യുദ്ധമൂർദ്ധന്യതയിലും സുഡാൻ സഭയുടെ പ്രവർത്തനങ്ങൾ തുടരുന്നു
മാർക്കോ ഗ്വേര- ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ നിന്നും പലായനം ചെയ്ത ഏകദേശം 5 ദശലക്ഷത്തിലധികം വരുന്ന ആളുകൾ അധിവസിക്കുന്ന മേഖലകളിൽ സുഡാനിലെ സഭയുടെ അജപാലനപ്രവർത്തനങ്ങളും, കാരുണ്യപ്രസ്ഥാനങ്ങളും മെച്ചപ്പെട്ട രീതിയിൽ മുൻപോട്ടു പോകുന്നു. അഭയാർത്ഥികൾക്ക് വസിക്കാനുള്ള ഇടങ്ങളും,വിദ്യാർത്ഥികൾക്ക് ക്ലാസുകളും തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കോംബോണി മിഷനറിമാരുടെ നേതൃത്വത്തിൽ സഭ ചെയ്തു വരുന്നത്.
നവംബർ പതിനഞ്ചാം തീയതി പൊതുകൂടിക്കാഴ്ചാവേളയിൽ ഒരിക്കൽക്കൂടി സുഡാനിൽ തുടരുന്ന യുദ്ധത്തിന്റെ സങ്കടകരമായ അവസ്ഥ ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു."ദുരിതമനുഭവിക്കുന്ന സുഡാനെ മറക്കരുത്" എന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന, കഴിഞ്ഞ ഏപ്രിൽ 15-ന് ആരംഭിച്ച ആഭ്യന്തരയുദ്ധത്താൽ ദുരിതമനുഭവിക്കുന്ന ആഫ്രിക്കൻ രാജ്യമായ സുഡാനിലേക്ക് ഏവരുടെയും ശ്രദ്ധ തിരിക്കുന്നു.
ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാന്റെ സുഡാനീസ് സൈന്യവും എതിരാളിയായ മുഹമ്മദ് ഹംദാൻ ദഗാലോയുടെ നേതൃത്വത്തിലുള്ള റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർഎസ്‌എഫ്) അർദ്ധസൈനികരും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും, തലസ്ഥാനമായ ഖാർത്തൂമിലും ഏറ്റുമുട്ടുന്നു. വിമത സേന വലിയ പ്രദേശങ്ങൾ നിയന്ത്രിക്കുന്ന ഡാർഫൂർ മേഖലയിൽ ഏറ്റുമുട്ടലുകൾ രക്തരൂക്ഷിതമായിരിക്കുന്നു. 2021 ഒക്ടോബറിലെ ഒരു സൈനിക അട്ടിമറിയിലൂടെ ജനാധിപത്യ പരിവർത്തന പ്രക്രിയ തടസ്സപ്പെട്ടതിനെ തുടർന്നാണ് യുദ്ധം ഉണ്ടായത്.
"അതിക്രമങ്ങൾ, ബലാത്സംഗങ്ങൾ, തിരോധാനങ്ങൾ, മനുഷ്യരുടെയും കുട്ടികളുടെയും അവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ" തുടങ്ങിയവ ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് ഐക്യരാഷ്ട്രസഭ എടുത്തു പറഞ്ഞു. പ്രാദേശിക സഭയെയും,ദേവാലയങ്ങളെയും യുദ്ധം കാര്യമായി ബാധിക്കുന്നുണ്ടെങ്കിലും. അജപാലനപ്രവർത്തനങ്ങളുമായി സഭയും, വൈദികരും , അത്മായരും മുൻപോട്ടുപോവുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: