തിരയുക

ഒരു കുട്ടിക്ക് മലേറിയ വാക്സിൻ നൽകുന്നു - കെനിയയിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം ഒരു കുട്ടിക്ക് മലേറിയ വാക്സിൻ നൽകുന്നു - കെനിയയിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം 

കാമറൂണിൽ മൂന്ന് ലക്ഷത്തിലധികം മലേറിയ പ്രതിരോധമരുന്നുകൾ എത്തിച്ച് യൂണിസെഫ്, ലോകാരോഗ്യ, ഗാവി സംഘടനകൾ

ശിശുക്ഷേമനിധിയും, ലോകാരോഗ്യസംഘടനയും, ഗാവി എന്ന സംഘടനയും ചേർന്ന് മലേറിയയ്‌ക്കെതിരെയുള്ള മൂന്ന് ലക്ഷത്തിലധികം പ്രഥമപ്രതിരോധമരുന്നുകൾ ആഫ്രിക്കൻ രാജ്യമായ കാമറൂണിലെത്തിച്ചതായി പത്രക്കുറിപ്പിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2021-ൽ ഏതാണ്ട് മൂന്ന് കോടിയോളം കുട്ടികൾക്ക് ആരോഗ്യപ്രതിസന്ധിയുയർത്തിയ മലേറിയയ്‌ക്കെതിരെയുള്ള പ്രതിരോധമരുന്നുകൾ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫും, ലോകാരോഗ്യസംഘടനയും, കുട്ടികൾക്ക് മരണകരമായി മാറുന്ന രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധമരുന്നുകൾ എത്തിക്കാൻ സഹായിക്കുന്ന ഗാവി എന്ന സംഘടനയും ചേർന്ന് വിവിധ രാജ്യങ്ങളിലേക്കെത്തിക്കുന്നുവെന്ന് ഈ മൂന്ന് സംഘടനകളും ചേർന്ന് നവംബർ 22-ന് പത്രക്കുറിപ്പിറക്കി. ഈ പദ്ധതിയുടെ ഭാഗമായി മലേറിയയ്‌ക്കെതിരെയുള്ള പ്രതിരോധമരുന്നുകളുടെ മൂന്നുലക്ഷത്തി മുപ്പതിനായിരം ഡോസ് മരുന്നുകൾ കാമറൂണിലെത്തിച്ചതായി ഈ സംഘടനകൾ അറിയിച്ചു.

ലോകത്ത് ഓരോ മിനിട്ടിലും അഞ്ചുവയസ്സിന് താഴെയുള്ള ഒരു കുട്ടി മലേറിയ ബാധിച്ച് മരിക്കുന്നതായാണ്  കണക്കുകൾ. 2021-ൽ ഉണ്ടായ രണ്ടേമുക്കാൽ കോടിയോളം മലേറിയ രോഗബാധിതരിൽ ആറുലക്ഷത്തിപത്തൊൻപതിനായിരം പേർ മരണമടഞ്ഞതായി പത്രക്കുറിപ്പ് വ്യക്തമാക്കി. ഇവരിൽ 77 ശതമാനവും കുട്ടികളാണെന്നും, അവരിൽ കൂടുതലും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നുള്ളവരാണെന്നും സംഘടനകളുടെ സംയുക്തപ്രസ്താവന വിശദീകരിച്ചു.

ലോകത്താകമാനം ഉണ്ടാകുന്ന മലേറിയരോഗബാധിതരിൽ ഏതാണ്ട് 95 ശതമാനവും ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്. 2021-ലെ കണക്കുകൾ പ്രകാരം ആ വർഷം മലേറിയ മൂലം മരിച്ചവരിൽ 96 ശതമാനവും ആഫ്രിക്കയിലാണ്.

ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ മലേറിയക്കെതിരെയുള്ള പ്രതിരോധമരുന്നുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഒന്നേമുക്കാൽ കോടിയോളം ഡോസുകൾ വരും ആഴ്ചകളിൽ ബുർക്കിന ഫാസോ, ലൈബീരിയ, നൈജർ, സിയറ ലിയോൺ എന്നിവിടങ്ങളിൽ എത്തിക്കുമെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.

മലേറിയയ്‌ക്കെതിരെയുള്ള പ്രതിരോധമരുന്നുകളുടെ വിതരണം വഴി തങ്ങൾ ഇപ്പോൾ നടത്തുന്ന പോരാട്ടത്തിൽ ഒരു വഴിത്തിരിവുണ്ടാകുമെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്‌താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2023, 20:05