തിരയുക

സഹായമെത്തിക്കുന്ന സന്നദ്ധപ്രവർത്തകർ - ഉക്രൈനിൽനിന്നുള്ള ഒരു ദൃശ്യം സഹായമെത്തിക്കുന്ന സന്നദ്ധപ്രവർത്തകർ - ഉക്രൈനിൽനിന്നുള്ള ഒരു ദൃശ്യം 

ഉക്രൈന് 1400 ശീതസംഭരണികൾ നൽകിയതായി യൂണിസെഫ്

പ്രതിരോധമരുന്നുകൾ സംരക്ഷിക്കാനായി, ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്, ഉക്രൈന് 1400-ഓളം ശീതസംഭരണികൾ നൽകി. ഉക്രൈനിലെ ഏതാണ്ട് അയ്യായിരത്തോളം ആരോഗ്യപ്രവർത്തകക്ക് യൂണിസെഫ് പ്രതിരോധമരുന്നുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരിശീലനം നൽകി. മുൻപ് ആറായിരത്തിലധികം ശീതസംഭരണികൾ യൂണിസെഫ് ഉക്രൈന് നൽകിയിരുന്നു. 2023 മുതൽ നാളിതുവരെ ഏതാണ്ട് മുപ്പത് ലക്ഷം പ്രതിരോധമരുന്നുകളാണ് യൂണിസെഫ് രാജ്യത്തിന് നൽകിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉക്രൈനുമേൽ റഷ്യ നടത്തുന്ന അധിനിവേശവും, അതുമായി ബന്ധപ്പെട്ട സംഘർഷങ്ങളും തുടരുന്നതിനിടെ, രാജ്യത്ത് ആരോഗ്യരംഗത്ത് കൈത്താങ്ങായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ ഡിസംബർ മുതലുള്ള നാലുമാസത്തിനുള്ളിൽ ഉക്രൈന് ഏതാണ്ട് 1400 ശീതസംഭരണികൾ നൽകിയതായി യൂണിസെഫ് അറിയിച്ചു. ഉക്രൈനിലെ 23 പ്രവിശ്യകളിൽ പ്രതിരോധമരുന്നുകളുടെ സംരക്ഷണം ഉറപ്പുവരുത്താനായാണ് ശിശുക്ഷേമനിധി ഇവ നൽകിയത്. രാജ്യത്ത് ഏതാണ്ട് അയ്യായിരത്തോളം ആരോഗ്യപ്രവർത്തകർക്ക്, പ്രതിരോധമരുന്നുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പരിശീലനം നൽകിയതായും സംഘടന അറിയിച്ചു. മാർച്ച് 14 വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഐക്യരാഷ്ട്രസഭാസംഘടന പുറത്തുവിട്ടത്.

യു.എസ്. എയിഡ്, ലോകബാങ്ക്, കോവാക്സ് തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തിവരുന്ന സഹായപ്രവർത്തനങ്ങളുടെ ഭാഗമായി ഉക്രൈനിലെ ഏതാണ്ട് തൊണ്ണൂറ്റിയഞ്ച് ശതമാനം ആരോഗ്യസ്ഥാപനങ്ങളിലും, എൺപത് ശതമാനം പ്രതിരോധമരുന്ന് വിതരണയിടങ്ങളിലും മെച്ചപ്പെട്ട സംരക്ഷണമൊരുക്കാൻ സാധിക്കുന്നുണ്ടെന്ന് യൂണിസെഫ് അവകാശപ്പെട്ടു. യൂണിസെഫ് ഉക്രൈൻ പ്രതിനിധി മുനീർ മമ്മദ്സാദേയാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. വൈദ്യുതോർജ്ജത്തിന്റെ അഭാവത്തിൽപ്പോലും മൂന്ന് ദിവസങ്ങൾ വരെ പ്രതിരോധമരുന്നുകൾ സൂക്ഷിക്കാൻ നിലവിലെ സംവിധാനങ്ങൾ വഴി സാധിക്കുമെന്ന് യൂണിസെഫ് വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളിൽ ഏതാണ്ട് ആറായിരത്തി അറുന്നൂറോളം ശീതസംഭരണികൾ ഉക്രൈനിലെത്തിച്ചിരുന്നുവെന്ന് യൂണിസെഫ് അറിയിച്ചു. പ്രതിരോധമരുന്നുകൾ വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നതിനായി ശീതീകരിച്ച 36 ട്രക്കുകളും നൽകിയിട്ടുണ്ട്.

രണ്ടായിരത്തിഇരുപത്തിമൂന്ന് മുതൽ നാളിതുവരെ ഉക്രൈനിൽ വിവിധരോഗങ്ങൾക്കായുള്ള  ഏതാണ്ട് മുപ്പതുലക്ഷത്തോളം പ്രതിരോധമരുന്ന് ഡോസുകൾ തങ്ങൾ എത്തിച്ചതായും, അറുപത്തിരണ്ട്‍ ലക്ഷത്തോളം സിറിഞ്ചുകൾ നൽകിയതായും യൂണിസെഫ് വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 March 2024, 17:01