തിരയുക

ലിബിയയിലെ കുടിയേറ്റക്കാർ. ലിബിയയിലെ കുടിയേറ്റക്കാർ.  (ANSA)

ലിബിയയിൽ നിന്ന് 97 അഭയാർത്ഥികളെ ഇറ്റലിയിലെത്തിക്കുന്നു

ലിബിയയിലെ തടങ്കൽപ്പാളയങ്ങളിൽ നിന്ന് മോചിപ്പിച്ച 97 അഭയാർത്ഥികൾ മാനുഷിക ഇടനാഴി വഴി മാർച്ച് അഞ്ചാം തിയതി ഇറ്റലിയിൽ എത്തിച്ചേരും. അവരുടെ വരവിനെ കുറിച്ച് ഒരു പത്രസമ്മേളനം മാർച്ച് അഞ്ചാം തിയതി ചൊവ്വാഴ്ച വൈകുന്നേരം 3.30ന് ഫ്യുമീചീനോയിലെ വിമാനത്താവളത്തിലെ ടെർമിനൽ അഞ്ചിൽ വച്ചുണ്ടാകും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മാർച്ച് അഞ്ചാം തിയതി ചൊവ്വാഴ്ച, ഉച്ചകഴിഞ്ഞ് 3:30ന് ഫ്യൂമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ അഞ്ചിൽ, സാ൯ എജിദിയോ കമ്മ്യൂണിറ്റി, ആർച്ചി (Associazione Ricreativa Culturale Italiana), അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണർ (UNHCR) എന്നിവരൊരുമിച്ചാണ് പത്രസമ്മേളനം നടത്തുന്നത്.

പീഡനങ്ങൾക്കും മറ്റ് ഗുരുതരമായ ദണ്ഡനകൾക്കും ഇരയായി ലിബിയയിലെ തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ചിരുന്ന 97 അഭയാർഥികളെയാണ് അവിടെ നിന്ന് മോചിപ്പിച്ച് ഇറ്റലിയിലെത്തിക്കുന്നത്. ആരോഗ്യപരമായി വളരെ ദുർബ്ബലരായ ചില വ്യക്തികളും അവരിൽ ഉൾപ്പെടുന്നു. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും (എറിത്രിയ, എത്യോപ്യ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, സൊമാലിയ, സുഡാൻ, ദക്ഷിണ സുഡാൻ), പലസ്തീൻ, സിറിയ എന്നിവിടങ്ങളിൽ നിന്നും വരുന്ന അഭയാർത്ഥികൾക്ക് വിവിധ ഇറ്റാലിയൻ പ്രദേശങ്ങളിൽ ആതിഥേയത്വം വഹിക്കുകയും മാനുഷിക ഇടനാഴികളുടെ മാതൃക പിന്തുടർന്ന് പ്രായപൂർത്തിയാകാത്തവർക്ക്, സ്കൂൾ വിദ്യാഭ്യാസത്തിലൂടെയും, മുതിർന്നവരെ, ഇറ്റാലിയൻ ഭാഷാ പഠനത്തിലൂടെയും തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കിയുള്ള സാമൂഹിക സംയോജനത്തിലൂടെയും സഹായം നൽകുകയാണ് ചെയ്യുക. 

കഴിഞ്ഞ ഡിസംബറിൽ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, യുഎൻഎച്ച്സിആർ - യുഎൻ അഭയാർത്ഥി ഏജൻസി, ആർച്ചി, സാ൯ എജിദിയോ കമ്മ്യൂണിറ്റി, ഫെഡറേഷൻ ഓഫ് ഇവാഞ്ചലിക്കൽ ചർച്ചസ്, ഐഎൻഎംപി എന്നിവർ ഒപ്പുവച്ച പ്രോട്ടോക്കോൾ പ്രകാരമാണ് ഇറ്റലിയിലേക്കുള്ള അവരുടെ വരവ് സാധ്യമായത്. അന്താരാഷ്ട്ര സംരക്ഷണം ആവശ്യമുള്ള 1500 അഭയാർത്ഥികളെ മൂന്ന് വർഷത്തിനുള്ളിൽ ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് മാറ്റാൻ ഇത് അനുവദിക്കും.

അഭയാർത്ഥികളുടെ സ്വീകരണത്തിലും, വാർത്താ സമ്മേളനത്തിലും പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയും പങ്കെടുക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 March 2024, 15:16