തിരയുക

പലസ്തീനയിൽനിന്നുള്ള ഒരു ദൃശ്യം പലസ്തീനയിൽനിന്നുള്ള ഒരു ദൃശ്യം 

പാലസ്തീന-ഇസ്രായേൽ യുദ്ധം - കുട്ടികളുടെ നില കൂടുതൽ ദുരിതത്തിലേക്ക്: യൂണിസെഫ്

കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്നുവരുന്ന പാലസ്തീന-ഇസ്രായേൽ സംഘർഷത്തിൽ ഇരുരാജ്യങ്ങളിലെയും കുട്ടികളുടെ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടേറിയതാകുന്നുവെന്ന് യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അഞ്ചു ദിവസങ്ങളായി തുടർന്നുവരുന്ന പാലസ്തീന-ഇസ്രായേൽ യുദ്ധത്തിൽ, പലസ്തീനയിലെയും ഇസ്രയേലിലെയും കുട്ടികളുടെ സുരക്ഷിതത്വം കൂടുതൽ പരുങ്ങലിലെന്നും സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന ഇരു കക്ഷികളും കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച അന്താരാഷ്ട്രനിയമങ്ങൾ പാലിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ. ഒക്ടോബർ 10 ബുധനാഴ്ച ജനീവയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം ഹമാസ് ഇസ്രായേലിനുനേരെ നടത്തിയ മിസൈൽ അക്രമണങ്ങളെത്തുടർന്ന് രൂക്ഷമായ പാലസ്തീന-ഇസ്രായേൽ സംഘർഷങ്ങളിൽ കുട്ടികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യൂണിസെഫ് വക്താവ് സംസാരിച്ചത്.

സംഘർഷങ്ങളുടെ ഭാഗമായി കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തട്ടിക്കൊണ്ടുപോകുന്നതും, അംഗഭംഗം വരുത്തുന്നതും, ബന്ദികളാക്കി സൂക്ഷിക്കുന്നതും ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും, സംഘർഷങ്ങൾ എത്രയും വേഗം അവസാനിച്ചില്ലെങ്കിൽ കുട്ടികളുടെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും എൽഡർ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ നൂറുകണക്കിന് ഇസ്രായേലി, പലസ്തീൻ കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കുട്ടികളെ കൊല്ലുന്നതും അംഗഭംഗം വരുത്തുന്നതും അന്താരാഷ്ട്രമാനുഷികനിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് യൂണിസെഫ് വക്താവ് പറഞ്ഞു. കുട്ടികളെയും മുതിർന്നവരെയും ബന്ദികളാക്കുന്നതും അന്താരാഷ്ട്രനിയമങ്ങൾക്ക് എതിരാണെന്നും, തട്ടിക്കൊണ്ടുപോയവരെ ഉടനടി വിട്ടയക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം ഗാസാമുനമ്പിൽ മാത്രം ഏതാണ്ട് രണ്ടു ലക്ഷത്തോളം പുതിയ അഭയാർത്ഥികളുണ്ട്. ഇവരിൽ നിരവധി കുട്ടികളുമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിന് മുൻപ് തന്നെ ഗാസയിലും വെസ്റ്റ് ബാങ്കിലും താമസിക്കുന്ന കുട്ടികളിൽ ഏതാണ്ട് പകുതിയോളം വരുന്ന പതിനൊന്ന് ലക്ഷത്തോളം കുട്ടികൾക്ക്, മാനവികസഹായം ആവശ്യമായിരുന്നുവെന്നും യൂണിസെഫ് വക്താവ് വ്യക്തമാക്കി.

ഗാസ പ്രദേശത്തേക്ക് കറണ്ട്, ഭക്ഷണം, ജലം, ഇന്ധനങ്ങൾ തുടങ്ങിയവ എത്തുന്നത് ഇസ്രായേൽ തടയുന്നത് കുട്ടികളുടെ ഇപ്പോഴത്തെ ദുരിതവാസ്ഥ കൂടുതൽ വഷളാക്കും. നിലവിലെ സംഘർഷങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2023, 16:54