തിരയുക

സങ്കീർത്തനചിന്തകൾ - 65 സങ്കീർത്തനചിന്തകൾ - 65 

വിശ്വാസിയിൽ സംപ്രീതനാകുന്ന ദൈവം

വചനവീഥി: അറുപത്തിയഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അറുപത്തിയഞ്ചാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നന്ദിയുടെയും സ്തുതിയുടെയും ഭാവത്തിന് പ്രാധാന്യം നൽകുന്ന മനോഹരമായ ഒരു ഗീതമാണ്, ഗായകസംഘനേതാവിന് ദാവീദിന്റെ കീർത്തനം എന്ന തലക്കെട്ടോടെയുള്ള അറുപത്തിയഞ്ചാം സങ്കീർത്തനം. സൃഷ്ടികർമ്മം, ദൈവജനമായി ഇസ്രായേൽ തിരഞ്ഞെടുക്കപ്പെടുന്നത്, ദൈവത്തിന്റെ സംരക്ഷണം, ദൈവമഹത്വം വെളിവാക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ, അനുഗ്രഹമേകുന്ന ദൈവത്തിന്റെ സാന്നിദ്ധ്യം, ഭൂമിയെ ഫലപുഷ്ടമാക്കുന്ന ദൈവം തുടങ്ങിയ വിവിധ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കാവ്യമാണ് ഈ സങ്കീർത്തനം. ദൈവമാണ് അനുഗ്രഹങ്ങൾ നൽകുന്നവൻ, അവനാണ് മോചകൻ, ശക്തനായ കർത്താവ്, എന്നൊക്കെയുള്ള തിരിച്ചറിവുകളിൽനിന്നാണ് മനുഷ്യരിൽ അവനോടുള്ള ആരാധനയുടെ ഭാവം ഉയരുന്നത്. സമൃദ്ധി നൽകുന്നവൻ ദൈവമാണ്. അവനാണ് മനുഷ്യഹൃദയങ്ങളിൽ സന്തോഷം നിറയ്ക്കുന്നത്. അനുഗ്രഹങ്ങളുടെ ദാതാവായ ദൈവത്തെ തിരിച്ചറിയുകയും, അവനോടുള്ള നന്ദി ഹൃദയത്തിൽ നിറയുകയും ചെയ്യുമ്പോഴാണ് ഒരുവൻ ഭക്ത്യാദരവുകളോടെ ദൈവത്തിന്റെ സ്തുതികളുയർത്തുന്നത്.

ഭക്തിയും നന്ദിയും നിറഞ്ഞ ദൈവജനം

ആരാധനയോടെയും നന്ദിയോടെയും ദൈവസന്നിധിയിൽ, സീയോനിലെ ദേവാലയത്തിൽ ആയിരിക്കുന്ന ഒരു സമൂഹത്തിന്റെ വാക്കുകളെന്ന ശൈലിയിലാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ നാലുവരെയുള്ള വാക്യങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്: "ദൈവമേ, സീയോനിൽ വസിക്കുന്ന അങ്ങ് സ്തുത്യർഹനാണ്; അങ്ങേക്കുള്ള നേർച്ചകൾ ഞങ്ങൾ നിറവേറ്റും. പ്രാർത്ഥന ശ്രവിക്കുന്നവനെ, മർത്യരെല്ലാം പാപഭാരവുമായി അങ്ങയുടെ സന്നിധിയിൽ വരുന്നു. അകൃത്യങ്ങൾക്ക് അടിമപ്പെടുമ്പോൾ അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നു. അങ്ങയുടെ അങ്കണത്തിൽ വസിക്കാൻ അങ്ങ് തന്നെ തിരഞ്ഞെടുത്തു കൊണ്ടുവന്നവൻ ഭാഗ്യവാൻ; ഞങ്ങൾ അങ്ങയുടെ ആലയത്തിലെ, വിശുദ്ധമന്ദിരത്തിലെ നന്മകൊണ്ടു സംതൃപ്തരാകും" (സങ്കീ. 65, 1-4). തിരഞ്ഞെടുക്കപ്പെട്ട ജനം സീയോന്റെ, ജറുസലേമിന്റെ പ്രാധാന്യം ഏറ്റുപറയുന്നതാണ് ഒന്നാം വാക്യത്തിൽത്തന്നെ നാം കാണുന്നത് (1). ഇസ്രായേൽ ജനത്തെ സംബന്ധിച്ചിടത്തോളം, പ്രാർത്ഥനയുടെ മാത്രമല്ല, തങ്ങളോട് കരുണ കാട്ടിയ ദൈവത്തിനുള്ള നേർച്ചകാഴ്ചകൾ അർപ്പിക്കാനുള്ള ഇടം കൂടിയാണ് ജറുസലേം ദേവാലയം. ഇന്നത്തേതുപോലെ, അനുഗ്രഹങ്ങൾക്കായി നേർച്ചകൾ നേർന്ന് പ്രാർത്ഥിക്കുകയും, അവ ലഭിക്കുമ്പോൾ തങ്ങളുടെ നേർച്ചകൾ നിറവേറ്റുകയും ചെയ്യുന്ന ഒരു ജനത്തെയാണ് നാം ഇവിടെ കാണുക. തുടർന്നുവരുന്ന വാക്യങ്ങളിലാകട്ടെ, ദൈവജനം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചും, കുറവുകളെക്കുറിച്ചും, അയോഗ്യതകളെക്കുറിച്ചും ബോധവാന്മാരാണ് എന്നതാണ് നാം പ്രത്യേകമായി ശ്രദ്ധിക്കുന്നത് (2-3). ഏവരും ദൈവത്തിന്റെ കരുണയിൽ അഭയം തേടേണ്ടവരാണെന്ന ഒരു സത്യവും ഇവിടെ കാണാം സ്വന്തം കുറവുകളും കുറ്റങ്ങളും തിരിച്ചറിയുകയും അംഗീകരിക്കുകയും, പശ്ചാത്താപത്തോടെ ദൈവസന്നിധിയിൽ അതേറ്റുപറയുകയും ചെയ്യുന്നിടത്താണ് ഒരുവനുമുന്നിൽ മോചനത്തിന്റെയും, കാരുണ്യത്തിന്റെയും വാതിൽ തുറക്കുന്നത്. സ്വന്തം പരിധികൾ തിരിച്ചറിയുന്നിടത്താണ്, അനുഗ്രഹങ്ങൾ ദൈവദാനമായിരുന്നുവെന്ന് നന്ദിയോടെ അംഗീകരിക്കാനാകുന്നത്. തന്റെ സൃഷ്ടിയായ ജനത്തിന്റെ അകൃത്യങ്ങളും, കുറവുകളും പൊറുക്കാനും, അവർക്ക് മോചനത്തിന്റെ ആനന്ദവും ആശ്വാസവും നൽകാനും സൃഷ്ടാവായ ദൈവത്തിനല്ലാതെ ആർക്കാണ് സാധിക്കുക? നാലാം വാക്യത്തിലാകട്ടെ, കർത്താവിനെ തന്റെ രാജാവും നാഥനുമായി അംഗീകരിക്കുന്ന ജനത്തെയാണ് നാം കാണുക. അവനാണ് അവരെ തിരഞ്ഞെടുത്തത്. അവന്റെ ആലയത്തിൽ ആയിരിക്കുന്നത്, അവന്റെ നന്മകളും അനുഗ്രഹങ്ങളും സ്വീകരിക്കുന്നത്, വിശ്വാസികളിൽ സംതൃപ്തി നിറയ്ക്കും.

സൃഷ്ടികർമ്മവും ദൈവമഹത്വവും

സൃഷ്ടികർമ്മത്തിൽ വെളിവാകുന്ന ദൈവമഹത്വമാണ് സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ എട്ടുവരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ വർണ്ണിക്കുന്നത്: "ഞങ്ങളുടെ രക്ഷയായ ദൈവമേ, ഭീതികരമായ പ്രവൃത്തികളാൽ അങ്ങ് ഞങ്ങൾക്ക് മോചനമരുളുന്നു, ഭൂമി മുഴുവന്റെയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്. അവിടുന്ന് ശക്തികൊണ്ട് അര മുറുക്കി പർവ്വതങ്ങളെ ഉറപ്പിക്കുന്നു. അവിടുന്ന് സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ അലർച്ചയും ജനതകളുടെ കലഹവും ശമിപ്പിക്കുന്നു. ഭൂമിയുടെ വിദൂരമായ അതിരുകളിൽ വസിക്കുന്നവരും അവിടുത്തെ അത്ഭുതപ്രവൃത്തികൾ കണ്ടു ഭയപ്പെടുന്നു. ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകൾ ആനന്ദം കൊണ്ട് ആർത്തുവിളിക്കാൻ അങ്ങ് ഇടയാക്കുന്നു" (സങ്കീ. 65, 5-8). ഈജിപ്തിൽനിന്നുള്ള മോചനം, പ്രപഞ്ചത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട, പർവ്വതങ്ങളെ ഉറപ്പിക്കുന്ന, ജലത്തെ അടക്കി നിറുത്തുകയും അതിനെ ശാന്തമാക്കുകയും ചെയ്യുന്ന ദൈവം, ദേശങ്ങളെ നിയന്ത്രിക്കുന്ന അധികാരം തുടങ്ങിയ ചിന്തകൾ ഉണർത്തുന്ന വാക്യങ്ങളാണ് ഇവിടെ നമുക്ക് കാണാനാകുന്നത്. ഇസ്രായേൽ എന്ന തിരഞ്ഞെടുക്കപ്പെട്ട ജനവുമായി ബന്ധപ്പെട്ട ചിന്തകളിൽനിന്ന് ഉയർന്ന്, ലോകത്തിന്റെ അതിരുകളോളം ഇസ്രയേലിന്റെ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾ കാണുകയും അവനെ ഭയപ്പെടുകയും ആരാധിക്കുകയും ചെയ്യും എന്ന ഒരു ചിന്ത കൂടി ദാവീദ് ഇവിടെ കൊണ്ടുവരുന്നുണ്ട്. കിഴക്കും പടിഞ്ഞാറും, ഭൂമിയുടെ അതിർത്തികൾ വരെ, കർത്താവിൽ ആനന്ദിക്കും. പ്രപഞ്ചത്തിന്റെ മുഴുവൻ സൃഷ്ടാവും നാഥനുമാണവിടുന്ന്. അതുകൊണ്ടുതന്നെ പ്രപഞ്ചശക്തികൾക്കും എല്ലാ അധികാരങ്ങൾക്കും മേൽ അധികാരമുള്ള ദൈവമാണ് അവൻ. ശക്തവും ഭീതിതവും ആധികാരികവുമായ ദൈവത്തിന്റെ ഇടപെടൽ ഭൂമിയിൽ ആനന്ദം കൊണ്ടുവരുമെന്ന ഒരു ചിന്തയും ദാവീദ് പങ്കുവയ്ക്കുന്നുണ്ട് (8).

കരുണാമയനായ ദൈവം

സങ്കീർത്തനത്തിന്റെ ഒൻപത് മുതൽ പതിമൂന്ന് വരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന അവസാനഭാഗത്ത്, പ്രപഞ്ചസൃഷ്ടാവ്‌ എപ്രകാരമാണ് പ്രപഞ്ചത്തിൽ, അതുവഴി മാനവരാശിയിൽ അനുഗ്രഹങ്ങൾ ചൊരിയുന്നതെന്നാണ് നാം കാണുന്നത്: "അവിടുന്ന് ഭൂമിയെ സന്ദർശിച്ച് അതിനെ നനയ്ക്കുന്നു, അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു: ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു; അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്കു ധാന്യം നൽകുന്നു. അവിടുന്ന് അതിന്റെ ഉഴവുചാലുകളെ സമൃദ്ധമായി നനയ്ക്കുന്നു; കട്ടയുടച്ചു നിരത്തുകയും മഴ വർഷിച്ച് അതിനെ കുതിർക്കുകയും ചെയ്യുന്നു; അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു. സംവത്സരത്തെ അവിടുന്ന് സമൃദ്ധികൊണ്ടു മകുടം ചാർത്തുന്നു; അങ്ങയുടെ രഥത്തിന്റെ ചാലുകൾ പുഷ്ടി പൊഴിക്കുന്നു. മരുപ്രദേശത്തെ പുൽപ്പുറങ്ങൾ സമൃദ്ധി ചൊരിയുന്നു; കുന്നുകൾ സന്തോഷം അണിയുന്നു. മേച്ചിൽപ്പുറങ്ങൾ ആട്ടിൻകൂട്ടങ്ങളെക്കൊണ്ട് ആവൃതമാകുന്നു; താഴ്വരകൾ ധാന്യം കൊണ്ട് മൂടിയിരിക്കുന്നു; സഭ സന്തോഷം കൊണ്ട് അവ ആർത്തുപാടുന്നു" (സങ്കീ. 65, 9-13). ഒരു വിളവെടുപ്പുത്സവത്തിന്റെ പ്രതീതിയുയർത്തുന്ന വാക്കുകളാണ് ഇവിടെ നമുക്ക് കാണാനാകുന്നത്. ഭൂമി മുഴുവനെയും ഫലപുഷ്ടിനിറഞ്ഞതാക്കുന്നത് ദൈവമാണ്. സൂര്യന്റെ ചൂടിൽ വെന്തുകിടക്കുന്ന മണ്ണിലേക്ക് പെയ്യുന്ന ആദ്യ മഴത്തുള്ളികൾ എപ്രകാരം മണ്ണിനെ മയമുള്ളതാക്കി മാറ്റുന്നോ, അതുപോലെ എത്ര കാഠിന്യം നിറഞ്ഞ ഹൃദയത്തിലും തന്റെ കരുണയുടെ നീർച്ചാലുകൾ ഒഴുക്കി അതിൽ നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കാൻ കഴിവുള്ളവനാണ് ദൈവം. സ്വർഗ്ഗത്തിന്റെ നന്മ ഭൂമിയിലേക്കൊഴുകുന്നതാണ് മനുഷ്യർക്ക് അനുഗ്രഹമാകുന്നത്. ദൈവത്തിന്റെ കരുണയാണ് മനുഷ്യന്റെ വിശപ്പുമാറ്റുന്ന ധാന്യമേകുന്നത്. അവനെ വഹിക്കുന്ന രഥങ്ങളുടെ ചക്രമുരുളുന്ന ഇടങ്ങൾ പുഷ്ടി പൊഴിക്കുന്ന ഇടങ്ങളായി മാറുന്നു. പ്രപഞ്ചം മുഴുവൻ ആനന്ദത്താൽ ആർപ്പുവിളിക്കുമാറ് ദൈവം അതിനെ അനുഗ്രഹിച്ചിരിക്കുന്നു. ഏശയ്യായുടെ പുസ്തകം നാൽപ്പത്തിനാലാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യത്തിലും, കർത്താവിനെ സ്തുതിച്ചുപാടുവാൻ പ്രപഞ്ചത്തോട് കർത്താവ് ആവശ്യപ്പെടുന്നത് നാം കാണുന്നുണ്ട് (ഏശയ്യാ 44, 23). കർത്താവിന്റെ കാരുണ്യവും അനുഗ്രഹവും ഏറ്റുവാങ്ങുന്ന മണ്ണിനും മനുഷ്യനും, ഈ പ്രപഞ്ചത്തിന് മുഴുവനും ദൈവത്തിന് സ്തോത്രഗീതം ആലപിക്കാതിരിക്കാനാകുമോ?

സങ്കീർത്തനം ജീവിതത്തിൽ

അറുപത്തിയഞ്ചാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ദാവീദിനും, ഇസ്രായേൽ ജനത്തിനും, സർവ്വപ്രപഞ്ചത്തിനുമൊപ്പം, പ്രപഞ്ചസൃഷ്ടവും നമ്മുടെ നാഥനുമായ കർത്താവിന് സ്തുതിയുടെ ഗീതം പാടാൻ സങ്കീർത്തകൻ നമ്മെയും ക്ഷണിക്കുന്നുണ്ട്. ദൈവസന്നിധിയിൽ, ദൈവത്തിന്റെ ആലയത്തിൽ ആയിരിക്കുന്നതിന്റെ ആനന്ദവും ആശ്വാസവും തിരിച്ചറിയാം. പ്രപഞ്ചം വിളിച്ചോതുന്ന, സൃഷ്ടാവും പരിപാലകനുമായ ദൈവത്തിന്റെ മഹത്വം നമുക്കും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യാം. ആർത്തുലയുന്ന തിരമാലകളെ, ജീവിതമുയർത്തുന്ന പ്രതിസന്ധികളെ നിയന്ത്രിക്കാൻ കഴിവുള്ള, അവയെ തരണം ചെയ്യാൻ നമ്മെ തയ്യാറാക്കുന്ന, ശക്തിപകരുന്ന ദൈവമാണവൻ. അവന്റെ കാരുണ്യം അളവുകളില്ലാതെ നമ്മിലേക്കൊഴുകുന്നത് തിരിച്ചറിയാം. നമ്മുടെ ഹൃദയത്തിന്റെ വരണ്ട മണ്ണിൽ ദൈവാനുഗ്രഹം നനവായി പെയ്തിറങ്ങി, അതിനെ ഫലപുഷ്ടമാക്കട്ടെ. നിറവും, സമൃദ്ധിയും ചൊരിയുന്ന നമ്മുടെ കർത്താവിൽ ആനന്ദിക്കുകയും, അവന്റെ സ്തോത്രമാലപിക്കുകയും ചെയ്യാം. ദൈവകരുണ നിറഞ്ഞ സംവത്സരങ്ങൾ നമുക്ക് മുന്നിലുണ്ടാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2024, 03:24