തിരയുക

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. 

ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യകേന്ദ്രം തദ്ദേശീയഗോത്രവാസികൾക്ക് ഭീഷണി

നിക്കോബാർ ദ്വീപിനെ വാണിജ്യപരവും തന്ത്രപരവുമായ ഒരു കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ ഷോമ്പൻ ഗോത്രത്തിന്റെ ആവാസവ്യവസ്ഥയിൽ നിന്ന് അവരെ പലായനം ചെയ്യിക്കും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇന്ത്യൻ മഹാസമുദ്രത്തിലെ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ സർക്കാരിന്റെ മെഗാ വികസന പദ്ധതി തദ്ദേശീയ ജനതയെ, പ്രത്യേകിച്ച് ഷോമ്പൻ ഗോത്രത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു. ഒരു മെഗാ തുറമുഖം, പുതിയ നഗരം, അന്താരാഷ്ട്ര വിമാനത്താവളം, പവർ പ്ലാന്റ്,  വ്യാവസായിക പാർക്ക്, നാവിക പ്രതിരോധ കേന്ദ്രം എന്നിവയുടെ നിർമ്മാണം മാത്രമല്ല നിലവിൽ 8,000 ആളുകൾ താമസിക്കുന്ന ഒരു ദ്വീപിൽ 650,000 കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുവാനും ഉദ്ദേശിക്കുന്ന പദ്ധതിയാണിതെന്ന് ഫീദേസ് ഏജ൯സി റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ പൗര സമൂഹത്തിലെ സംഘടനകൾ ആശങ്കകൾ അറിയിച്ചിട്ടും, 800,000 ലധികം വനവൃക്ഷങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അനുമതി ഇതിനകം നേടിയ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ദൃഢനിശ്ചയത്തിലാണ്.  ഈ പദ്ധതി ഇന്ത്യ൯ നിയമങ്ങളെയും, അന്തർദ്ദേശീയ നിയമങ്ങളെയും ലംഘിക്കുന്നുവെന്നും സാമൂഹികവും പാരിസ്ഥിതികവുമായ നികത്താനാവാത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും പുറത്തുനിന്നുള്ള രോഗങ്ങൾക്കെതിരെ പരിമിതമായ പ്രതിരോധശേഷിയുള്ള ഷോമ്പൻ ഗോത്രത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നും നിരൂപകർ വാദിക്കുന്നു. ഈ പദ്ധതി ഇന്ത്യൻ പൗരസമിതികളിലെ  സംഘടനകളിൽ നിന്ന് ആശങ്കകളും വിമർശനങ്ങളും ഉയർത്തിയിട്ടുണ്ട്. ഈ സംരംഭം ബാധിക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പ്രാദേശിക തദ്ദേശവാസികളാരും പദ്ധതിക്ക് സമ്മതം നൽകിയിട്ടില്ലെന്ന് സർക്കാരേതര സംഘടനകൾ (എൻജിഒ) പറയുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾക്കൊള്ളുന്ന പോർട്ട് ബ്ലെയറിലെ ബിഷപ്പ് തദ്ദേശീയ സമൂഹങ്ങൾക്ക് പദ്ധതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും പാരിസ്ഥിതിക തത്വങ്ങളുമായുള്ള വൈരുദ്ധ്യത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകി. 500 ദ്വീപുകൾ ഉൾക്കൊള്ളുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മുഴുവൻ പ്രദേശവും ഉൾക്കൊള്ളുന്ന ഒരേയൊരു കത്തോലിക്കാ രൂപതയായ പോർട്ട് ബ്ലെയറിലെ ബിഷപ്പ് മോൺ. വിസുവാസം സെൽവരാജ് തന്റെ ആശങ്കകൾ വിശദമായി പങ്കുവെച്ചു.  500 ദ്വീപുകൾ ഉൾക്കൊള്ളുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 40 എണ്ണം ജനവാസമുള്ളതാണ്. ഏകദേശം 5,00,000 നിവാസികകളാണ്  ഇവിടെയുള്ളത്. 40,000 കത്തോലിക്ക വിശ്വാസികളുള്ള ഇവിടെ ഭൂരിഭാഗവും ഹിന്ദു മത വിശ്വാസികളാണ്.  കൂടാതെ മുസ്ലീങ്ങളുടെ ചെറിയ സമൂഹങ്ങളും  പ്രകൃതി ശക്തികളെ ആരാധിക്കുന്ന തദ്ദേശീയ ജനങ്ങളുമാണ് ഇവിടത്തെ നിവാസികൾ. വിവിധ ദ്വീപുകളിലായി വ്യാപിച്ചുകിടക്കുന്ന 18 ഇടവകകൾ ഉൾക്കൊള്ളുന്ന രൂപതയിൽ, 51 വൈദികർ ജോലി ചെയ്യുന്നു, മുഴുവനും മത്സ്യത്തൊഴിലാളികളായ ഗ്രാമങ്ങളിൽ, ചെറിയ ചാപ്പലുകൾ ഉണ്ട്.  ഈ യഥാർത്ഥ "മറൈൻ മിഷൻ സ്റ്റേഷനുകളിൽ നാഗരികതയോ സുവിശേഷത്തെക്കുറിച്ചോ അറിയാത്ത തദ്ദേശവാസികൾ വന്നെത്താറുണ്ട്.

2024 അവസാനത്തോടെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി മേഖലയിലെ വർദ്ധിച്ചുവരുന്ന ചൈനയുടെ സാന്നിധ്യത്തിനെതിരായ  സുരക്ഷയ്ക്കും പ്രതിരോധത്തിനും നിർണായകമാണെന്ന് ഇന്ത്യൻ സർക്കാർ വാദിക്കുന്നു. ഷോമ്പൻ ഗോത്രം ഏകദേശം 300 ആളുകളുടെ ഒരു ചെറിയ സമൂഹമാണ്. ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട തദ്ദേശീയ ഗോത്രങ്ങളിൽ ഒന്നാണത്.  ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന അവർ ആധുനികതയുമായി യാതൊരു ബന്ധവുമില്ലാത്ത ജനതയാണ്. അവരുടെ ജന്മദേശത്തെ "ഹോങ്കോംഗ് ഓഫ് ഇന്ത്യ" എന്ന് വിളിക്കുന്ന ദ്വീപായി മാറ്റുന്ന പദ്ധതി ന്യൂഡൽഹി സർക്കാർ നടപ്പിലാക്കിയാൽ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന്  അവർ പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെടും. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2024, 16:48