തിരയുക

Vatican News
പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ സന്ദേശം നല്‍കുന്നു പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ സന്ദേശം നല്‍കുന്നു  (Vatican Media )

വിശുദ്ധിയില്‍ വളരാന്‍ ദൈവരാജ്യവുമായുളള ബന്ധത്തെ ബലപ്പെടുത്താം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ഒന്നാം അദ്ധ്യായത്തിലെ ഇരുപത്ത‍ഞ്ചു മുതല്‍ ഇരുപത്തി എട്ടു വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം

സി.റൂബിനി സി.റ്റി.സി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായo

വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചാണ്. വിശുദ്ധിയുടെ പല ഉദാഹരണങ്ങളും നിരത്തി വിശുദ്ധിയിലേക്കുള്ള മാർഗ്ഗങ്ങൾ കാണിച്ചുതരുന്ന പാപ്പാ നാം ഓരോരുത്തരും അവരവരുടെ വിശുദ്ധിയുടെ തനിമയാർന്ന പാത കണ്ടെത്താൻ പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഈ അദ്ധ്യായത്തിന്‍റെ ആദ്യ ഭാഗത്തില്‍ത്തന്നെ വിശുദ്ധരായ വ്യക്തികളെ ഉദാഹരണമായി നല്‍കുകയും വിശുദ്ധിയിലേക്കുള്ള നമ്മുടെ പ്രയാണത്തില്‍ അവരുടെ സാന്നിദ്ധ്യം നമുക്കു പ്രചോദനാത്മകമാണെന്ന്  ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

ദൈവരാജ്യത്തിനായി അദ്ധ്വാനിക്കുക

25. “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഈ അപ്പോസ്തലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ ആവർത്തിക്കുന്ന വാക്കാണ് സാർവത്രീകം.വിശുദ്ധിയും,നന്മയും,നീതിയും സാർവത്രീകമാണെന്നു പറയുന്ന പാപ്പാ ക്രിസ്തുവുമായുള്ള നമ്മുടെ താതാത്മ്യപ്പെടലിനെയും വ്യാഖ്യാനിക്കുന്നു. ക്രിസ്തുവിനോട് ചേർന്ന് പണിതുയർത്തപ്പെടുന്ന രാജ്യം സ്നേഹത്തിന്‍റെയും,നീതിയുടെയും സാർവത്രീക സമാധാനത്തിന്‍റെയും രാജ്യമാണെന്നു വിശദീകരിക്കുന്നു."നിങ്ങൾ,ആദ്യം അവിടുത്തെ രാജ്യവും,നീതിയും അന്വേഷിക്കുക"(മത്തായി.6:33) എന്ന സുവിശേഷത്തെ ഓർമ്മപ്പെടുത്തികൊണ്ടു ദൈവാരാജ്യവുമായുള്ള നമ്മുടെ ബന്ധത്തെ ബലപ്പെടുത്താൻ നമ്മുടെ ഭാഗത്തു നിന്നും ആവശ്യമായി വരുന്ന യത്നങ്ങളെ ചൂണ്ടിക്കാണിക്കുന്നു.

ദൈവത്തെ മാത്രം ആശ്രയിച്ചു ജീവിക്കാനുള്ള മഹത്വപൂര്‍ണ്ണമായ വിളിയാണ് നമുക്കോരോർത്തർക്കും നല്കപ്പെട്ടിരിക്കുന്നത്. നമ്മെ പരിപാലിക്കുന്ന, സംരക്ഷിക്കുന്ന ദൈവമുള്ളപ്പോൾ നാം നമ്മെ കുറിച്ച് ആകുലപ്പെടേണ്ടതില്ല. വയൽ നിറയെ കതിരുകൾ ഉണ്ടെങ്കിലും തന്‍റെ കൊക്കിലൊതുക്കാൻ പറ്റുന്ന ഒരു കതിരിൽ സന്തോഷവും, സംതൃപ്തിയും കണ്ടെത്തുന്ന പക്ഷിയെ പോലെ നമ്മുടെ മനസ്സിനെയും മനോഭാവങ്ങളെയും നമുക്ക് രൂപപ്പെടുത്താൻ കഴിയുമെങ്കിൽ സ്വർഗ്ഗമെന്ന നമ്മുടെ യഥാർഥ ഭവനത്തെ മാത്രം ലക്ഷ്യം വെച്ച് നമുക്ക് മുന്നേറാൻ കഴിയും.    

ഓരോ പ്രവർത്തിയുടെയും പിന്നിൽ അദ്ധ്വാനത്തിന്‍റെ വിയർപ്പുണ്ടാകും. ഈ ലോകത്തിൽ ജീവിക്കാൻ നാം അദ്ധ്വാനിക്കുന്നതു പോലെത്തന്നെ നമ്മുടെ നിത്യ ഭവനമായ സ്വർഗ്ഗത്തിലേക്കു പ്രവേശിക്കാൻ സ്വർഗ്ഗരാജ്യത്തെ പ്രതി നാം അദ്ധ്വാനിക്കണം. നമ്മുടെ ശരീരത്തെയും, ആത്മാവിനെയും, മനസ്സിനെയും പൂർണ്ണമായി സമർപ്പിച്ചില്ലെങ്കിൽ വിശുദ്ധിയിൽ വളരാൻ സാധിക്കുകയില്ലെന്നു പാപ്പാ പറയുന്നു. നമ്മുടെ പൂർണ്ണമായ സമർപ്പണത്തിലൂടെ ഭൂമിയിൽ സ്വർഗ്ഗരാജ്യം സംസ്ഥാപിക്കാൻ നമുക്ക് കഴിയണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

പ്രാര്‍ത്ഥന നിറഞ്ഞ പ്രവര്‍ത്തനം

26. ജീവിതത്തിന്‍റെ അനിവാര്യതകളിലൊന്നാണ് പ്രാർത്ഥന. ദൈവവുമായുള്ള നമ്മുടെ എല്ലാ പ്രവർത്തനങ്ങളും,ഏറ്റ്പറച്ചിലുകളും അവിടുത്തെ സന്നിധിയിലായിരുന്നുകൊണ്ടുള്ള നിശബ്ദത പോലും പ്രാർത്ഥനയായി കരുതപ്പെടുന്നു. ജീവിതത്തിൽ നാം സ്വയമെടുക്കുന്ന നിശ്ശബ്ദതകൾ നമ്മുടെ ജീവിതത്തെ വിലയിരുത്താനും,വിവേചിച്ചറിയാനും നമ്മെ സഹായിക്കുന്നു. പ്രശാന്തതയിൽ തെളിയുന്ന ദൈവമുഖത്തെ നാം കാണണമെങ്കിൽ നമുക്കാവശ്യം നമ്മുടെ ഉള്ളിലെ നിശബ്ദതയാണ്. നമ്മുടെ ഓരോ കർമ്മവും നമ്മെ വിശുദ്ധിയിലേക്ക് നയിക്കുന്നവയാണ്. നാം ചെയ്യുന്ന പ്രവർത്തികളെ നമുക്ക്  പ്രാർത്ഥനയാക്കുവാൻ കഴിയണം. നമ്മുടെ പ്രവർത്തനങ്ങൾക്കിടയിലും ധ്യാനാത്മകരായിരിക്കാൻ  വിളിക്കപ്പെട്ടവരാണ് നാം. അതുകൊണ്ടാണ് പാപ്പാ പ്രാർത്ഥനയുടെ ആവശ്യത്തെ കുറിച്ച് നമ്മോടു സംസാരിക്കുന്നത്. ബലഹീനരായ നാം ഇടറി പോകുന്നവസരത്തിൽ നമ്മെ ബലപ്പെടുത്തുന്നത് പ്രാർത്ഥനയാണ്.  

നമ്മുടെ ദൗത്യത്തെ ഉത്തരവാദിത്വത്തോടും, വിശാലമനസ്സോടും കൂടെ ചെയ്തു കൊണ്ട് വിശുദ്ധിയിൽ വളരണമെന്ന് പാപ്പാ ഉത്‌ബോധിപ്പിക്കുന്നു. നമ്മുടെ കർമ്മങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി  പ്രാർത്ഥനയെ വിസ്മരിക്കരുതെന്നും വിശുദ്ധിയിൽ വളരാൻ പ്രാർത്ഥന നമ്മെ സഹായിക്കുമെന്നും പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാവരും അവരവരുടെ പരിസരങ്ങളിൽ നന്മയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവരും, പരിശ്രമിക്കുന്നവരുമാണ്. ജീവിത പരിസരങ്ങളെ വിശുദ്ധമാക്കാൻ, വിശുദ്ധിയിൽ നിലനിൽക്കാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്.

ജീവിതം ദൗത്യമാണ്

27. ജീവിതത്തിൽ നാം അസ്വസ്ഥതകളിലൂടെ കടന്നു പോകുന്നവരാണ്. പലപ്പോഴും നാമറിയാതെ പ്രലോഭനങ്ങൾ നമ്മുടെ ജീവിതത്തെ വികൃതമാക്കിയേക്കാം. പ്രലോഭനങ്ങളെ തിരിച്ചറിയാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. നമ്മുടെ ദൗത്യത്തെ നിർവ്വഹിക്കാൻ പ്രചോദിപ്പിക്കുന്ന ആത്മാവ് അതിനെ ഉപേക്ഷിക്കാനും, പൂർണ്ണമായി പ്രവർത്തിക്കാതിരിക്കാനും നമ്മോടു ഒരിക്കലും ആവശ്യപ്പെടുകയില്ലെന്ന് പറയുന്ന പാപ്പാ അജപാലന ദൗത്യത്തിലെ നമ്മുടെ പങ്കാളിത്തത്തെയും, സമർപ്പണത്തെയും അസ്വസ്ഥതകളായി കാണരുതെന്നും ഓർമ്മിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിൽ ദൗത്യങ്ങളില്ല എന്നാൽ ജീവിതം തന്നെ ദൗത്യമാണെന്നു പാപ്പാ വ്യക്തമാക്കുകയും ചെയ്യുന്നു. ദൈവത്തെയും മാമ്മോനെയും ഒരേ പോലെ സേവിക്കാൻ സാധിക്കുകയില്ല എന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. ഈ ലോകത്തിൽ ജീവിക്കുന്നതിനു വേണ്ടി നാം അദ്ധ്വാനിക്കുമ്പോൾ നമ്മുടെ ആത്മീയ ജീവിതത്തിൽ വന്നു ചേരുന്ന അപകടങ്ങളെ നാം തിരിച്ചറിയാതെ പോകുന്നു. ഈ തിരിച്ചറിവില്ലായ്മ പലപ്പോഴും നമുക്കു തിരിച്ചടികളാണ് സമ്മാനിക്കുന്നത്. ഓരോ തിരിച്ചടിയും ദൈവത്തെ തിരയാനും കണ്ടെത്താനും, സ്വന്തമാക്കാനുമുള്ള അവസരങ്ങളായി നമുക്ക് കാണുവാൻ കഴിയണമെങ്കിൽ പരിശുദ്ധാത്മാവിന്‍റെ  വരവും സാന്നിധ്യവും നമ്മുടെ ജീവിതത്തിൽ ആവശ്യമാണ്. തന്നോടു ആത്മാവിനെ ചോദിക്കുന്നവർക്കു പിതാവായ ദൈവം നൽകും എന്ന് ക്രിസ്തു നമ്മോടു പറഞ്ഞതിനെ നമുക്ക് മറക്കാതിരിക്കാം.

മനുഷ്യരെ പ്രതീപ്പെടുത്തുന്നതല്ല വിശുദ്ധി

28. മറ്റുള്ളവരെ കാണിക്കാനും അവരെ പ്രീതിപ്പെടുത്താനുള്ള പ്രവണത മനുഷ്യർക്കുണ്ട്. മറ്റുള്ളവരിൽ  നിന്നും ലഭിക്കുന്ന സൽപ്പേരിനും സ്ഥാനമാനങ്ങൾക്കും വേണ്ടി സത്യത്തെയും നീതിയെയും നാം അവഗണിക്കുകയും നമ്മെ ഏല്പിച്ചിരിക്കുന്നവർക്കു നൽകേണ്ട സുരക്ഷിതത്വത്തെ പോലും നാം മറന്നുപോകുകയും ചെയ്യാറുണ്ട്. എന്നാൽ പാപ്പാ പറയുന്നത് ആകുലത, അഹങ്കാരം, മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള പരിശ്രമം ഇവയൊന്നും വിശുദ്ധിയിലേക്ക് നമ്മെ നയിക്കുകയില്ലെന്നാണ്. നാം ചെയ്യുന്ന എല്ലാ പ്രവർത്തികളിലും സുവിശേഷ മൂല്യം ഉണ്ടായിരിക്കണം. എല്ലാറ്റിലും ക്രിസ്തുവിനെ അനുരൂപമാക്കുന്ന വിധത്തിൽ നമ്മുടെ സമർപ്പണത്തെ മാറ്റാൻ നമുക്ക് കഴിയണമെന്ന് പാപ്പാ നിർദ്ദേശിക്കുന്നു. മനുഷ്യർ നൽകുന്ന അംഗീകാരവും, സ്നേഹവും, സ്ഥാനമാനങ്ങളും നിത്യമായി നിലനിൽക്കുന്നില്ലെന്നും, ദൈവത്തെ പ്രസാദിപ്പിച്ചാൽ നമുക്ക് ശാശ്വതമായ ജീവിതം ലഭിക്കുമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. ഓരോ ജീവിതത്തിനും അതിന്‍റെതായ ആദ്ധ്യാത്മികതയുണ്ട്. പ്രേഷിത ജീവിതത്തിന്‍റെ ആദ്ധ്യാത്മികത, താമ്പത്യ ജീവിതത്തിന്‍റെ ആദ്ധ്യാത്മികത, പരിസ്ഥിതിയുടെ ആദ്ധ്യാത്മികത എന്നിവയെ പഠിപ്പിക്കുന്ന തന്‍റെ അപ്പോസ്തോലിക പ്രബോധനങ്ങളെ പാപ്പാ പരാമർശിച്ചുകൊണ്ട് നമ്മുടെ പ്രവർത്തനങ്ങളില്‍ നമുക്കുള്ള ആദ്ധ്യാത്മികതയെ കണ്ടെത്താൻ പ്രചോദിപ്പിക്കുന്നു. നമ്മുടെ ജീവിതം അധികാരത്തിന്‍റെയും, അനീതിയുടെയും, സമ്പത്തിന്‍റെയും സ്വാർത്ഥതയുടെയും,അഹംഭാവത്തിന്‍റെയും,അസൂയയുടെയും പുറകെ ഓടിക്കൊണ്ടിരിക്കുന്നു. ഈ ഓട്ടത്തില്‍ നിന്നും മാറാം. എളിമയും, നന്മയും, ഹൃദയ നൈർമ്മല്ല്യവും നമ്മുടെ ജീവിതത്തിൽ നിന്നും ഒലിച്ചു പോകാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം.

07 March 2019, 12:37