തിരയുക

സങ്കീർത്തനചിന്തകൾ - 45 സങ്കീർത്തനചിന്തകൾ - 45 

മഹത്വപൂർണ്ണനായ രാജാവും സൗന്ദര്യവതിയായ രാജ്ഞിയും ദൈവമനുഷ്യബന്ധവും

വചനവീഥി: നാൽപ്പത്തിയഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നാൽപ്പത്തിയഞ്ചാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മഹത്വപൂർണ്ണനായ രാജാവിനെക്കുറിച്ച്, ലില്ലികൾ എന്ന രാഗത്തിൽ ഗായകസംഘനേതാവിന് കോറഹിന്റെ പുത്രന്മാർ തയ്യാറാക്കി നൽകിയ, ഒരു പ്രബോധനാഗീതമാണ് നാല്പത്തിയഞ്ചാം സങ്കീർത്തനം. രാജാവ് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ്. ദൈവികമായ ഭരണം നടത്തുവാനായാണ് അവൻ വിളിക്കപ്പെട്ടിരിക്കുന്നത്. സങ്കീർത്തകൻ രാജാവിനെ മനുഷ്യമക്കളിൽ ഏറ്റവും സുന്ദരനായും മഹത്വത്തിലും തേജസ്സിലും ഉയർന്നവനായും വർണ്ണിക്കുന്നതും, അതിലുപരി ദൈവം എന്ന അഭിസംബോധന  നൽകുന്നതും രാജാവിന് ദൈവം നൽകുന്ന ഈയൊരു നിയോഗം കൂടി കണക്കിലെടുത്താണ്. ദാവീദ് വംശജനായ ഈ രാജാവ് ഓഫീർ സ്വർണ്ണമണിഞ്ഞുനിൽക്കുന്ന ഒരു രാജകുമാരിയെ ഭാര്യയായി സ്വീകരിക്കുന്നതും, അവളിലൂടെ ഉണ്ടാകുന്ന പുത്രന്മാർ ഭൂമിയുടെ അധിപതികളായി വാഴിക്കപ്പെടുമെന്നുള്ള വാഗ്‌ദാനവുമാണ് സങ്കീർത്തനവരികളിൽ നാം കാണുന്നത്. രാജകുമാരിയ്ക്കുള്ള ഉപദേശങ്ങളും അവളിലൂടെ രാജകുടുംബത്തിലേക്ക് കടന്നുവരാനിരിക്കുന്ന സമൃദ്ധിയും ഇവിടെ കാണാം. വരുവാനിരിക്കുന്ന ഒരു രാജാവിനെക്കുറിച്ചുള്ള ചിന്തകളാണ് ഈ സങ്കീർത്തനവരികളിൽ കാണുന്നതെന്നും വ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട്. ദൈവവും ഇസ്രയേലും തമ്മിലുള്ള ബന്ധവും ഒരു വൈവാഹികബന്ധത്തിന്റെ വാക്കുകളാൽ പലപ്പോഴും വർണ്ണിക്കപ്പെടാറുണ്ടെന്നതും ഈ സങ്കീർത്തനത്തെക്കുറിച്ചുള്ള വിചിന്തനത്തിൽ സഹായകമായേക്കും.

ദൈവം തിരഞ്ഞെടുത്ത രാജാവ്

ദൈവം തിരഞ്ഞെടുത്ത് നിയമിച്ച രാജാവിനെക്കുറിച്ച് എഴുതുന്നതിനായി തന്റെ ഹൃദയം തുടിക്കുന്നു എന്ന വാക്കുകളോടെയാണ് സങ്കീർത്തകൻ തന്റെ ഗീതം ആരംഭിക്കുന്നത്: "എന്റെ ഹൃദയത്തിൽ ഉദാത്തമായ ആശയം തുടിച്ചുനിൽക്കുന്നു; ഈ ഗീതം ഞാൻ രാജാവിനു സമർപ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്റെ തൂലികയ്ക്കു തുല്യമാണ് എന്റെ നാവ്" (സങ്കീ. 45, 1). സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ ഏഴ് വരെയുള്ള വാക്യങ്ങളിൽ രാജാവിനെക്കുറിച്ചുള്ള വിവിധങ്ങളായ വർണ്ണനകളാണ് നാം കാണുക. മനുഷ്യമക്കളിൽ ഏറ്റവും സുന്ദരനും, അധരങ്ങളിൽ വചോവിലാസം തുളുമ്പുന്നവനുമായ രാജാവിനെ ദൈവമാണ് തിരഞ്ഞടുത്ത് അനുഗ്രഹിച്ചിരിക്കുന്നത് (സങ്കീ. 45, 2). നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നതിനാൽ ദൈവം അവനെ മറ്റുള്ളവരിൽനിന്ന് ഉയർത്തി ആനന്ദത്തിന്റെ തൈലം കൊണ്ട് അഭിഷേകം ചെയ്‌തിരിക്കുന്നു (സങ്കീ. 45, 7).

ദൈവികമായ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട രാജാവിനുള്ള ഉപദേശങ്ങളാണ് മൂന്ന് മുതൽ ആറ് വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നത്: "വീരപുരുഷാ, മഹത്വത്തിന്റെയും തേജസ്സിന്റെയും വാൾ അരയിൽ ധരിക്കുക. സത്യത്തിനും നീതിയുടെ സംരക്ഷണത്തിനും വേണ്ടി പ്രതാപത്തോടെ വിജയത്തിലേക്ക് മുന്നേറുക. നിന്റെ വലത്തുകൈ ഭീതി വിതയ്ക്കട്ടെ. രാജശത്രുക്കളുടെ ഹൃദയത്തിൽ നിന്റെ കൂരമ്പുകൾ തറച്ചുകയറും; ജനതകൾ നിന്റെ കീഴിൽ അമരും. നിന്റെ ദിവ്യസിംഹാസനം എന്നേക്കും നിലനിൽക്കുന്നു; നിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോലാണ്" (സങ്കീ. 45, 3-6). രാജാവിനെ മനുഷ്യരിൽനിന്ന് ഉയർന്നവനായി, ദൈവത്തോട് കൂടുതൽ അടുത്ത ഒരു സ്ഥാനമുള്ളവനായി കാണുന്ന ഒരു മനോഭാവവും "നിന്റെ ദിവ്യസിംഹാസനം" എന്ന ആറാം വാക്യത്തിലെ പ്രയോഗത്തിൽ നമുക്ക് കാണാം.

സങ്കീർത്തനത്തിന്റെ എട്ടും ഒൻപതും വാക്യങ്ങളിൽ രാജ്ഞിയും രാജകുമാരിമാരും കാത്തിരിക്കുന്ന, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട രാജാവിന്റെ മഹത്വത്തെക്കുറിച്ചാണ് സങ്കീർത്തകൻ വീണ്ടും എഴുതുന്നത്: "നിന്റെ അങ്കി നറുംപശയും ചന്ദനവും ലവംഗവും കൊണ്ട് സുരഭിലമായിരിക്കുന്നു; ദന്തനിർമിതമായ കൊട്ടാരങ്ങളിൽനിന്ന് താന്ത്രീനാദം നിന്നെ ആനന്ദിപ്പിക്കുന്നു. നിന്റെ അന്തഃപുരവനിതകളിൽ രാജകുമാരിമാരുണ്ട്; നിന്റെ വലത്തുവശത്ത് ഓഫീർ സ്വർണം അണിഞ്ഞ രാജ്ഞി നിൽക്കുന്നു" (സങ്കീ. 45,8-9). സമരിയയിലും മറ്റു ചില പുരാതന കിഴക്കൻ നഗരങ്ങളിലും ദന്തനിർമ്മിതമായ ഭവനങ്ങൾ നിലനിന്നിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആമോസ് പ്രവാചകൻ സമരിയയുടെ നാശവുമായി ബന്ധപ്പെടുത്തി, ദന്തനിർമ്മിതമായ ഭവനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് (ആമോസ് 3, 15)

മഹത്വപൂർണ്ണയായ രാജവധു

നാൽപ്പത്തിയഞ്ചാം സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗത്ത് രാജാവിനായി കാത്തുനിൽക്കുന്ന രാജ്ഞിക്കുള്ള ഉപദേശങ്ങളും, അവൾ അനുഭവിക്കുവാനിരിക്കുന്ന പ്രത്യേക അവകാശങ്ങളും അനുകൂല്യങ്ങളുമാണ് നാം കാണുക. പത്തും പതിനൊന്നും വാക്യങ്ങൾ വിവാഹത്തനൊരുങ്ങിയിരിക്കുന്ന വധുവിനുള്ള ഉപദേശങ്ങളാണ്: "മകളേ, കേൾക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക: നിന്റെ ജനത്തെയും പിതൃഭവനത്തെയും മറക്കുക. അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും, അവൻ നിന്റെ നാഥനാണ് അവനെ വണങ്ങുക" (സങ്കീ. 45, 10-11). ഓഫീർ സ്വർണ്ണമണിഞ്ഞ് കാത്തിരിക്കുന്ന രാജ്ഞി വിജാതീയയാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. തന്റെ ജനത്തെ മറന്ന് അവൾ രാജാവിന്റെ സ്വന്തമാകേണ്ടിയിരിക്കുന്നു. സംരക്ഷകനും നാഥനുമായ അവനോട് ചേർന്ന് നിൽക്കുമ്പോഴാണ് അവളിൽ രാജാവ് സംപ്രീതനാവുക. രാജ്ഞിയുടെ മഹത്വം രാജാവിന്റെ വധുവെന്ന നിലയിലാണ്.

രാജാവിനോട് വിശ്വസ്തതയോടെ ചേർന്നുനിൽക്കുന്ന രാജ്ഞി അനുഭവിക്കുവാൻ പോകുന്ന മഹത്വമാണ് പന്ത്രണ്ടു മുതൽ പതിനഞ്ചു വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്: "ടയിർ നിവാസികൾ നിന്റെ പ്രീതി കാംക്ഷിച്ച് ഉപഹാരങ്ങൾ അർപ്പിക്കും. ധനികന്മാർ എല്ലവിധ സമ്പത്തും കാഴ്ചവയ്ക്കും; രാജകുമാരി സ്വർണക്കസവുടയാട ചാർത്തി അന്തഃപുരത്തിൽ ഇരിക്കുന്നു. വർണശബളമായ അങ്കിയണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു; കന്യകമാരായ തോഴിമാർ അവൾക്ക് അകമ്പടി സേവിക്കുന്നു. ആഹ്ളാദഭരിതരായി അവർ രാജകൊട്ടാരത്തിലേക്ക് പ്രവേശിക്കുന്നു" (സങ്കീ. 45, 12-15). രാജാവിന്റെ വധുവെന്ന നിലയിലാണ് അവൾ ബഹുമാനിക്കപ്പെടുന്നത്. ദൈവത്തോട് ചേർന്ന് നിൽക്കുമ്പോഴാണ് ഇസ്രായേൽ, ദൈവജനം, ബഹുമാനിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും.

രാജ്ഞിയുടെ പുത്രന്മാർക്ക് ലഭിക്കുവാൻ പോകുന്ന നേട്ടങ്ങൾ, അതുവഴി രാജഭവനത്തിന്റെ ഭാവിസമൃദ്ധിയാണ് പതിനാറും പതിനേഴും വാക്യങ്ങളിൽ നാം കാണുക: "നിന്റെ പുത്രന്മാർ പിതാക്കന്മാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും നീ അവരെ അധിപതികളായി വഴിക്കും. തലമുറ തോറും നിന്റെ നാമം കീർത്തിക്കപ്പെടാൻ ഞാൻ ഇടയാക്കും; ജനതകൾ നിന്നെ എന്നേക്കും പ്രകീർത്തിക്കും" (സങ്കീ. 45, 16-17). വരുവാനിരിക്കുന്ന ഒരു രാജാവിനെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. രാജാവിനൊപ്പം രാജ്ഞിയും ബഹുമതി നേടുന്നതുപോലെ, അവരുടെ പിൻതലമുറകളും പ്രകീർത്തിക്കപ്പെടുക അവരും രാജാവിന്റെ മഹത്വത്തിൽ പങ്കുചേരുന്നതുകൊണ്ടാണ്.

സങ്കീർത്തനം ജീവിതത്തിൽ

ഹൃദയത്തിൽ നിറയുന്ന ഉദാത്തമായ ചിന്തയാണ് രാജാവിന് സ്തോത്രഗീതമായി സങ്കീർത്തകൻ ആലപിക്കുന്നതെന്ന് സങ്കീർത്തനത്തിന്റെ ആദ്യവാക്യത്തിൽ നാം വായിക്കുന്നുണ്ട്. ഈയൊരു ചൈതന്യം സങ്കീർത്തനത്തിലുടനീളം നമുക്ക് കാണാനാകും. ദൈവം തിരഞ്ഞെടുത്തവൻ ജനതകൾക്ക് മുന്നിൽ ഏറ്റവും അനുഗ്രഹീതനാണ്. അപ്രകാരം തിരഞ്ഞെടുക്കപ്പെട്ട രാജാവിനോട് ചേർന്ന് നിൽക്കുന്ന രാജ്ഞിയും അവളിലൂടെ ജനിക്കുന്ന പുത്രരും ലോകത്ത് ബഹുമാനിക്കപ്പെടുകയും അധികാരം അവകാശമാക്കുകയും ചെയ്യുമെന്ന ഈ സങ്കീർത്തനവാക്യങ്ങൾ രാജാവിനായി എഴുതപ്പെട്ടതാണെങ്കിലും, ദൈവവും അവന്റെ തിരഞ്ഞെടുക്കപ്പെട്ട ജനവും തമ്മിലുള്ള ബന്ധവും നമുക്ക് ഈ വാക്യങ്ങൾക്കിടയിലൂടെ കാണുവാനാകും. തന്നോട് പൂർണ്ണമായും ചേർന്ന് നിൽക്കുന്ന വിശ്വാസികളിലാണ് ദൈവം സംപ്രീതനാകുന്നത്. അവനോട് ചേർന്ന് നിൽക്കുമ്പോൾ മാത്രമാണ് രാജാവായ ദൈവത്തിന്റെ വധുവായ ഇസ്രയേലെന്ന ദൈവജനം വിലയുള്ളവരായി മാറുന്നത്. ശക്തനും സർവ്വാധിപനുമായ ദൈവത്തോട് ആത്മാവിൽ ചേർന്ന് ജീവിക്കാനും, അവന്റെ സംപ്രീതി നേടാനും ഓരോ വിശ്വാസിയെയും ഈ സങ്കീർത്തനവരികൾ ക്ഷണിക്കുന്നുണ്ട്. ദൈവത്തിലും, ദൈവത്തോടൊപ്പവുമാണ് നമ്മുടെ ജീവിതങ്ങൾക്കും മൂല്യമേറുന്നതെന്ന് തിരിച്ചറിയുകയും, എപ്പോഴും അവനോട് ചേർന്ന് ജീവിക്കുകയും, അവന്റെ അനുഗ്രഹങ്ങൾക്ക് സങ്കീർത്തകനൊപ്പം നന്ദി പറയുകയും ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2023, 17:17