തിരയുക

സങ്കീർത്തനചിന്തകൾ - 60 സങ്കീർത്തനചിന്തകൾ - 60 

വിജയപരാജയങ്ങളിൽ കൂടെ നിൽക്കുന്ന ഇസ്രായേലിന്റെ ദൈവം

വചനവീഥി: അറുപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അറുപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദാവീദ് മെസോപ്പൊട്ടാമിയയിലെയും സോബായിലെയും അരാമ്യരോടു യുദ്ധം ചെയ്യുകയും, മടക്കയാത്രയിൽ ഉപ്പുതാഴ്വരയിൽവച്ച് യോവാബ് പന്തീരായിരം എദോമ്യരെ സംഹരിക്കുകയും ചെയ്‌തപ്പോൾ പാടിയത് എന്ന തലക്കെട്ടോടെ, ഗായകസംഘനേതാവിന് സാക്ഷ്യസാരസം എന്ന രാഗത്തിൽ ദാവീദ് എഴുതിയ ഒരു പ്രബോധനാഗീതമാണ് അറുപതാം സങ്കീർത്തനം. ഇതൊരു വിലാപഗാനമാണ്. ഒന്ന് ദിനവൃത്താന്തം പതിനെട്ടാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് ദാവീദിന്റെ യുദ്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത്, ദാവീദ് സോബരാജാവിനെ തോൽപ്പിക്കുന്നതിനെക്കുറിച്ചും (1 ദിന. 18, 3), ഉപ്പുതാഴ്വാരത്തുവച്ച് പതിനെണ്ണായിരം എദോമ്യർ വധിക്കപ്പെടുന്നതിനെക്കുറിച്ചും (1 ദിന. 18, 12) നാം വായിക്കുന്നുണ്ട്. 2 സാമുവേൽ പത്താം അദ്ധ്യായത്തിന്റെ ആദ്യഭാഗത്തും യോവാബ് ദാവീദിനുവേണ്ടി യുദ്ധം നടത്തുന്നതിനെക്കുറിച്ച് നാം കാണുന്നുണ്ട് (2 സാമുവേൽ 10). യുദ്ധം എപ്പോഴും പെട്ടെന്നുള്ള ഒരു വിജയത്തിന്റെ ഇടമായിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. അതുകൊണ്ടുതന്നെ, യുദ്ധത്തിൽ ഏൽക്കുന്ന നാശനഷ്ടങ്ങളും, അക്കാലത്ത് ജനം അനുഭവിച്ച ഏതെങ്കിലും ഒരു പ്രകൃതിദുരന്തന്തിന്റെ ദുരിതവും അനുസ്മരിച്ചുകൊണ്ടാകണം ഈ സങ്കീർത്തനത്തിൽ ദാവീദ് വിഭ്രാന്തിയോടെ ദൈവത്തിന് മുൻപിൽ വിലപിക്കുന്നത്. ശിക്ഷകൾ സഹിക്കേണ്ടിവരുമ്പോഴും, തങ്ങൾ ദൈവത്തിന്റെ ജനമാണെന്നും, അവനു തങ്ങളെ സ്നേഹിക്കാതിരിക്കാനോ, ഉപേക്ഷിക്കനോ സാധിക്കില്ലെന്നും ഇസ്രായേൽ ജനത്തിന് ബോധ്യമുണ്ട്. തന്റെ ജനത്തിന്റെ യഥാർത്ഥ സഹായിയും ഉടമ്പടിയിലെ വിശ്വസ്‌തപങ്കാളിയുമാണവൻ. മറ്റു ജനതകളിൽനിന്നേൽക്കേണ്ടിവരുന്ന പരാജയങ്ങൾ നിത്യമല്ലെന്നും, ദൈവം എല്ലാ ദേശങ്ങളുടെയും മേൽ അധികാരമുള്ളവനാണെന്നും അറുപതാം സങ്കീർത്തനം വ്യക്തമാക്കുന്നു. വിലാപഗാനത്തിന്റെ ശൈലിയിലുള്ളതാണെങ്കിലും, ദൈവത്തോടൊപ്പം തങ്ങൾ പോരാടുമെന്നും, അവിടുന്ന് തങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കുമെന്നുമുള്ള പ്രഖ്യാപനത്തിലേക്കാണ് സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് ദാവീദ് എത്തുന്നത്.

പരാജയവും പ്രാർത്ഥനയും

തങ്ങൾ നേരിടേണ്ടിവന്ന പരാജയങ്ങളും, അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളും, ദൈവത്തിന് തങ്ങളോടുള്ള കോപം മൂലമാണെന്ന് ചിന്തിക്കുന്ന ഇസ്രായേൽ ജനത്തെയാണ് സങ്കീർത്തനത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങളിൽ നാം കാണുന്നത്: “ദൈവമേ, അങ്ങ് ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധനിരകൾ തകർത്തു; അവിടുന്ന് കുപിതനായിരുന്നു; ഞങ്ങളെ കടാക്ഷിക്കണമേ! അവിടുന്ന് ഭൂമിയെ വിറപ്പിച്ചു, അവിടുന്ന് അതിനെ പിളർന്നു. അതിന്റെ വിള്ളലുകൾ നികത്തണമേ! അത് ഇടിഞ്ഞു വീഴാറായിരിക്കുന്നു. അങ്ങ് സ്വന്തം ജനത്തെ കഠിനയാതനയ്ക്ക് ഇരയാക്കി; അവിടുന്ന് ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു" (സങ്കീ. 60, 1-3). ആമുഖത്തിൽ കണ്ടതുപോലെ താനും, തന്റെ അനുചരരും നടത്തിയ യുദ്ധങ്ങളിലെ ഭീകരതയുടെയും, തങ്ങൾ താത്കാലികമായെങ്കിലും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടെയും മുന്നിലാകാം ദാവീദ് ഈ വാക്യങ്ങൾ എഴുതിയത്. തങ്ങൾക്കുനേരെ ദൈവകോപം ഉയർന്നിരിക്കുന്നുവെന്ന തോന്നലിൽ സങ്കീർത്തകൻ "ഞങ്ങളെ കടാക്ഷിക്കണമേയെന്ന്" പ്രാർത്ഥിക്കുന്നു (സങ്കീ. 60, 1). ദൈവം തങ്ങൾക്കൊപ്പമുണ്ടെങ്കിൽ മറ്റൊരാൾക്കും തങ്ങളെ തോൽപ്പിക്കാനാകില്ലെന്നും, അവൻ  അനുവദിച്ചാൽ മാത്രമേ ശത്രുവിന് തങ്ങളുടെമേൽ പ്രഹരമേൽപ്പിക്കാനാകൂ എന്നുമുള്ള ബോധ്യത്തോടെയാണ് ദാവീദ് ഈ വാക്യങ്ങൾ എഴുതുന്നത്. തോൽവിയേക്കാൾ, ദൈവത്തിന്റെ കോപമായിരിക്കണം ദാവീദിനെയും ജനത്തെയും മുറിവേൽപ്പിക്കുന്നത്. ജനത്തിന്റെ തോൽവി ഒരു ഭൂമികുലുക്കം പോലെ അവരെ ഉലയ്ക്കുന്നുണ്ട്. പരാജയം വിഭ്രാന്തിയുടെ വീഞ്ഞുപോലെ കയ്‌പ്പേറിയതാണ്. തങ്ങളെ കടാക്ഷിക്കണമേയെന്നും, തങ്ങൾ അനുഭവിക്കുന്ന വിള്ളലിന്റെ അനുഭവത്തെ നികത്തണമേയെന്നും അവൻ ദൈവത്തോട് അപേക്ഷിക്കുന്നതിന് കാരണമിതാണ്.

സങ്കീർത്തനത്തിന്റെ നാലും അഞ്ചും വാക്യങ്ങളിൽ ദൈവം തങ്ങളെ ഉപേക്ഷിക്കില്ലെന്ന ഉറപ്പോടെ, വിജയത്തിനായി അപേക്ഷിക്കുന്ന ദാവീദിനെയാണ് നാം കാണുന്നത്: "വില്ലിൽനിന്ന് ഓടിയകലാൻ തന്റെ ഭക്തർക്ക് അടയാളമായി അവിടുന്ന് ഒരു കൊടി ഉയർത്തി. ഞങ്ങളുടെ പ്രാർത്ഥന കേട്ട് അങ്ങയുടെ വലത്തുകൈയാൽ ഞങ്ങളെ രക്ഷിക്കണമേ! അങ്ങയുടെ പ്രിയജനം മോചിതരാകട്ടെ!" (സങ്കീ. 60, 4-5). ദൈവം തങ്ങളെ സഹനത്തിന്റെ അനുഭവത്തിലൂടെ കൊണ്ടുപോകുമ്പോഴും, അവൻ തങ്ങളെ പൂർണ്ണമായി കൈയ്യൊഴിയുന്നില്ലെന്ന ബോധ്യത്തോടെയാണ് ദാവീദ് ഈ വാക്യങ്ങൾ എഴുതുന്നത്. ദൈവമാണ് അവരെ യുദ്ധത്തിനായി അയച്ചതെന്നതിന്റെയും, അവർ ദൈവത്താൽ നയിക്കപ്പെടുന്ന ജനമാണെന്നതിന്റെയും തെളിവുകൂടിയാണ് സുരക്ഷിതയിടം സൂചിപ്പിക്കുന്ന കൊടി. ദുരിതങ്ങളുടെ മുന്നിലും, തങ്ങൾ ഇപ്പോഴും ദൈവത്തിന്റെ പ്രിയജനമായി തുടരുന്നുവെന്ന ബോധ്യം ഇസ്രായേലിന് നഷ്ടം വന്നിട്ടില്ല. തന്റെ ജനത്തിന്റെ യഥാർത്ഥ നായകനും, ഉറപ്പുള്ള സഹായിയും, വിശ്വസ്തപങ്കാളിയുമാണ് ദൈവം.

ഭൂമിയുടെ യഥാർത്ഥ അധിപനായ ദൈവം

ദൈവമാണ് ഈ ഭൂമിയുടെ മുഴുവനും അധികാരിയാണെങ്കിലും, ഇസ്രയേൽ ദേശത്തോടുള്ള ദൈവത്തിന്റെ പ്രത്യേക പരിഗണനയാണ് സങ്കീർത്തനത്തിന്റെ ആറുമുതൽ ഒൻപത് വരെയുള്ള വാക്യങ്ങളിൽ, നമുക്ക് കാണാനാകുന്നത്. ദാവീദ് പരാജയപ്പെടുത്തി സ്വന്തമാക്കിയ ഇടങ്ങളും, അവന്റെ വലിയ സാമ്രാജ്യവും, അയൽദേശങ്ങളുമൊക്കെ ദൈവത്തിന്റെ സ്വന്തമായും ദൈവം ഇസ്രായേലിന് അവകാശമായി നൽകിയ   ഇടങ്ങളായും കണ്ടതുകൊണ്ടാകാം ദാവീദ് ഇങ്ങനെ എഴുതുന്നത്. ഷെക്കെമും, സുക്കോത്ത് താഴ്വരയും, ഗിലിയാദും മനാസ്സെയും, എഫ്രയിമും യൂദായും, മോവാബും, എദോമും, ഫിലിസ്ത്യയും ഒക്കെ ദൈവത്തിന്റെ സ്വന്തമാണെന്ന് ഈ വാക്യങ്ങളിൽ ദാവീദ് സൂചിപ്പിക്കുന്നു. എഫ്രായിം എന്റെ പടത്തൊപ്പിയും, യൂദാ എന്റെ ചെങ്കോലുമാണ് (സങ്കീ. 60, 7) എന്ന പ്രയോഗങ്ങളിലൂടെ ഇസ്രയേലിന്റെ യഥാർത്ഥ രാജാവ് താനാണെന്ന് ദൈവം അരുളിച്ചെയ്യുന്നു. മോവാബ് ചാവുകടലിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടാകാം "മോവാബ് എന്റെ ക്ഷാളനപാത്രം" (സങ്കീ. 60, 8) എന്ന് ദൈവം പറയുന്നതായി ദാവീദ് എഴുതുക. "ഏദോമിൽ ഞാൻ എന്റെ പാദുകം അഴിച്ചുവയ്ക്കും" എന്ന വാക്യത്തിന് പഴയകാലത്ത് നിലനിന്നിരുന്ന നൈയാമികമായ ഒരു പ്രവർത്തിയുമായി ബന്ധമുണ്ട്. ഒരു പ്രദേശം സ്വന്തമാക്കുന്നതിനെയാണ് ഇത് സൂചിപ്പിച്ചിരുന്നത്. ഉള്ളടക്കത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഈ സങ്കീർത്തനത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള വ്യത്യാസം കണക്കിലെടുത്ത് ഈ വാക്യങ്ങൾ പിൽക്കാലത്ത് ചേർക്കപ്പെട്ടവയായിരിക്കാം എന്ന് കരുതുന്നവരുമുണ്ട്.

വിലാപവും ദൈവത്തിലുള്ള ശരണവും

സങ്കീർത്തനത്തിന്റെ പത്തും പതിനൊന്നും വാക്യങ്ങളിൽ തങ്ങളുടെ ഒറ്റപ്പെട്ട അവസ്ഥ ദൈവത്തോട് വിവരിക്കുകയും, ശത്രുക്കൾക്കെതിരായുള്ള പോരാട്ടങ്ങളിൽ ദൈവത്തിന്റെ സഹായം അപേക്ഷിക്കുകയും ചെയ്യുന്ന ഇസ്രയേലിനെയാണ് നാം കാണുന്നത്: "ദൈവമേ, അങ്ങ് ഞങ്ങളെ പരിത്യജിച്ചില്ലേ? അങ്ങ് ഞങ്ങളുടെ സൈന്യത്തോടൊപ്പം ഇല്ലല്ലോ. ശത്രുവിനെതിരെ ഞങ്ങളെ സഹായിക്കണമേ! മനുഷ്യന്റെ സഹായം വ്യർത്ഥമാണ്" (സങ്കീ. 60, 10-11). സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് കണ്ട മനോഭാവത്തോടെയാണ് ജനം വീണ്ടും ദൈവത്തിന് മുൻപിൽ വിലപിക്കുന്നത്. ശക്തരായ ശത്രുക്കളെ തോൽപ്പിച്ച യുദ്ധവീരരെ കണ്ടിട്ടുള്ള ഇസ്രായേലിനും ദാവീദിനും, യഥാർത്ഥ സഹായിയും താങ്ങും ദൈവമാണെന്ന ബോധ്യമുണ്ട്. അതുകൊണ്ടാണ്, മറ്റാരിലും കൂടുതലായി വിശ്വസിക്കാനും, ശരണപ്പെടാനും കഴിയുന്ന ഏക ആശ്രയമായ ദൈവത്തോട് അവർ പ്രാർത്ഥിക്കുന്നത്. കരുത്തുള്ള പോരാളികളോ, മാനുഷികമായ ശക്തികളോടുള്ള സഖ്യമോ അല്ല, ദൈവത്തിന്റെ അനുഗ്രഹവും സാന്നിദ്ധ്യവുമാണ് ദൈവജനത്തിന് ആവശ്യമായ യഥാർത്ഥ സഹായം. ഈയൊരു ബോധ്യത്തിലാണ്: "ദൈവത്തോടൊത്തു ഞങ്ങൾ ധീരമായി പൊരുതും; അവിടുന്നാണ് ഞങ്ങളുടെ ശത്രുക്കളെ ചവിട്ടി മെതിക്കുന്നത്" എന്ന വിശ്വാസപ്രഖ്യാപനം സങ്കീർത്തനത്തിന്റെ അവസാനവാക്യത്തിൽ ദാവീദ് നടത്തുന്നത്. ദൈവം തങ്ങൾക്കായി യുദ്ധം ചെയ്യുന്നതും വിജയം വാങ്ങിത്തരുന്നതും കാത്ത് ഉദാസീനരായിരിക്കാനല്ല, ദൈവത്തിനൊപ്പം ചേർന്ന് നിന്ന് യുദ്ധം ചെയ്യാനുള്ള തങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ് ഇവിടെ ഇസ്രായേൽ ജനം തിരിച്ചറിയുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

അറുപതാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, പരാജയങ്ങളുടെയും ദുരിതങ്ങളുടെയും മുന്നിൽ നിരാശരായും ഉദാസീനരായും ജീവിതം ചിലവഴിക്കാതെ, യഥാർത്ഥ സഹായകനും, രാജാവും നായകനുമായ ദൈവത്തിന്റെ സഹായത്തിനായി അപേക്ഷിക്കാനും, അവനോടൊപ്പം നമ്മുടെയും ജീവിതയുദ്ധങ്ങൾ വിജയിക്കാനും സങ്കീർത്തനം നമ്മെ ക്ഷണിക്കുന്നുണ്ട്. സകലതും, സകലരും ഇസ്രയേലിന്റെ ദൈവമായ കർത്താവിന്റെ അധികാരത്തിന് കീഴിലാണെന്ന ഒരു ചിന്തയും ബോധ്യവും ദാവീദ് നമുക്ക് മുൻപിൽ പങ്കുവയ്ക്കുന്നുണ്ട്. പരാജയങ്ങളും തോൽവികളും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും നമ്മുടെ മൂല്യങ്ങളെയും വിശ്വാസജീവിതത്തെയും വിശകലനം ചെയ്യാനും, അവയിലെ കുറവുകളെ പരിഹരിക്കാനും ഉള്ള അവസരമായി നാം കാണേണ്ടതുണ്ട്. അതേസമയം, വിജയങ്ങളും നേട്ടങ്ങളും സ്വന്തം കഴിവുകൊണ്ടെന്നതിനേക്കാൾ, ദൈവാനുഗ്രഹത്തിന്റെ ഭാഗമായി തിരിച്ചറിയാനും, അവനു നന്ദി പറയാനും അവനെക്കുറിച്ച് സാക്ഷ്യം നൽകാനുമുള്ള അവസരങ്ങളാക്കി മാറ്റാനും നമുക്ക് പരിശ്രമിക്കാം. പരാജയങ്ങളും, വീഴ്ചകളും, തോൽവികളും, ദുഃഖവും വേദനയുമല്ല, കൂടുതൽ ദൈവാശ്രയബോധവും, കരുത്തും, ഉറച്ച ദൈവവിശ്വാസവും നമ്മിൽ പകരട്ടെ. തന്റെ ജനത്തെ, നാമോരോരുത്തരെയും, സ്നേഹത്തോടെയും കരുണയോടെയും കരം പിടിച്ച് നയിക്കുന്ന, കൂടെയുള്ള ദൈവമാണവൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2024, 14:57