തിരയുക

അഭയാർത്ഥികൾ  പലായനം ചെയ്യുന്നു  അഭയാർത്ഥികൾ പലായനം ചെയ്യുന്നു  

മധ്യപൂർവേഷ്യയിൽ പ്രാദേശികസംഘർഷങ്ങൾ വർധിക്കുന്നു

പലസ്തീൻ-ഇസ്രായേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ മധ്യപൂർവേഷ്യയിൽ പലയിടങ്ങളിലും, പ്രത്യേകിച്ച് ലെബനനിൽ പ്രാദേശിക സംഘർഷങ്ങൾ വർധിക്കുകയും, തന്മൂലം മാനുഷികപ്രതിസന്ധികൾ കൂടുകയും ചെയ്യുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

പലസ്തീൻ-ഇസ്രായേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ മധ്യപൂർവേഷ്യയിൽ പലയിടങ്ങളിലും, പ്രത്യേകിച്ച് ലെബനനിൽ പ്രാദേശിക സംഘർഷങ്ങൾ വർധിക്കുകയും, തന്മൂലം മാനുഷികപ്രതിസന്ധികൾ കൂടുകയും ചെയ്യുന്നതായി കാരിത്താസ് സംഘടനയുടെ പ്രസിഡന്റ് ഫാ.മൈക്കൽ അബൗദ് പറഞ്ഞു. ദീനമായ ഈ സാഹചര്യത്തിൽ അടിയന്തര സഹായത്തിനായുള്ള അഭ്യർത്ഥനക്കുറിപ്പും അദ്ദേഹം ഇറക്കി.

പലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ലെബനനിൽ, പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ,  സൃഷ്ടിക്കുന്ന പ്രാദേശിക പിരിമുറുക്കം കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അബൗദ് ഊന്നിപ്പറഞ്ഞു.ഷെല്ലാക്രമണവും അരക്ഷിതാവസ്ഥയും രൂക്ഷമായതിനാൽ സുരക്ഷ തേടി അതിർത്തിക്കടുത്തുള്ള നിവാസികൾ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ തുടങ്ങി.

ഒക്‌ടോബർ ആദ്യം മുതൽ ഏകദേശം 29,000-ത്തിലധികം ആളുകളാണ്  ലെബനനിൽ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടത്.പാർപ്പിടം, സാമൂഹിക പിന്തുണ, ഭക്ഷണം, വൈദ്യസഹായം എന്നിവ ഉൾപ്പെടെയുള്ള അടിയന്തിര മാനുഷിക സഹായംഇവിടെ  ആവശ്യമാണ്.പരിമിതമായ വിഭവങ്ങളും,വരാനിരിക്കുന്ന പ്രതിസന്ധികളുടെ വ്യാപ്തിയും ഏറെ ആശങ്കകൾ ജനിപ്പിക്കുന്നുവെന്നും ഫാ. അബൗദ് പറഞ്ഞു.

2006 ൽ യുദ്ധാനന്തരം ഉടലെടുത്ത അരക്ഷിതാവസ്ഥകളെക്കാൾ ഭയാനകമാകും ഇത്തവണയെന്ന മുന്നറിയിപ്പും ഫാ. അബൗദ് നൽകുന്നു."നിലവിൽ, ലെബനനിലെ ആളുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, അവിടെ പല കുടുംബങ്ങൾക്കും അവരുടെ ബന്ധുക്കളെ സ്വീകരിക്കാൻ കഴിയില്ല, അങ്ങനെ ചെയ്താൽ അവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും", അദ്ദേഹം അടിവരയിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2023, 13:42