്ങളാലാണ് ഇത് പ്രകടമാകുന്നത്. ജീവിതത്തിന്‍റെ എല്ലാ മാനങ്ങളിലും ദൈവഹിതത്തോടുള്ള വിശ്വസ്ഥതയുടെ പര്യായമായ 'നീതി' എന്ന പദം എന്നത് സത്യമാണെങ്കിലും ആ വാക്കിനു വളരെ വിപുലമായ അർഥം നാം നൽകിയാൽ, സമൂഹത്തിലെ ഏറ്റവും ദുർബ്ബലർക്കു ലഭിക്കുന്ന നീതിയിലാണ് അത് പ്രകടമാകുന്നത് എന്ന് നാം മറന്നു പോകാനിടയിടുണ്ട്. "നീതി അന്വേഷിക്കുവിൻ. മർദ്ദനം അവസാനിപ്പിക്കുവിൻ. വിധവകൾക്കുവേണ്ടി വാദിക്കുവിൻ."(ഏശ.1:17)

നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക: അതാണ് വിശുദ്ധി.

സ്വന്തം തീരുമാനങ്ങളോടും നിലപാടുകളോടും ജീവിതത്തിൽ നീതി പുലർത്താതെ വരുമ്പോഴാണ് മറ്റുള്ളവരുടെ ജീവിതത്തെ നാം അപകരിക്കുന്നതെന്ന് പാപ്പാ ഇവിടെ പറയുന്നു. നമ്മോടു തന്നെ വിശ്വസ്ഥരായിരുന്നാൽ മാത്രമേ മറ്റുള്ളവരെ നമുക്ക് സംശയമില്ലാതെ രക്ഷിക്കുവാന്‍ കഴിയുകയുള്ളു. അധികാരം ദുർവിനിയോഗിക്കുകയും ‍ മറ്റൊരാളുടെ മനസ്സിനെ മുറിപ്പെടുത്തുകയും ചെയ്യുന്നവരെ നോക്കിക്കൊണ്ട് വിശ്വസ്ഥതയുടെ പര്യായമാണ് നീതി എന്ന് പാപ്പാ ഇവിടെ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ അതിന്‍റെ അർത്ഥം ഒരുവൻ സ്വയം വിശ്വസ്ഥനായിരിക്കുക, മറ്റുള്ളവരോടും സമൂഹത്തോടും വിശ്വസ്ഥനായിരിക്കുക എന്നാണ്. സമൂഹജീവിതത്തിലാകട്ടെ വ്യക്തിപരമായ ജീവിതത്തിലാകട്ടെ സന്യാസ ജീവിതത്തിലോ കുടുംബജീവിതത്തിലായിരിക്കട്ടെ ഏതൊരു ജീവിതശൈലിയെയും നമുക്ക് പരിശോധിക്കുമ്പോൾ മനസ്സിലാകും നമുക്ക് ചുറ്റുമുള്ള മനുഷ്യരെ നമുക്ക് വിശ്വസ്ഥതയുള്ളവരായി വിശുദ്ധിയുള്ളവരായി പരിഗണിക്കുവാൻ കഴിയാതെ പോകുന്നത് നമുക്ക് നമ്മോടു തന്നെ വിശ്വസ്ഥത പാലിക്കാൻ കഴിയാത്തതു കൊണ്ടാണ്.നീതി അന്വേഷിക്കുവാനും മറ്റുള്ളവരോടുള്ള കലഹം അവസാനിപ്പിക്കുവാനും സമൂഹത്തിൽ ദുർബ്ബലരായി ഒറ്റപ്പെട്ട് കഴിയുന്ന വിധവകൾക്ക് വേണ്ടി വാദിക്കുവാൻ പറയുന്ന ഏശയ്യാ പ്രവാചകന്‍റെ  ആഹ്വാനത്തെ ഓർമ്മിപ്പിക്കുമ്പോൾ പാപ്പാ പറയുന്നത് നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക:അതാണ് വിശുദ്ധി. നീതിയുടെ ശബ്ദമായി മാറാനുള്ള വിളിയെ തിരിച്ചറിഞ്ഞ് ജീവിക്കാൻ പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2019, 12:03