തിരയുക

പാലസ്തീനയിൽ കൊല്ലപ്പെട്ട കുട്ടികൾക്കായി റോമിൽ നടന്ന പ്രതിഷേധപ്രകടനത്തിൽനിന്ന് - ഫയൽ ചിത്രം പാലസ്തീനയിൽ കൊല്ലപ്പെട്ട കുട്ടികൾക്കായി റോമിൽ നടന്ന പ്രതിഷേധപ്രകടനത്തിൽനിന്ന് - ഫയൽ ചിത്രം  (ANSA)

കുട്ടികൾക്ക് ഏറ്റവും അപകടകരമായ സ്ഥലമാണ് ഗാസ മുനമ്പ്: യൂണിസെഫ്

ഗാസ മുനമ്പ് കുട്ടികളെ സംബന്ധിച്ചിടത്തോളം ഇന്ന് കുട്ടികൾക്ക് ഏറ്റവും അപകടകരമായ സ്ഥലമായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അധ്യക്ഷ കാതറിൻ റസ്സൽ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇസ്രായേൽ, പാലസ്തീന യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ, ഗാസ കുട്ടികളെ സംബന്ധിച്ചിടത്തോളം ലോകത്ത് ഏറ്റവും അപകടകരമായ സ്ഥലമായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അധ്യക്ഷ കാതറിൻ റസ്സൽ ഐക്യരാഷ്ട്രസഭാ സുരക്ഷാകൗൺസിലിൽ പ്രസ്താവിച്ചതായി യൂണിസെഫ് പത്രക്കുറിപ്പിറക്കി.

കഴിഞ്ഞ 46 ദിവസങ്ങളിൽ 5300 പാലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. ഇതനുസരിച്ച് ഒരു ദിവസം ഏതാണ്ട് 115 കുട്ടികളാണ് കൊല്ലപ്പെടുന്നത്. ഗാസയിൽ മരണമടഞ്ഞവരിൽ നാൽപ്പത് ശതമാനവും കുട്ടികളാണ്. അതുകൊണ്ടുതന്നെ കുട്ടികളെ സംബന്ധിച്ച് ലോകത്തിലേക്കും ഏറ്റവും അപകടകരമായ സ്ഥലമായി ഗാസ മാറി. ഏതാണ്ട് 1200 കുട്ടികളെങ്കിലും തകർന്ന കെട്ടിടങ്ങൾക്കടിയിൽപ്പെട്ടതായി തങ്ങൾക്ക് അറിയിപ്പുകൾ ലഭിച്ചതായും യൂണിസെഫ് അധ്യക്ഷ പ്രസ്താവിച്ചു.

ഗാസ പ്രദേശത്ത് ഇത്രയും നാളുകളിൽ ഉണ്ടായ എല്ലാ സംഘർഷങ്ങളിലും മരിച്ചതിലധികം കുട്ടികൾ കഴിഞ്ഞ നാൽപ്പത്തിയാറു ദിവസങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2005 മുതൽ 2022 വരെയുള്ള പതിനേഴ് വർഷങ്ങളിൽ ഏതാണ്ട് 1653 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 7 മുതൽ കഴിഞ്ഞ ദിവസം വരെ ഇസ്രയേലിൽനിന്നുള്ള 35 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. മുപ്പതിലധികം കുട്ടികൾ ഇപ്പോഴും ബന്ദികളായി തുടരുന്നു. വെസ്റ്റ് ബാങ്കിൽ ഏതാണ്ട് നാലര ലക്ഷം കുട്ടികൾക്ക് മാനവികസഹായം ആവശ്യമായുണ്ട്. ഇവിടെ മാത്രം കഴിഞ്ഞ ആറാഴ്ചകളിൽ 56 പാലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസ പ്രദേശത്ത് ഏതാണ്ട് ഒന്നേമുക്കാൽ കോടിയോളം ആളുകൾ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും, അവരിൽ പകുതിയും കുട്ടികളാണെന്നും യൂണിസെഫ് വ്യക്തമാക്കി.

ഗാസ പ്രദേശത്ത് സുരക്ഷിതമായ ഇടങ്ങളില്ലെന്ന് ഓർമ്മിപ്പിച്ച യൂണിസെഫ്, കൂടുതൽ സാധാരണജനങ്ങൾ കൊല്ലപ്പെടാതിരിക്കാനായി സുരക്ഷിതകേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, അന്താരാഷ്ട്രമാനവികനിയമങ്ങൾ പാലിക്കപ്പെടണമെന്നും യൂണിസെഫ് പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു. അടിയന്തിരമായ വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും, സുസ്ഥിരമായ സമാധാനത്തിനുള്ള പരിശ്രമങ്ങൾ നടത്തണമെന്നും സംഘർഷങ്ങളിലായിരിക്കുന്ന ഇരുകൂട്ടരോടും യൂണിസെഫ് ആഹ്വാനം ചെയ്‌തു. കുട്ടികൾ നേരിടുന്ന ഇപ്പോഴത്തെ ദുരന്തത്തിന് അറുതിവരുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ സുരക്ഷാകൗൺസിൽ അംഗങ്ങളോടും യൂണിസെഫ് അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2023, 20:13