തിരയുക

സങ്കീർത്തനചിന്തകൾ - 42 സങ്കീർത്തനചിന്തകൾ - 42 

കുറ്റപ്പെടുത്തലുകളിലും വേദനകളിലും ദൈവത്തിൽ ആശ്രയമർപ്പിക്കുക

വചനവീഥി: നാൽപ്പത്തിരണ്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നാൽപ്പത്തിരണ്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗായകസംഘനേതാവിന് കൊറാഹിന്റെ പുത്രന്മാരുടെ ഒരു പ്രബോധനഗീതം എന്ന തലക്കെട്ടോടെയുള്ള നാൽപ്പത്തിരണ്ടാം സങ്കീർത്തനം, അഞ്ചു ഗണങ്ങളായി തിരിച്ചിട്ടുള്ള സങ്കീർത്തനാപുസ്തകങ്ങളിൽ (1-41, 42-72, 73-89, 90-106, 107-150) രണ്ടാമത്തെ ഗണത്തിന്റെ ആദ്യസങ്കീർത്തനമാണ്. ഈ ഗണത്തിൽ ഏഴു സങ്കീർത്തനങ്ങൾ രചിച്ചിരിക്കുന്നത് കൊറാഹിന്റെ പുത്രന്‍മാർ എന്നറിയപ്പെടുന്ന ഗായകസംഘമാണ് (42, 44, 45, 46, 47, 48, 49). ഇതൊരു വൈയക്തികവിലാപഗാനമാണ്. നാൽപ്പത്തിരണ്ടും നാൽപ്പത്തിമൂന്നും സങ്കീർത്തനങ്ങളെ അവയുടെ ഉള്ളടക്കവും ആവർത്തിക്കപ്പെടുന്ന വാക്യങ്ങളും കണക്കിലെടുത്ത് ഒരുമിച്ച് കാണുകയും വിശകലനം നടത്തുകയും ചെയ്യാറുണ്ട്. ഇസ്രായേൽ ജനതയ്‌ക്കൊപ്പം ദേവാലയത്തിൽ ദൈവസാന്നിധ്യം അനുഭവിച്ച സങ്കീർത്തകൻ ഇപ്പോൾ അവിടെനിന്ന് അകലെയാണ്. ദേവാലയത്തിലെ പ്രത്യേകമായ ദൈവസാന്നിദ്ധ്യത്തിന്റെ പ്രാധാന്യവും, അവന്റെ സന്നിധിയിലെത്തി, കർത്താവിനെ പുകഴ്ത്തുവാനുള്ള സങ്കീർത്തനകന്റെ ആഗ്രഹവും ഈ സങ്കീർത്തനവരികളിൽ നമുക്ക്  കാണാം. ശത്രുക്കളുടെ പരിഹാസങ്ങൾക്കും, ആത്മാവിന്റെ വേദനകൾക്കും മുൻപിലും ദൈവത്തിനുവേണ്ടിയുള്ള സങ്കീർത്തകന്റെ ദാഹം കുറയാതിരിക്കുകയും, നിന്ദനങ്ങൾക്ക് മുൻപിലും കർത്താവിലുള്ള പ്രത്യാശ നശിക്കാതിരിക്കുകയും ചെയ്യുന്നു എന്നത് ദൈവത്തോടുള്ള അവന്റെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആഴത്തെയാണ് വ്യക്തമാക്കുന്നത്.

ദൈവാനുഭവത്തിന്റെ അനുസ്മരണം

"എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീർപ്പിടുന്നു? ദൈവത്തിൽ പ്രത്യാശ വയ്ക്കുക; എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പുകഴ്ത്തും" എന്ന വാക്യത്തിൽ അവസാനിക്കുന്ന രണ്ടു ഭാഗങ്ങളായി നാൽപ്പത്തിരണ്ടാം സങ്കീർത്തനത്തെ നമുക്ക് തിരിക്കാം (സങ്കീ. 42, 5;11). തന്റെ ജീവിതത്തെ മുറിപ്പെടുത്തുന്ന അപഹാസങ്ങളുടെയും, ഹൃദയം മുറിയുന്ന വേദനയുടെയും മുന്നിൽ ദൈവത്തിനായി ദാഹിക്കുന്ന ഒരു വിശ്വാസിയുടെ ഹൃദയമാണ് സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് നാം കാണുക. "നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്ക് ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാൻ കഴിയുക! (സങ്കീ. 42, 1-2) എന്ന വാക്യങ്ങൾക്ക്, എത്രമാത്രം ആഗ്രഹത്തോടെയാണ് സങ്കീർത്തകൻ ദൈവത്തിനായി ദാഹിക്കുന്നത് എന്ന് വ്യക്തമാക്കാനാകുന്നുണ്ട്. കടുത്ത വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരുവൻ ഉള്ളിൽ അനുഭവിക്കുന്ന മരുഭൂമിയുടെ അനുഭവത്തെ, "നീർച്ചാൽ തേടുന്ന മാൻപേട" എന്ന വാക്കുകളിലൂടെ മനോഹരമായി വർണ്ണിക്കാൻ സങ്കീർത്തകന് സാധിക്കുന്നുണ്ട്. ദൈവത്തെ കാണുകയും അവന്റെ സാന്നിദ്ധ്യത്തിലായിരിക്കുകയും ചെയ്യുക എന്നത്, ആനന്ദദായകമായ ഒരു അനുഭവം എന്നതിനേക്കാൾ, ആത്മാവിന്റെ ശക്തമായ ഒരു ആവശ്യമാണെന്ന് അവൻ തിരിച്ചറിയുന്നു. ജീവനുള്ള ദൈവത്തിനായുള്ള ദാഹം ശമിപ്പിക്കാൻ ലോക സുഖങ്ങൾക്കോ സുരക്ഷിതത്വത്തിനോ ആകില്ല. ദൈവം സർവ്വവ്യാപിയാണ് എങ്കിലും അവന്റെ പ്രത്യേകമായ സാന്നിദ്ധ്യമുള്ള ദേവാലയത്തിലെത്തി, അവനു മുൻപിൽ ആയിരുന്നാൽ ഒരുവന്റെ ഹൃദയവ്യഥകൾ ശമിക്കുമെന്ന ഒരു ബോധ്യം കൂടിയാണ് സങ്കീർത്തകൻ ഇവിടെ പങ്കുവയ്ക്കുന്നത്. നന്മയിൽ ജീവിക്കുന്ന ഒരുവനാണ് ദൈവസാന്നിദ്ധ്യം കൂടുതലായി ഇഷ്ടപ്പെടാനാവുക.

മൂന്നും നാലും വാക്യങ്ങളിൽ മറ്റുള്ളവരുടെ പരിഹാസങ്ങളും, ദേവാലയത്തിൽ താൻ അനുഭവിച്ച ആനന്ദത്തിന്റെ ഓർമ്മയും, ഇപ്പോൾ താൻ അവിടെനിന്ന് അകലെയാണെന്ന തിരിച്ചറിവും സങ്കീർത്തകന്റെ ഹൃദയത്തിലുളവാക്കുന്ന വേദന നമുക്ക് കാണാം. "രാപകൽ കണ്ണീർ എന്റെ ഭക്ഷണമായി" (സങ്കീ. 42, 3) എന്ന വാക്കുകളിൽ, തന്റെ ശത്രുക്കളുടെ കളിയാക്കലുകളും, ദൈവസന്നിധിയിൽനിന്ന് താൻ അകലെയാണെന്ന ചിന്തയും അവനെ തളർത്തുന്നത് നാം തിരിച്ചറിയുന്നുണ്ട്. ആഹ്ളാദാരവങ്ങളും കൃതജ്ഞതാഗീതങ്ങളും ഉയർത്തി, ആർത്തുല്ലസിച്ച് ദൈവസന്നിധിയിലേക്ക് നടത്തിയ യാത്രകൾ ആത്മാവിനു നൽകിയിരുന്ന സന്തോഷം ഇന്ന് അവനു നഷ്ടമായിരിക്കുന്നു. എന്നാൽ നിരാശയിൽ തുടരാതെ, ദൈവത്തിൽ പ്രത്യാശയർപ്പിക്കാൻ തന്നെത്തന്നെ ബോധ്യപ്പെടുത്താൻ അവനു സാധിക്കുന്നുണ്ടെന്ന് അഞ്ചാം വാക്യം നമുക്ക് കാട്ടിത്തരുന്നുണ്ട്. തന്റെ ദൈവത്തെ വീണ്ടും പുകഴ്ത്തുവാൻ തനിക്ക് അവസരം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം അവനിൽ ആശ്വാസം നിറയ്ക്കുന്നുണ്ട്.

സഹനങ്ങളും പ്രാർത്ഥനയും

സങ്കീർത്തനത്തിന്റെ ഏഴു മുതലുള്ള വാക്യങ്ങളിൽ, ദൈവത്തിന്റെ നഗരിയിൽനിന്നും, സാന്നിധ്യത്തിൽനിന്നും അകലെയായിരിക്കുന്നതിനാൽ, തന്റെ വേദനകൾ ദൈവത്തിന് മുൻപിൽ വീണ്ടും ഏറ്റുപറയുന്ന സങ്കീർത്തകനെയാണ് നാം കാണുക. "ജോർദ്ദാൻ പ്രദേശത്തും ഹെർമോണിലും മീസാർമലയിലും വച്ച് അങ്ങയെ ഞാൻ അനുസ്മരിക്കുന്നു" (സങ്കീ. 42, 6) എന്ന വാക്യം ഇതാണ് വ്യക്തമാക്കുന്നത്. ജെറുസലേമിന് വടക്ക്, ഇന്നത്തെ തെക്കൻ ലെബനോനിലുള്ള ഹെർമോൻമലയുടെ താഴ്വാരങ്ങളിൽനിന്നാണ് ജോർദ്ദാന്റെ അരുവികൾ പുറപ്പെടുന്നത്. മീസാർമലയും ഹെർമോനൊപ്പമുള്ള ഒന്നാകണം. താൻ ദൈവത്തിൽനിന്ന് അകലെയാണെന്ന ഒരു ചിന്ത അവനെ വ്യഥയിലാഴ്ത്തുന്നുണ്ട്. "അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പൽകൊണ്ട് ആഴം ആഴത്തെ വിളിക്കുന്നു: അങ്ങയുടെ തിരമാലകളും ഓളങ്ങളും എന്റെ മീതെ കടന്നുപോകുന്നു" (സങ്കീ. 42, 7) എന്ന വാക്കുകൾ സങ്കീർത്തകൻ അനുഭവിക്കുന്ന തകർച്ചയുടെയും പ്രശ്നങ്ങളുടെയും ആഴമാണ് വെളിവാക്കുന്നത്.

പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും സങ്കീർത്തകനിൽ ദൈവചിന്ത നൽകുന്ന ആശ്വാസവും ഉറപ്പും ആത്മവിശ്വാസവും അവസാനിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ്, "കർത്താവ് പകൽസമയത്ത് തന്റെ കാരുണ്യം വർഷിക്കുന്നു; രാത്രികാലത്ത് അവിടുത്തേക്ക് ഞാൻ ഗാനമാലപിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥനതന്നെ" (സങ്കീ. 42, 8) എന്ന് പറയാൻ അവനാകുന്നത്. "അവിടുന്ന് എന്നെ മറന്നതെന്തുകൊണ്ട്, ശത്രുവിന്റെ പീഡനം മൂലം എനിക്ക് വിലപിക്കേണ്ടി വന്നതെന്തുകൊണ്ട്, എന്ന് എന്റെ രക്ഷശിലയായ ദൈവത്തോട് ഞാൻ ചോദിക്കും" (സങ്കീ. 42, 9) എന്ന തുടർവാക്യം നിരാശയെക്കാൾ, ദൈവത്തിലുള്ള ശരണമാണ് കൂടുതൽ വ്യക്തമാക്കുന്നത്. വിശ്വാസിയുടെ ഉറച്ച രക്ഷാശിലയാണ് ദൈവം. ഇനിയും പ്രശ്നങ്ങളും വേദനകളും അകലാത്ത ഒരു ജീവിതാവസ്ഥയിലും, ഒരു വിശ്വാസി ദൈവസാന്നിദ്ധ്യത്തിൽ അനുഭവിക്കുന്ന വിശ്വാസത്തിന്റെയും ശരണത്തിന്റെയും പ്രകടനമാണ്, തന്റെ ഹൃദയവ്യഥകൾ തുറന്നു കാട്ടിയുള്ള അവന്റെ പ്രാർത്ഥനയിൽ നമുക്ക് കാണാനാകുക.

ദൈവസാന്നിദ്ധ്യം നൽകുന്ന ഉറപ്പിന് മുന്നിലും ഒരുവന്റെ ജീവിതാവസ്ഥകളും, അവൻ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളും പ്രലോഭനങ്ങളും അവസാനിക്കുന്നില്ലെന്ന് സങ്കീർത്തകൻ നമുക്ക് കാട്ടിത്തരുന്നുണ്ട്: "നിന്റെ ദൈവം എവിടെ എന്ന് ശത്രുക്കൾ എന്നോട് ചോദിക്കുന്നു; മാരകമായ മുറിവുപോലെ ആ നിന്ദനം ഞാൻ ഏൽക്കുന്നു" (സങ്കീ. 42, 10). എന്നാൽ എല്ലാ പ്രശ്‍നങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും മുന്നിലും, ശുഭാപ്‌തിവിശ്വാസത്തോടെ നിൽക്കുവാനാകുന്ന ഒരു വിശ്വാസജീവിതമാതൃകയാണ് സങ്കീർത്തനത്തിന്റെ ആദ്യപകുതിയുടെ അവസാനത്തേതുപോലെ വീണ്ടും സങ്കീർത്തകൻ ആവർത്തിക്കുന്നത്: "എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീർപ്പിടുന്നു? ദൈവത്തിൽ പ്രത്യാശ വയ്ക്കുക; എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പുകഴ്ത്തും" (സങ്കീ. 42, 11).

സങ്കീർത്തനം ജീവിതത്തിൽ

നിരാശയുടെ ആഴങ്ങളിൽ ആണ്ടുപോയ ജീവിതങ്ങളോട് ഇനിയും ദൈവത്തിൽ പ്രത്യാശയർപ്പിക്കാനും, തങ്ങളുടെ ജീവിതങ്ങളിൽ അവൻ തന്റെ കാരുണ്യം ഇനിയും വർഷിക്കുമെന്ന ബോധ്യത്തോടെ തലയുയർത്തി അവനിൽ പ്രതീക്ഷയർപ്പിച്ച് ജീവിക്കാനും നാല്പത്തിരണ്ടാം സങ്കീർത്തനം ആഹ്വാനം ചെയ്യുന്നുണ്ട്. ദൈവസാന്നിദ്ധ്യവും അവൻ ജീവിതത്തിൽ വർഷിച്ച അനുഗ്രഹങ്ങളും നൽകിയ ആനന്ദവും ആശ്വാസവും എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ നമുക്ക് പരിശ്രമിക്കാം. ദുരിതങ്ങളുടെയും വീഴ്ചകളുടെയും ആഴങ്ങളിൽപെട്ട് ഹൃദയമുരുകുന്ന കണ്ണീരിന്റെ നിമിഷങ്ങളിൽ അവ നമുക്ക് കരുത്താകട്ടെ. നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ, എല്ലായപ്പോഴും അവനെ തേടുകയും ദൈവസ്‌മരണയിൽ ജീവിക്കുകയും ചെയ്യാം. നമ്മുടെ സഹായകനും രക്ഷാശിലയുമായ കർത്താവിലുള്ള പ്രത്യാശയോടെ, അവന്റെ പ്രത്യേക സാന്നിദ്ധ്യമുള്ള വിശുദ്ധമായ ദേവാലയത്തിൽ അവനു സ്തുതിഗീതങ്ങൾ ആലപിക്കുകയും, അവനിൽനിന്ന് കൂടുതൽ അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2023, 17:48