തിരയുക

ആഫ്രിക്കയിൽനിന്നുള്ള ഒരു ദൃശ്യം ആഫ്രിക്കയിൽനിന്നുള്ള ഒരു ദൃശ്യം 

മൂന്ന് കോടിയോളം കുട്ടികൾ പട്ടിണിയിൽ: സേവ് ദി ചിൽഡ്രൻ സംഘടന

ലോകത്തെമ്പാടുമായി രണ്ടേമുക്കാൽ കോടിയോളം കുട്ടികൾ കടുത്ത കാലാവസ്ഥാവ്യതിയാനങ്ങളുടെ പാർശ്വഫലമായി പട്ടിണിയനുഭവിക്കുന്നുവെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. വരും ദിവസങ്ങളിൽ ദുബായിൽ വച്ച് നടക്കാനിരിക്കുന്ന കോപ്പ് 28 സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടന ഇത്തരമൊരു പത്രക്കുറിപ്പിറക്കിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തെമ്പാടുമായി രണ്ടുകോടി എഴുപത് ലക്ഷത്തോളം കുട്ടികൾ കടുത്ത കാലാവസ്ഥാവ്യതിയാനങ്ങളുടെ പാർശ്വഫലമായി പട്ടിണിയനുഭവിക്കുന്നുവെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ഇവരിൽ പകുതിയും എത്യോപ്യയിലും സൊമാലിയയിലുമാണെന്നും നവംബർ 29-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ സംഘടന വ്യക്തമാക്കി.

കാലാവസ്ഥാവ്യതിയാനവും കുട്ടികളുമായുള്ള ബന്ധം കണക്കിലെടുത്ത്, ലോകത്ത് വർദ്ധിച്ചുവരുന്ന താപനില പരിമിതപ്പെടുത്തുന്നതിനായി, കാലാവസ്ഥാപ്രതിസന്ധിയുടെ കാര്യത്തിൽ ഇടപെടാൻ കോപ്പ് 28 സമ്മേളനത്തിൽ സംബന്ധിക്കുന്ന രാജ്യങ്ങളോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു. കാലാവസ്ഥാപ്രതിസന്ധിക്ക് കാരണമാകുന്ന വസ്തുതകൾ നിയത്രിതമാക്കാനും, കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെടാനും കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം കണ്ടെത്താനുമായി ധനസഹായം വർദ്ധിപ്പിക്കാനും അവർ ആഹ്വാനം ചെയ്തു.

കടുത്ത കാലാവസ്ഥാപ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് ഏതാണ്ട് 135 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 58 രാജ്യങ്ങളിലെ പട്ടിണിയുടെ ബന്ധപ്പെട്ട് 2022-ൽ തയ്യാറാക്കിയ കണക്കുകൾ പ്രകാരം ഏതാണ്ട് അഞ്ചേമുക്കാൽ കോടിയോളം ആളുകളാണ് കടുത്ത പട്ടിണിയനുഭവിക്കുന്നത്. ഇവരിൽ പകുതിയോളം (27 മില്യൺ) പേർ കുട്ടികളാണ്.

ഭക്ഷ്യപ്രതിസന്ധിക്ക് കാലാവസ്ഥാവ്യതിയാനങ്ങൾ കാരണമായ, അംഗോള, ബുറുണ്ടി, എത്യോപ്യ, ഇറാക്ക്, കെനിയ, മഡഗാസ്കർ, മലാവി, പാക്കിസ്ഥാൻ, സോമാലിയ, താൻസാനിയ, ഉഗാണ്ട, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽ, കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയോളമായി. 2018-ലെ കണക്കുകൾ പ്രകാരം, ഈ രാജ്യങ്ങളിൽ പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം രണ്ടു കോടി തൊണ്ണൂറ് ലക്ഷ്യമായിരുന്നു. കാലാവസ്ഥാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പട്ടിണിയനുഭവിക്കുന്ന ആളുകൾ ഉള്ള കൂടുതൽ രാജ്യങ്ങളും ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്.

അഗ്നിബാധ, വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ്, തുടങ്ങിയവ സാധാരണ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, കാലാവസ്ഥാപ്രതിസന്ധി മാത്രമല്ല, അസമത്വവും വർദ്ധിച്ചുവരികയാണെന്നും, ഇവിടെയാണ് പട്ടിണി കൂടി കടന്നുവരുന്നതെന്നും, സേവ് ദി ചിൽഡ്രൻ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇംഗെർ അഷിങ് പ്രസ്താവിച്ചു.

ഭക്ഷ്യപ്രതിസന്ധിയുടെയും, പോഷകാഹാരലഭ്യതക്കുറവിന്റെയും അടിസ്ഥാന കാരണങ്ങളായ, സംഘർഷങ്ങൾ, അസമത്വങ്ങൾ, സാമൂഹ്യസുരക്ഷ - ആരോഗ്യ സംവിധാനങ്ങൾ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷ്യലഭ്യത എന്നിവയിലെ കുറവിന് പരിഹാരം കണ്ടെത്താൻ കോപ്പ് 28 സമ്മേളനത്തിൽ സംബന്ധിക്കുന്ന രാജ്യത്തലവന്മാരോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2023, 13:16