തിരയുക

മലേറിയയ്ക്കെതിരെ പ്രതിരോധം തീർക്കാൻ മലേറിയയ്ക്കെതിരെ പ്രതിരോധം തീർക്കാൻ 

മലേറിയക്കെതിരായ രണ്ടാം വാക്‌സിൻ ലഭ്യത ഏവർക്കും ഉറപ്പാക്കാൻ യൂണിസെഫ്

ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവന് ഭീഷണിയുയർത്തുന്ന മലേറിയ പകർച്ചവ്യാധിക്കെതിരെയുള്ള രണ്ടാമത്തെ വാക്‌സിൻ ഏവർക്കും ഉറപ്പാക്കാനായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി കരാറുണ്ടാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മലേറിയയെ പ്രതിരോധിക്കാനായി നിർമ്മിച്ചിരിക്കുന്ന R21/Matrix-M എന്ന പേരിൽ അറിയപ്പെടുന്ന ലോകത്തിലെ രണ്ടാം ഡോസ് പ്രതിരോധമരുന്ന് കുട്ടികൾക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കുവാനായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി പുതിയ കരാറിൽ ഏർപ്പെട്ടെന്ന് യൂണിസെഫ് ഒക്ടോബർ 12-നു പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലോകത്തെമ്പാടും ഓരോ മിനിട്ടിലും അഞ്ചുവയസിനു താഴെയുള്ള ഒരു കുട്ടി എന്ന രീതിയിൽ മലേറിയ മൂലമുള്ള മരണനിരക്ക് ഇപ്പോഴും അതിശക്തമായി തുടരുന്നതിനാലാണ് ഇത്തരമൊരു നീക്കത്തിന് യൂണിസെഫ് മുന്നോട്ടുവന്നത്.

2024-2028 കാലയളവിലേക്കായി സെറം ലൈഫ് സയൻസസുമായി യൂണിസെഫ് ഒപ്പുവച്ച ഈ ദീർഘകാല കരാർ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന പ്രതിരോധമരുന്ന് ലോകാരോഗ്യ സംഘടനയുടെ വാക്സിൻ പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്ന് യൂണിസെഫ് അറിയിച്ചു.

ഓരോ വർഷവും അരലക്ഷത്തോളം കുട്ടികളാണ് മലേറിയ ബാധിച്ച് മരിക്കുന്നതെന്നും, ഇത് അസ്വീകാര്യമാണെന്നും, കരാറുമായി ബന്ധപ്പെട്ട് സംസാരിച്ച യൂണിസെഫിന്റെ വിതരണവിഭാഗം ഡയറക്ടർ ശ്രീമതി ലൈല പക്കല വിശദീകരിച്ചു. കുട്ടികളുടെ ജീവൻ കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ട നിർണ്ണായകമായ ചുവടുവയ്പ്പാണ് ഈ കരാറെന്നും അവർ വിശദീകരിച്ചു.

2024-ന്റെ പകുതിയോടെ പുതിയ പ്രതിരോധമരുന്ന് വിതരണം ചെയ്യാനാകുമെന്നാണ് യൂണിസെഫ് കണക്കുകൂട്ടുന്നത്. 2023 അവസാനത്തോടെ മലേറിയയ്‌ക്കെതിരെയുള്ള പ്രഥമപ്രതിരോധമരുന്ന്, RTS,S-ന്റെ വിതരണം നടത്തിക്കഴിയാനാകുമെന്നാണ് ശിശുക്ഷേമനിധി പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 35 വർഷത്തെ പഠനങ്ങളുടെയും ശ്രമത്തിന്റെയും ഫലമായാണ് നിലവിലുള്ള ഈ രണ്ടു പ്രതിരോധമരുന്നുകളും കണ്ടുപിടിച്ചിട്ടുള്ളത്.

നൂറോളം രാജ്യങ്ങളിൽ ഉപയോഗിക്കാനായി രണ്ടു ബില്യൺ ഡോസ് പ്രതിരോധമരുന്നുകളാണ് യൂണിസെഫ് വാങ്ങുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2023, 17:22