Cerca

Vatican News
ബ്രസീലിലെ ഡാം ദുരന്തത്തില്‍  ഇരയായവരെയോര്‍ത്ത് വിലപിക്കുന്നവര്‍ ബ്രസീലിലെ ഡാം ദുരന്തത്തില്‍ ഇരയായവരെയോര്‍ത്ത് വിലപിക്കുന്നവര്‍  (ANSA)

വിശുദ്ധിയിലേക്കുളള വിളി: വിലപിക്കുന്നവർ ഭാഗ്യവാന്മാർ

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 75-76 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

വിലപിക്കുന്നവർ ഭാഗ്യവാന്മാർ;അവർ ആശ്വസിപ്പിക്കപ്പെടും

75.“ലോകം നേരെ മറിച്ചാണ് നമ്മോടു പറയുന്നത്. വിനോദങ്ങളും, സുഖങ്ങളും, നേരമ്പോക്കുകളും, വഴുതിപോകലുകളും എല്ലാമാണ് ജീവിതത്തെ മനോഹരമാക്കുന്നത്. ഐഹീക മനുഷ്യൻ കുടുംബത്തിലോ തനിക്കു ചുറ്റുമുള്ളവരിലോ ദർശിക്കുന്ന കഠിനമായ രോഗങ്ങളും സങ്കടങ്ങളും അവഗണിക്കുന്നു. അവൻ അവിടേക്ക് നോക്കുന്നില്ല. ലോകത്തിന് വിലപിക്കുവാൻ താൽപര്യമില്ല. വേദനയുണ്ടാക്കുന്ന സാഹചര്യങ്ങൾ ലോകം ഒഴിവാക്കുന്നു. അവയെ ഒളിച്ചുവയ്ക്കുകയോ ഗൂഢമായി സൂക്ഷിക്കുകയോ ചെയ്യുന്നു. യാഥാർത്ഥ്യത്തെ മൂടിവയ്ക്കാൻ സാധിക്കും എന്ന് കരുതി സഹനത്തിന്‍റെ സാഹചര്യങ്ങളിൽ നിന്നും ഓടി ഒളിക്കുന്നതിനായി ഏറെ ഊർജ്ജം ചെലവഴിക്കുന്നു. എന്നിരുന്നാലും കുരിശില്ലാത്ത അവസ്ഥ ഒരിക്കലും ഇല്ല.”

ലോകം വേദനകളെ അവഗണിക്കുവാൻ ശ്രമിക്കുന്നു. വേദനയുണ്ടാക്കുന്ന ഒന്നിനെയും കൂടെച്ചേർക്കാൻ ആഗ്രഹിക്കുന്നില്ല. ലോകത്തിന്‍റെ കാഴ്ചപ്പാടും, വേദനയോടുള്ള സമീപനവും മറ്റുള്ളവരുടെയും ചുറ്റുമുള്ളരുടെയും വേദനകളെ അതേ തീവ്രതയിൽ തിരിച്ചറിയുവാനും മനസ്സിലാക്കുവാനും കഴിയാതെ പോകുവാനിടയാക്കുന്നു. ദൈവത്തിന്‍റെ ആശ്വാസം ലഭിക്കുന്നതിന് ചില മനുഷ്യർ വിലാപങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ഉല്‍പ്പത്തി മുതൽ നമുക്ക് കാണുവാൻ കഴിയും. കുഞ്ഞിനെയോർത്ത് വിലപിക്കുന്ന അബ്രഹാമിന് ദൈവം നൽകിയ ആശ്വാസമായിരുന്നു ഇസഹാക്ക്. ഹന്നായുടെ വിലാപത്തിന്‍റെ ഉത്തരമായിരുന്നു സാമുവൽ പ്രവാചകൻ. ദൈവം തിരഞ്ഞെടുത്ത ജനത്തിന്‍റെ വിലാപങ്ങൾക്കെല്ലാം ആശ്വാസമായി ദൈവം നൽകിയ ന്യായാധിപന്മാരും,രാജാക്കന്മാരും,പ്രവാചകരും ദൈവത്തെപ്രതി ദൈവരാജ്യത്തെപ്രതി സ്വയം വിലപിക്കുകയും ദൈവജനത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ദൈവരാജ്യത്തെ പ്രതി ആത്മാവിൽ വിലപിക്കുന്നവരെക്കുറിച്ചാണ് അഷ്ടസൗഭാഗ്യങ്ങൾ നമ്മോടു സംസാരിക്കുന്നത്. അവർ ആശ്വസിപ്പിക്കപ്പെടും എന്ന് ക്രിസ്തു വാഗ്ദാനം നൽകുകയും ചെയ്യുന്നു.

വിലപിക്കുന്നവരോടൊപ്പം ചേർന്ന് വിലപിക്കുന്നതാണ് വിശുദ്ധി

ദൈവരാജ്യം എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന സ്നേഹത്തിന്‍റെ രാജ്യമാണ്. ആ രാജ്യത്തിൽ പാവപ്പെട്ടവനും-പണക്കാരനും,അധികാരിയും-സേവകനും,യജമാനനും-അടിമയും എന്നിങ്ങനെ ലോകം തീർക്കുന്ന ഭിന്നതകളുടെ മതിൽക്കെട്ടുകളും, നിയമങ്ങളൊന്നുമില്ല.അവിടെ എല്ലാവരും ദൈവജനമാണ്. അവിടെയുള്ള ഏകനിയമം സ്നേഹം മാത്രമാണ്. അങ്ങനെയെങ്കിൽ ഈ ഭൂമിയിലെ രാജ്യത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെടുന്ന നിലവിളികൾക്ക് എപ്പോഴാണ് ആശ്വാസം ലഭിക്കുന്നത്? എങ്ങനെയുള്ള നിലവിളിക്കാണ് ദൈവത്തിന്‍റെ ആശ്വാസം ലഭിക്കുന്നത്? എന്ന് നാം വിചിന്തനം ചെയ്യണം. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി വിലപിക്കുന്നവരും മറ്റുള്ളവർക്കായി വിലപിക്കുന്നവരും ഇന്ന് നമ്മുടെ സമൂഹത്തിലുണ്ടാകും. മറ്റുള്ളവർക്ക് വേണ്ടി വിലപിക്കുന്നവരെ കുറിച്ച് വിശുദ്ധഗ്രന്ഥത്തിലും ലോകചരിത്രത്തിലും നമുക്ക് കാണുവാൻ കഴിയും. പാവപ്പെട്ടവരോടും, സമൂഹം മാറ്റിനിർത്തിയവരോടും, ദുർബ്ബലരെന്ന് കരുതി ഒറ്റപ്പെടലിന്‍റെയും,അനാഥതത്വത്തിന്‍റെയും നൊമ്പരം അനുഭവിക്കുന്നവരോടു കരുണ കാണിക്കുകയും അവർക്കായി ശബ്ദമുയർത്തുകയും ചെയ്യുന്ന നവയുഗ പ്രവാചകനാണെന്ന് വിശേഷിപ്പിക്കാവുന്ന പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പാ ഈ പ്രബോധനത്തിൽ പറയുന്നത് വിശുദ്ധി എന്നത് വിലപിക്കുന്നവരോടൊപ്പം ചേർന്ന് വിലപിക്കുന്നതാണെന്നാണ്.

കരയുന്നവരുടെ കൂടെ കരയുവിൻ

76.“യാഥാർത്ഥ്യങ്ങളെ അവ ആയിരിക്കുന്ന വിധത്തിൽ കാണുകയും വേദനിക്കുന്നവരോടും സങ്കടപ്പെടുന്നവരോടും സഹാനുഭൂതി പുലർത്തുകയും ചെയ്യുന്നവന് ജീവിതത്തിന്‍റെ ആഴങ്ങളെ സ്പർശിക്കാനും യഥാർത്ഥ സന്തുഷ്ടി കണ്ടെത്തുവാനും സാധിക്കും. അവനോ, അവളോ സാന്ത്വനിപ്പിക്കപ്പെടുന്നത് ലോകത്താലല്ലാ. യേശുവിനാലാണ്. അത്തരം വ്യക്തികൾക്ക് മറ്റുള്ളവരുടെ സഹനത്തിൽ പങ്കാളികളാകാൻ ഭയമില്ല. വേദനാനിർഭരമായ സാഹചര്യങ്ങളിൽ നിന്നും അവർ ഒളിച്ചോടുകയും ഇല്ല. സഹനം അനുഭവിക്കുന്നവരുടെ സഹായത്തിന് എത്തിച്ചേർന്നും അവരുടെ യാതന മനസ്സിലാക്കി സഹായം നൽകികൊണ്ടും അവർ ജീവിതത്തിന് അർത്ഥം കണ്ടെത്തുന്നു. ഇതരന്‍ തന്‍റെ മാംസത്തിന്‍റെ മാംസമാണെന്ന് അവർ തിരിച്ചറിയുന്നു. അതുകൊണ്ട് അവരുടെ മുറിവുകൾ സ്പർശിക്കുവാൻ തക്കവിധം അവരെ സമീപിക്കുവാൻ അവർ ഭയപ്പെടുന്നില്ല. അവരുടെ അനുകമ്പ വളർന്ന് എല്ലാ അകലവും അപ്രത്യക്ഷമാകുന്നു. “കരയുന്നവരുടെകൂടെ കരയുവിൻ.” (റോമ.12:15) എന്ന് വിശുദ്ധ പൗലോസിന്‍റെ ഉദ്ബോധനത്തെ അവർക്ക് ഈ വിധത്തിൽ ആശ്ലേഷിക്കാൻ സാധിക്കുന്നു. മറ്റുള്ളവരോടൊത്ത് വിലപിക്കുന്നതെങ്ങനെയാണെന്നറിയുക: അതാണ് വിശുദ്ധി”.

മറ്റുള്ളവരോടൊത്ത് വിലപിക്കുന്നതെങ്ങനെയാണെന്നറിയുന്നതാണ് വിശുദ്ധി  

വിലാപം എപ്പോഴും നഷ്ടബോധത്തിന്‍റെ പരിണതഫലമാണ്. നമ്മുടെ ഇല്ലായ്മകളെയും, പോരായ്മകളെയും കുറിച്ചുള്ള ചിന്തകളാകാം അതിന് കാരണം. യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുക എന്ന് പറയുന്നത് സത്യത്തിന്‍റെ ഭാഗമാണ്. രാവും പകലും പോലെ ജീവിതം സുഖദുഃഖ സമ്മിശ്രമാണ്. രാവില്ലെങ്കിൽ പകലിനോ പകലില്ലെങ്കിൽ രാവിനോ അർത്ഥമില്ലാത്തത് പോലെ സുഖങ്ങളെ തിരിച്ചറിയാൻ ദുഃഖങ്ങളും ആവശ്യമാണ്. നന്മയെ തിരിച്ചറിയാൻ തിന്മയെ കുറിച്ചുള്ള അറിവും ആവശ്യമാണ്. ഇല്ലായ്മകളും, കുറവുകളും, ദാരിദ്ര്യവും ദൈവത്തിന്‍റെ ശാപമായി കരുതിയിരുന്ന പഴയനിയമ കാലഘട്ടത്തിൽ നിന്നും ദാരിദ്ര്യവും വിലാപവും ദൈവത്തിന്‍റെ അനുഗ്രഹം വരുന്ന വഴികളാണെന്ന തിരിച്ചറിവിലേക്കാണ് ക്രിസ്തുനാഥൻ നമ്മെ നയിക്കുന്നത്. സഹനങ്ങൾ അനുഗ്രഹത്തിന്‍റെ ഉയിര്‍പ്പിലേക്കുള്ള ഒരു കടന്നു പോകലെന്നാണെന്ന് യേശുനാഥന്‍ തന്‍റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുത്തന്നു. സ്വന്തം ശരീരത്തിൽ സഹനം അനുഭവിച്ചവന് മാത്രമേ സഹിക്കുന്ന സഹജീവികളെ തിരിച്ചറിയാൻ കണ്ണുകൾക്ക് തെളിച്ചം ഉണ്ടാകുകയുള്ളു. അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവുമായി ഈശ്വരൻ സൃഷ്ടിച്ച മനുഷ്യഗണത്തിൽ ആരും അന്യരല്ല എന്ന ബോധ്യമാണ് നമുക്ക് വേണ്ടത്. ഒരു കൈയിലെ അഞ്ച് വിരലുകളുടെ വലിപ്പച്ചെറുപ്പങ്ങൾ കൈയുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുന്നത് പോലെ മനുഷ്യകുലത്തിൽ വലിയവനും ചെറിയവനും ഉള്ളവനും ഇല്ലാത്തവനും ഒരു ശരീരം പോലെ ഏകോപിപ്പിച്ച് പ്രവർത്തിക്കുമ്പോഴാണ് ദൈവം ആദിയില്‍ ഉദ്ദേശിച്ച പറുദീസാ തീർക്കാനാവുകയുള്ളു. വിശുദ്ധ പൗലോസ് പറയുന്നത് പോലെ ഒരേ ശരീരത്തിന്‍റെ അവയവങ്ങളാണ് നാം. മനുഷ്യകുലത്തിൽ എവിടെയെങ്കിലും ഒരാൾ സഹിക്കുന്നുണ്ടെങ്കിൽ അത് എന്‍റെ ശരീരത്തിലെ ഒരു അവയവമാണ് വേദനിക്കുന്നുവെന്ന് കരുതി ആ വേദനകളെ ഉൾക്കൊള്ളാൻ കഴിയണമെന്നാണ്  തന്‍റെ പ്രബോധനത്തിലൂടെ പാപ്പാ നമ്മെ ഓർമിപ്പിക്കുന്നത്. ഈ പരസ്പര പങ്കുവയ്ക്കലാണ് ദൈവത്തിന്‍റെ സമാശ്വാസം സാർവത്രികമാക്കപ്പെടുന്നത്.

സ്വർഗ്ഗം വിലയ്ക്കുവാങ്ങുന്ന സ്വർണ്ണനാണയമാണ് സഹനം. ജീവിത യാഥാർത്ഥ്യങ്ങളിൽ നമ്മുടെ മുന്നിലേക്ക് വരുന്ന സഹനങ്ങളിൽ നിന്നും ഒളിച്ചോടാനല്ലാ മറിച്ച് ബോധപൂർവ്വം സ്വീകരിച്ച് വിശുദ്ധിക്കുള്ള മാർഗ്ഗമാക്കാനാണ് നാം പരിശ്രമിക്കേണ്ടത്. നമ്മുടെ സഹനങ്ങളിൽ നമ്മുടെ ആശ്വാസത്തിനായി അനേകര്‍ എത്തുന്നതുപോലെ സഹിക്കുന്ന സഹജീവികൾക്ക് ആശ്വാസം പകരുന്നത് ഒരു പുണ്യമാക്കാൻ നമുക്ക് കഴിയണം.വിലാപങ്ങൾക്ക് വിരാമമിടാൻ ആശ്വാസദായകരാന്‍ പരിശ്രമിക്കുമ്പോൾ ദൈവത്തിന്‍റെ ആശ്വാസകരങ്ങളായി നാം രൂപാന്തരപ്പെടുന്നു. അപരരുടെ ഉണങ്ങാത്ത മുറിവുകളും ഉണങ്ങിയ മുറിപ്പാടുകളും നമ്മുടെ ഹൃദയത്തിന്‍റെ ഭാഗമാകുമ്പോൾ അകലങ്ങൾക്ക് അർത്ഥം ഇല്ലാതെയാകും. അപരര്‍ നമ്മുടെ ഹൃദയത്തിന്‍റെ അകത്തളം അലങ്കരിക്കുകയും ചെയ്യും. വിലപിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ മറ്റുള്ളവരുടെ വിലാപങ്ങൾക്ക് കാരണമാകാതിരിക്കാനും പരിശ്രമിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ദുർബ്ബലരായവരുടെ നിലവിളിക്ക് നാം കാരണമാകരുത്. കാരണം വചനം പറയുന്നത് എളിയവൻ നിലവിളിക്കുമ്പോൾ കർത്താവ് ശ്രമിക്കുമെന്നാണ്.

ഈ ലോകത്തിൽ നിന്ന് ഉയരുന്ന നിഷ്കളങ്കമായ നിലവിളികളെകുറിച്ച് ചിന്തിക്കുമ്പോൾ അമ്മയുടെ ഉദരം മുതൽ അന്ത്യവിശ്രമം ചെയ്യുന്ന ആറടിമണ്ണ് വരെ ഭൂമിയിൽ എളിയവരുടെ വിലാപഗീതങ്ങൾ ആലപിക്കപ്പെടുന്നുണ്ടെന്ന് നമുക്കറിയാം. ജീവനുവേണ്ടി കരയുന്ന ഗർഭസ്ഥശിശുവിനെയും ജീവിതത്തിനു വേണ്ടി കരയുന്ന വൃദ്ധരുടെയും വിലാപങ്ങൾ ദൈവത്തിന്‍റെ മുന്നിൽ ഒരേപോലെ പരിഗണിക്കപ്പെടുമ്പോൾ അറിയാതെപോലും ആരുടെയും നോവുകൾക്ക് നാം കാരണമായിത്തീരരുതെന്ന് നാം ഓർക്കണം. അങ്ങനെ വിലപിക്കുന്നവരെ ആശ്വസിപ്പിക്കുവാനും നമ്മുടെ വിലാപങ്ങൾ ദൈവത്തിന്‍റെ ആശ്വാസം വരുന്ന വഴികളായി സ്വീകരിക്കുവാനും നമുക്ക് പരിശ്രമിക്കാം.

11 July 2019, 15:25