തിരയുക

സങ്കീർത്തനചിന്തകൾ - 50 സങ്കീർത്തനചിന്തകൾ - 50 

വിശ്വസ്തതയോടെ, ദൈവത്തിന് സ്വീകാര്യമായ കൃതജ്ഞതയുടെ ബലിയർപ്പിക്കുക

വചനവീഥി: അൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്റെ അവകാശാധികാരങ്ങളും, അവിടുന്ന് മനുഷ്യരിൽനിന്ന് പ്രതീക്ഷിക്കുന്ന വിശ്വസ്തതയും കൃതജ്ഞതയും വെളിവാക്കുന്ന കീർത്തനമാണ് ആസാഫിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള അൻപതാം സങ്കീർത്തനം. യാഥാർത്ഥവും സത്യസന്ധവുമായ അനുസരണത്തോടെയുള്ള സ്‌തുതിയുടെ ബലിയാണ് തന്റെ ഭക്തരിൽനിന്ന് ദൈവം ആഗ്രഹിക്കുന്നതെന്ന് പ്രസ്‌താവിക്കുന്ന ഒരു ഉടമ്പടിയുടേതായ വാക്കുകളാണ് ഈ സങ്കീർത്തനത്തിൽ നാം കാണുക. സകലരെയും തന്റെ മുൻപിൽ വിധിക്കായി വിളിക്കുന്ന ദൈവത്തിന്റെ മഹത്വപൂർണ്ണമായ വരവിന്റെ ഒരു ചിത്രവും ഈ ഗീതത്തിൽ നമുക്ക് കാണാം. തന്റെ വിശ്വസ്‌തരിൽനിന്ന് താൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ദൈവം ആരാധകരെന്ന ഭാവത്തിൽ കപടതയോടെ തന്റെ മുന്നിൽ നിൽക്കുന്നവരെ ശാസിക്കുന്നു. തിന്മയിൽ തുടരുന്നവർക്ക് ശിക്ഷയെക്കുറിച്ചുള്ള ഭീഷണിയും, നേരായ മാർഗ്ഗത്തിൽ ചരിക്കുന്നവർക്ക് രക്ഷയുടെ വാഗ്‌ദാനവും നൽകുന്ന ദൈവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സങ്കീർത്തനവാക്യങ്ങൾ അവസാനിക്കുന്നത്. നമ്മുടെ പ്രവൃത്തികളെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ജീവിതത്തിൽ വാക്കുകളിലും പ്രവൃത്തികളിലും ഉണ്ടായിരിക്കേണ്ട സത്യസന്ധതയെക്കുറിച്ചുമാണ് ഈ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നത്.

ദൈവത്തിന്റെ പ്രത്യക്ഷീകരണവും മനുഷ്യരും

തന്റെ ഹിതം വെളിപ്പെടുത്താനായും സകലരെയും വിധിക്കാനായും പ്രത്യക്ഷപ്പെടുന്ന ദൈവത്തിന് മുൻപിലെത്താനായി തന്റെ വിശ്വസ്‌തരെ വിളിച്ചുകൂട്ടുവാനുള്ള ആഹ്വാനമാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ ആറുവരെയുള്ള വാക്യങ്ങളിൽ നാം കാണുക. "കർത്താവായ ദൈവം, ശക്തനായവൻ, സംസാരിക്കുന്നു; കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്ന് വിളിക്കുന്നു" (സങ്കീ. 50, 1), എന്ന ഒന്നാം വാക്യം തന്നെ ദൈവത്തിന്റെ വിധിയുടെ സർവ്വത്രികത വെളിവാകുന്നുണ്ട്. പ്രപഞ്ചം മുഴുവന്റെയും സൃഷ്ടാവും നാഥനുമായ ദൈവത്തിന് മുൻപിൽ മനുഷ്യരെല്ലാവരും, നല്ലവരും ദുഷ്ടരും നിൽക്കേണ്ടിവരുമെന്ന് സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു. സീയോനിൽനിന്ന് ജെറുസലേമിൽനിന്ന് ദൈവം പ്രകാശിപ്പിക്കുന്നുവെന്ന് ഉദ്‌ഘോഷിക്കുന്ന രണ്ടാം വാക്യം ദൈവം മൗനമായിരിക്കില്ലെന്ന് ഓർമ്മിപ്പിക്കുന്നുണ്ട് (സങ്കീ. 50, 2). സംഹാരാഗ്നിയോടും ഇരമ്പുന്ന കൊടുങ്കാറ്റോടും കൂടെയെത്തുന്ന ദൈവം തന്റെ ജനത്തെ വിധിക്കാൻ ആകാശത്തെയും ഭൂമിയെയും വിളിക്കുന്നുണ്ട് (സങ്കീ. 50, 3-4). ബലിയർപ്പണത്തോടെ തന്നോട് ഉടമ്പടി ചെയ്‌തിട്ടുള്ള ജനത്തെ തന്റെ വിശ്വസ്‌തരെന്നാണ് ദൈവം വിശേഷിപ്പിക്കുന്നത് (സങ്കീ. 50, 5). വിശാലമായ ആകാശം അവിടുത്തെ നീതിയെ പ്രകീർത്തിക്കുന്നു. ദൈവമാണ് യഥാർത്ഥ വിധികർത്താവ് (സങ്കീ. 50, 6).

ദൈവജനവും ദൈവത്തിന് പ്രീതികരമായ ബലിയും

സങ്കീർത്തനത്തിന്റെ ഏഴ് മുതൽ പതിനഞ്ച് വരെയുള്ള വാക്യങ്ങളിൽ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോട് ദൈവം സംസാരിക്കുന്നതാണ് നാം കാണുക. "എന്റെ ജനമേ" എന്ന് ഇസ്രയേലിനെ വിളിക്കുന്ന ദൈവം, താനാണ് ഇസ്രയേലിന്റെ ദൈവമെന്ന് അവരെ ഓർമ്മിപ്പിക്കുന്നു (സങ്കീ. 50, 7). ഇസ്രായേൽ ജനത്തിന്റെ ബലികളിൽ ദൈവം കുറവുകളൊന്നും പറയുന്നില്ലെന്ന് മാത്രമല്ല, അവരുടെ ദഹനബലികൾ തനിക്ക് മുന്നിലുണ്ടെന്നും കർത്താവ് ഉറപ്പുനൽകുന്നു (സങ്കീ. 50, 8). എന്നാൽ അതേസമയം അവരിൽനിന്ന് കാളയെയോ മുട്ടാടിനെയോ താൻ സ്വീകരിക്കുകയില്ലെന്ന് ഓർമ്മിപ്പിക്കുന്ന ദൈവം, സകലതും തന്റേതാണെന്ന് അവരോട് പറയുന്നു: "വനത്തിലെ സർവ്വമൃഗങ്ങളും കുന്നുകളിലെ ആയിരക്കണക്കിന് കന്നുകാലികളും എന്റേതാണ്. ആകാശത്തിലെ പറവകളെ ഞാൻ അറിയുന്നു; വയലിൽ ചരിക്കുന്നവയെല്ലാം എന്റേതാണ്" (സങ്കീ. 50, 9-11). മനുഷ്യർ ബലികളർപ്പിക്കുന്നതിലൂടെയല്ല ദൈവം ജീവിക്കുന്നത്. സകലതും സൃഷ്‌ടിച്ച, എല്ലാം സ്വന്തമായുള്ള ദൈവം, കാളകളുടെ മാംസമോ, ആടുകളുടെ രക്തമോ കാത്തിരിക്കുന്നവനല്ല (സങ്കീ. 50, 12-13). തന്റെ ഭക്തരിൽനിന്ന് താൻ ആഗ്രഹിക്കുന്നത് എന്താണെന്ന് തുടർന്ന് ദൈവം വ്യക്തമാക്കുന്നു: "കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനർപ്പിക്കുന്ന ബലി; അത്യുന്നതനുള്ള നിന്റെ നേർച്ചകൾ നിറവേറ്റുക" (സങ്കീ. 50, 14). വിശ്വസ്‌തതയുടെയുള്ള ഒരു ബന്ധമാണ് ദൈവം ആഗ്രഹിക്കുന്നത്. അങ്ങനെ ജീവിക്കുന്നവർ അനർത്ഥകാലത്ത് തന്നെ വിളിച്ചപേക്ഷിച്ചാൽ താൻ അവരെ മോചിപ്പിക്കുമെന്നും, ദൈവം ഉറപ്പുനൽകുന്നു (സങ്കീ. 50, 15).

ദുഷ്ടരും ചതിയരുമായ കപട ആരാധകരും ദൈവവും

സങ്കീർത്തനത്തിന്റെ പതിനാറ് മുതൽ ഇരുപത്തിയൊന്നുവരെയുള്ള വാക്യങ്ങളിൽ കപട അരാധകരെ ശാസിക്കുന്ന ഒരു ദൈവത്തെയാണ് നാം കാണുക. ദൈവികനിയമങ്ങൾ കപടമായി ഉരുവിടാനോ, ഉടമ്പടിയെക്കുറിച്ച് സംസാരിക്കാനോ അവർക്ക് അവകാശമില്ല (സങ്കീ. 50, 16). ദൈവം നൽകുന്ന ശിക്ഷണത്തെ വെറുക്കുകയും, അവന്റെ വചനത്തെ അവഗണിക്കുകയും ചെയ്യുന്ന ദുഷ്ടർ, കള്ളന്മാരോടും വ്യഭിചാരികളോടും കൂട്ടുകൂടുകയും, തിന്മയ്ക്കും വഞ്ചനയ്ക്കുമായി തന്റെ നാവുപയോഗിക്കുകയും ചെയ്യുന്നു (സങ്കീ. 50, 17-19). നന്മയും സത്യവും പറയേണ്ട, ദൈവസ്‌തുതികൾ പാടേണ്ട അധരങ്ങൾ നുണയും കള്ളസാക്ഷ്യവും പറയുന്നവാക്കി മാറ്റുന്നവർ, ദൈവത്തിന് അസ്വീകാര്യരായി മാറുകയാണ്. സഹോദരനെതിരെ സംസാരിക്കുന്നതും, അവനെതിരെ അപവാദം പരത്തുന്നതും ദൈവം വെറുക്കുന്ന തിന്മയാണെന്ന് സങ്കീർത്തനവാക്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു (സങ്കീ. 50, 20). നന്മയായ ദൈവത്തിന് മുൻപിൽ തിന്മയ്ക്കും, തിന്മ പ്രവർത്തിക്കുന്നവർക്കും സ്ഥാനമില്ല.

ശിക്ഷയും അനുഗ്രഹവും

സങ്കീർത്തനത്തിന്റെ ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള വാക്യങ്ങളിൽ ദുഷ്ടരോടുള്ള ദൈവത്തിന്റെ മുന്നറിയിപ്പും തനിക്ക് മുന്നിൽ നേരായ മാർഗ്ഗത്തിൽ ചരിക്കുന്നവർക്കുള്ള അനുഗ്രഹത്തിന്റെ വാഗ്ദാനവുമാണ് നാം കാണുന്നത്. ദൈവത്തിന്റെ മൗനവും ക്ഷമയും അവന്റെ ദൗർബല്യങ്ങളായി കരുതിയവരെയും, ദൈവവും തങ്ങളെപ്പോലെയാണെന്ന് കരുതി തിന്മയിൽ തുടർന്നവരെയും ശാസിക്കുന്ന (സങ്കീ. 50, 21) ദൈവത്തെയാണ് ഇരുപത്തിയൊന്നാം വാക്യത്തിൽ നാം കാണുക. ഇത്തരമൊരു മൗഢ്യത്തിൽ തുടരുന്നവരോട് ദൈവം പറയുന്നു: "ദൈവത്തെ മറക്കുന്നവരെ, ഓർമ്മയിലിരിക്കട്ടെ! അല്ലെങ്കിൽ, ഞാൻ നിങ്ങളെ ചീന്തിക്കളയും; രക്ഷിക്കാൻ ആരും ഉണ്ടായിരിക്കുകയില്ല" (സങ്കീ. 50, 22). എന്നാൽ ദൈവത്തോട് വിശ്വസ്‌തതയോടെ ജീവിക്കുന്ന, അവിടുത്തെ അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് നന്ദി നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്ന മനുഷ്യർക്ക് ദൈവം രക്ഷ വാഗ്ദാനം ചെയ്യുന്നു: "ബലിയായി കൃതജ്ഞത അർപ്പിക്കുന്നവൻ എന്നെ ബഹുമാനിക്കുന്നു; നേരായ മാർഗ്ഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും" (സങ്കീ. 50, 23).

സങ്കീർത്തനം ജീവിതത്തിൽ

എപ്രകാരമുള്ള ഒരു ജീവിതമാണ് ദൈവം മനുഷ്യരിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുന്ന അൻപതാം സങ്കീർത്തനം, ദൈവത്തിന്റെ മഹത്വപൂർണ്ണമായ വിധിദിനത്തെക്കുറിച്ചുള്ള ചിന്തകൾ മുന്നിൽ വച്ച്, നന്മയിൽ ജീവിക്കാൻ നാമെല്ലാവരെയും ആഹ്വാനം ചെയ്യുന്നുണ്ട്. കപടതയെ വെറുക്കുന്ന, ഉടമ്പടിയനുസരിച്ചുള്ള ജീവിതം ആവശ്യപ്പെടുമ്പോഴും, മനുഷ്യന്റെ യാന്ത്രികമായ, ആത്മാർത്ഥതയില്ലാത്ത, ആചാരപരതയുടെ പേരിലുള്ള ബലികൾ, സർവ്വവും സൃഷ്ടിക്കുകയും സകലതിനെയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന് സ്വീകാര്യമല്ല  താൻ ദാനമായി, അനുഗ്രഹമായി മനുഷ്യന് നൽകിയവ തിരികെ ബലിയായി പ്രതീക്ഷിക്കാൻ തക്കവിധം ചെറിയവനല്ല സകലത്തിന്റെയും ഉടയവനായ ദൈവം. തന്നോട് വിശ്വസ്‌തതയോടെ ജീവിക്കുന്ന, നിർമ്മലമായ, കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ നേർച്ചകളും കാഴ്ച്ചകളും ബലികളും അർപ്പിക്കുന്ന, തന്റെ യഥാർത്ഥ ഭക്തരിൽ സംപ്രീതനാകുന്നവനാണ് ദൈവം. തന്നോട് ചേർന്ന് നിൽക്കുന്നവരെ എല്ലാ തിന്മകളിലും, ദുരിതങ്ങളിലും നിന്ന് മോചിപ്പിക്കുന്ന, അവരെ സംരക്ഷിച്ച് ചേർത്തുപിടിക്കുന്ന നീതിമാനായ ദൈവം. തിന്മയിൽനിന്നും അനീതിയിൽനിന്നും വഞ്ചനയിൽനിന്നും ദുഷ്ടതയിൽനിന്നും അകന്ന്, ദൈവത്തിന് പ്രീതികരമായ ജീവിതം നയിച്ച്, സർവ്വശക്തനും പ്രപഞ്ചനാഥനായ ദൈവം കാട്ടിത്തരുന്ന നേരിന്റെ മാർഗ്ഗത്തിൽ ചരിച്ച്, രക്ഷ സ്വന്തമാക്കാൻ നമുക്കും സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2023, 14:44