തിരയുക

 കുരിശിന്റെ വഴി പ്രാർത്ഥന കുരിശിന്റെ വഴി പ്രാർത്ഥന   (AFP or licensors)

ഉത്തരവാദിത്വങ്ങളിൽ നിന്നും കൈകഴുകാതെ പിതാവിന്റെ ഹിതത്തിനു വിധേയരാകാം

കുരിശിന്റെ വഴിയുടെ ഉത്ഭവത്തെയും, ഒന്നാം സ്ഥലത്തെയും കുറിച്ചുള്ള ധ്യാനചിന്തകൾ

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആത്മാവിനാൽ നയിക്കപ്പെട്ട ജീവിതമാണ് യേശു ഈ ഭൂമിയിൽ നയിച്ചതെന്നത് വിശുദ്ധ ഗ്രന്ഥ ഏടുകളിൽ നിന്നും ഏറെ വ്യക്തമാകുന്ന ഒരു യാഥാർഥ്യമാണ്. തന്റെ ഏകജാതനെ ഈ ലോകത്തിലേക്ക് മനുഷ്യരക്ഷയ്ക്കു അയയ്ക്കുവാൻ പിതാവായ ദൈവം മനസ്സാകുന്ന നിമിഷം മുതൽ ഈ ആത്മാവിന്റെ പ്രവർത്തനം ഘടികാരങ്ങളിൽ ചേർക്കപ്പെടുന്നു. യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്ന നിമിഷത്തിലും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടുകൊണ്ടാണ് മരുഭൂമിയിലേക്ക് യാത്രയാകുന്നത്. ആത്മാവിനാൽ നയിക്കപ്പെടുന്ന ഈ യാത്ര തുടർന്ന് ജീവിതത്തിലുടനീളവും, കാൽവരി യാത്രയിലും നമുക്ക് അനുഭവവേദ്യമാകുന്നുണ്ട്.

കാൽവരി യാത്രയെന്നത്, സമയത്തിന്റെ മൂന്നുഘട്ടങ്ങളുടെ സമന്വയം ഒരു ലക്ഷ്യപ്രാപ്തിക്കായി പ്രജാപതിയാഗത്തിലേക്കുള്ള കടന്നുപോകലാകയാൽ, മാനുഷികപരമായി പറഞ്ഞറിയിക്കാനാവാത്ത കഠിനവും വേദനാജനകവുമായ ഒന്നാണ്. പരനും, അപരനും വേണ്ടി നരനായി ദൈവപുത്രൻ, തന്റെ പിതാവിന്റെ ഹിതം തിരിച്ചറിഞ്ഞുകൊണ്ട്, മനുഷ്യരാശിയോടുള്ള സ്നേഹത്തെപ്രതി  മുള്ളുകൾ നിറഞ്ഞ വഴിയിലൂടെ നടന്നുകയറിയ പാതകൾ,  ഒരുപക്ഷെ വിവരണത്തിന്റെ മിതത്വം പാലിച്ചതുകൊണ്ടാവാം സുവിശേഷകർ അധികമായി വാക്മയചിത്രത്തിന്റെ അകമ്പടിയുൾക്കൊള്ളിച്ചു കൊണ്ട് അടിവരയിടാഞ്ഞത്. എന്നാൽ  ഈ യാത്രയിലൂടെയുള്ള ഒരു  ധ്യാനാത്മകമായ അനുഭവം  ക്രിസ്തുവിനെ അനുകരിക്കുന്ന ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമാണ്.

യേശുവിൻ്റെ ഓരോ ചുവടും രക്ഷാപദ്ധതിയുടെ പൂർത്തീകരണത്തിലേക്കുള്ള ഒരു പടി അടുത്താണ്. അവൻ അനുഭവിച്ച ഓരോ വേദനയും മനുഷ്യരാശിയുടെ സന്തോഷത്തിനു വേണ്ടി തന്റെ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങിയതാണ്. ഈ യാത്രയിൽ പിതാവിന്റെയും , പുത്രന്റെയും  സാർവത്രികമായ ക്ഷമയുടെ ഒരു നാഴികയും തുറക്കുന്നുണ്ട്; യേശു പറഞ്ഞു, പിതാവേ അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. (ലൂക്ക 23 , 34 )ഇന്നും നിലയ്ക്കാത്ത ക്ഷമയുടെ ക്രൈസ്തവീകതയാണ് ഈ വാക്കുകളിൽ പ്രതിധ്വനിച്ചത്. ക്രിസ്തുവിന്റെ ഈ അവസാന മണിക്കൂറുകളിലാണ് അണയാത്ത കൃപയുടെ ഉറവ മനുഷ്യകുലത്തിനുവേണ്ടി തുറക്കപ്പെട്ടത്: പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ട് കുത്തി. ഉടനെ അവിടെ നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു.(യോഹ 19 ,34).

ഈ അണയാത്ത കൃപയുടെ രണ്ടു നീർച്ചാലുകളാണ് തുടർന്ന് സഭയിലൂടെ വിശുദ്ധ മാമോദീസയുടെയും, വിശുദ്ധ കുർബാനയുടെയും ആഘോഷങ്ങളിലൂടെ മനുഷ്യഹൃദയങ്ങളിലേക്ക് ഒഴുക്കപ്പെടുന്നത്. ഇപ്രകാരം യേശുവിന്റെ അവസാന മണിക്കൂറുകൾ തുടർന്നുള്ള സഭയുടെ ജീവിതമാണെന്ന് വചനം നമുക്ക് മനസ്സിലാക്കിത്തരുന്നു.സഹനത്തിന്റെ ആ വഴിയിൽ യേശു കണ്ടുമുട്ടുന്നതും, യേശുവിനെ കണ്ടുമുട്ടുന്നതുമായ ഓരോ ആളുകളും, കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുന്ന ചുറ്റുപാടുകളും, ഇന്നും സഭയുടെ വിവിധങ്ങളായ ജീവിതയാത്രയെ എടുത്തു കാണിക്കുന്നു. അമ്മയും, സഹോദരങ്ങളും, ശിഷ്യഗണങ്ങളും, സുഹൃത്തുക്കളും, ശത്രുക്കളും, പരിതപിച്ചവരും, പരിഹസിച്ചവരും, ധൈര്യമുള്ളവരും, ഭയചകിതരായവരും, അവന്റെ മരണത്തിനായി അലമുറയിട്ടവരും ഇങ്ങനെ പലർ : പക്ഷെ അവൻ എല്ലാവരെയും തന്റെ സ്നേഹമസൃണമായ 'നോട്ട'ത്തിനാൽ, ഹൃദയത്തോട് ചേർത്തു വച്ചു. അനുരഞ്ജനത്തിൻ്റെയും സമാധാനത്തിൻ്റെയും പരമോന്നത വാഗ്ദാനം നൽകുന്നതായിരുന്നു കുരിശിൽ കിടന്നുകൊണ്ടുള്ള അവന്റെ അവസാന ദർശനം.

അതുകൊണ്ടാണ്, സഭ,  ഇന്നും ക്രിസ്തുവിന്റെ അവസാന മണിക്കൂറുകൾ ധ്യാനവിഷയമാക്കിക്കൊണ്ട് നമ്മുടെ വ്യക്തിപരവും, സമൂഹപരവുമായ ജീവിതത്തിൽ ക്രിസ്താനുഭവം മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ നമ്മെ ക്ഷണിക്കുന്നത്. മണവാട്ടിയായ സഭ തന്റെ മണവാളന്റെ അവസാനമണിക്കൂറുകളിലെ ജീവിതവും, അവന്റെ വാക്കുകളും, പ്രവൃത്തികളുമെല്ലാം ജീവൻ തുളുമ്പുന്ന ഒരു ഓർമ്മയായി നിലനിർത്തിയിട്ടുണ്ട്. വിയർപ്പുതുള്ളികൾ രക്തമായി പൊടിഞ്ഞ ഒലിവിന്റെ തോട്ടത്തിൽ നിന്നും, രക്തത്തിൽ അലിഞ്ഞുചേർന്ന വിയർപ്പുതുള്ളികൾ സൂര്യന്റെ കാഴ്ചമറച്ച കാൽവരിയുടെ നെറുകയിലേക്കുള്ള യേശുവിന്റെ യാത്ര വേദനയുടെ ഓർമ്മ നൽകുന്നുണ്ടെങ്കിലും, അവയിൽ കൃപയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നുവെന്നും, അത് നിത്യരക്ഷ പ്രദാനം ചെയ്യുന്നുവെന്നും സഭ മനസിലാക്കിയതിനു തെളിവാണ്, കുരിശിന്റെ വഴി പ്രാർത്ഥന.

രക്തം പൊടിഞ്ഞുചേർന്ന കുരിശിന്റെ വഴിയിലെ കല്ലുകൾ ചരിത്രസ്മരണകളായി നിലനിർത്തണമെന്നത് ജറുസലേമിലെ സഭയുടെ ആഗ്രഹമായിരുന്നു.  രണ്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ, യേശുവിനെ അടക്കം ചെയ്ത സ്ഥലങ്ങളിലും, കുരിശിന്റെ വഴിയുടെ ഇടങ്ങളിലും ക്രൈസ്തവ  ആരാധന നടത്തിയിരുന്നതിന്റെ തെളിവുകൾ  നിലവിലുണ്ടെന്ന് പുരാവസ്തു ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. അഞ്ചും, ആറും  നൂറ്റാണ്ടുകളിൽ ഈ വഴിയിലൂടെ സങ്കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് വിശ്വാസികൾ പ്രദക്ഷിണങ്ങൾ നടത്തിയിരുന്നുവെന്നതും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഈ പ്രദക്ഷിണങ്ങളാവണം പിന്നീട് 'കുരിശിന്റെ വഴി' എന്ന പൊതു ഭക്തിയായി പരിണമിച്ചത്.  ചരിത്രപരമായ കുരിശിൻ്റെ വഴിയുടെ നഗരമാണ് ജറുസലേം .

ഇന്ന് നമ്മൾ പിന്തുടരുന്ന കുരിശിന്റെ വഴി മധ്യകാലഘട്ടത്തിന്റെ അവസാനത്തിലാണ് ആരംഭിച്ചത്. വിശുദ്ധ ബർണാഡ് പുണ്യവാന്റെയും,വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും,വിശുദ്ധ ബൊനവഞ്ചറിന്റെയും സ്നേഹനിർഭരവും ധ്യാനാത്മകവുമായ ചിന്തകളാണ് കുരിശിന്റെ വഴിയുടെ തുടക്കം കുറിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ, വിശുദ്ധ നാട് തിരികെ നേടുവാൻ നടത്തിയ  കുരിശുയുദ്ധങ്ങളുടെ ആവേശം, കുരിശിന്റെ വഴി ഭക്തി വിശ്വാസികളിലേക്കെത്തിക്കുകയും, തുടർന്ന് പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കാൽവരിയിലേക്കുള്ള വഴിയിൽ കുരിശിന്റെ വഴിയുടെ വിവിധ സ്ഥലങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

ഈ ഭക്തി തുടർന്ന് ജർമനി,നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ ഭക്തി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. കുരിശിന്റെ വഴിയിലെ വിവിധ സ്ഥലങ്ങൾ, ഓരോ ഇടങ്ങളിലും വ്യത്യസ്തമായ ധ്യാന ചിന്തകൾ കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.  പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സ്‌പെയിനിലെ ഫ്രാൻസിസ്‌ക്കൻ സമൂഹങ്ങളിൽ ഇന്ന് നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉള്ളതുപോലെ പതിനാലു സ്ഥലങ്ങളും ഉൾക്കൊള്ളിച്ചുക്കൊണ്ട് പ്രാർത്ഥനകൾ നടത്തിയിരുന്നുവെന്നും ചരിത്രം പറയുന്നു.തുടർന്ന് ഈ പാരമ്പര്യം ഇന്നത്തെ യൂറോപ്പിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. യേശുവിന്റെ കുരിശിന്റെ വഴിയേ പറ്റിയുള്ള ധ്യാനിക്കുമ്പോൾ,  റോമിലെ കൊളോസിയവും, ദുഃഖവെള്ളിയാഴ്ച്ച പരിശുദ്ധ പിതാവിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന കുരിശിന്റെ വഴിയുമൊക്കെ നമ്മുടെ മനസിലേക്ക് ഓടിയെത്തും. 1991 ലാണ് പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ പാപ്പാ ആദ്യമായി കൊളോസിയത്തിൽ കുരിശിന്റെ വഴി പ്രാർത്ഥന ആരംഭിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ദുഃഖവെള്ളിയാഴ്ച്ച പാപ്പയോടൊപ്പം യേശുവിന്റെ സഹന നിമിഷങ്ങൾ ധ്യാനിക്കുവാനായി കൊളോസിയത്തിന്റെ പരിസരങ്ങളിൽ എത്തിച്ചേരുന്നതെന്നും, നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള കുരിശിന്റെ വഴിയിലെ സ്ഥലങ്ങളുടെ ധ്യാനാത്മകമായ ചിന്തകൾക്ക് മുന്നോടിയായി പറഞ്ഞുകൊള്ളട്ടെ.

കുരിശിന്റെ വഴിയിലെ ആദ്യ സ്ഥലം: യേശു മരണത്തിനു വിധിക്കപ്പെടുന്നു.

കുരിശിന്റെ വഴി പ്രാർത്ഥനയിൽ, യേശുവിന്റെ കാൽവരിയാത്രയുടെ ധ്യാനചിന്തകൾ  മരണത്തിനുള്ള വിധിവാചകം ഉച്ചരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയേഴാം അധ്യായത്തിൽ പ്രതിപാദിക്കുന്ന യേശുവിന്റെ മരണവിധിവാചകത്തിന്റെ അടിസ്ഥാനത്തിലാണ് കുരിശിന്റെ വഴിയുടെ ചിന്തകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

"യേശു ദേശാധിപതിയുടെ മുമ്പില്‍ നിന്നു. ദേശാധിപതി ചോദിച്ചു: നീ യഹൂദന്‍മാരുടെ രാജാവാണോ? യേശു പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.  പ്രധാനപുരോഹിതന്‍മാരും പ്രമാണികളും അവന്റെ മേല്‍ കുറ്റം ആരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല. പീലാത്തോസ് വീണ്ടും ചോദിച്ചു: അവര്‍ എന്തെല്ലാം കാര്യങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നു എന്നു നീ കേള്‍ക്കുന്നില്ലേ?  എന്നാല്‍, അവന്‍ ഒരു ആരോപണത്തിനുപോലും മറുപടി പറഞ്ഞില്ല. തന്നിമിത്തം ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടു. .....പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക.

 അവന്‍ അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മയാണ് ചെയ്തത്? അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്. അപ്പോള്‍ ജനം മുഴുവന്‍മറുപടി പറഞ്ഞു: അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!

അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച് ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."(മത്തായി 27:11-14, 22-25, 26)

പീലാത്തോസിന്റെ ചോദ്യങ്ങൾക്കു നടുവിലും, ജനങ്ങളുടെ ആക്രോശങ്ങൾക്കു നടുവിലും നിശബ്ദനായി നിൽക്കുന്ന യേശുവാണ്, ആദ്യത്തെ സ്ഥലത്ത് നമ്മുടെ ധ്യാനത്തിനു വിഷയീഭവിക്കുന്നത്.  യേശു എന്തുകൊണ്ടാണ് ഒന്നും മിണ്ടാതിരുന്നത്?, താൻ ആരാണെന്നു എന്തുകൊണ്ടാണ് യേശു വെളിപ്പെടുത്താതിരുന്നത്? ജനക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കും, അധികാരികളുടെ കുറ്റപ്പെടുത്തലുകൾക്കും എന്തുകൊണ്ടാണ് തന്നെത്തന്നെ യേശു ന്യായീകരിക്കാതിരുന്നത്? മറിച്ച് വചനം പറയുന്നത്, അവന്റെ നിശ്ശബ്ദതയെപ്പറ്റിയാണ്. യേശുവിന്റെ നിശബ്ദതയ്ക്കു അതിൽ തന്നെ പ്രകമ്പനം കൊള്ളുന്ന ഒരു നിശബ്ദതയല്ല. കാരണം പീലാത്തോസിന്റെ മുൻപിൽ നിൽക്കുന്ന ക്രിസ്തുവിന്റെ മൗനം പ്രവാചകത്വത്തിന്റെ മറ്റൊരു മാനമാണ്. യേശുവിനു വേണ്ടി വിധിവാചകവേളയിൽ സംസാരിക്കുന്നത് മറ്റുള്ളവരാണ്.

തന്റെ പരസ്യജീവിതകാലത്ത്, തന്റെ സ്നേഹം ഏറ്റുവാങ്ങിയ ഓരോരുത്തരുമാണ് യേശുവിനു വണ്ടി സംസാരിക്കുന്നത്. ആർദ്രതയുടെ സ്പർശനത്താൽ സുഖപ്പെട്ട , സമൂഹം ഭ്രഷ്ട്ട് കല്പിച്ചിരുന്ന കുഷ്ഠരോഗികൾ, അന്ധകാരത്തിന്റെ ലോകത്തുനിന്നും വെളിച്ചത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അന്ധർ, പാപത്തിന്റെ ഭാണ്ഡക്കെട്ടുകൾക്ക് കണ്ണീരിന്റെ മാനസാന്തരം ചാലിച്ച് നന്മയേറ്റെടുത്തവർ, അഞ്ചപ്പവും, രണ്ടു മീനും ആശീർവാദത്തിന്റെ നിറവിൽ അന്നമൂട്ടിയ ജനസഞ്ചയം, ഇങ്ങനെ പീലാത്തോസിന്റെ മുൻപിൽ നിശബ്ദതയ്ക്കു വഴി കൊടുത്ത യേശുവിനു വേണ്ടി സംസാരിച്ചവർ പലരാണ്. പക്ഷെ ഈ ശബ്ദങ്ങളൊന്നും കൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക് കടന്നുവന്നില്ല. കാരണം ലൗകികതയുടെ ആക്രോശങ്ങൾ അന്നും ഇന്നും  നൈമിഷികമായി ദൈവീകതയെ മറയ്ക്കുന്ന മിഥ്യാതരംഗമായി സ്ഥാനം പിടിക്കുന്നു. യേശു ഒറ്റയ്ക്കാണ്. റോമിന്റെ ഭരണാധികാരിക്ക് മുൻപിൽ സകലചരാചങ്ങളുടെയും ഭരണാധികാരി ഏകനായി നിൽക്കുന്നു.

എന്നാൽ ഭീരുവായത് പീലാത്തൊസാണ്. കാരണം ആക്രോശങ്ങൾക്കു മേൽ തന്റെ ശബ്ദം ഉയർത്തുവാനോ, അത്യം അറിഞ്ഞിട്ടും അതിനെ പിന്താങ്ങുവാനോ പീലാത്തോസ് തന്റെ അധികാരം ഉപയോഗിക്കുന്നില്ല. സുരക്ഷിതമായ താവളത്തിലേക്ക് ഓടിയൊളിക്കുകയാണ് പീലാത്തോസ്. തന്റെ കരങ്ങൾ കഴുകിക്കൊണ്ട് അവൻ ഒറ്റുകൊടുക്കുന്നത്, തന്റെ നീതിബോധത്തെയും, അധികാരത്തെയും, അവനെ വിശ്വസിക്കുന്ന സത്യസന്ധരായ ജനതയെയുമാണ്.  എന്നാൽ ജനത്തിന് വേണ്ടി, അവരുടെ നിത്യരക്ഷയ്ക്കു വേണ്ടി  മരണം ഏറ്റുവാങ്ങുന്ന ക്രിസ്തു വിജയത്തിന്റെ ഗാഥ തന്റെ നിശബ്ദതയിൽ മുഴക്കുന്നു. ഈ രക്ഷ തന്റെ വിധിവാചകം ഉച്ചരിക്കുന്ന പീലാത്തോസിനും, തനിക്കെതിരെ ആക്രോശിക്കുന്ന ജനത്തിനും വേണ്ടിയാണെന്നുള്ളതാണ് ക്രിസ്തുവിന്റെ വിജയത്തിന്റെ അനന്യത.

തന്നിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന നീതിയുക്തമായ അധികാരത്തിൽ നിന്നും പീലാത്തോസ് കൈകഴുകുമ്പോൾ, ചങ്ങലകളാൽ ബന്ധിക്കപ്പെട്ട ക്രിസ്തുവിന്റെ കരങ്ങൾ കുരിശിന്റെ വിരിമാറിലേക്ക് പിതാവിന്റെ ഹിതത്തിനായി വിട്ടുനൽകുന്നു. പരനും അപരനും വേണ്ടി സ്‌നേഹത്തിന്റെ ബലിയാകുവാൻ, മരണത്തിനു വിധിക്കപ്പെടുന്ന യേശുവിന്റെ പാടുകളാണ് ഒന്നാം സ്ഥലത്ത് നാം ധ്യാനിക്കുന്നത്. പീലാത്തോസിനെ പോലെ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും കൈകഴുകാതെ, യേശുവിനെ പോലെ പിതാവിന്റെ ഹിതത്തിനു സ്വയം വിധേയരായി, സഹനങ്ങളും, കഷ്ടങ്ങളും ഏറ്റുകൊണ്ട്‌, യഥാർത്ഥ ക്രിസ്തു അനുയായികളായി മാറുവാനുള്ള വിളിക്ക് നമുക്ക് കാതോർക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2024, 21:46