തിരയുക

പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത  

ദൈവമാതാവിന്റെ വ്യാകുലപ്രലാപം - ഭാഗം 4

അർണോസ് പാതിരി രചിച്ച 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' എന്ന കൃതിയെ ആധാരമാക്കിയ വിചിന്തനം. പ്രത്യേക നോമ്പുകാലപരിപാടി - നാലാം ഭാഗം.
'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' - 4 - ശബ്ദരേഖ

എഫ്. ആന്‍റണി പുത്തൂര്‍, ചാത്തിയാത്ത്

ലോകപ്രശസ്ത ശില്പിയായ മൈക്കിള്‍ ആഞ്ചലോ 1498 ല്‍ തന്‍റെ 24-ാം വയസ്സില്‍ നിര്‍മ്മിച്ച് ലോകത്തിനു സമര്‍പ്പിച്ച പിയേത്ത അഥവ കരുണ എന്ന ശില്പം അര്‍ണോസ് പാതിരിയില്‍ ചെലുത്തിയ സ്വാധീനമായിരിക്കാം അതിതീവ്ര ദു:ഖത്തിലൂടെ കടന്നു പോകുന്ന 'ഉമ്മാടെ ദു:ഖം' എന്ന വിലാപ 'കാവ്യം' ഏറെ ഹൃദയദ്രവീകരണ ശക്തിയോടെ രചിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് എന്നാണ് മലയാള സാഹിത്യ തറവാട്ടിലെ പല ഉന്നതരും പറഞ്ഞു വച്ചിരിക്കുന്നത്. ഭാഷാ വൃത്തങ്ങളിലൊന്നായ നതോന്നതയില്‍ അതായത് വഞ്ചിപ്പാട്ടു വൃത്തത്തില്‍ രചിക്കപ്പെട്ട ഈ കാവ്യത്തിന്‍റെ 41 മുതല്‍ 53 വരെയുള്ള ഈരടികളിലൂടെയാണ് നാമിന്നു കടന്നു പോകുന്നത്. അതിന്‍റെ ആദ്യ നാല് ഈരടികള്‍ ഇങ്ങനെയാണ്.

                               'തല്ലി, നുള്ളി, യടി, ച്ചുന്തി, ത്തൊഴിച്ചു വീഴിച്ചിഴച്ചു

                               അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര!

ചത്തുപോയ മൃഗം ശ്വാക്കളെത്തിയങ്ങു പറിക്കും പോല്‍

കുത്തി നിന്‍റെ പുണ്ണിലും പുണ്ണാക്കിയോ പുത്ര!

                               ദുഷ്ടരെന്നാകിലും കണ്ടാല്‍ മനംപൊട്ടും മാനുഷര്‍ക്കു

                               ഒട്ടുമേയില്ലനുഗ്രഹമിവര്‍ക്കു പുത്ര!

ഈയതിക്രമങ്ങള്‍ ചെയ്വാന്‍ നീയവരോടെന്തു ചെയ്തു

നീയനന്ത ദയയല്ലോ ചെയ്തതു പുത്ര!'

തല്ലുകയും അടിക്കുകയും തൊഴിച്ചു വീഴ്ത്തുകയും ചെയ്തു കൊണ്ട് എത്രമാത്രം യാതനകളാണ് അവര്‍ നിന്നില്‍ ഏല്പിച്ചത് മകനേ! ചത്തുപോയ മൃഗത്തെ നായ്ക്കളെത്തി, കടിച്ചു പറിക്കുന്നതു പോലെ, നിസ്സഹായനായ നിന്‍റെ മുറിവുകളിന്മേല്‍ വീണ്ടും വീണ്ടും കുത്തി നൊമ്പരപ്പെടുത്തിയില്ലേ അവര്‍ നിന്നെ! ദുഷ്ടന്മാരോടു പോലും ചെയ്യാന്‍ അറയ്ക്കുന്ന അതിക്രമങ്ങളാണല്ലോ അവര്‍ നിന്നോടു ചെയ്തത്! ഇത്രമേല്‍ ക്രൂരതകള്‍ നിന്നോടു ചെയ്യുവാന്‍ എന്തു തെറ്റാണ് നീ അവരോടു ചെയ്തത്! ഇപ്രകാരം വിലപിക്കുന്ന ആ അമ്മ വീണ്ടും തുടര്‍ന്ന് ചോദിക്കുകയാണ്:

                               'ഈ മഹാപാപികള്‍ ചെയ്തയീ മഹാനിഷ്ഠൂര കൃത്യം

                               നീ മഹാ കാരുണ്യമോടു ക്ഷമിച്ചോ പുത്ര!

ഭൂമി മാനുഷര്‍ക്കു വന്ന ഭീ മഹാദോഷം പൊറുപ്പാന്‍

ഭൂമിയേക്കാള്‍ ക്ഷമിച്ചു നീ സഹിച്ചോ പുത്ര!

                               ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചവര്‍ നിന്നെ

                               ജറുസലേം നഗര്‍ നീളെ നടത്തിയോ പുത്ര!

വലഞ്ഞു വീണെഴുന്നേറ്റു, കൊലമരം ചുമന്നയ്യോ!

കൊല മലമുകളില്‍ നീയണഞ്ഞോ പുത്ര!'

അതായത് എത്ര ദയാപൂര്‍വമാണ് ഈ മഹാപാപികളുടെ ക്രൂരതകളെല്ലാം നീ ക്ഷമിച്ചത്! ഭൂമിയിലെ സകല മനുഷ്യര്‍ക്കും വന്ന പാപങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി സകലതും ഭൂമിയേക്കാള്‍ ക്ഷമയോടെ നീ സഹിക്കുകയായിരുന്നില്ലേ! അതിക്രൂരമായ ശിക്ഷകള്‍ നല്‍കിക്കൊണ്ട് അവര്‍ നിന്നെ ജറുസലേം നഗരത്തിലൂടെ കൊലമരവും ചുമപ്പിച്ചു കൊണ്ട് ഗാഗുല്‍ത്താ മലമുകളിലേക്ക് അതായത് തലയോട്ടിടത്തിലേക്ക് നടത്തിച്ചില്ലേ? എന്നൊക്കെ ആ അമ്മ മനസ്സ് ചോദിച്ചു പോവുകയാണ്. തുടര്‍ന്ന് -

                               'ചോരയാല്‍ നിന്‍ ശരീരത്തില്‍ പറ്റിയ കുപ്പായമപ്പോള്‍

                               ക്രൂരമോടെ വലിച്ചവര്‍ പറിച്ചോ പുത്ര!

ആദമെന്ന പിതാവിന്‍റെ തലമേല്‍ വന്‍മരം തന്നില്‍

ആദിനാഥ! കുരിശില്‍ നീ തൂങ്ങിയോ പുത്ര!

                               ആണിയിന്മേല്‍ തൂങ്ങി നിന്‍റെ ഞരമ്പെല്ലാം വലിയുന്നു

                               പ്രാണവേദന സകലം സഹിച്ചോ പുത്ര!

ആണികൊണ്ടു നിന്‍റെ ദേഹം തുളച്ചതില്‍ കഷ്ടമയ്യോ!

നാണക്കേടു പറഞ്ഞതിന്നളവോ പുത്ര!

                വൈരികള്‍ക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ!

                ഒരു ദയവൊരിക്കലുമില്ലയോ പുത്ര!'                     

അതായത് നിന്‍റെ ശരീരത്തില്‍ ചോരയോടു കൂടി പറ്റിച്ചേര്‍ന്നിരുന്ന കുപ്പായത്തെ അവര്‍ ക്രൂരതയോടെ വലിച്ചു പറിച്ചെടുത്തില്ലേ മകനേ? ആദമെന്ന ആദിപിതാവിന്‍റെ ശിരസിനു മുകളിലുറപ്പിച്ച കുരിശാകുന്ന വന്മരത്തിന്മേല്‍ പ്രതീകാത്മകമായി നിന്നെയവര്‍ നിര്‍ദയം കുരിശില്‍ തറച്ചില്ലേ? ആണിയിന്മേല്‍ തൂങ്ങി നിന്‍റെ ഞരമ്പെല്ലാം വലിഞ്ഞു മുറുകി വേദനയാല്‍ വലഞ്ഞപ്പോള്‍ എന്തെല്ലാം നാണക്കേടുകളാണവര്‍ നിന്നോട് വിളിച്ചു പറഞ്ഞത്? ശത്രുക്കളോടു പോലും ഇങ്ങനെയുള്ള ക്രൂരത ചെയ്യാന്‍ പാടില്ലാത്തതാണെന്നിരിക്കെ അവരുടെ മനസ്സില്‍ ഒരു അനുതാപം പോലും നിന്നെക്കുറിച്ച് തോന്നിയില്ലല്ലോ മകനേ എന്നുമൊക്കെ ആ അമ്മ മുറവിളി കൂട്ടുകയാണ്.

അന്നത്തെ രീതിയനുസരിച്ച് വധിക്കപ്പെടുന്നയാളുടെ വസ്ത്രം ശിക്ഷ നടപ്പാക്കുന്ന പടയാളികള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. യേശുനാഥനെ കുരിശില്‍ തറച്ചത് നാലു പടയാളികള്‍ ചേര്‍ന്നായിരുന്നു എന്നതിനാല്‍ അവിടുത്തെ കുപ്പായം നാലായി പങ്കിടേണ്ടതായിരുന്നു. ഈ കുപ്പായം മാതാവായ മറിയം സ്വന്തം കൈകൊണ്ട് തയ്യലില്ലാതെ അടിമുടി നെയ്തുണ്ടാക്കിയതായിരുന്നതിനാല്‍ അതു മുറിക്കാതെ ആ പടയാളികളിലൊരുവന്‍ നറുക്കെടുപ്പിലൂടെ സ്വന്തമാക്കി. ഇക്കാര്യം യോഹന്നാന്‍റെ സുവിശേഷം 19: 23, 24 വാക്യങ്ങള്‍ നമ്മോടു സംവദിക്കുന്നുണ്ട്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2024, 11:05