തിരയുക

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ ശവസംസ്കാര ചടങ്ങിൽ പ്രിയപ്പെട്ടവരെ ഓർത്ത് വിലപിക്കുന്നവർ. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ ശവസംസ്കാര ചടങ്ങിൽ പ്രിയപ്പെട്ടവരെ ഓർത്ത് വിലപിക്കുന്നവർ. 

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടിയിൽ പതിമൂന്ന് പലസ്തീനികൾ വധിക്കപ്പെട്ടു

അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കഴിഞ്ഞ വ്യാഴാഴ്ച ക്യാമ്പിൽ ആരംഭിച്ച സൈനീക നടപടിയിൽ തങ്ങളുടെ സൈന്യം പത്ത് തീവ്രവാദികളെ വധിച്ചതായി ഇസ്രായേലിന്റെ പ്രതിരോധ സേന അറിയിച്ചു. നടപടിയിൽ നാല് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടതിൽ പിന്നെ വെസ്റ്റ് ബാങ്കിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ വെസ്റ്റ് ബാങ്കിലും ജെറുസലേമിന്റെ കിഴക്കുമായി 450 ലധികം പലസ്തീനികളുടെ മരണത്തിലേക്ക് നയിച്ചു.

ഒരു പ്രത്യേക സംഭവവികാസത്തിൽ, തുർക്കി പ്രസിഡണ്ട് തയ്യിപ് എർദോഗൻ ഇസ്താംബൂളിൽ സന്ദർശനം നടത്തുന്ന ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഇസ്മായിൽ ഹനിയയുമായി ഗാസ സംഘർഷത്തെക്കുറിച്ചും സമാധാന സംരംഭങ്ങളുടെ സാധ്യതകളെക്കുറിച്ചും ചർച്ച നടത്തി. ഗാസ മുനമ്പിലേക്ക് മാനുഷിക സഹായ വിതരണം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം എർദോഗനും ഹനിയേയും ഊന്നിപ്പറയുകയും പ്രാദേശിക സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

45,000 ടൺ ഇതിനകം വിതരണം ചെയ്തിട്ടുള്ള ഗാസയ്ക്ക് മാനുഷിക സഹായം നൽകുന്നതിനും പലസ്തീനിയൻ വിഷയത്തെക്കുറിച്ച് അന്താരാഷ്ട്ര അവബോധം വളർത്തുന്നതിനുമുള്ള തുർക്കിയുടെ പ്രതിബദ്ധത എർദോഗൻ ആവർത്തിച്ചു. വ്യാപാര നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഉപരോധങ്ങൾ അടുത്തിടെ തുർക്കി ഇസ്രായേലിനെതിരെ നടപ്പാക്കിയിരുന്നു.

അതിനിടെ, പലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്, പലസ്തീൻ വാർത്താ ഏജൻസിയോടു സംസാരിക്കവെ, ഇസ്രയേലിനു നൽകുന്ന അചഞ്ചലമായ പിന്തുണയുടെ വെളിച്ചത്തിൽ വാഷിംഗ്ടണുമായുള്ള ഉഭയകക്ഷി ബന്ധം പലസ്തീനയിലെ അധികാരികൾ പുനഃപരിശോധിക്കുകയാണെന്ന് പ്രഖ്യാപിച്ചു. പലസ്തീനിന്റെ സമ്പൂർണ്ണ അംഗത്വത്തിനായി വാദിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന്റെ കരട് യുഎസ് വീറ്റോ ചെയ്തതിന് പിന്നാലെയാണ് അബ്ബാസിന്റെ പരാമർശം, അത് ഏറ്റം "നിരാശാജനകവും, ഖേദകരവും, ലജ്ജാകരവും, നിരുത്തരവാദപരവും, നീതീകരിക്കപ്പെടാനാവാത്തതു" മാണ് എന്ന് അദ്ദേഹം അപലപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2024, 14:09