തിരയുക

സങ്കീർത്തനചിന്തകൾ - 64 സങ്കീർത്തനചിന്തകൾ - 64 

ദുഷ്ടന് ശിക്ഷയും, നീതിമാന് സംരക്ഷണവും നൽകുന്ന കർത്താവ്

വചനവീഥി: അറുപത്തിനാലാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അറുപത്തിനാലാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മനുഷ്യരുടെ ഉള്ളറിയുന്ന, അവരിലെ നന്മതിന്മകൾ തിരിച്ചറിയുന്ന ദൈവം ഈ ഭൂമിയിൽ തിന്മ പ്രവർത്തിക്കുന്നവർക്ക് തക്കതായ ശിക്ഷ നൽകുമെന്ന ആശയം പങ്കുവയ്ക്കുന്ന ഒരു ജ്ഞാനാഗീതമാണ് അറുപത്തിനാലാം സങ്കീർത്തനം. ശത്രുക്കളുടെ ദുഷ്ടതമൂലം ജീവിതത്തിൽ കഠിനമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന, എന്നാൽ ദൈവത്തിന്റെ സംരക്ഷണത്തിൽ അടിയുറച്ചുവിശ്വസിക്കുന്ന ഒരുവന്റെ വിലാപമാണിതെന്ന് വേണമെങ്കിൽ പറയാം. ദുഷ്ടരായ മനുഷ്യരെ നീതിമാന്റെ ശത്രുക്കളായാണ് സങ്കീർത്തകൻ പൊതുവെ ചിത്രീകരിക്കുന്നത്. മറ്റുള്ളവർക്കായി ദുഷ്ടർ വിഭാവനം ചെയ്യുന്ന തിന്മകൾ അവരുടെ തന്നെ ജീവിതത്തിൽ വന്നുഭവിക്കുമ്പോൾ, ഈ ലോകത്തിന്റെ യഥാർത്ഥ നിയന്താവ് ആരാണെന്ന് അവർ മനസ്സിലാക്കും. ദുഷ്ടർ ശിക്ഷിക്കപ്പെടുന്നത് ലോകത്തിന് ദൈവികമായ നീതിയെക്കുറിച്ചുള്ള സാക്ഷ്യമായി മാറുമെന്ന് സങ്കീർത്തനം വ്യക്തമാക്കുന്നു. ഈയൊരു ഉദ്ബോധനത്തിന്റെ പശ്ചാത്തലത്തിൽ, ദൈവത്തോട് ചേർന്ന് നിൽക്കാനും, അവിടുന്നിൽ ആനന്ദം കൊള്ളാനും നീതിമാന്മാരെ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നു. ദൈവത്തിന്റെ മഹത്വം തിരിച്ചറിയാനും, അവന്റെ മുന്നിൽ ഭയഭക്ത്യാദരവുകളോടെ ജീവിക്കാനും മനുഷ്യർക്കുള്ള കടമയെക്കൂടി ഈ സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്.

ദുഷ്ടരുടെ തിന്മയും നീതിമാന്റെ വിലാപപ്രാർത്ഥനയും

അറുപത്തിനാലാം സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് ദാവീദ് രണ്ടു കാര്യങ്ങളാണ് എഴുതുന്നത്. ഇതിൽ ഒന്നാമത്തേത്, ഒന്നും രണ്ടും വാക്യങ്ങളിൽ നാം കാണുന്ന നീതിമാന്റെ പ്രാർത്ഥനയാണ്: "ദൈവമേ, എന്റെ ആവലാതി കേൾക്കണമേ! ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ രക്ഷിക്കണമേ! ദുഷ്ടരുടെ ഗൂഢാലോചനകളിൽനിന്നും ദുഷ്കർമ്മികളുടെ കുടിലതന്ത്രങ്ങളിൽനിന്നും എന്നെ മറയ്ക്കേണമേ!" (സങ്കീ. 64, 1-2). തന്റെ ഹൃദയത്തിന്റെ നിശബ്ദവേദനകളെപ്പോലും തിരിച്ചറിയുന്ന ദൈവത്തിന് മുൻപിലാണ് ദാവീദ് സഹായത്തിനായി ആവലാതിയുടെ സ്വരമുയർത്തുന്നത്. ഇത് ദുഷ്ടരുടെ പ്രവൃത്തികളുടെ മുന്നിലുള്ള അവന്റെ ഭയത്തിന്റെ തോതാണ് വ്യക്തമാക്കുന്നത്. ജീവനുപോലും ഭീതിയുണർത്തുന്ന ശത്രു തനിക്കെതിരെ നിൽപ്പുണ്ടെന്ന ചിന്തയുടെ മുന്നിലാണ് അവൻ ദൈവത്തിലേക്ക് സഹായത്തിനായി കണ്ണുകളുയർത്തുക. നേരിട്ടുള്ള എതിർപ്പുകൾ ഉയർത്തുന്ന മനുഷ്യരേക്കാൾ, ഗൂഢമായ ആലോചനകൾ നടത്തുകയും, കുടിലതന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന ദുഷ്കർമ്മികളെയാണ് കൂടുതൽ ഭയക്കേണ്ടതെന്ന തത്വം ഈ സങ്കീർത്തനവരികളിൽ നമുക്ക് കാണാം.

ദാവീദ് ദൈവസന്നിധിയിലുയർത്തുന്ന പ്രാർത്ഥനയുടെ കാരണങ്ങളാണ് മൂന്ന് മുതൽ ആറുവരെയുളള വാക്യങ്ങളിൽ നമുക്ക് കാണാനാകുന്നത്: "അവർ തങ്ങളുടെ നാവുകൾ വാളുപോലെ മൂർച്ചയുള്ളതാക്കുന്നു; അവർ പരുഷവാക്കുകൾ അസ്ത്രം പോലെ തൊടുക്കുന്നു. അവർ നിർദോഷരെ ഒളിഞ്ഞിരുന്ന് എയ്യുന്നു; പെട്ടെന്ന് കൂസലെന്നിയേ എയ്യുന്നു. അവർ തങ്ങളുടെ ദുഷ്ടലക്ഷ്യത്തിൽ ഉറച്ചുനിൽക്കുന്നു; എവിടെ കെണിവയ്ക്കണമെന്ന് അവർ ആലോചിക്കുന്നു; അവർ വിചാരിക്കുന്നു: ആരു നമ്മെ കാണും? നമ്മുടെ കുറ്റകൃത്യങ്ങൾ ആരു കണ്ടുപിടിക്കും? കൗശലപൂർവമാണ് നാം കെണിയൊരുക്കിയത്; മനുഷ്യന്റെ അന്തരംഗവും ഹൃദയവും എത്ര അഗാധം!" (സങ്കീ. 64, 3-6). നിഷ്കളങ്കരും നീതിമാന്മാരുമായ മനുഷ്യർക്കെതിരെയുള്ള ദുഷ്ടരുടെ വാക്കുകളെയും പ്രവൃത്തികളെയും മൂർച്ചയേറിയ വാള് പോലെയും മുറിവേൽപ്പിക്കുന്ന അസ്ത്രം പോലെയും ദാവീദ് വർണ്ണിക്കുന്നത് മറ്റു പല സങ്കീർത്തനങ്ങളിലും നാം കാണുന്നുണ്ട് (സങ്കീ 11, 2; 37, 14; 55, 22; 57, 5). ദാവീദിനെതിരെ ശത്രുക്കൾ ഒരുക്കിയ കെണികളും, അവരുടെ ഗൂഢാലോചനകളും അവന്റെ നാശം ലക്‌ഷ്യം വച്ചുള്ളവയായിരുന്നുവെന്ന് നമുക്കറിയാം. നിഷ്കളങ്കമെന്ന് തോന്നിച്ചേക്കാവുന്ന കളിയാക്കലുകളും, പരിഹാസച്ചുവയോടെ ഇകഴ്ത്തിക്കാട്ടിയുള്ള വാക്കുകളും മാത്രമല്ല സങ്കീർത്തകൻ ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് നിർദോഷരുടെയും നീതിമാന്മാരുടെയും നാശം ലക്‌ഷ്യം വച്ച് ദൈവഭയമില്ലാത്ത മനുഷ്യർ എയ്യുന്ന ദുഷ്ടതയെയാണ് ദാവീദ് ഇവിടെ പരാമർശിക്കുന്നത്. പ്രതീക്ഷിക്കാത്ത ഇടങ്ങളിലും സമയങ്ങളിലുമാണ് ദാവീദിനെതിരെ ശത്രുക്കൾ അതിക്രമം അഴിച്ചുവിടുന്നത്. പ്രതിരോധിക്കാൻ പോലും അവസരം നൽകാതെയാണ് ദുഷ്ടത നിറഞ്ഞ മനുഷ്യർ മറ്റുള്ളവർക്കെതിരെ കൂസലെന്ന്യേ ആക്രമിക്കുന്നത്.

ദൈവചിന്തയില്ലാത്തതിനാലാണ് പലപ്പോഴും, തിന്മയിൽ ജീവിക്കുന്ന മനുഷ്യർ അതിൽ തുടരുന്നത്. അവർ സഹമനോഭാവമുള്ള ദുഷ്ടർക്കൊപ്പം ഒരുമിച്ചു കൂടുകയും, ആരും തങ്ങളുടെ കുറ്റകൃത്യങ്ങൾ കാണില്ലെന്ന ചിന്തയിൽ, നീതിമാന്മാർക്കെതിരെ കെണികൾ ഒരുക്കുകയും ചെയ്യുന്നു. മനുഷ്യരുടെ അന്തരംഗവും ഹൃദയവും എത്ര അഗാധം എന്ന വാക്കുകളിൽ, ദുഷ്ടരിലെ കപടതയുടെ ആഴത്തെക്കുറിച്ചാണ് ദാവീദ് പറയുന്നത്. നന്മയാൽ നിറയേണ്ട മനസ്സ് തിന്മയുടെ കെണികൾ മെനയുന്ന പാപത്തിന്റെ ഇടമായി മാറിയിരിക്കുന്നു.

ദുഷ്ടരെ ശിക്ഷിക്കുന്ന ദൈവം

സങ്കീർത്തനത്തിന്റെ ഏഴും എട്ടും വാക്യങ്ങൾ നീതിമാർക്കെതിരെ പ്രവർത്തിക്കുന്ന ദുഷ്ടർക്ക് ദൈവം നൽകാനിരിക്കുന്ന ശിക്ഷയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്: "എന്നാൽ, ദൈവം അവരുടെമേൽ അസ്ത്രമയക്കും; നിനച്ചിരിക്കാതെ അവർ മുറിവേൽക്കും. അവരുടെ നാവു നിമിത്തം അവിടുന്ന് അവർക്കു വിനാശം വരുത്തും; കാണുന്നവരെല്ലാം അവരെ പരിഹസിച്ചു തലകുലുക്കും" (സങ്കീ. 64, 7-8). നീതിമാന്മാരും നിർദോഷികളുമായ മനുഷ്യർക്കെതിരെ ദുഷ്ടർ ചെയ്തതും, ചെയ്യാനിരുന്നതുമായ തിന്മകളാണ് ദൈവം ദുഷ്ടർക്ക് ശിക്ഷയായി നൽകുന്നത്. അവരുടെ നാവിന്റെ മൂർച്ച അവർക്കെതിരെ അസ്ത്രമായും വാളായും പതിക്കുമെന്നും, മറ്റുള്ളവരെ മുറിവേൽപ്പിക്കാൻ കൂസലെന്ന്യേ അമ്പെയ്ത അവർക്ക് നിനച്ചിരിക്കാത്ത അവസരത്തിൽ മുറിവേൽക്കുമെന്നും സങ്കീർത്തകൻ എഴുതുന്നു. മനുഷ്യൻ മനസ്സുമാറി ദൈവത്തിലേക്ക് തിരിയുന്നില്ലെങ്കിൽ ദൈവം അവനെതിരെ തിരിയുമെന്ന് മറ്റു സങ്കീർത്തനങ്ങളിലും ദാവീദ് ഓർമ്മിപ്പിക്കുന്നുണ്ട് (7, 13–14; 38, 3). ദാവീദിന്റെ നാശം കാത്ത് അവനെതിരെ പദ്ധതികൾ നെയ്തവർ, അവർക്ക് മുകളിൽ അധികാരമുള്ള, തന്റെ ഭക്തന്റെ ജീവനെ സംരക്ഷിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞില്ല. നീതിമാന്റെ സുഹൃത്ത് ദൈവമാണ്. തന്നിൽ അഭയം തേടുന്ന വിശ്വാസിയുടെ ശത്രുവിനെതിരെ നിനച്ചിരിക്കാത്ത നേരത്തായിരിക്കും ദൈവം തന്റെ കരമുയർത്തുക. മറ്റുള്ളവർക്കെതിരെ തിന്മ പറഞ്ഞ, നാശത്തിന്റെ പദ്ധതികൾ ഒരുക്കിയ തങ്ങളുടെ നാവ് നിമിത്തം അവർക്ക് വിനാശം വന്നുചേരും. നീതിമാനെ അപഹസിക്കാൻ തുനിഞ്ഞ അവർ അപഹാസ്യരാകും.

ദുഷ്ടരായ മനുഷ്യർക്കെതിരെയുള്ള ദൈവശിക്ഷ, ലോകത്തിനും ജനതകൾക്കുമുള്ള ഒരു പാഠമാണെന്ന് ദാവീദ് എഴുതിവയ്ക്കുന്നു. ഒൻപതാം വാക്യത്തിൽ ഇതാണ് നാം കാണുന്നത്: "അപ്പോൾ സകലരും ഭയപ്പെടും; അവർ ദൈവത്തിന്റെ പ്രവൃത്തിയെ പ്രഘോഷിക്കും; അവിടുത്തെ ചെയ്തികളെക്കുറിച്ചു ധ്യാനിക്കും" (സങ്കീ. 64, 9). അഞ്ചാം വാക്യത്തിൽ കാണുന്ന, ആരാണ് തങ്ങളുടെ പ്രവൃത്തികൾ കാണുകയെന്ന, അഹങ്കാരം നിറഞ്ഞ അവരുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇവിടെ സങ്കീർത്തകൻ എഴുതിവയ്ക്കുന്നത്. ദൈവം എല്ലാം കാണുകയും, മനുഷ്യരുടെ ഹൃദയവിചാരങ്ങൾ പോലും അറിയുകയും ചെയ്യുന്നുണ്ട്. ദുഷ്ടർ ശിക്ഷിക്കപ്പെടുമ്പോൾ, സകലരും അതറിയുകയും, ദൈവത്തിന്റെ പ്രവൃത്തിയെ പ്രഘോഷിക്കുകയും ചെയ്യും. "നീതിമാൻ കർത്താവിൽ സന്തോഷിക്കട്ടെ! അവൻ കർത്താവിൽ അഭയം തേടട്ടെ! പരാമർത്ഥഹൃദയർ അഭിമാനം കൊള്ളട്ടെ! (സങ്കീ. 64, 10) എന്ന സ്തുതിയുടെയും ഉദ്ബോധനത്തിന്റെയും വാക്കുകളോടെയാണ് ദാവീദ് ഈ സങ്കീർത്തനം അവസാനിപ്പിക്കുന്നത്. കർത്താവ് ദുഷ്ടർക്ക് നൽകുന്ന ശിക്ഷയും തന്റെ വിശ്വാസികൾക്ക്  നൽകുന്ന സംരക്ഷണവും നീതിമാന്മാരിൽ സന്തോഷമുളവാക്കുകയും, അവർ ദൈവത്തോട് ചേർന്ന് നിന്ന്, അവനിൽ അഭയം കണ്ടെത്തുകയും ചെയ്യും. ദൈവത്തിന്റെ ചിറകുകളുടെ തണലിൽ അഭയം തേടുന്ന മനുഷ്യരെക്കുറിച്ച് മുപ്പത്തിയാറാം (സങ്കീ. 36, 7) സങ്കീർത്തനത്തിൽ ദാവീദ് പറയുന്നത് ഇവിടെ അനുസ്മരിക്കാം. പരാമർത്ഥതയോടെ ജീവിക്കുന്നവർ ദൈവത്തിൽ അഭിമാനം കൊള്ളും.

സങ്കീർത്തനം ജീവിതത്തിൽ

അറുപത്തിനാലാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, നന്മയിലും വിശ്വസ്തതയിലും, ദൈവഭയത്തിലും, വിശ്വാസത്തിലും ജീവിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്ന സങ്കീർത്തകന്റെ വാക്കുകൾ നമുക്ക് മനസ്സിൽ സൂക്ഷിക്കാം. മറ്റുള്ളവരുടെ നാശം ലക്ഷ്യമാക്കിയുള്ള ചതിക്കെണികളും, സമൂഹത്തിൽ നീതിമാന്റെ അന്തസ്സിന് ഹാനികരമാകുന്ന ഗൂഢാലോചനകളുമൊക്കെ മെനയുന്ന ഓരോ മനുഷ്യർക്കും ദാവീദിന്റെ ഈ ഉദ്‌ബോധനഗീതം അനുരഞ്ജനത്തിന്റെ ആഹ്വാനമായി മുന്നിൽ നിൽക്കുന്നുണ്ട്. എത്ര നിഗൂഢതയിൽ മെനഞ്ഞതെങ്കിലും, നീതിമാനെതിരെയുള്ള ചതിയും തിന്മപ്രവൃത്തികളും കുടിലതന്ത്രങ്ങളും ദൈവത്തിന്റെ കണ്ണുകൾക്ക് മുന്നിൽ മറഞ്ഞിരിക്കുന്നതല്ലെന്ന് തിരിച്ചറിയുക. അപരന്റെ സത്‌പേരിനെയും, അവന്റെ ജീവിതത്തെത്തന്നെയും, ഇല്ലാതാക്കുന്ന നിന്റെ വാക്കുകളും പ്രവൃത്തികളും നിനക്കെതിരെ വാളിന്റെയും അസ്ത്രത്തിന്റെയും മൂർച്ചയോടെയും വേഗതയിലും തിരികെപ്പതിക്കുമെന്ന് തിരിച്ചറിയുക. ദൈവത്തോടും, അവന്റെ പദ്ധതികളോടും ചേർന്ന് നിൽക്കുകയും, നന്മയും സത്യവും വാക്കുകളിലും പ്രവൃത്തികളിലും നിറയ്ക്കുകയും ചെയ്‌താൽ, ദൈവത്തിന് പ്രിയങ്കരരായ മനുഷ്യരായി, അവന്റെ സംരക്ഷണത്തിൽ ജീവിക്കാൻ നമുക്കും സാധിക്കും. കർത്താവിൽ സന്തോഷിക്കാനും, അഭിമാനിക്കാനും തക്ക വിശുദ്ധിയും പരാമർത്ഥതയും നമ്മുടെ ജീവിതങ്ങൾക്കുണ്ടാകട്ടെ. കർത്താവായ ദൈവത്തെ നമ്മുടെ രക്ഷകനും നാഥനുമായി തിരിച്ചറിയുകയും, അവന്റെ ചിറകിൻ കീഴിൽ അഭയം കണ്ടെത്തി ജീവിക്കുകയും ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2024, 12:20