തിരയുക

ഭക്ഷണം വിലക്കപെടുന്നുവോ? ഗാസാ പ്രദേശത്തുനിന്നുള്ള ചിത്രം ഭക്ഷണം വിലക്കപെടുന്നുവോ? ഗാസാ പ്രദേശത്തുനിന്നുള്ള ചിത്രം  (ANSA)

ഗാസായിൽ പട്ടിണി ഒരു യുദ്ധതന്ത്രമായി ഉപയോഗിക്കരുത്: അന്താരാഷ്ട്രസംഘടനകളുടെ അഭ്യർത്ഥന

പാലസ്തീന-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, പട്ടിണി ഒരു യുദ്ധതന്ത്രമായി ഉപയോഗിക്കപ്പെടരുതെന്ന് സേവ് ദി ചിൽഡ്രൻ ഉൾപ്പെടെയുള്ള പതിനഞ്ച് അന്താരാഷ്ട്രസംഘടനകൾ ആവശ്യപ്പെട്ടു. യുദ്ധപ്രദേശങ്ങളിൽ സാധാരണജനത്തെ പട്ടിണിയിലാക്കുന്നത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിലിന്റെ 2417-ആം പ്രമേയത്തിന്റെ നേരിട്ടുള്ള ലംഘനമായിരിക്കുമെന്ന് സംഘടനകൾ ഫെബ്രുവരി 14-ന് സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പാലസ്തീന-ഇസ്രായേൽ സംഘർഷം മൂലം സാധാരണ ജനം ദുരിതമനുഭവിക്കുന്ന ഗാസായിൽ സ്ഥിരമായ വെടിനിറുത്തൽ ഉടൻ പ്രഖ്യാപിക്കണമെന്നും, പ്രദേശത്ത് ക്ഷാമം ഒഴിവാക്കാനായി മാനവികസഹായം വർദ്ധിപ്പിക്കണമെന്നും സേവ് ദി ചിൽഡ്രൻ ഉൾപ്പെടെയുള്ള പതിനഞ്ച് അന്താരാഷ്ട്ര സംഘടനകൾ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിലിന്റെ 2417-ആം പ്രമേയം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണെന്ന് ഈ സംഘടനകൾ ഫെബ്രുവരി 14-ന് സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. യുദ്ധതന്ത്രത്തിന്റെ ഭാഗമായി, സാധാരണ ജനത്തെ പട്ടിണിയിലാക്കുന്നത് വിലക്കുന്നതാണ് സുരക്ഷാകൗൺസിലിന്റെ 2417-ആം പ്രമേയം. സംഘർഷാവസ്ഥയിലും സാധാരണ ജനത്തിന് മാനവികസഹായം എത്തിക്കുന്നത് അനുവദിക്കുക എന്നത്, അന്താരാഷ്ട്ര മാനവിക നിയമം ആവശ്യപ്പെടുന്ന ഒന്നാണെന്നും, ഇതിനായി എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും സംയുക്തപത്രക്കുറിപ്പിൽ ഒപ്പുവച്ച അന്താരാഷ്ട്രസംഘടനകൾ ഓർമ്മിപ്പിച്ചു.

ഗാസ മുനമ്പിൽ തുടരുന്ന സംഘർഷങ്ങളും ഉപരോധവും കാരണം ഗാസയിലെ സാധാരണ ജനം ക്ഷാമം അനുഭവിക്കുന്നുണ്ടെന്നും, നാലിലൊന്ന് കുടുംബങ്ങളും പട്ടിണി നേരിടുന്നുണ്ടെന്നും പ്രദേശത്തെ പോഷകാഹാരലഭ്യതയുമായി ബന്ധപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഏതാണ്ട് അൻപത് ലക്ഷം ജനങ്ങളാണ് പട്ടിണി അനുഭവിക്കുന്നത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കണക്കുകൾ പ്രകാരം, ജനസംഖ്യാനുപാതത്തിൽ ഏറ്റവും ഉയർന്ന ശതമാനം ആളുകൾ ഭക്ഷ്യപ്രതിസന്ധി നേരിടുന്നത് ഈ പ്രദേശത്താണ്. പല കുടുംബങ്ങളിലും ദിവസത്തിൽ ഒരിക്കൽ പോലും കഴിക്കാനുള്ള ഭക്ഷണം ലഭ്യമല്ല. ഒക്ടോബർ 7-നു മുൻപ് ഗാസപ്രദേശത്ത് ഇത്തരത്തിൽ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന ആളുകൾ ഇല്ലായിരുന്നവെന്നും, വരും മാസങ്ങളിൽ ജനനത്തോതിൽ 27 ശതമാനം കുറവുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. സംഘർഷങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഏതാണ്ട് മൂന്നിൽ രണ്ട് വിഭാഗം ജനങ്ങൾക്കും ഭഷ്യസഹായം ലഭ്യമായിരുന്നുവെന്നും, എന്നാൽ, നിലവിലെ ആക്രമണങ്ങളും, അസുരക്ഷിതാവസ്ഥയും, നിരോധനങ്ങളും മൂലം, മാനവികസഹായലഭ്യത തീരെ കുറഞ്ഞുവെന്നും അന്താരാഷ്ട്ര സംഘടനകൾ തങ്ങളുടെ പത്രക്കുറിപ്പിൽ പ്രസ്‌താവിച്ചു. ഗാസ പ്രദേശത്ത് ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ, മാനവികസഹായലഭ്യത കുറയുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഗാസാ പ്രദേശത്ത് പട്ടിണിയെ യുദ്ധതന്ത്രമാക്കി മാറ്റുകയാണെന്ന്, ഐക്യരാഷ്ട്രസഭയും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു ആഗോള സംഘടനയായ ഹ്യൂമൺ റൈറ്റ് വാച്ചും, മറ്റു മാനവികസംഘടനകളും അടിവരയിട്ടു പറയുന്നുവെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. ഇത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ 2417-ആം പ്രമേയത്തിന്റെ ലംഘനമാണ്.

നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള കുട്ടികളും ഗർഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകളും, വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ മൂലം കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇക്കാരണത്താൽ തന്നെ ഇവർ പോഷകാഹാരക്കുറവിനും, രോഗങ്ങൾക്കും കൂടുതൽ ഇരകളാകുകയും, അതുവഴി, ഇത്തരത്തിലുള്ളവരുടെ മരണനിരക്ക് വർദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നും സംഘടനകൾ അറിയിച്ചു.

അന്തർദേശീയ നീതിന്യായ കോടതി കഴിഞ്ഞയിടെ നൽകിയ നിർദ്ദേശങ്ങൾ പ്രകാരം, ഇസ്രായേൽ, ഭഷ്യ, ജല സഹായമുൾപ്പെടെയുള്ള അടിസ്ഥാന മാനവികസഹായങ്ങൾ ഗാസ മുനമ്പിൽ എത്തിക്കുന്നത് അനുവദിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്ന് അന്താരാഷ്ട്രസംഘടനകൾ ഓർമ്മിപ്പിച്ചു. സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ, ഗാസാ പ്രദേശത്ത് സഹായസമഗ്രികൾ എത്തിക്കാൻ അനുവദിക്കുന്നുവെന്ന് ഉറപ്പാക്കാൻ മറ്റു രാജ്യങ്ങൾക്കും നിയമപരമായ കടമയുണ്ടെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.

ക്ഷാമം ഒഴിവാക്കാൻ, അടിയന്തിരമായി, സ്ഥിര വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും, ആരോഗ്യാസേവനമേഖല പുനഃസ്ഥാപിക്കണമെന്നും, ജലലഭ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കണമെന്നും പത്രക്കുറിപ്പ് കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2024, 15:10