സ്പെയിനിൽ നാലു നിണസാക്ഷികൾകൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്പെയിനിൽ നാലു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.
വൈദിരായിരുന്ന ഫ്രാൻചെസ്കൊ കാസ്തൊർ സോഹൊ ലോപെസ് (Francesco Cástor Sojo López) , മിയ്യാൻ ഗാർദെ സെറാനൊ (Millán Garde Serrano), മനുവേൽ ഗൽസെറാ ബിദെയെത് (Manuel Galcerá Videllet), അക്വിലീനൊ പസ്തോർ കാമ്പെരൊ (Aquilino Pastor Cambero) എന്നീ രക്തസാക്ഷികളാണ് ശനിയാഴ്ച (30/10/21) സാർവ്വത്രികസഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടത്.
സ്പെയിനിലെ തൊർത്തോസയിലെ കത്ത്രീദ്രൽ ദേവാലയത്തിൽ ശനിയാഴ്‌ച പ്രാദേശികസമയം രാവിലെ 11-മണിക്ക് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ (Marcello Semeraro) ഈ തിരുക്കർമ്മത്തിൽ മാർപ്പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. നവവാഴ്ത്തപ്പെട്ടവർ നാലുപേരും സ്പെയിനിൽ 1936-1939 വരെ നടന്ന ആഭ്യന്തരകലാപവേളയിലുണ്ടായ മതപീഢനത്തിൻറെ ഇരകളാണ്.
ഫ്രാൻചെസ്കൊ കാസ്തൊർ സോഹൊ ലോപെസ് 1936 സെപ്റ്റമ്പർ 12-ന് രാത്രിയും മനുവേൽ ഗൽസെറാ ബിദെയെത് സെപ്റ്റമ്പർ 3-നും അക്വിലീനൊ പസ്തോർ കാമ്പെരൊ ആഗസ്റ്റ് 28-നുമാണ് വധിക്കപ്പെട്ടത്. എന്നാൽ മിയ്യാൻ ഗാർദെ സെറാനൊ തടവിലായിരിക്കെ പിഢനങ്ങളേറ്റ് 1938 ജൂലൈ 7-ന് മരണമടയുകയായിരുന്നു.