ഇസ്രയേലിന്റെ പരാജയങ്ങളും വിലാപപ്രാർത്ഥനയും വിശ്വാസവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഗായകസംഘനേതാവിന് കൊറഹിന്റെ പുത്രന്മാരുടെ ഒരു പ്രബോധനഗീതം എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന നാൽപ്പത്തിനാലാം സങ്കീർത്തനം സംഘർഷങ്ങളുടെയും ദുരിതങ്ങളുടെയും അവസരങ്ങളിൽ ആലപിച്ചിരുന്ന ഒരു പൊതുവിലാപഗാനമാണ്. ഇസ്രായേൽജനം തങ്ങളുടെ ചരിത്രത്തിൽ ദൈവമേകിയ അനുഗ്രഹങ്ങളും സംരക്ഷണവും അനുസ്‌മരിക്കുകയും, ഇപ്പോൾ തങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ മുന്നിൽ ദൈവം തങ്ങളെ ഉപേക്ഷിച്ചുവെന്ന് പരാതിപറയുകയും ചെയ്യുന്നു. ദൈവവും ഇസ്രയേലുമായുള്ള ഉടമ്പടിയിൽനിന്ന് തങ്ങൾ പിന്നോട്ട് പോയതായി ജനം കരുതുന്നില്ല. മറ്റുള്ളവരുടെ മുന്നിൽ തങ്ങൾ അപഹാസ്യരും പരാജിതരുമാകാൻ കാരണം ദൈവം തങ്ങളെ ഉപേക്ഷിച്ചതാണെന്ന് അവർ അപലപിക്കുന്നു പൂഴിയോളം താണുപോയ തങ്ങളുടെ സഹായത്തിനു വരണമേയെന്നും, ദൈവത്തിന്റെ കാരുണ്യത്താൽ തങ്ങളെ മോചിപ്പിക്കണമേയെന്നും ഇസ്രായേൽ ജനം അപേക്ഷിക്കുന്നു. വിജയപരാജയങ്ങൾ തീരുമാനിക്കപ്പെടുന്നത് മനുഷ്യരുടെ കരബലമോ ഇശ്ചാശക്തിയോ അനുസരിച്ചല്ല, ദൈവത്തിന്റെ ഹിതമനുസരിച്ചാണെന്ന ഒരു ചിന്ത ഈ സങ്കീർത്തനം നൽകുന്നുണ്ട്. വിജയത്തിന്റെ നാളുകളിലെന്നപോലെ ദുരിതത്തിന്റെ നാളുകളിലും ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടുപോകാൻ ഇസ്രയേലിനെ അനുസ്‌മരിപ്പിക്കുന്ന ഒന്നാണ് ഈ വിലപപ്രാർത്ഥനയിലൂടെ പങ്കുവയ്ക്കപ്പെടുന്ന പ്രബോധനം.
ദൈവസാന്നിദ്ധ്യം നിറഞ്ഞ ഇസ്രയേലിന്റെ ചരിത്രം
തങ്ങളുടെ പരാജയങ്ങളുടെ മുന്നിൽ വിലപിക്കുന്ന, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ, തന്റെ ജനത്തോട് വിശ്വസ്തനായിരിക്കുകയും അവരോടൊപ്പം ചരിക്കുകയും ചെയ്‌ത കർത്താവിനെക്കുറിച്ച് തലമുറകളിലൂടെ പകർന്നുപോന്നിരുന്ന ചരിത്രത്തിന്റെ ഓർമ്മകൾ തങ്ങളുടെ പിതാക്കന്മാരിൽനിന്ന് ബോധനമായി ലഭിച്ചതിനെ അനുസ്‌മരിക്കുന്നതാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ എട്ടുവരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. ഈജിപ്തിൽനിന്ന് മോശയുടെ നേതൃത്വത്തിൽ തന്റെ ജനത്തെ വാഗ്ദത്തനാട്ടിലേക്ക് ദൈവം നയിച്ചതും, അവർക്ക് വസിക്കുവാനായി മറ്റു ജനതകളെ പുറത്താക്കിയതും ഇസ്രായേൽ അനുസ്മരിക്കുന്നു (സങ്കീ. 44, 1-2). സാമുവലിന്റെ രണ്ടാം പുസ്തകം ഏഴാം അധ്യായത്തിൽ ദാവീദ് ഇതേ വാക്കുകൾ ഉരുവിട്ടുകൊണ്ട് ദൈവകൂടാരത്തിൽ നന്ദി പറഞ്ഞ് പ്രാർത്ഥിക്കുന്നുണ്ട് (2 സാമുവേൽ 7, 22-24). തങ്ങളുടെ കരബലമോ വാളോ അല്ല, തങ്ങളുടെ രാജാവും ദൈവവുമായ കർത്താവാണ് യാക്കോബിന്, ഇസ്രായേലിന് വിജയം നൽകിയതെന്ന് അവർ ഏറ്റുപറയുന്നു (സങ്കീ. 44, 3-4). തങ്ങളെ ആക്രമിച്ചവരെ ദൈവനാമത്തിലാണ് ജനം തോൽപ്പിച്ചത്. ശത്രുക്കളിൽനിന്ന് തങ്ങൾക്ക് സംരക്ഷണമേകിയ ദൈവത്തിന്റെ അനുസ്മരണയിലാണ് "ഞങ്ങൾ ദൈവത്തിൽ നിരന്തരം അഭിമാനം കൊണ്ടു; അങ്ങയുടെ നാമത്തിനു ഞങ്ങൾ എന്നും നന്ദി പറയും" (സങ്കീ. 44, 8) എന്ന് ഇസ്രായേൽ ജനം ആലപിക്കുന്നത്.
ദൈവസാന്നിദ്ധ്യമറിയാത്ത ദുരിതത്തിന്റെ നാളുകൾ
ദൈവം തിരഞ്ഞെടുത്ത് വാഗ്ദത്തനാട്ടിൽ നട്ടുപിടിപ്പിച്ച ജനമാണ് തങ്ങളെന്ന ബോധ്യം ഉള്ളിൽ സൂക്ഷിക്കുന്ന ഇസ്രായേൽ ജനം, തങ്ങളുടെ ദുരിതകാലത്ത് ദൈവത്തിന്റെ സാന്നിദ്ധ്യം തങ്ങളോടൊപ്പമില്ല എന്ന് ഭയക്കുന്നു. ദുർവഹമായ ക്ലേശത്തിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ വിലാപമടങ്ങുന്ന ഒൻപത് മുതൽ പതിനാറ് വരെയുള്ള വാക്യങ്ങളാണ് ഈ സങ്കീർത്തനത്തിന്റെ പ്രധാനഭാഗം. ദൈവം തങ്ങളോടൊപ്പമില്ലാത്തത്തിനാലാണ് പരാജയത്തിന്റെയും അവഹേളനത്തിന്റെയും ദിനങ്ങളിലൂടെ തങ്ങൾ കടന്നുപോകേണ്ടിവരുന്നതെന്ന് ഇസ്രായേൽ വിലപിക്കുന്നു (സങ്കീ. 44, 9a). തങ്ങളുടെ സൈന്യത്തിനൊപ്പം ദൈവം കൂടെ വരാത്തതിനാലാണ് തങ്ങളുടെ ശത്രുക്കൾക്ക് മുന്നിൽ തങ്ങൾ തോറ്റോടേണ്ടിവന്നതെന്നും, ജനതകളുടെ ഇടയിൽ തങ്ങൾ ചിതറിക്കപ്പെട്ടതെന്നും ഇസ്രായേൽജനം പരാതിപ്പെടുന്നു (സങ്കീ. 44, 9b-10). എസക്കിയേൽ പ്രവാചകന്റെ പുസ്തകം മുപ്പത്തിനാലാം അദ്ധ്യായത്തിൽ ഇസ്രയേലിന്റെ ഇടയന്മാർക്കെതിരെ സംസാരിക്കുന്ന കർത്താവ്, തന്റെ ജനം മലമുകളിലും ഉയർന്ന കുന്നുകളിലും അലഞ്ഞുനടന്നുവെന്നും, ഭൂമുഖത്തെല്ലാം എന്റെ ആടുകൾ ചിതറിപ്പോയി (എസാക്കയിൽ 34) എന്നും പറയുന്നത് നാം വായിക്കുന്നുണ്ട്. സങ്കീർത്തനത്തിലേക്ക് തിരികെവരുമ്പോൾ, തങ്ങളുടെ ദുരിതാവസ്ഥയിൽ, "അവിടുന്ന് സ്വന്തം ജനത്തെ തുശ്ചവിലയ്ക്കു വിറ്റു; അവിടുന്ന് അവർക്കു വിലകൽപ്പിച്ചില്ല" (സങ്കീ. 44, 12) എന്നുവരെ ദൈവത്തെക്കുറിച്ച് സങ്കീർത്തകൻ പരാതിപറയുന്നുണ്ട്. നിന്ദകരുടെയും ദൂഷകരുടെയും വാക്കുകളാലും, ശത്രുക്കളുടെ പ്രവർത്തനങ്ങളാലും അപമാനിതരും ലജ്ജിതരുമാണ് ഇസ്രായേൽ ജനം (സങ്കീ. 44, 15-16).
ദൈവത്തിന്റെ വിശ്വസ്‌തജനമെന്ന ഇസ്രയേലിന്റെ അവകാശവാദം
ദൈവമനുഷ്യ ഉടമ്പടിക്കെതിരെ തങ്ങൾ പ്രവർത്തിച്ചിട്ടില്ല എന്ന ഇസ്രയേലിന്റെ ചിന്ത അവരുടെ സഹനത്തിന്റെ വേദന വർദ്ധിപ്പിക്കുന്നുണ്ട്. പതിനേഴ് മുതൽ ഇരുപത്തിരണ്ടുവരെയുള്ള വാക്യങ്ങളിൽ ഈയൊരു നിരപരാധിത്വചിന്തയാണ് നാം കാണുന്നത്. പിതാക്കന്മാരിലൂടെ അറിഞ്ഞ ദൈവത്തിന്റെ പാതയിൽനിന്ന് തങ്ങൾ മാറിയിട്ടില്ലെന്നും, തങ്ങളുടെ ഹൃദയം അവിടുത്തെ മറന്നിട്ടില്ലെന്നും തങ്ങൾ ഒരിക്കലും അവിശ്വസ്തത കാട്ടിയിട്ടില്ലെന്നും അവകാശപ്പെടുന്ന ഇസ്രായേൽ, ദൈവം തന്റെ വിശ്വസ്തതയിൽനിന്ന് പിന്നോക്കം പോയി എന്നാണു കരുതുന്നത് (സങ്കീ. 44, 17-18). ദൈവജനത്തിന്റെ പരാജയത്തെത്തുടർന്നുള്ള പ്രവാസകാലത്ത് നാട് കുറുനരികൾ വസിക്കുന്നയിടമായി മാറി. ഏശയ്യാ പ്രവാചകന്റെ പുസ്‌തകം പതിമൂന്നാം അധ്യായത്തിൽ ബാബിലോണിന്റെ പതനത്തെക്കുറിച്ച് പറയുന്നയിടത്ത് ഇതിനു സമാനമായ ഒരു ചിന്ത നാം കാണുന്നുണ്ട്: "അതിന്റെ (ബാബിലോണിന്റെ) ഗോപുരങ്ങളിൽ ചെന്നായ്ക്കളും മനോഹരമന്ദിരങ്ങളിൽ കുറുക്കന്മാരും ഓരിയിടും" ഏശയ്യാ 13, 22). യൂദായുടെ അകൃത്യങ്ങൾക്കുമുന്നിൽ "ഞാൻ ജെറുസലേമിനെ ഒരു നാശക്കൂമ്പാരവും കുറുക്കന്റെ സങ്കേതവുമാക്കും" (ജെറ.9, 11) എന്ന് പറയുന്ന ദൈവത്തെക്കുറിച്ച് ജെറമിയ പ്രവാചകൻ ഒൻപതാം അധ്യായത്തിൽ എഴുതിവയ്ക്കുന്നുണ്ട്. എന്നാൽ സങ്കീർത്തനവരികളിൽ, തങ്ങൾ ദൈവനാമം മറക്കുകയോ അന്യദേവന്മാരെ ആരാധിക്കുകയോ ചെയ്‌തില്ലെന്നും, ഹൃദയരഹസ്യങ്ങൾ പോലും അറിയുന്ന ദൈവത്തിന് ഇത് അജ്ഞാതമല്ലെന്നും ഇസ്രായേൽ ജനം അവകാശപ്പെടുന്നു (സങ്കീ. 44, 20-21). ദൈവസാന്നിധ്യമേകിയിരുന്ന പ്രകാശം ഇസ്രായേലിന് നഷ്ടമായിരിക്കുന്നു.
സഹനത്തിലും ദൈവത്തിന്റെ നിശബ്ദതയിലും വിശ്വാസം കൈവിടാത്ത ജനം
സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് ദൈവത്തിന്റെ കരുത്തിലാണ് തങ്ങൾ വിജയിച്ചതെന്നും, എന്നാൽ ഇപ്പോൾ ദൈവം തങ്ങളെ ഉപേക്ഷിച്ചതിനാലാകാം തങ്ങൾ പരാജയപ്പെടുന്നതും അപമാനിതരാകുന്നതെന്നും പറയുന്ന ഇസ്രായേൽജനം ദൈവത്തിന്റെ സഹായം വീണ്ടും അപേക്ഷിക്കുന്നതാണ് സങ്കീർത്തനത്തിന്റെ ഇരുപത്തിമൂന്ന് മുതലുള്ള അവസാനവാക്യങ്ങളിൽ നാം കാണുന്നത്. തങ്ങളെ തള്ളിക്കളയരുതേയെന്നും, തങ്ങളിൽനിന്ന് അവിടുത്തെ മുഖം മറയ്ക്കരുതേയെന്നും ദൈവജനം അപേക്ഷിക്കുന്നു (സങ്കീ. 44, 23-24). നീതിക്കുവേണ്ടി അപേക്ഷിക്കുന്ന ഇസ്രയേലിന്റെ വാക്കുകളായി പത്താം സങ്കീർത്തനത്തിലും ഇതിന് സമാനമായ ഒരു ചിന്ത നാം കാണുന്നുണ്ട്. ദൈവത്തിന്റെ മുഖം തങ്ങളിൽനിന്ന് മറഞ്ഞിരിക്കുന്നതിനാലാണ് തങ്ങൾ പീഡിപ്പിക്കപ്പെടുന്നതെന്നും, ദൈവം കാണുന്നില്ല എന്ന ചിന്തയിലാണ് ദുഷ്ടൻ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതെന്നും സങ്കീർത്തകൻ അവിടെ പരാതിപ്പെടുന്നുണ്ട് (സങ്കീ. 10, 1; 10, 11). കർത്താവിന്റെ സഹായവും സാന്നിദ്ധ്യവുമുണ്ടെങ്കിൽ തങ്ങൾ പരാജയപ്പെടില്ലെന്ന വിശ്വാസത്താലാണ് "കർത്താവേ ഉണർന്നെഴുന്നേൽക്കണമേ, അവിടുന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ!" എന്ന് സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത് (സങ്കീ. 44, 23). പൂഴിയോളം താണുപോയിട്ടും, തങ്ങൾ നിലംപറ്റിപോയിട്ടും "ഉണർന്നു ഞങ്ങളുടെ സഹായത്തിനു വരണമേ! അവിടുത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!" (സങ്കീ. 44, 26) എന്ന് വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന സങ്കീർത്തകന്റെ വാക്കുകളോടെയാണ് നാൽപത്തിനാലാം സങ്കീർത്തനം അവസാനിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
തകർച്ചയുടെ ആഴങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യർക്ക് ഇനിയും പ്രത്യാശയോടെ തിരികെ വരാനാകുമെന്നും, ദൈവം കൂടെയുണ്ടെങ്കിൽ ജീവിതത്തിലെ പരാജയങ്ങൾ അന്ത്യവാക്കല്ലെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന നാൽപ്പത്തിനാലാം സങ്കീർത്തനം ഇസ്രായേൽ ജനത്തിന്റെ വിലാപപ്രാർത്ഥന മാത്രമല്ല, ഒരു ശത്രുവിനും തകർക്കാനാകാത്ത വിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയാണ്. ദൈവജനം വിളിക്കപ്പെട്ടിരിക്കുന്നതും വിശ്വാസത്തിന്റെ ഈയൊരു സാക്ഷ്യമായി ലോകത്ത് നിലനിൽക്കുവാനായാണ്; തന്നോട് വിശ്വസ്തരായിരിക്കുന്ന ജനത്തിന് രക്ഷകനായി, അവർക്കൊപ്പം വസിക്കുന്ന കർത്താവിന്റെ നാമം ലോകത്തോട് വിളിച്ചുപറയുന്ന വിശ്വസ്തജനമായി തുടരുവാനാണ്. രക്ഷയും ജീവനും ഇസ്രയേലിന്റെ നാഥനായ ദൈവത്തിലാണെന്ന ബോധ്യത്തിൽ, അവനിൽ ശരണപ്പെട്ട്, പിതാക്കന്മാരിലൂടെ പകർന്നുലഭിച്ച വിശ്വാസം ജീവിക്കാനും, ദൈവത്തോട് ചേർന്നുനിൽക്കുന്ന, അവനാൽ സ്നേഹിക്കപ്പെടുന്ന ജനമായി, ദൈവിക സംരക്ഷണത്തിന്റെ പ്രകാശത്തിലും ആനന്ദത്തിലുമായിരിക്കാനും നമുക്കും പരിശ്രമിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: