തിരയുക

തന്റെ പൊതുകൂടിക്കാഴ്ചാവേളയിൽ സിനിമയുടെ അണിയറപ്രവർത്തകർക്ക് പാപ്പാ ആശീർവാദം നൽകുന്നു തന്റെ പൊതുകൂടിക്കാഴ്ചാവേളയിൽ സിനിമയുടെ അണിയറപ്രവർത്തകർക്ക് പാപ്പാ ആശീർവാദം നൽകുന്നു   (VATICAN MEDIA Divisione Foto)

"മുഖമില്ലാത്തവരുടെ മുഖം": രക്തസാക്ഷിയായ സി. റാണി മരിയയെക്കുറിച്ചുള്ള സിനിമയ്ക്ക് പാപ്പായുടെ പ്രാർത്ഥനാശംസകൾ

2017 നവംബർ മാസം നാലാം തീയതി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസ സഭയിലെ അംഗമായ രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി 2023 നവംബർ 13 ന് ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രമാണ് “ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്” അഥവാ"മുഖമില്ലാത്തവരുടെ മുഖം".

ഫാ.ജിനു ജേക്കബ്, സി.ഡെനിൻ ചിരിയങ്കണ്ടത്ത് JMJ, വത്തിക്കാൻ സിറ്റി

2017 നവംബർ മാസം നാലാം തീയതി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസ സഭയിലെ അംഗമായ രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി 2023 നവംബർ 13 ന് ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രമാണ് “ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്” അഥവാ"മുഖമില്ലാത്തവരുടെ മുഖം".ഇത് ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ത്യൻ ഭാഷയിൽ സിനിമ ചിത്രീകരിക്കുന്നത്. ഇതിനോടകം സിനിമയുടെ വിവിധ തലങ്ങളെ മുൻനിർത്തി നിരവധി പുരസ്കാരങ്ങളും ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ് നേടിക്കഴിഞ്ഞു.രണ്ടു മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയിൽ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കളാണ് വേഷമിട്ടിരിക്കുന്നത്.

ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ഇൻഡോറിൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനിടയിൽ ജീവിച്ചുകൊണ്ട് മാനവികതയുടെ ഉന്നമനത്തിനായി നിസ്വാർത്ഥമായി പരിശ്രമിക്കുകയും, ജീവിതത്തിലെ പരിതാപകരമായ അവസ്ഥകളെ തരണം ചെയ്യുവാൻ പാവങ്ങളായ ആളുകൾക്ക് സഹായം നൽകുകയും ചെയ്തതിന്റെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സി.റാണി മരിയയെ , ഇന്നും 'ഇൻഡോർ രാജ്ഞി' എന്ന നിലയിലാണ് ഗ്രാമവാസികളെല്ലാവരും അഭിമാനത്തോടുകൂടി ഓർക്കുന്നത്.

മതത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് ഉയർന്നുവന്ന, സാർവലൗകികത തിരിച്ചറിഞ്ഞ ഒരു സ്ത്രീയായിരുന്നു സിസ്റ്റർ റാണി മരിയ. സ്ത്രീ ശാക്തീകരണത്തിനായി തന്റെ ജീവിതം പോലും സമർപ്പിച്ച റാണിമരിയയുടെ  ജീവിതസാക്ഷ്യം അവളുടെ മരണത്തിനു ശേഷവും തുടർന്നതിന്റെ തെളിവാണ് തന്റെ ഘാതകനോടുള്ള അവളുടെ കുടുംബത്തിലെ അംഗങ്ങളുടെ  ക്ഷമയും, തുടർന്നുണ്ടായ അവന്റെ മാനസാന്തരവും. തന്റെ സഹോദരൻ എന്ന നിലയിൽ സമന്ദർ സിംഗ് എന്ന റാണി മരിയയുടെ കൊലപാതകിയെ, റാണി മരിയയുടെ സഹോദരി രാഖി അണിയിച്ചു സ്വീകരിച്ചത് ക്രൈസ്തവ  സാക്ഷ്യത്തിന്റെ ഉത്തമ ഉദാഹരണമായി  ഇന്നും ജനമനസുകളിൽ നിറയുന്നു.

സാന്ദ്ര ഡിസൂസ റാണയുടെ നിർമാണത്തിൽ ഷൈസൺ പി. ഔസേഫാണ് ചിത്രത്തിന്റെ സംവിധായകൻ. ജയപാൽ ആനന്ദാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ വിൻസി അലോഷ്യസാണ് സിനിമയിൽ സിസ്റ്റർ റാണി മരിയയായി വേഷമിട്ടിരിക്കുന്നത്. പദ്മശ്രീ കൈതപ്രത്തിന്റെ വരികൾക്ക്  നിരവധി ഇന്ത്യൻ സിനിമകൾക്കു സംഗീതം നൽകിയ അൽഫോൻസ് ജോസഫാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ചിത്രം ആദ്യം ഇന്ത്യൻ ദേശീയ ഭാഷയായ ഹിന്ദിയിൽ പ്രസിദ്ധീകരിക്കുകയും, തുടർന്ന് വിവിധഭാഷകളിൽ മൊഴിമാറ്റം നടത്തുകയും ചെയ്തു.  ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലും സിനിമ പ്രസിദ്ധീകരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

പലപ്പോഴും ശബ്ദവും അരാജകത്വവും ആധിപത്യം പുലർത്തുന്ന ഒരു ലോകത്ത് പരിവർത്തനത്തിന്റെ ഒരു അജണ്ടയും കൂടാതെ മനുഷ്യരാശിയെ സേവിക്കുന്നതിനായി ഉഴിഞ്ഞുവച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം ഏറെ പ്രചോദനം നൽകുന്നതായി ഏറെ യുവജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കത്തോലിക്കാ സന്യാസത്തെ തെറ്റിദ്ധാരണയുടെ കണ്ണുകളോടെ നോക്കുന്ന കാലഘട്ടത്തിൽ, ജീവിതത്തിന്റെ യാഥാർഥ്യം യാതൊരു മറവുമില്ലാതെ എടുത്തു കാണിക്കുന്ന ഈ സിനിമ വിശ്വാസത്തിനു ഒരു മുതൽക്കൂട്ടാണെന്നും ഏറെപ്പേർ അഭിപ്രായപ്പെടുന്നു.

2023 നവംബർ 22-ന് ഒരു പൊതു സദസ്സിനിടെ, സംവിധായകൻ ഷൈസൺ പി. ഔസേഫും നിർമ്മാതാവ് സാന്ദ്ര ഡിസൂസ റാണയും, ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കുകയും, ഈ ചിത്രത്തെ പരിചയപ്പെടുത്തുകയും ചെയ്തു.ഈ സിനിമ താൻ കാണുമെന്ന് പാപ്പാ ഉറപ്പുനൽകുകയും, സിനിമയുടെ വിജയത്തിനും, അണിയറയിൽ പ്രവർത്തിച്ചവർക്കും പ്രാർത്ഥനാശംസകളും പാപ്പാ നൽകി.നവംബർ ഇരുപതാം തീയതി ചിത്രം വത്തിക്കാനിലും പ്രദർശിപ്പിച്ചിരുന്നു. തദവസരത്തിൽ സംവിധായകൻ ഷൈസൺ പി. ഔസേഫ്, നിർമ്മാതാവ് സാന്ദ്ര ഡിസൂസ റാണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രഞ്ജൻ എബ്രഹാം എന്നിവർ സന്നിഹിതനായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2023, 12:48