തിരയുക

ഇറ്റലിയിലെത്തിയ സിറിയൻ അഭയാർത്ഥികൾ - ഫയൽ ചിത്രം ഇറ്റലിയിലെത്തിയ സിറിയൻ അഭയാർത്ഥികൾ - ഫയൽ ചിത്രം  (ANSA)

മാനവിക ഇടനാഴികൾ വഴി 62 സിറിയൻ അഭയാർത്ഥികൾ കൂടി ഇറ്റലിയിലേക്ക്

ലെബനോനിൽനിന്ന് ഡിസംബർ 1 വെള്ളിയാഴ്ച, സന്തേജീദിയോ സമൂഹവും പ്രൊട്ടസ്റ്റന്റ് സഭകളും ചേർന്നൊരുക്കുന്ന മാനവഇടനാഴികൾ വഴി, 62 സിറിയൻ അഭയാർത്ഥികൾ ഇറ്റലിയിലെത്തും. നിരവധി കുട്ടികൾ ഉൾപ്പെടുന്ന ഈ സംഘം ബെയ്‌റൂട്ടിൽ ദീർഘനാളുകളായി അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞുവരികയായിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ, ലെബനോനിലെ സ്ഥിതിഗതികൾ വഷളായ സാഹചര്യത്തിൽ, തലസ്ഥാനനഗരിയായ ബെയ്‌റൂട്ടിൽ ദീർഘനാളുകളായി അഭയാർഥിക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 62 സിറിയൻ പൗരന്മാർ ഡിസംബർ ഒന്ന് വെള്ളിയാഴ്ച ഇറ്റലിയിലെത്തും. സന്തേജീദിയോ സമൂഹം, ഇറ്റലിയിലെ എവഞ്ചെലിക്കൽ സഭകളുടെ ഫെഡറേഷൻ, താവൊള വാൽദേസെ എന്നീ സംഘടനകളും, ഇറ്റലിയുടെ ആഭ്യന്തര, വിദേശകാര്യമന്ത്രാലയങ്ങളും ചേർന്ന് ഒരുക്കുന്ന മാനവിക ഇടനാഴികൾ വഴിയാണ് ഈ അഭയാർത്ഥികൾ റോമിലെ ലെയൊനാർദോ ദാവിഞ്ചി വിമാനത്താവളം വഴി ഇറ്റലിയിലെത്തുക. ഡിസംബർ 6-ന് മറ്റു 18 അഭയാർത്ഥികൾ കൂടി വന്നുചേരുമെന്നും സംഘടനകൾ പത്രപ്രസ്താവന വഴി അറിയിച്ചു.

2016 ഫെബ്രുവരി മുതൽ ഇതുവരെ ലെബനോനിൽനിന്ന് 2700 അഭയാർത്ഥികളെയാണ് മാനവിക ഇടനാഴികൾ വഴി ഇറ്റലിയിൽ സുരക്ഷിതരായി എത്തിച്ചിട്ടുള്ളത്.  അതേസമയം യൂറോപ്പിലേക്ക് മാനവിക ഇടനാഴികൾ വഴി ഈ സമയത്ത് 6700 അഭയാർത്ഥികളാണ് എത്തിയിട്ടുള്ളത്.

ഇതിനോടകം ഇറ്റലിയിൽ എത്തിച്ചേർന്നിട്ടുള്ള ആളുകളുടെ ബന്ധുക്കളായ ഇവരെ ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലുള്ള കുടുംബങ്ങളിൽ എത്തിക്കുകയും, ഇറ്റാലിയൻ ഭാഷ ഉൾപ്പെടെയുള്ള വിദ്യാഭ്യാസം നൽകി സമൂഹത്തിൽ ഇഴചേർക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയും ചെയ്യും. അഭയാർത്ഥികൾ എന്ന ഔദ്യോഗിക അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഇറ്റലിയിലെ തൊഴിൽ മേഖലയിലും ഇവർക്ക് അവസരമൊരുക്കും.

ഡിസംബർ ഒന്നിന് രാവിലെ 11.30-ന് റോമിലെത്തുന്ന അഭയാർത്ഥികളെ വിവിധ സംഘടനകൾ ചേർന്ന് സ്വീകരിക്കും. തുടർന്ന് നടക്കുന്ന പത്രസമ്മേളനത്തിൽ, സന്തേജീദിയോ സമൂഹത്തിന്റെ പ്രസിഡന്റ് മാർക്കോ ഇമ്പല്യാസ്സോ, എവഞ്ചെലിക്കൽ സഭകളുടെ പ്രീതിനിധി മാർത്ത ബെർനാർദിനി, ഇറ്റലിയുടെ ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2023, 13:07