തിരയുക

ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....  

വിശുദ്ധിയിലേക്കുളള വിളി: അനുദിന ജീവിതവും സാര്‍വ്വത്രീക ക്ഷണവും

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ഒന്നാം അദ്ധ്യായത്തിലെ 14-15 ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായo

വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചാണ്. വിശുദ്ധിയുടെ പല ഉദാഹരണങ്ങളും നിരത്തി വിശുദ്ധിയിലേക്കുള്ള മാർഗ്ഗങ്ങൾ കാണിച്ചുതരുന്ന പാപ്പാ നാം ഓരോരുത്തരും അവരവരുടെ വിശുദ്ധിയുടെ തനിമയാർന്ന പാത കണ്ടെത്താൻ പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഈ അദ്ധ്യായത്തിന്‍റെ ആദ്യ ഭാഗത്തില്‍ത്തന്നെ വിശുദ്ധരായ വ്യക്തികളെ ഉദാഹരണമായി നല്‍കുകയും വിശുദ്ധിയിലേക്കുള്ള നമ്മുടെ പ്രയാണത്തില്‍ അവരുടെ സാന്നിദ്ധ്യം നമുക്കു പ്രചോദനാത്മകമാണെന്ന്  ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

നമുക്കും വിശുദ്ധരാകാം

14. ജീവിതയാത്രയിൽ ഓരോ വ്യക്തിയും അവരവരിൽ തന്നെ ജീവിക്കാൻ തീർക്കുന്നത് വലയങ്ങളുണ്ട്. ആ വലയത്തിൽ അവർ സുരക്ഷിതരാണ്. അതിനെ നാം അവരുടെ ലോകം എന്ന് വിളിക്കുന്നു. ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള ലോകത്തിൽ കടന്നു ചെന്ന് അതിനെ വിമർശിക്കാൻ ആർക്കും അധികാരമോ അവകാശമോ ദൈവം നല്കിയിട്ടില്ല. കാരണം ആ ലോകം ഒരു വ്യക്തിയുടെ ആന്തരീകതയാണ്. ദൈവവും വ്യക്തിയും തമ്മിലുള്ള ഏറ്റവും ആഴമേറിയ സ്വകാര്യതകൾ നിറഞ്ഞ ലോകം. ഈ ലോകത്തിൽ ഒരാൾ കടന്നു പോകുന്ന ഓരോ ചലങ്ങളെയും അറിയുന്നവൻ ദൈവം മാത്രമാണ്. ദൈവത്തിന്‍റെ മുന്നില്‍ മാത്രം തുറന്നു വായിക്കപ്പെടുന്ന ഒരു ജീവിതത്തിന്‍റെ ഏറ്റവും ആന്തരീകമായ തലമാണത്. ഇവിടെ ദൈവം വിലയിരുത്തുന്നു ആ വ്യക്തിയുടെ വിശുദ്ധിയേയും അയാളിൽ അടിഞ്ഞു കിടക്കുന്ന അശുദ്ധിയേയും. മനുഷ്യർ നൽകുന്ന നിര്‍വ്വചനങ്ങളിൽ ഒതുങ്ങുന്നതല്ല വിശുദ്ധിയും, വിശുദ്ധി നിറഞ്ഞ ജീവിതവും.

ഫ്രാൻസിസ് പാപ്പാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പോസ്തോലിക പ്രബോധനത്തിൽ പഠിപ്പിക്കുന്നത് വിശുദ്ധി സ്വന്തമാക്കാൻ ഒരു മെത്രാനോ, വൈദീകനോ, സമര്‍പ്പിതയോ ആകണം എന്ന ആവശ്യമില്ല. നാം പൊതുവേ ചിന്തിക്കുന്നതിങ്ങനെയാണ്. സാധാരണ ജീവിത ശൈലിയിൽ നിന്നും മാറി പ്രാത്ഥനയ്ക്കായി അധിക സമയം ചിലവഴിക്കുന്നവർക്കു മാത്രം സ്വന്തമായതാണ് വിശുദ്ധിയെന്നത്. എന്നാൽ ഇതുപോലുള്ള ജീവിത ശൈലി സ്വീകരിച്ചവർക്കു മാത്രമുള്ളതല്ല വിശുദ്ധിയെന്ന് പാപ്പാ പഠിപ്പിക്കുന്നു.

നമ്മുടെ ജീവിതത്തെ സ്നേഹത്തിൽ ജീവിപ്പിക്കുന്നതിലും, സാക്ഷ്യത്തിന്‍റെ ജീവിതം നയിക്കുന്നതിലും നാം ചെയ്യുന്ന എല്ലാ പ്രവർത്തികളിലും വിശുദ്ധിയെ കാണുവാൻ കഴിയുമെങ്കിൽ അതാണ് വിശുദ്ധിയെന്നു പാപ്പാ പറയുന്നു. ഓരോ ജീവിതവും ദൈവവിളിയാണ്.

വിളിയില്‍ വേര്‍തിരിവില്ല

പൗരോഹിത്യത്തിലേക്കുള്ള വിളി വിവാഹ ജീവിതത്തിലേക്കുള്ള വിളിയേക്കാള്‍ ശ്രേഷ്ഠമായോ,സമർപ്പണ ജീവിതത്തിലേക്കുള്ള വിളി വിവാഹ ജീവിതത്തിലേക്കുള്ള വിളിയേക്കാള്‍ കുറവായോ കരുതരുത്. ഓരോ വിളിയും ദൈവം നൽകുന്നതാണ്. ദൈവത്തിന്‍റെ വിളി സ്വീകരിച്ചവരാണ് ഈ ലോകത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യരും. അത് കൊണ്ട് ദൈവത്തിന്‍റെ മുന്നിൽ ഓരോ ജീവിതവും അമൂല്യമാണ്. പരിഗണനയും അവഗണനയും നൽകി ആർക്കും ആരുടേയും ജീവിതത്തിന്‍റെ വിശുദ്ധിയുടെ നീളമോ,വീഥിയോ,ആഴമോ,അകലമോ നിർണയിക്കാൻ കഴിയുകയില്ല. വിവിധ ജീവിതത്തിലേക്ക് ദൈവത്തിന്‍റെ  വിളി സ്വീകരിച്ചവരോട് പരിശുദ്ധ പിതാവ് പ്രബോധിപ്പിക്കുന്നതിങ്ങനെയാണ്.

1 നീ സമർപ്പിത ജീവിതത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ സന്തോഷപൂര്‍വ്വം നിന്‍റെ സമർപ്പണത്തെ  ജീവിച്ചുകൊണ്ട് വിശുദ്ധി കൈവരിക്കുക.

2 നീ വിവാഹിതനോ, വിവാഹിതയോ ആണെങ്കിൽ ക്രിസ്തു സഭയെ സ്നേഹിക്കുന്നത്  പോലെ നിന്‍റെ ഭർത്താവിനെയും, ഭാര്യയെയും സ്നേഹിക്കുകയും കരുതുകയും ചെയ്തു കൊണ്ട് വിശുദ്ധിയിൽ ജീവിക്കുക.

3 നീ തൊഴിൽ ചെയ്തു ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ നിന്‍റെ സഹോദരീ സഹോദരങ്ങൾക്കായി സമഗ്രമായി അദ്ധ്വാനിച്ച്, സേവനം ചെയ്ത് വിശുദ്ധിയിലായിരിക്കുക.

4 നീ മാതാവോ,പിതാവോ,മുത്തശ്ശിയോ മുത്തച്ഛനോ ആണെങ്കിൽ നിന്നെ ഭരമേല്പ്പിച്ചിരിക്കുന്ന നിന്‍റെ കുഞ്ഞു മക്കൾക്ക് ക്ഷമാപൂർവ്വം പുണ്യങ്ങളെ കുറിച്ച് പഠിപ്പിക്കുകയും ക്രിസ്തുവിനെ അനുഗമിക്കാനുള്ള  ഉത്തമമായ മാർഗ്ഗങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്തു കൊണ്ട് വിശുദ്ധിയിൽ ജീവിക്കുക.

5 നീ ഒരു അധികാരിയാകാൻ വിളിക്കപ്പെട്ടുവെങ്കിൽ വ്യക്തി നേട്ടങ്ങളെ വിസ്മരിച്ചു പൊതു നന്മയ്ക്കു വേണ്ടി പ്രവർത്തിച്ച് വിശുദ്ധിയിൽ ജീവിക്കുക.

ഓരോരുത്തരുടെയും ജീവിതമാണ് വിശുദ്ധിയുടെ ഉത്തമമായ പാത. നമ്മുടെ പ്രവർത്തനങ്ങളാണ് വിശുദ്ധിയുടെ ഫലങ്ങളായി സമൂഹം സ്വീകരിക്കുന്നത്.

വിശുദ്ധിയുടെ  ജീവിതത്തിന്  സഭയുടെ പങ്ക്

15. നാം കഥ പറയുന്നവരും, കേൾക്കുന്നവരും കഥകൾ സൃഷ്ടിക്കുന്നവരുമാണ്. മറ്റുള്ളവർ പറഞ്ഞുണ്ടാക്കുന്ന കഥകളിൽ ജീവിക്കുന്നതാണ് എന്‍റെ ദൈവ വിളിയെന്നു കരുതി ജീവിക്കുന്നവരും നാം പറയുന്ന കഥകളിൽ മറ്റുള്ളവരുടെ ജീവിത വിളിയെ തീരുമാനിക്കുന്നവരായി നാം ചിലപ്പോൾ മാറാറുണ്ട്. നമുക്ക് ദൈവം തന്നിരിക്കുന്ന യഥാർത്ഥ വിളിയിൽ നിന്നും മറ്റുള്ളവരുടെ ഭാവനാത്മകമായ കഥകളിൽ നമ്മുടെ ദൈവ വിളിയെ ജീവിക്കുവാൻ ശ്രമിക്കുമ്പോഴാണ് നമ്മുടെ വിശുദ്ധിയുടെ യഥാർത്ഥ മുഖം നമ്മിൽ നിന്നും നഷ്ടമാകുന്നത്.

വിശുദ്ധിയിൽ ജീവിക്കാൻ തിരുസഭ നമ്മെ സഹായിക്കുന്നു. കൂദാശകളിലൂടെ  വിശുദ്ധ ജീവിതം നയിക്കാൻ നമുക്ക് കഴിയും എന്ന് ഉത്ബോധിപ്പിക്കുന്ന പാപ്പാ മാമ്മോദീസാ എന്ന കൂദാശ വഴി നമുക്ക് ലഭിക്കുന്ന വരപ്രസാദത്തിലൂടെ വിശുദ്ധിയുടെ ഫലങ്ങൾ പുറപ്പെടുപ്പിക്കാൻ കഴിയുമെന്ന് ഓർമ്മിപ്പിക്കുന്നു.

പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളായ സ്നേഹം, ആനന്ദം, ക്ഷമ, ദയ, നന്മ, വിശ്വസ്ത്ഥത, സൗമ്യത, ആത്മസംയമനം എന്നിവയിലൂടെ നമുക്ക് നമ്മുടെ ജീവിത വിശുദ്ധിയുടെ കഥകൾ ഈ ലോകത്തിനു പകർന്നു കൊടുക്കുവാൻ കഴിയും. ജീവിതത്തിന്‍റെ ചില ബലഹീന നിമിഷങ്ങളിൽ പ്രലോഭനങ്ങളിൽ ഉൾപെടുമ്പോൾ ക്രൂശിതനായ ക്രിസ്തുവി ന്‍റെ മുന്നിൽ ചെന്ന് ദൈവമേ ഞാന്‍ പാപിയാണ് എന്നിൽ അത്ഭുതം പ്രവർത്തിച്ചു എന്നെ നന്നാക്കാൻ നിനക്ക് കഴിയുമെന്ന് ഏറ്റുപറയുമ്പോൾ  ദൈവം നമ്മെ വിശുദ്ധീകരിക്കുമെന്നു പാപ്പാ നമ്മെ പഠിപ്പിക്കുന്നു.

സഭ വിശുദ്ധമാണെങ്കിലും സഭയിൽ പാപികളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന പാപ്പാ വിശുദ്ധിയിൽ വളരാൻ എല്ലാ സാധ്യതകളും,സാഹചര്യങ്ങളും തിരുസഭ മാതാവ് സഭാമക്കൾക്കു നൽകുന്നു എന്ന് പഠിപ്പിക്കുന്നു. ദൈവം സഭയ്ക്ക് നൽകിയ ദാനങ്ങളായ വിശുദ്ധഗ്രന്ഥവും,കൂദാശകളും,പുണ്യ സ്ഥലങ്ങളും, ജീവിക്കുന്ന സമൂഹങ്ങളും, വിശുദ്ധരുടെ ജീവിത സാക്ഷ്യങ്ങളും നമ്മെ വിശുദ്ധിയിൽ വളരാൻ പ്രചോദിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നവയാണ്.

വിശുദ്ധിയിലേക്കുൾക്കുള്ള വിളി സാർവ്വത്രീകമാണെന്നു “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന തന്‍റെ ചാക്രീക ലേഖനത്തിലൂടനീളം ആവർത്തിക്കുന്ന ഫ്രാൻസിസ്   പാപ്പായുടെ ചിന്തകൾ നമ്മെ വിചിന്തിനത്തിലേക്കു നയിക്കുന്നു. നാം ജീവിക്കുന്ന സമൂഹത്തിൽ നിന്നാണ് നമുക്ക് വിശുദ്ധി കൈവരിക്കാൻ കഴിയുന്നത്.

അനന്യതയില്‍ തെളിയുന്ന വിശുദ്ധി

ഒരുപാട് തെറ്റുധാരണകളുടെ  ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്ന് തോന്നുന്നു. നമ്മുടെ ജീവിതവും, മനോഭാവവും, പ്രവർത്തിയും, നേരെ പറയുന്ന സംഭാഷണം പോലും തെറ്റുദ്ധരിക്കപ്പെട്ടേക്കാം. അതിന്‍റെ ഫലമായി നമ്മുടെ യഥാർത്ഥ മുഖങ്ങൾ പൊയ് മുഖങ്ങളായും, നമ്മുടെ അസത്യങ്ങൾ സത്യങ്ങളായും വ്യാഖാനിക്കപ്പെടുമ്പോൾ വിശുദ്ധിയിലേക്കുള്ള നമ്മുടെ യാത്രയിൽ കടന്നു വരുന്ന അപകടങ്ങളെ തിരിച്ചറിയണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ നമുക്ക് നൽകിയ ദൗത്യത്തെ മറ്റുള്ളവരുടെ ദൗത്യവുമായി താതാത്മ്യപ്പെടുത്തുന്നത് ഉചിതമല്ല. കാരണം നമ്മുടെ ജീവിത വിശുദ്ധി മറ്റുള്ളവരുടെ ജീവിതശൈലിയുടെയും, നിലപാടുകളുടെയും അടിസ്ഥാനത്തിൽ പണിതുയർത്തപ്പെടേണ്ടതല്ല. ഓരോരുത്തർക്കും നല്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ പുലർത്തുന്ന ആത്മാർപ്പണവും, വിശ്വസ്തതയുമാണ് അവരവരുടെ വിശുദ്ധിയുടെ മാനദണ്ഡം. ദൈവ സന്നിധിയിലാണ് നമ്മുടെ വിശുദ്ധി പ്രകാശിക്കപ്പെടേണ്ടത്. സമൂഹത്തിന്‍റെ മുന്നിൽ വിശുദ്ധി പ്രകടിപ്പിക്കുന്നവരാകാതെ ദൈവത്തിന്‍റെ മുന്നിൽ വിശുദ്ധിയില്‍ ജീവിക്കുന്നവരാകാൻ പരിശ്രമിക്കാം.

 

 

            

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 February 2019, 13:02