തിരയുക

പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത 

ദൈവമാതാവിന്റെ വ്യാകുലപ്രലാപം - ഭാഗം 3

അർണോസ് പാതിരി രചിച്ച 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' എന്ന കൃതിയെ ആധാരമാക്കിയ വിചിന്തനം. പ്രത്യേക നോമ്പുകാലപരിപാടി - മൂന്നാം ഭാഗം.
'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' - 3 - ശബ്ദരേഖ

എഫ്. ആന്‍റണി പുത്തൂര്‍, ചാത്തിയാത്ത്

യേശുനാഥനെ അതിക്രൂരവും നിന്ദ്യവുമായ കുരിശുമരണത്തിലേക്കു തള്ളിവിടുന്നതിനുള്ള പദ്ധതികളുടെ ആസൂത്രകനായി നാം കാണുന്നത് അക്കാലത്തെ മഹാപുരോഹിതനായിരുന്ന ഹന്നാനെ അഥവാ അന്നാസിനെയാണല്ലോ? ഇദ്ദേഹത്തിന്‍റെ അഞ്ചു പുത്രന്മാരും മകളുടെ ഭര്‍ത്താവായ ജോസഫ് കയ്യേപ്പാസും പിന്നീട് മഹാപുരോഹിതന്മാരായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നുണ്ട്. ഈ കയ്യേപ്പാസിന്‍റെ കൊട്ടാര മുറ്റത്തു വച്ചായിരുന്നു യേശുനാഥനെ സെന്‍ഹെദ്രീന്‍ സംഘം വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് നിശ്ചയിച്ചത്. അക്കാലത്ത് യൂദയായിലെ കാര്യക്കാരന്‍ റോമന്‍ ഗവര്‍ണറായിരുന്ന പീലാത്തോസായിരുന്നു. യേശുനാഥന്‍ ഗലീലിയാക്കാരനാണെന്നു മനസ്സിലാക്കിയ പീലാത്തോസായിരുന്നു അന്ന് ജറുസലേമിലുണ്ടായിരുന്ന ഗലീലിയായുടെ രാജാവായ ഹെറോദേസിന്‍റെ പക്കലേക്ക് അവിടുത്തെ അയച്ചത്. ഈ ചരിത്രം നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട് എന്ന് പറഞ്ഞു കൊണ്ട് അര്‍ണോസ് പാതിരിയുടെ 'ഉമ്മാടെ ദു:ഖം' എന്ന വിലാപ കാവ്യത്തിന്‍റെ 27 മുതല്‍ 40 വരെയുള്ള ഈരടികളുടെ വിചിന്തനത്തിലേക്ക് കടക്കട്ടെ!

                               സര്‍വരേയും വിധിക്കുന്ന, സര്‍വസൃഷ്ടി സ്ഥിതി നാഥാ

                               സര്‍വനീചനവന്‍ നിന്നെ വിധിച്ചോ പുത്ര!

കാരണം കൂടാതെ നിന്നെ കൊലചെയ്വാന്‍ വൈരിവൃന്ദം

കാരിയക്കാരുടെ പക്കല്‍ കൊടുത്തോ പുത്ര!

                               പിന്നെ ഹെറോദേസ് പക്കല്‍ നിന്നെയവര്‍ കൊണ്ടു ചെന്നു

                               നിന്ദ ചെയ്തു പരിഹസിച്ചയച്ചോ പുത്ര!

പിന്നെയധികാരി പക്കല്‍, നിന്നെയവര്‍ കൊണ്ടു ചെന്നു

നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്ര!

അതെ, ഈ ലോകത്തുള്ള സര്‍വ സൃഷ്ടികളുടെയും വിധിയാളനായ

ദൈവപുത്രനെ നീചന്മാരായ അവര്‍ ന്യായവിധിയെന്ന അന്യായ വിധിക്ക്

പരിഹാസത്തോടെ വിധേയനാക്കുകയാണിവിടെ.

                               എങ്കിലും നീയൊരുത്തര്‍ക്കും, സങ്കടം ചെയ്തില്ല നൂനം

                               നിങ്കലിത്ര വൈരമിവര്‍ക്കെന്തിതു പുത്ര!

പ്രാണനുള്ളോനെന്നു ചിത്തേ, സ്മരിക്കാതെ വൈരമോടെ

തൂണുതന്മേല്‍ കെട്ടി നിന്നെയടിച്ചോ പുത്ര!

                               ആളുമാറിയടിച്ചയ്യോ! ധൂളി നിന്‍റെ ദേഹമെല്ലാം

                               ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ, പുത്ര!

- അതായത് ഒരുത്തര്‍ക്കും ഒരു സങ്കടവും നീ ഉണ്ടാക്കിയില്ല എന്നിട്ടും

എന്തിനാണ് ഇവര്‍ ഇത്ര വൈരം കാട്ടുന്നത് എന്നറിയില്ലല്ലോ മകനേ എന്നും ജീവനുള്ളവയോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത വിധം നിന്നെയവര്‍ തൂണിനോട് ചേര്‍ത്തു കെട്ടി പീഢിപ്പിച്ചില്ലേ മകനേ എന്നും ആളു മാറി മാറി അടിച്ചവര്‍ നിന്‍റെ പൂമേനി ഛിന്നഭിന്നമാക്കിയല്ലോ മകനേ? എന്നുമൊക്കെ വിലപിക്കുന്ന ആ അമ്മ തുടരുകയാണ്:

ഉള്ളിലുള്ള വൈരമോടെ, യൂദര്‍ നിന്‍റെ തലയിന്മേല്‍

മുള്ളു കൊണ്ടു മുടിവെച്ചു തറച്ചോ പുത്ര!

                               തലയെല്ലാം മുറിഞ്ഞയ്യോ! ഒലിക്കുന്ന ചോരകണ്ടാല്‍

                               അലസിയെന്നുള്ളിലെന്തു പറവൂ പുത്ര!

തലതൊട്ടങ്ങടിയോളം, തൊലിയില്ല മുറിവയ്യോ!

പുലിപോലെ നിന്‍റെ ദേഹം മുറിച്ചോ പുത്ര!

- എന്നിങ്ങനെ അവരുടെ പ്രതികാരം തീര്‍ക്കുന്നതിനായി നിന്‍റെ തലയില്‍

മുള്ളു കൊണ്ടുള്ള കിരീടം വച്ചു തറച്ച് ക്രൂരമായി വേദനിപ്പിച്ചില്ലേ എന്നും പുലിയുടെ ആക്രമണത്തില്‍പ്പെട്ടവനെപ്പോലെ തലമുതല്‍ പാദംവരെ എത്ര കഠിനമായാണ് അവര്‍ നിന്നെ മുറിവേല്‍പ്പിച്ചതെന്നും ഇതെല്ലാം കണ്ടു നിന്ന എന്‍റെ മനസ്സില്‍ വലിയ ആലസ്യം അതായത് വല്ലാത്ത തളര്‍ച്ച ഉണ്ടായല്ലോ മകനേ എന്നുമൊക്കെ ആ അമ്മ ചിന്തിച്ചു പോകുന്നു. വീണ്ടും,

                               നിന്‍ തിരുമേനിയില്‍ ചോര, കുടിപ്പാനായ് വൈരികള്‍ക്കു

                               എന്തുകൊണ്ടു ദാഹമിത്ര വളര്‍ന്നു പുത്ര!

നിന്‍ മുഖത്തു തുപ്പി നിന്ദ ചെയ്തു തൊഴുതയ്യോ!

ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്ര!

                               നിന്ദ വാക്കു പരിഹാസം പല പല ദൂഷികളും

                               നിന്നെയാക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്ര!

ബലഹീനനായ നിന്നെ വലിയൊരു കുരിശതു

ബലം ചെയ്തിട്ടെടുപ്പിച്ചു നടത്തീ പുത്ര!

- എന്നീ വരികളിലൂടെ ദു:ഖാര്‍ത്തയായ ആ അമ്മ ചോദിക്കുകയാണ്: പ്രിയ മകനേ, നിന്‍റെ ശത്രുക്കള്‍ക്ക് നിന്‍റെ ചോര കുടിക്കാന്‍ എന്താണിത്ര ദാഹം? ഏതെല്ലാം വിധത്തിലാണവര്‍ നിന്നെ അപമാനിച്ചത്? നിന്‍റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി, നിന്ദിച്ചു, പല ദൂഷണങ്ങളും പറഞ്ഞു കൊണ്ടവര്‍ നിന്നെ ആക്ഷേപിച്ചു. അടിയും ചവിട്ടുമൊക്കെ ഏറ്റ് ദുര്‍ബലനായ നിന്‍റെ തോളിലേക്ക് വലിയൊരു കുരിശ് ബലമായി അവര്‍ വച്ച് എടുപ്പിച്ചില്ലേ? പിന്നീടും എന്തെല്ലാം ക്രൂരതകളാണവര്‍ നിന്നോടു കാണിച്ചത്?... ആ അമ്മയുടെ വിലാപം തുടരുകയാണിങ്ങനെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 February 2024, 15:28