തിരയുക

സുനാമിക്ക് ശേഷമുള്ള തീരം: ടോംഗയിൽനിന്ന് സുനാമിക്ക് ശേഷമുള്ള തീരം: ടോംഗയിൽനിന്ന് 

ടോംഗയിലെ ദുരിതത്തിൽ കാരിത്താസ് ഉപവിസംഘടനയുടെ കൈത്താങ്ങ്

കഴിഞ്ഞ ആഴ്ചയിൽ ടോംഗ ദ്വീപുകളിൽ ഉണ്ടായ സുനാമിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി കാരിത്താസ് ഉപവിസംഘടനയെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ടോംഗ ദ്വീപുകൾക്ക് സമീപം കടലിനടിയിലുള്ള അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ സുനാമിയിൽ വിവിധ ദ്വീപുകളിലായി നൂറുകണക്കിന് വീടുകളാണ് തകർന്നത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ടോംഗത്താപ്പൂ ദ്വീപിൽ അൻപതു വീടുകൾ പൂർണ്ണമായും തകരുകയും നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മാംഗോ ദ്വീപിലെ എല്ലാ വീടുകളും തകർന്നു. ഫോനോയിഫുവ ദ്വീപിൽ രണ്ടു വീടുകൾ മാത്രമാണ് അവശേഷിച്ചത്.

ദുരിതബാധിതപ്രദേശങ്ങളിൽ കാരിത്താസ് സംഘടന തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉരുൾപൊട്ടലിന്റെ ഭാഗമായി കുടിവെള്ളം മലിനമായതിനാൽ, അടിയന്തിരമായി കുടിവെള്ളവും മറ്റ് അത്യാവശ്യവസ്തുക്കളും എത്തിക്കുവാനാണ് കാരിത്താസ് ശ്രമിക്കുന്നത്. കാരിത്താസ് ടോംഗയും ന്യൂസിലാൻഡ് കാരിത്താസ് സംഘടനയും ചേർന്ന് നൽകിയ സാമഗ്രികൾ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വിതരണം ചെയ്തു എന്ന് ഇതുമായി ബന്ധപ്പെട്ട് ടോംഗയുടെ വിദേശകാര്യത്തിനും, സാമ്പത്തികകാര്യത്തിനുമായുള്ള മന്ത്രി പ്രസ്താവിച്ചു.

നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, പ്രധാന ദ്വീപിന് ചുറ്റുമുള്ള ചെറുദ്വീപുകളെയാണ് സുനാമി കൂടുതലായി ബാധിച്ചതെന്ന് കാരിത്താസ് ഓസ്‌ട്രേലിയ അറിയിച്ചു. മിക്കയിടങ്ങളിലും റോഡുകളും പാലങ്ങളും തകർന്നു. ആശയവിനിമയവും തടസ്സപ്പെട്ടിരിക്കുകയാണ്.

ഇറ്റാലിയൻ കാരിത്താസ് സംഘടനയും ടോംഗ കാരിത്താസ് സംഘടനയ്ക്ക് ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയും അടിയന്തിരാവസ്ഥയിൽ പിന്തുണ അറിയിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ജനുവരി 2022, 18:04