തിരയുക

സങ്കീർത്തനചിന്തകൾ - 49 സങ്കീർത്തനചിന്തകൾ - 49 

ദുഷ്ടരുടെ ഭൗമികജീവിതവും നീതിമാന്മാരെ സംരക്ഷിക്കുന്ന ദൈവവും

വചനവീഥി: നാൽപ്പത്തിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നാൽപ്പത്തിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കൊറഹിന്റെ പുത്രന്മാരുടെ കീർത്തനമെന്ന തലക്കെട്ടോടെയുള്ള നാൽപ്പത്തിയൊൻപതാം സങ്കീർത്തനം ഒരു ജ്ഞാനകീർത്തനമാണ്. ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നാലും ദൈവവിശ്വാസത്തിൽ തുടരാനുള്ള ആഹ്വാനവും തീരുമാനവും ഈ സങ്കീർത്തനവരികളിൽ എഴുതുന്ന സങ്കീർത്തകൻ, ദുഷ്ടരായ മനുഷ്യർ എങ്ങനെ സമൃദ്ധിയിൽ തുടരുന്നുവെന്ന ശാശ്വതമായ ചോദ്യത്തെയും ഈ കീർത്തനത്തിൽ വിശകലനം ചെയ്യുന്നുണ്ട്. മരണത്തിന് മുന്നിൽ അവസാനിക്കുന്ന സമ്പത്തിൽ ശരണം വയ്ക്കുന്നതിലെ അർത്ഥശൂന്യതയും, ദൈവവിശ്വാസമില്ലാത്ത മനുഷ്യരുടെ നാശകരമായ അന്ത്യവും ഇവിടെ വിചിന്തനവിധേയമാകുന്നുണ്ട്. ദുഷ്ടരുടെയും അനീതി പ്രവർത്തിക്കുന്നവരുടെയും സമ്പത്തും പുരോഗതിയും നമ്മെ തളർത്തേണ്ട കാര്യമില്ല, കാരണം നാം നീതിമാനെ രക്ഷിക്കുന്ന ദൈവത്തിലാണ് വിശ്വസിക്കുന്നത്. എത്ര വലിയ സാമ്പത്തിനേക്കാളും വലുത് ജീവന്റെ വിലയാണെന്നും, അത് നമ്മുടെ സ്വന്തമല്ല, ദൈവത്തിന്റെ അമൂല്യമായ ദാനമാണെന്നുമുള്ള ഒരു ബോധ്യത്തിലേക്കും ഈ സങ്കീർത്തനം നമ്മെ കൊണ്ടുപോകുന്നുണ്ട്.

ജനതകൾകളോടുള്ള വിശ്വാസപ്രഖ്യാപനം

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ നാലുവരെയുള്ള വാക്യങ്ങളിൽ, വിശ്വാസത്തെക്കുറിച്ചുള്ള പ്രഖ്യാപനം ശ്രദ്ധാപൂർവ്വം ശ്രവിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്യുന്ന സങ്കീർത്തകനെയാണ് നാം കാണുന്നത്: "ജനതകളെ, ശ്രദ്ധിക്കുവിൻ, ഭൂവാസികളെ, ചെവിയോർക്കുവിൻ. എളിയവരും ഉന്നതരും ധനികരും ദരിദ്രരും ഒന്നുപോലെ കേൾക്കട്ടെ. എന്റെ അധരങ്ങൾ ജ്ഞാനം പ്രഘോഷിക്കും; എന്റെ ഹൃദയം വിവേകം മന്ത്രിക്കും. സുഭാഷിതത്തിന് ഞാൻ ചെവിചായ്ക്കും, കിന്നാരനാദത്തോടെ ഞാൻ എന്റെ കടംകഥയുടെ പൊരുൾ തിരിക്കും" (സങ്കീ. 49, 1-4). ദൈവത്തിനും ദൈവികകാര്യങ്ങൾക്കും തന്റെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുന്ന ഒരു വിശ്വാസിയെയാണ് സങ്കീർത്തകനിൽ നാം കാണുക. സംരക്ഷകനായ ഒരു ദൈവത്തിലാണ് താൻ ശരണമർപ്പിക്കുന്നത് എന്ന ബോധ്യത്തിൽനിന്നാണ് അവൻ ഈ വാക്കുകൾ എഴുതുന്നത്. 23, 27, 62 പോലെയുള്ള സങ്കീർത്തനങ്ങളിലും വിശ്വാസത്തിന്റെ ഈയൊരു പ്രഘോഷണം നാം കാണുന്നുണ്ട്. ദരിദ്രരും ധനികരുമുൾപ്പെടെ, എല്ലാ മനുഷ്യരോടുമാണ് സങ്കീർത്തകൻ വിശ്വാസത്തെക്കുറിച്ചുള്ള തന്റെ ഈ പ്രഘോഷണം നടത്തുക. സാധാരണയായി ദൈവസ്‌തുതിയുടെ വാക്കുകൾ ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങളിൽനിന്ന് വ്യത്യസ്ഥമായി മറ്റുള്ളവർക്ക് ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം പകരുകയെന്നതാണ് ഈ സങ്കീർത്തനത്തിന്റെ ലക്‌ഷ്യം. അതുകൊണ്ടുതന്നെയാണ് ഏവർക്കും ഓർമ്മയിൽ സൂക്ഷിക്കാനായി കിന്നാരനാദത്തിന്റെ അകമ്പടിയോടെ സങ്കീർത്തകൻ വിശ്വാസത്തിന്റെ രഹസ്യപ്പൊരുൾ അഴിക്കുന്നത്.

വിശ്വാസമില്ലാത്ത മനുഷ്യരുടെ ജീവിതം

സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ പതിനാല് വരെയുള്ള വാക്യങ്ങളിൽ ദുഷ്ടരും അവിശ്വാസികളുമായ മനുഷ്യർക്ക് ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള തെറ്റിദ്ധാരണങ്ങളാണ് സങ്കീർത്തകൻ ഉദ്ബോധനവിഷയമാക്കുന്നത്. "എന്നെ പീഡിപ്പിക്കുന്നവരുടെ ദുഷ്ടത എന്നെ വലയം ചെയ്യുന്നു. ക്ലേശകാലങ്ങളിൽ ഞാനെന്തിന് ഭയപ്പെടണം" (സങ്കീ. 49, 5) എന്ന ചോദ്യത്തോടെയാണ് ഈ ഭാഗം സങ്കീർത്തകൻ ആരംഭിക്കുന്നത്. രണ്ടു കാരണങ്ങളാലാണ് സങ്കീർത്തകന് തന്റെ ജീവിതത്തെക്കുറിച്ച് ഭയമില്ലാത്തത്. ഒന്ന്, സംരക്ഷകനായ ദൈവത്തിലാണ് തന്റെ അഭയവും വിശ്വാസവുമെന്ന ഉറപ്പ്, രണ്ട് അവിശ്വാസികളായ മനുഷ്യരുടെ ചിന്തകളിലെ മൗഢ്യത്തെക്കുറിച്ചുള്ള സങ്കീർത്തകന്റെ ബോധ്യം. ദുഷ്ടരും അനീതി പ്രവർത്തിക്കുന്നവരുമായ മനുഷ്യർ ദൈവാശ്രയബോധമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ ധനത്തിൽ ആശ്രയിക്കുകയും സമ്പത്തിൽ അഹങ്കരിക്കുകയും ചെയ്യുന്നുവെന്ന് (സങ്കീ. 49, 6) സങ്കീർത്തകൻ എഴുതുന്നു. തങ്ങളുടെ സമ്പത്തുകൊണ്ട് എന്തും നേടാമെന്ന വ്യാമോഹമാണ് അവരെ നയിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ ശ്രോതാക്കളോട് ദുഷ്ടരും അനീതിക്കാരുമായ ധനാഢ്യരുടെ ജീവിതത്തെ അധികരിച്ചുകൊണ്ട് സങ്കീർത്തകൻ പറയുക ഇങ്ങനെയാണ്: "തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ ആർക്കും കഴിയുകയില്ല. ജീവന്റെ വിടുതൽവില വളരെ വലുതാണ്; എത്ര ആയാലും അത് തികയുകയില്ല. എന്നേക്കും ജീവിക്കാനോ പാതാളം കാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?" (സങ്കീ. 49, 7-8). ധനാഢ്യരും ദുഷ്ടരുമായ മനുഷ്യരും എല്ലാവരെയും പോലെ ഒരിക്കൽ മരിക്കേണ്ടവരാണ്. വിലയ്ക്കുവാങ്ങാനാകാത്തത്ര അമൂല്യമാണ് ജീവിതം. ധനത്തിനും ലൗകികമായ ബുദ്ധിശക്തികൾക്കും അപ്പുറം നിലനിൽക്കുന്ന ചില സത്യങ്ങളും വസ്തുതകളുമുണ്ടെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. ആത്മാവും സത്യവും ജീവനുമൊക്കെ ഈ ഭൂമിയിലെ സകലസമ്പത്തുകൾക്കും മേലെയാണെന്ന തിരിച്ചറിവിലേക്കാണ് ഏവരെയും അവൻ കണ്ണുതുറപ്പിക്കുന്നത്. തങ്ങളുടെ ആത്മാവിന്റെ രക്ഷ ദൈവത്തിൽ കണ്ടെത്തുന്നവരാണ് ശൂന്യതയിൽ അവശേഷിക്കാതെ, എന്നേക്കും ജീവിക്കുക. "ജ്ഞാനി പോലും മരിക്കുന്നെന്നും മണ്ടനും മന്ദബുദ്ധിയും ഒന്നുപോലെ നശിക്കുമെന്നും തങ്ങളുടെ സമ്പത്ത് അന്യർക്കായി ഉപേക്ഷിച്ചുപോകുമെന്നും അവർ കാണും" (സങ്കീ. 49, 10) എന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാം കീഴടക്കിയെന്ന് കരുതുന്ന രാജാക്കന്മാർ പോലും ശവകുടീരങ്ങളിലാണ് അവസാനവാസസ്ഥാനം കണ്ടെത്തുന്നത് (സങ്കീ. 49, 11). എല്ലാ പ്രതാപങ്ങളും ഒരുക്കൽ അവസാനിക്കും, വിവേകമില്ലതെ, മൃഗതുല്യം ജീവിച്ചവർ മൃഗതുല്യം നശിച്ചുപോകും (സങ്കീ. 49, 12). "വിവേകമറ്റ ആത്മവിശ്വാസം പുലർത്തുന്നവരുടെ വിധിയും തങ്ങളുടെ സമ്പത്തിൽ ആനന്ദിക്കുന്നവരുടെ അവസാനവും ഇതുതന്നെ" (സങ്കീ. 49, 13) എന്ന് സങ്കീർത്തകൻ മുന്നറിയിപ്പ് നൽകുന്നു. മൃത്യുവിനാൽ നയിക്കപ്പെടുന്ന അവർ ശവക്കുഴികളിലേക്ക് താഴുകയും, അവരുടെ രൂപം അഴിഞ്ഞുപോവുകയും ചെയ്യുമെന്നും പാതാളമായിരിക്കും അവരുടെ പാർപ്പിടമെന്നും (സങ്കീ. 49, 14) സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു.

നീതിമാന്റെ അഭയശിലയും സംരക്ഷകനുമായ ദൈവം

വിശ്വാസത്തിൽ ജീവിക്കുന്ന മനുഷ്യർക്കുള്ള പ്രത്യാശയുടെയും ആശ്വാസത്തിന്റെയും വാക്കുകളാണ് സങ്കീർത്തനത്തിന്റെ പതിനഞ്ച് മുതലുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ എഴുതുന്നത്. "എന്നാൽ, ദൈവം എന്റെ പ്രാണനെ പാതാളത്തിന്റെ പിടിയിൽനിന്നും വീണ്ടെടുക്കും; അവിടുന്ന് എന്നെ സ്വീകരിക്കും" (സങ്കീ. 49, 15) എന്ന തന്റെ ജീവിതബോധ്യവും പ്രത്യാശയുമാണ് സങ്കീർത്തകൻ ഏവരോടും പങ്കുവയ്ക്കുന്നത്. ദൈവത്തിന് പ്രിയങ്കരനായ ഹെനോക്കിനെ ദൈവം എടുക്കുന്ന (ഉൽപത്തി 5, 24) സംഭവം ഉൽപ്പത്തിപുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിൽ നാം കാണുന്നതും, രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ, സ്വർഗ്ഗത്തിലേക്ക് കർത്താവ് ഏലിയയെ (2 രാജാ. 2, 11) എടുക്കുന്നതുമൊക്കെ തന്റെ ജീവിതത്തെക്കുറിച്ചുള്ള ബോധ്യത്തിൽ സങ്കീർത്തകനെ നയിച്ചിട്ടുണ്ടാകാം. "ഒരുവൻ സമ്പന്നനാകുമ്പോഴും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിക്കുമ്പോഴും നീ ഭയപ്പെടേണ്ട. അവൻ മരിക്കുമ്പോൾ ഒന്നും കൂടെ കൊണ്ടുപോവുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയില്ല" (സങ്കീ. 49, 16-17) എന്ന് ദുഷ്ടരും അനീതിപ്രവർത്തിക്കുന്നവരുമായ മനുഷ്യരുടെ വളർച്ചയെ മനസ്സിലാകാതെ നിൽക്കുന്ന വിശ്വാസികളോട് സങ്കീർത്തകൻ വിളിച്ചുപറയുന്നു. ദുഷ്ടന്റെ മരണം അവനെ കൊണ്ടുപോകുന്നത്, പ്രകാശമില്ലാത്ത ഒരിടത്തേക്കായിരിക്കുമെന്ന്, അവൻ എന്നും പ്രതാപത്തിൽ നിലനിൽക്കില്ലെന്ന് (സങ്കീ. 49, 19-20), സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു. തന്റെ ദുരിതങ്ങളുടെ സമയത്ത് ജോബും ഇതുപോലൊരു ഭയത്തിലകപ്പെടുന്നത് നാം കാണുന്നുണ്ട് (ജോബ് 5, 21-22). പ്രകാശവും ജീവനുമായ ദൈവത്തോട് ചേർന്ന് നിൽക്കുകയും, അവനിൽ തന്റെ ആശ്രയവും അഭയവും കണ്ടെത്തുകയും ചെയ്യുന്നവരെ ദൈവം തന്നിലേക്ക് വീണ്ടെടുക്കുമെന്ന ബോധ്യം സങ്കീർത്തനവരികൾ നമുക്ക് പകരുന്നു.

സങ്കീർത്തനം ജീവിതത്തിൽ

നേരോടെ ജീവിക്കുന്ന, നീതിബോധത്തോടെ പെരുമാറുന്ന, ദൈവത്തിൽ ശരണപ്പെടുന്ന മനുഷ്യർക്ക് നിത്യതയുടെ പ്രകാശവും മണ്ണിനപ്പുറമുള്ള ഒരിടത്തുള്ള ജീവിതവും വാഗ്ദാനവും ചെയ്യുന്ന നാൽപ്പത്തിയൊൻപതാം സങ്കീർത്തനം നമ്മുടെ ജീവിതത്തിലേക്കും ദൈവവിശ്വാസത്തിൽ ജീവിക്കാനുള്ള വിളി നീട്ടുന്നുണ്ട്. മണ്ണിലെ മഹത്വവും, നേടാനാകുന്ന സമ്പത്തും പെരുമയും ഒരിക്കൽ അവസാനിക്കുമെന്ന ബോധ്യത്തോടെ വിവേകപൂർവ്വം ജീവിക്കേണ്ടതുണ്ട്. ദുഷ്ടരുടെ ഉന്നതിയിൽ ഭയപ്പാടോ ശങ്കയോ ആവശ്യമില്ലെന്ന ബോധ്യവും സങ്കീർത്തകൻ നമുക്ക് നൽകുന്നുണ്ട്. സങ്കീർത്തനത്തിന്റെ ഒന്നാം വാക്യത്തിൽ കാണുന്നതുപോലെ ഇത് തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേലിന് മാത്രമായുള്ള ഒരു പ്രബോധനമല്ല. എല്ലാ ജനതകൾക്കും, ഭൂവാസികൾ സകലർക്കും, ചെറിയവർക്കും വലിയവർക്കും, ധനികർക്കും ദരിദ്രർക്കും ഏവർക്കും സ്വന്തമാക്കാവുന്ന, സ്വന്തമാക്കേണ്ട ഒരു ആഹ്വാനമാണ്. നമ്മുടെ ജീവിതാവസ്ഥകളെക്കുറിച്ച് ഉത്തരവാദിത്വബോധത്തോടെ വിലയിരുത്താനും, രക്ഷ നൽകുവാൻ കഴിവുള്ള, നിത്യത നൽകുവാൻ പ്രാപ്‌തനായ ദൈവത്തിൽ ശരണം വയ്ക്കുവാൻ, സമ്പത്തും കഴിവുകളും അധികാരവും സാധ്യതകളും വിവേകപൂർവ്വം വിനിയോഗിക്കാൻ, ഭൂമിയിലെ എല്ലാ നന്മകളേക്കാളും ദൈവത്തെ ഉപരിനന്മയായി കാണാൻ ഈ സങ്കീർത്തനവിചിന്തനം നമ്മെ സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2023, 16:26