തിരയുക

വിനാശകരമായ ഹോളോഡോമോർ ക്ഷാമത്തിന്റെ 90ആം വാർഷികം യുക്രെയ്ൻ  അനുസ്മരിച്ചു. വിനാശകരമായ ഹോളോഡോമോർ ക്ഷാമത്തിന്റെ 90ആം വാർഷികം യുക്രെയ്ൻ അനുസ്മരിച്ചു. 

യുക്രെയ്ൻ ഹോളോഡോമോർ ക്ഷാമത്തെ അനുസ്മരിച്ചു

1932-33 കാലഘട്ടത്തിൽ ഉണ്ടായ ഹോളോഡോമർ ക്ഷാമത്തിൽ ലക്ഷക്കണക്കിനാളുകളാണ് യുക്രെയ്നിൽ മരിച്ചത്. ധാന്യ വിതരണത്തിനെതിരെ വർദ്ധിച്ചുവരുന്ന റഷ്യൻ ഡ്രോണുകളിൽ നിന്നുള്ള ഭീഷണികൾക്കിടയിലാണ് ഈ അനുസ്മരണം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വിനാശകരമായ ഹോളോഡോമോർ ക്ഷാമത്തിന്റെ 90ആം വാർഷികം യുക്രെയ്ൻ അനുസ്മരിച്ചു. പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും ഭാര്യ ഒലെനയും യുക്രേനിയൻ ചരിത്രത്തിലെ ഈ ഇരുണ്ട അധ്യായത്തിൽ മരിച്ച ദശലക്ഷക്കണക്കിന് ആളുകൾക്ക് ആദരാഞ്ജലി അർപ്പിച്ചു. റഷ്യയിൽ നിന്നുള്ള അഭൂതപൂർവമായ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോതമ്പും പിടിച്ചു നിൽക്കുന്ന അവശയായ പെൺകുട്ടിയുടെ പ്രതിമയ്ക്ക് സമീപം അനുസ്മരണം നടന്നത്.

സോവിയറ്റ് കാലഘട്ടത്തിൽ ജോസഫ് സ്റ്റാലിന്റെ നിഷ്കരുണമായ നയങ്ങളുടെ ഫലമായ ഹോളോഡോമർ ക്ഷാമം, 1932 ൽ യുക്രേനിയൻ കൃഷിഭൂമികളിൽ നിന്ന് എല്ലാ ധാന്യങ്ങളും കന്നുകാലികളും നിർബന്ധിതമായി പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു. അടുത്ത വിളയ്ക്ക് അവശ്യമായ വിത്തുകൾ ഉൾപ്പെടെ പിടിച്ചെടുത്തത് പിന്നീടുള്ള മാസങ്ങളിൽ വൻ പട്ടിണിയിലേക്കും ദശലക്ഷക്കണക്കിന് യുക്രേനിയൻ കർഷകരുടെ മരണത്തിലേക്കും നയിച്ചു. ഈ ദുരന്തത്തെ പ്രസിഡന്റ് സെലെൻസ്കി മോസ്കോയുടെ നിലവിലെ തന്ത്രങ്ങളോടാണ് ഉപമിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടങ്ങിയ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ വാരാന്ത്യത്തിൽ നടന്നത്. ആക്രമണത്തിൽ നിരവധി യുക്രേനിയക്കാർക്ക് പരിക്കേറ്റു. ശൈത്യകാലം അടുക്കുമ്പോൾ, പ്രത്യേകിച്ചും, ഇത് രാജ്യത്തിന്റെ സുപ്രധാന ധാന്യ വിതരണ സുരക്ഷയെക്കുറിച്ച് ആശങ്കയാണ് ഉയർത്തുന്നത്.

ഹോളോഡോമോർ അനുസ്മരണത്തോടൊപ്പം നടന്ന 'ഗ്രെയിൻ ഫ്രം യുക്രെയ്ൻ' ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രസിഡന്റ് സെലെൻസ്കി, വർദ്ധിച്ചുവരുന്ന ഭീഷണികൾക്ക് മറുപടിയായി യുക്രേനിയൻ ഭക്ഷ്യ വിതരണം സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സഖ്യകക്ഷികളോടു സഹായം അഭ്യർത്ഥിച്ചു. ലോകത്തിന്റെ അപ്പക്കുട്ട എന്നറിയപ്പെടുന്ന യുക്രെയ്ൻ ആഗോള ധാന്യ ഉൽപാദനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.

വെല്ലുവിളികൾക്കിടയിലും, മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ വിളവെടുപ്പിൽ പത്ത് ശതമാനം വർദ്ധനവ് യുക്രെയ്ൻ പ്രവചിച്ചതിനാൽ ഞായറാഴ്ചയ്ക്ക് പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു. ആഭ്യന്തര ഉപഭോഗത്തിന് വിളകളുടെ നാലിലൊന്ന് മാത്രമേ ആവശ്യമുള്ളൂ. അതിനാൽ, അടിയന്തിര ഭക്ഷ്യ ആവശ്യങ്ങൾ നേരിടുന്ന രാജ്യങ്ങൾക്കായി യുക്രേനിയൻ ധാന്യം വാങ്ങാൻ 'ഗ്രെയിൻ ഫ്രം യുക്രെയ്ൻ' ഉച്ചകോടി ഏകദേശം 100 ദശലക്ഷം ഡോളർ വിജയകരമായി സമാഹരിച്ചു. മാനുഷിക ഭക്ഷ്യ പരിപാടിയിലേക്ക് നാല് ദശലക്ഷം യൂറോ സംഭാവന ചെയ്ത ഇറ്റലിയും ലിത്വാനിയയും ശ്രദ്ധേയമായ സംഭാവന നൽകിയ രാജ്യങ്ങളിൽ ഉൾപ്പെടുന്നു. വേദനാജനകമായ ചരിത്രത്തെ അനുസ്മരിക്കുക, ബാഹ്യ ഭീഷണികൾക്കെതിരെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക എന്നീ ഇരട്ട വെല്ലുവിളികളെ യുക്രെയ്ൻ നേരിടുമ്പോൾ, അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിക്കുകയും വർദ്ധിച്ചുവരുന്ന പ്രതികൂല സാഹചര്യങ്ങളിൽ പിന്തുണ നൽകാൻ തയ്യാറാകുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2023, 14:07