തിരയുക

സഹായഹസ്തവുമായി യൂണിസെഫ് സഹായഹസ്തവുമായി യൂണിസെഫ് 

രണ്ടരലക്ഷത്തോളം ജീവൻരക്ഷാവാക്സിനുകൾ ഉക്രൈനിലെത്തിച്ച് യൂണിസെഫ്

റഷ്യ-ഉക്രൈൻ യുദ്ധം അവസാനമില്ലതെ തുടരുന്നതിനിടെ കുട്ടികൾക്കായി രണ്ടരലക്ഷത്തോളം ജീവൻരക്ഷാ പ്രതിരോധമരുന്നുകൾ ശിശുക്ഷേമനിധി ഉക്രൈനിലെത്തിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രൈനിലെ പ്രതിരോധമരുന്ന് വിതരണ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനായി ജീവൻരക്ഷയ്ക്കായുള്ള പ്രതിരോധമരുന്നിന്റെ രണ്ടുലക്ഷത്തി നാൽപ്പത്തിനായിരത്തോളം ഡോസുകൾ ഉക്രൈനിലെത്തിച്ചതായി യൂണിസെഫ് അറിയിച്ചു. രാജ്യത്തുടനീളമുള്ള കുട്ടികൾക്ക് പോളിയോ ഡിഫ്തീരിയ തുടങ്ങിയ അപകടകരമായ രോഗങ്ങളിൽനിന്ന് സുരക്ഷയൊരുക്കുന്നതിനുവേണ്ടിയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഈ മരുന്നുകൾ എത്തിച്ചത്.

പ്രതിരോധമരുന്നുകളാൽ തടയാൻ സാധിക്കുന്ന അസുഖങ്ങളിൽനിന്ന് രക്ഷ നേടുവാൻ കുട്ടികൾക്ക് അവകാശമുണ്ടെന്നും, ഉക്രൈനുനേരെയുള്ള യുദ്ധം സൃഷ്ടിക്കുന്ന കനത്ത വെല്ലുവിളികൾക്കിടയിലും പ്രതിരോധമരുന്നുകളുടെ വിതരണം ഉറപ്പാക്കേണ്ടതുണ്ടനെനും യൂണിസെഫ് ഉക്രൈൻ പ്രതിനിധി മുറാത് സാഹിൻ പറഞ്ഞു. ഉക്രൈനിലെ എല്ലാ കുട്ടികൾക്കും ഈ വാക്സിൻ ലഭ്യമാകുന്നുണ്ടനെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയായാണ് യൂണിസെഫ് കരുതുന്നതെന്നും യൂണിസെഫ് പ്രതിനിധി വ്യക്തമാക്കി.

ജപ്പാൻ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെയാണ് കുട്ടികൾക്ക് ഈ സഹായമെത്തിക്കാൻ യൂണിസെഫിന് സാധിച്ചത്. 2022-2023 കാലയളവിലായി ഏതാണ്ട് രണ്ടുകോടി തൊണ്ണൂറ് ലക്ഷം വാക്സിനുകൾ ഉക്രൈനിലെത്തിക്കാൻ യൂണിസെഫിനായിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2023, 17:38