തിരയുക

റഷ്യൻ അധിനിവേശത്തിനിടയിൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ പദ്ധതിയിൽ ഖാർകിവിലെ കുട്ടികൾ പങ്കെടുക്കുന്നു. റഷ്യൻ അധിനിവേശത്തിനിടയിൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ പദ്ധതിയിൽ ഖാർകിവിലെ കുട്ടികൾ പങ്കെടുക്കുന്നു.  (ANSA)

യുക്രെയ്നിലെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി യൂണിസെഫ് 29,000 ലാപ്ടോപ്പുകൾ വിതരണം ചെയ്തു

യുക്രെയ്നിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയവുമായി സഹകരിച്ച്, പത്ത് യുക്രേനിയൻ പ്രദേശങ്ങളിലെ മധ്യ, ഹൈസ്കൂൾ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി യൂണിസെഫ് ഏകദേശം 29,000 ലാപ്ടോപ്പുകൾ വിതരണം ചെയ്തു. സ്കൂൾ അടച്ചുപൂട്ടലിൽ യുദ്ധത്തിന്റെ ആഘാതം കാരണം ഔപചാരിക ഓൺലൈൻ വിദ്യാഭ്യാസം നേടുന്നതിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വിദ്യാഭ്യാസം ഔപചാരികമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്ന കുട്ടികൾക്ക് പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടനയുടെ പ്രതിബദ്ധത യുക്രെയ്നിലെ യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദെ ഊന്നിപ്പറഞ്ഞു. ഡിനിപ്രോപെട്രോവ്സ്ക, ഡൊണെറ്റ്സ്ക, സപോറിസ്ക, ലുഹാൻസ്ക, മൈകോലൈവ്സ്ക, ഒഡെസ്ക, സുംസ്ക, ചെർനിഹിവ്സ്ക, ഖാർകിവ്സ്ക, ഖേർസൺസ്ക തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.

യൂറോപ്യൻ യൂണിയൻ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ സർക്കാരുകൾ, യൂണിസെഫ് ദേശീയ കമ്മിറ്റികൾ, ബ്രേക്ക് ത്രൂ പ്രൈസ് ഫൗണ്ടേഷന്റെ "ടെക് ഫോർ റെഫ്യൂജീസ്" സംരംഭം എന്നിവയിൽ നിന്നുള്ള പിന്തുണയിലൂടെയാണ് ലാപ്ടോപ്പുകൾ വാങ്ങുന്നതും വിതരണം ചെയ്യുന്നതും സാധ്യമായത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ, വൈകല്യമുള്ളവർ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ, മറ്റ് ദുർബല ഗ്രൂപ്പുകൾ എന്നിവർക്ക് ഈ ഉപകരണങ്ങൾ ലഭിക്കും. യുക്രെയ്നിൽ തുടർച്ചയായ പഠനം ഉറപ്പാക്കുന്നതിനുള്ള വിശാലമായ യൂണിസെഫ് സംരംഭത്തിന്റെ ഭാഗമാണ് ലാപ്ടോപ്പുകൾ.

യൂറോപ്യൻ യൂണിയന്റെയും, റിപ്പബ്ലിക് ഓഫ് കൊറിയയുടെയും ധനസഹായത്തോടെ ഇതിനകം 20,000 ഉപകരണങ്ങൾ ഉപയോഗത്തിലുണ്ട്, അതിൽ പ്രാഥമിക വിദ്യാർത്ഥികൾക്ക് 10,000 ടാബ്ലെറ്റുകളും മധ്യക്ലാസിലും, ഹൈസ്കൂളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 10,000 ലാപ്ടോപ്പുകളും ഉൾപ്പെടുന്നു. വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയത്തിന്റെ മുൻഗണനകൾക്ക് അനുസൃതമായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ 40,000 ഉപകരണങ്ങൾ കൂടി മുൻനിര പ്രദേശങ്ങളിൽ എത്തിക്കും.

യുക്രേനിയൻ കുട്ടികളുടെ ഭാവിയിലേക്കുള്ള വിലയേറിയ നിക്ഷേപത്തിന് യുക്രെയ്നിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രി ഒക്സൻ ലിസോവി കൃതജ്ഞത പ്രകടിപ്പിച്ചു, വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി മാത്രമല്ല, ആശയവിനിമയത്തിനും അധ്യാപക പിന്തുണയ്ക്കുമുള്ള ഉപകരണങ്ങളായും ഈ സംരംഭത്തെ ഉയർത്തിക്കാട്ടി. എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ പ്രവേശനം നൽകാനുള്ള യുക്രേനിയൻ സർക്കാരിന്റെ ദൗത്യത്തെ യുണിസെഫ് പിന്തുണയ്ക്കുന്നത് തുടരുന്നു. ലാപ്ടോപ്പ് വിതരണത്തിന് പുറമേ, എല്ലാവർക്കും യുക്രേനിയൻ സ്കൂൾ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ വികസനം എന്ന സംരംഭത്തെ യുണിസെഫ് പ്രോത്സാഹിപ്പിക്കുകയും ആധുനിക ഓൺലൈൻ, സംയോജിത പഠന തന്ത്രങ്ങൾ അധ്യാപകരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. രാജ്യവ്യാപകമായി ഡിജിറ്റൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമ്പോൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ ഉപകരണങ്ങളും സംഘടന നൽകുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2023, 16:22