തിരയുക

കഴിഞ്ഞ ദിവസത്തെ ഭൂമികുലുക്കത്തിന്റെ ഇരകളിൽപ്പെട്ട ഒരു കുട്ടി കഴിഞ്ഞ ദിവസത്തെ ഭൂമികുലുക്കത്തിന്റെ ഇരകളിൽപ്പെട്ട ഒരു കുട്ടി 

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും: യൂണിസെഫ്

ഒക്ടോബർ 7, 11 ദിവസങ്ങളിലുണ്ടായ ഭൂകമ്പങ്ങളുടെ ഇരകളായവരിൽ തൊണ്ണൂറ് ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഒക്ടോബർ 7 ശനിയാഴ്ച, ആയിരത്തിലധികം ആളുകളുടെ ജീവനെടുക്കുകയും ആയിരത്തിഅറുന്നൂറോളം പേർക്ക് പരിക്കേൽക്കാൻ കാരണമാകുകയും ചെയ്‌ത ഭൂകമ്പത്തിന്റെ ഇരകളിൽ തൊണ്ണൂറ് ശതമാനവും കുട്ടികളും സ്ത്രീകളുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ സിന്ദാ ജാൻ എന്ന ഗ്രാമത്തിലുള്ളവരായിരുന്നു ഇവർ. മുൻപുതന്നെ വിവിധ രീതികളിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന അഫ്ഗാൻ ജനതയുടെ ജീവിതത്തെ ഒക്ടോബർ 7-ന് ഭൂകമ്പമാപിനിയിൽ 6,3 രേഖപ്പെടുത്തിയ ഈ ഭൂചലനവും തുടർചലനങ്ങളും സാധാരണ ജനജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കിയെന്ന് യൂണിസെഫ് വിശദീകരിച്ചു.

കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ ഭീകരത തുടരുമ്പോഴാണ് ഒക്ടോബർ 11 ബുധനാഴ്‌ച രാവിലെ കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ അതേ തീവ്രതയിൽ വീണ്ടും അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വീണ്ടും ഭൂചലനമുണ്ടായത്. അസുരക്ഷിതത്വത്തിലൂടെയും, വരൾച്ചയിലൂടെ ദാരിദ്ര്യത്തിലൂടെയും വിവിധ പകർച്ചവ്യാധികളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന അഫ്ഗാൻജനതയുടെ ജീവിതത്തെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുണ്ടായ ഭൂകമ്പങ്ങൾ കൂടുതൽ ദുരിതപൂർണ്ണമാക്കി.

ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മാത്രം പതിനൊന്നായിരത്തിലധികം വരുന്ന ആളുകൾക്കാണ് സ്വഭവനങ്ങൾ വിട്ടിറങ്ങേണ്ടിവന്നത്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ മൂന്ന് ഗ്രാമങ്ങളിലുള്ളവരായിരുന്നു മരണമടഞ്ഞവരിൽ 93 ശതമാനവും. ഏതാണ്ട് 1320 വീടുകളാണ് തകർന്നത്.

അപകടമുണ്ടായ ഇടങ്ങളിൽ കുട്ടികളുടെ സംരക്ഷണത്തിനായി ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം, ശുദ്ധജലവിതരണം തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്താനായി ശിശുക്ഷേമനിധി പ്രവർത്തിക്കുന്നുണ്ടെന്ന് ഒക്ടോബർ 11-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2023, 17:34