തിരയുക

സങ്കീർത്തനചിന്തകൾ - 74 സങ്കീർത്തനചിന്തകൾ - 74 

തകർക്കപ്പെട്ട ദേവാലയവും വേദനിക്കുന്ന ഹൃദയങ്ങളും

വചനവീഥി: എഴുപത്തിനാലാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
എഴുപത്തിനാലാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആസാഫിന്റെ പ്രബോധനാഗീതം എന്ന തലക്കെട്ടോടെയുള്ള എഴുപത്തിനാലാം സങ്കീർത്തനം ദേവാലയത്തിന്റെ നാശവുമായി ബന്ധപ്പെട്ട ഒരു വിലാപകീർത്തനമാണ്. ക്രിസ്തുവിന് മുൻപ്  587-ആം വർഷത്തിൽ ജെറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഈ സങ്കീർത്തനത്തെ ബൈബിൾ പണ്ഡിതന്മാർ വിശദീകരിക്കുന്നത്. ദേവാലയത്തിന്റെ പുനർനിർമ്മാണം അവസാനിക്കുന്നത് 515-ലാണെന്ന് കണക്കാക്കപ്പെടുന്നു. തകർക്കപ്പെട്ട വിശുദ്ധമന്ദിരത്തിലേക്ക് നോക്കാനും, അവിടെ ദൈവാരാധന നടത്തിയിരുന്ന തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അനുസ്മരിക്കാനും ഇസ്രയേലിന്റെ ദൈവത്തോട് ജനം അപേക്ഷിക്കുന്നു. ഇസ്രായേലിന് തങ്ങളുടെ വിമോചകനും സംരക്ഷകനുമായ ദൈവത്തിന്റെ സാന്നിദ്ധ്യമുള്ള ദേവാലയത്തിൽനിന്ന് വേറിട്ട് നിൽക്കാനാകില്ല. ഇസ്രായേൽജനത്തിന്റെ സാമൂഹിക, വിശ്വാസപരമായ കേന്ദ്രം കൂടിയായ ദേവാലയത്തിനും സീയോനുമെതിരെയുള്ള ആക്രമണം ഇസ്രായേൽ ജനത്തിനെതിരെയുള്ള ആക്രമണത്തിന് തുല്യമാണ്. ആദിയിൽ നടന്ന സൃഷ്ടികർമ്മത്തെക്കുറിച്ച് പരാമർശിക്കുന്ന ജനം, ദൈവത്തിനും ദൈവജനത്തിനുമെതിരെ ശത്രുക്കൾ നടത്തുന്ന നിരന്തരമായ അധിക്ഷേപത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, അവരെ പരാജയപ്പെടുത്തണമേയെന്ന് ദൈവത്തോട് അപേക്ഷിക്കുന്നു. തങ്ങൾ നേരിടുന്ന പരാജയങ്ങൾക്ക് കാരണം ദൈവം തങ്ങളിൽനിന്ന് അകന്നതാണെന്ന് കരുതുന്ന  ജനം, സുരക്ഷിതത്വബോധം നഷ്ടപ്പെട്ട്, ശത്രുക്കൾക്കെതിരെ ദൈവത്തിന്റെ ഇടപെടലിനായും, ദൈവാനുഗ്രങ്ങൾക്കായും വിലാപത്തോടെ പ്രാർത്ഥിക്കുന്നതാണ് ഈ സങ്കീർത്തനത്തിൽ നാം കാണുന്നത്.

നശിപ്പിക്കപ്പെട്ട ദേവാലയവും ശക്തരായ വൈരികളും

എഴുപത്തിനാലാം സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത്, തകർക്കപ്പെട്ട തങ്ങളുടെ ദേവാലയത്തെയും, ദൈവത്തിനും തങ്ങൾക്കുമെതിരെ ശബ്ദമുയർത്തുന്ന ശത്രുക്കളെയും ഓർത്ത് വിലപിക്കുന്ന ഇസ്രായേൽ ജനത്തെയാണ് നാം കണ്ടുമുട്ടുന്നത് (സങ്കീ. 74, 1-11). ഇസ്രായേൽ ജനത്തെ സംബന്ധിച്ചിടത്തോളം, അവരെ ഒരുമിച്ച് കൂട്ടിയിരുന്ന ഒരു പ്രധാനപ്പെട്ട ഘടകം യാഹ്‌വെയിലുള്ള വിശ്വാസമാണ്. അതുകൊണ്ടുതന്നെ കർത്താവിന്റെ സാന്നിദ്ധ്യമുള്ള ദേവാലയം തകർക്കപ്പെടുമ്പോൾ തകരുന്നതും മുറിപ്പെടുന്നതും അവരുടെ വിശ്വാസവും കൂട്ടായ്മയുമാണ്. ഒരുപക്ഷെ ദൈവം തങ്ങളോട് കോപിച്ചതുകൊണ്ടും തങ്ങളെ ഉപേക്ഷിച്ചതുകൊണ്ടുമാകാം ശത്രുക്കൾ തങ്ങളുടെ ദേവാലയം തകർത്തതെന്ന് അവർ കരുതി. അതുകൊണ്ടുതന്നെ വേദന നിറഞ്ഞ ഹൃദയത്തോടെയാണ്, "അങ്ങ് പണ്ടേ തിരഞ്ഞെടുത്ത ജനത്തെ, അങ്ങ് വീണ്ടെടുത്ത് അവകാശമാക്കിയ ഗോത്രത്തെ ഓർക്കണമേ! അവിടുന്ന് വസിച്ചിരുന്ന സീയോൻമലയെ സ്മരിക്കണമേ!" (സങ്കീ. 74, 2) എന്ന് ഇസ്രായേൽ ജനം പ്രാർത്ഥിക്കുന്നത്. പവിത്രമായ ദേവാലയത്തിലുള്ളതെല്ലാം ശത്രു നശിപ്പിച്ചിരിക്കുന്നു. വൈരികൾ വിശുദ്ധസ്ഥലത്തിന്റെ നടുവിൽ അലറുന്നു, അവർ അവിടെ തങ്ങളുടെ വിജയക്കൊടി നാട്ടുന്നു (സങ്കീ. 74, 4). ഏറെ അദ്ധ്വാനിച്ച് ഇസ്രായേൽ ജനം തയ്യാറാക്കിയ മനോഹരമായ ദേവാലയത്തിന്റെ കടഞ്ഞെടുത്ത അഴികൾ മഴുകൊണ്ടും കൂടം കൊണ്ടും ശത്രുക്കൾ തകർക്കുകയും, ദേവാലയത്തിന് തീ വയ്ക്കുകയും ചെയ്‌തിരിക്കുന്നു (സങ്കീ. 74, 5-7). ശ്രീകോവിൽ ഇടിച്ചുനിരത്തി അശുദ്ധമാക്കിയിരിക്കുന്നു. ദേശത്തെ ആരാധനാകേന്ദ്രങ്ങളെല്ലാം അഗ്നിക്കിരയാക്കിയിരിക്കുന്നു (സങ്കീ. 74, 7-8). ദൈവത്തിനും മനുഷ്യർക്കുമിടയിൽ നിന്നിരുന്ന പ്രവാചകരുടെ ശബ്ദം നിലച്ചിരിക്കുന്നു. ദൈവഹിതമറിയാനോ തങ്ങളെ ബാധിച്ചിരിക്കുന്ന ഈ തിന്മ എത്രനാൾ നീളുമെന്ന് അറിയാനോ ഇസ്രായേൽ ജനത്തിന് സാധിക്കുന്നില്ല (സങ്കീ. 74, 9). ഈയൊരു ദുഃസ്ഥിതിയിലാണ് "ദൈവമേ ശത്രുക്കൾ എത്രനാൾ അങ്ങയെ അവഹേളിക്കും? വൈരികൾ അങ്ങയുടെ നാമത്തെ എന്നേക്കും നിന്ദിക്കുമോ? അങ്ങയുടെ കരം എന്തുകൊണ്ട് അങ്ങ് പിൻ‌വലിക്കുന്നു? അങ്ങയുടെ വലത്തുകൈ എന്തുകൊണ്ട് അടക്കിവച്ചിരിയ്ക്കുന്നു?" (സങ്കീ. 74, 10-11) എന്ന് സങ്കീർത്തകനും ഇസ്രായേൽ ജനവും വിലപിക്കുന്നത്. തുണയായി നിൽക്കേണ്ട ദൈവത്തിന്റെ നിശബ്ദത ഇസ്രായേൽ ജനത്തിന്റെ ഹൃദയത്തിലേൽപ്പിക്കുന്ന വേദനയും നിരാശയും വലുതാണ്.

പ്രപഞ്ചസൃഷ്ടാവായ ദൈവവും ഇസ്രയേലും

തങ്ങളുടെ ദുരവസ്ഥയിൽ ദൈവത്തിന് മുൻപിൽ വിലപിക്കുന്ന ഇസ്രായേൽജനം, സർവ്വപ്രപഞ്ചത്തിന്റെയും നാഥനും സൃഷ്ടാവുമാണ് കർത്താവെന്ന് ഏറ്റുപറയുന്നതാണ് സങ്കീർത്തനത്തിന്റെ പന്ത്രണ്ടാം വാക്യം മുതലുള്ള രണ്ടാം ഭാഗത്ത് നാം കാണുന്നത്. ദൈവസ്തുതിയുടേതായ ഈ ഭാഗം വിലപപ്രാർത്ഥനായുടേതായ എഴുപത്തിനാലാം സങ്കീർത്തനത്തോട് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. തങ്ങളുടെ ജീവിതത്തിനും, ഒരു ജനതയെന്ന നിലയിലുള്ള തങ്ങളുടെ അസ്‌തിത്വത്തിനും, ഇസ്രായേൽജനം ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. ആദിമുതലേ സർവ്വത്തിന്റെയും രാജാവും അധികാരിയും ആയിരിക്കുന്നവൻ ദൈവമാണ്. അവനാണ് ഭൂമിയിലെങ്ങും രക്ഷ പ്രദാനം ചെയ്യുന്നത് (സങ്കീ. 74, 12). കടലിനെ വിഭജിച്ചതും, തിന്മയുടെ ഇടമായി കരുതിപ്പോന്നിരുന്ന സമുദ്രത്തിലെ ഭീകരാസത്വങ്ങളുടെ തല തകർത്തതും ദൈവമാണ് (സങ്കീ. 74, 13). ഉറവകളും നീർച്ചാലുകളും തുറന്നുവിട്ടതും, എന്നാൽ അതേസമയം, ഒഴുകിക്കൊണ്ടിരുന്ന നദികളെ വറ്റിച്ചതും ദൈവമാണെന്ന് ഇസ്രായേൽ ജനം ഏറ്റുപറയുന്നു (സങ്കീ. 74, 15). പകലും രാത്രിയും ദൈവത്തിന്റേതാണ്, ആകാശത്തിലെ നക്ഷത്രങ്ങളെയും സൂര്യനെയും സ്ഥാപിച്ചതും, ഭൂമിയുടെ അതിരുകൾ നിശ്ചയിച്ചതും, ഗ്രീഷ്മവും ഹേമന്തവും, കാലങ്ങൾ സൃഷ്ടിച്ചതും കർത്താവു തന്നെ (സങ്കീ. 74, 16-17). ഉൽപ്പത്തിപുസ്തകത്തിൽ നാം വായിക്കുന്ന സൃഷ്ടികർമ്മത്തിന്റെ അനുസ്മരണം എന്നതിനേക്കാൾ, സകലത്തിന്റെയും സൃഷ്ടാവെണ്ണ നിലയിൽ, ഇസ്രയേലിന്റെ ദൈവമായ കർത്താവാണ് സകലത്തിന്റെയും, പ്രത്യേകിച്ച് ഇസ്രായേൽ ജനതയുടെയും അവരുടെ രാജ്യത്തിന്റെയും നിയന്താവും പരിപാലകനുമെന്ന ഒരു സന്ദേശമാണ് ഈ ഭാഗം നമുക്ക് മുൻപിൽ വയ്ക്കുന്നത്. ഇസ്രായേൽ ദൈവത്തിന്റെ ജനമാണെങ്കിൽ, ജെറുസലേം ദേവാലയം ഈ സത്യദൈവത്തിന്റെ അലയമാണെങ്കിൽ, അവയുടെ പരിപാലനം സൃഷ്‌ടാവും, തന്റെ ജനത്തിന്റെ കൂടെ വസിക്കുന്നവനുമായ ദൈവത്തിന്റെ കടമയാണെന്ന് ജനം കരുതിയിരുന്നു. ദൈവത്തിന്റെ സ്വന്തം ജനമാണ് തങ്ങളെന്നും, കർത്താവാണ് തങ്ങളുടെ പരിപാലകനും നാഥനുമെന്നും ഇസ്രായേൽ ജനം അഭിമാനിച്ചിരുന്നു.

ശക്തനായ ദൈവത്തോടുള്ള പ്രാർത്ഥന

ലോകത്തിലുള്ള സകല ശക്തികളെക്കാളും ശക്തനും, തന്റെ ജനത്തിന്റെ ഉറങ്ങാത്ത കാവൽക്കരനുമാണ് ഇസ്രയേലിന്റെ ദൈവമായ കർത്താവെന്ന ബോദ്ധ്യത്തോടെ ശത്രുക്കളുടെ തിന്മകൾ ഏറ്റുപറഞ്ഞ്, അവരെ തകർത്ത്, ദൈവജനത്തെ സംരക്ഷിക്കണമേയെന്ന ഒരു പ്രാർത്ഥനയാണ് സങ്കീർത്തനത്തിന്റെ പതിനെട്ടുമുതലുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന മൂന്നാം ഭാഗം. കർത്താവിന്റെ സാന്നിദ്ധ്യത്തിലല്ലാതെ മറ്റെങ്ങും അവർ നിലനിൽക്കുന്ന രക്ഷയും സുരക്ഷിതത്വവും അനുഭവിച്ചിട്ടില്ല. ഇസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം, ദൈവത്തിനും, ദേവാലയത്തിനും, തങ്ങളുടെ രാജ്യത്തിനും നേരെ ഉയരുന്ന ഓരോ വെല്ലുവിളികളും തങ്ങളിൽ ഓരോരുത്തർക്കും നേരെ ഉയരുന്ന വെല്ലുവിളിയാണ്. അതുകൊണ്ടാണ്, ശത്രു ദൈവനാമത്തെ അധിക്ഷേപിക്കുന്നതും, അധർമ്മികൾ അതിനെ നിന്ദിക്കുകയും ചെയ്യുന്നത് ഇസ്രായേൽ ജനത്തിന് അസഹനീയമായി മാറുന്നത് (സങ്കീ. 74, 18). ഞാൻ നിങ്ങളുടെ ദൈവമായിരിക്കും, നിങ്ങൾ എന്റെ ജനവും എന്ന ഉടമ്പടിയെ മറക്കാതെ, തന്റെ ജനത്തിന്റെ ജീവനെ വന്യമൃഗത്തിന് വിട്ടുകൊടുക്കരുതേയെന്നും, ദൈവത്തിന്റെ ജനത്തിന്റെ ജീവനെ മറക്കരുതേയെന്നും, ഉടമ്പടിയെ പരിഗണിക്കണമേയെന്നും (സങ്കീ. 74, 19-20) സങ്കീർത്തനവാക്യങ്ങളിലൂടെ ഇസ്രായേൽ ജനം പ്രാർത്ഥിക്കുന്നു. ദുഷ്ടർക്ക് വിജയം ഉണ്ടാകരുതേയെന്നും, നിരന്തരമുള്ള അവരുടെ അട്ടഹാസവും, അധിക്ഷേപവും അവസാനിപ്പിക്കണമേയെന്നും പ്രാർത്ഥിച്ചുകൊണ്ടാണ് (സങ്കീ 74, 21-23), ഇസ്രായേൽ ജനം തങ്ങളുടെ വിലപകീർത്തനം അവസാനിപ്പിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ദൈവജനമായ ഇസ്രയേലിന്റെ വിശ്വാസജീവിതത്തിന്റെ കേന്ദ്രമായിരുന്ന, ദേവാലയത്തിന്റെ നാശം, അവരുടെ സാമൂഹ്യ, വിശ്വാസജീവിതങ്ങളിൽ വലിയൊരു വേദനയായിരുന്നുവെന്ന് ചരിത്രം സാക്ഷിക്കുന്നുണ്ട്. സർവ്വത്തിന്റെയും സൃഷ്ടാവായ ദൈവത്തിന്റെ ആലയം ശത്രുക്കൾ ഇല്ലാതാക്കുമ്പോൾ തകരുന്നത് ഇസ്രയേലിന്റെ സുരക്ഷിത്വബോധം കൂടിയാണ്. അതുകൊണ്ടുതന്നെ, ദൈവത്തിനും ദൈവജനത്തിനും എതിരെ പ്രവർത്തിക്കുന്നവരെ ഇസ്രായേൽജനത്തിന് അംഗീകരിക്കാനാകില്ലെന്ന് മാത്രമല്ല, അവരുടെ ഓരോ വിജയവും ദൈവത്തിന്റെ പരാജയമായി അവർ കാണുകയും ചെയ്യുന്നു. എല്ലാത്തിന്റെയും ഉടയവനും കർത്താവുമായ ദൈവത്തിനെതിരെ പോരാടാനോ വിജയിക്കാനോ ഒരു ശക്തിക്കും സാധിക്കില്ലെന്ന ഇസ്രയേലിന്റെ വിശ്വാസം കൂടി ഈ സങ്കീർത്തനവരികളിൽ നമുക്ക് കാണാം. നീതിയിലും വിശ്വസ്ഥതയിലും ജീവിക്കുന്ന ഇസ്രായേൽജനത്തിനും, അവനെപ്രതി മർദ്ധനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടിവരുന്നവർക്കും നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങൾക്ക് നിത്യമായ വിജയം നേടാനാകില്ലെന്ന് തിരിച്ചറിയുകയും, ദൈവത്തിന്റെ ജനത്തെ ഒരിക്കലും പൂർണ്ണമായി ഉപേക്ഷിക്കാത്ത, തന്റെ കരുണയുടെയും സ്നേഹത്തിന്റെയും, പരിപാലനത്തിന്റെയും, സംരക്ഷണത്തിന്റെയും കരങ്ങൾ അവരിൽനിന്ന് പിൻവലിക്കാത്ത ദൈവത്തിൽ തേടുകയും ചെയ്യാം. ദേവാലയവും, ദൈവവും എന്നും നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കട്ടെ. ദൈവം നമ്മെയും ചേർത്തുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2024, 17:11