തിരയുക

സംഘർഷത്തിനിടയിൽ കുഞ്ഞുങ്ങൾ സംഘർഷത്തിനിടയിൽ കുഞ്ഞുങ്ങൾ   (AFP or licensors)

ഇസ്രയേലിലും,പാലസ്തീനിലും കുട്ടികളുടെ സ്ഥിതി അതിദയനീയം

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ കുട്ടികളുടെ അവകാശങ്ങളുടെ ലംഘനം വ്യാപകമായി നടക്കുന്നതായി യൂണിസെഫ് പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഇസ്രായേലിൽ ഹാമാസ് തീവ്രവാദികൾ നടത്തിയ അതിക്രമത്തിന്റെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുകയും,ഗുരുതരമായ അപകടാവസ്ഥകളിൽ കഴിയുന്നതായും യൂണിസെഫ് സംഘടനയുടെ ഡയറക്ടർ ജനറൽ കാതറിൻ റസൽ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

യുദ്ധം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധി കുഞ്ഞുങ്ങളെ വധിക്കുകയും,അംഗഭംഗം വരുത്തുകയും,തട്ടിക്കൊണ്ടു പോകുകയും ചെയ്തതായും, ഇത്തരം അവകാശലംഘനങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

പൗരന്മാരുടെ  അടിസ്ഥാന സൗകര്യങ്ങൾക്ക് മേലുള്ള കൂടുതൽ ആക്രമണങ്ങളിൽ നിന്നും  എല്ലാ പാർട്ടികളും വിട്ടുനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും,എല്ലാ യുദ്ധങ്ങളിലും എന്നപോലെ ഈ യുദ്ധത്തിലും ആദ്യം കഷ്ടപ്പെടുന്നത് കുട്ടികളാണെന്നും പ്രസ്താവനയിൽ ഓർമ്മപ്പെടുത്തുന്നു.

ബന്ദികളാക്കിയ കുട്ടികളെ അവരുടെ കുടുംബങ്ങളുമായോ ബന്ധുക്കളുമായോ  വീണ്ടും ഒന്നിപ്പിക്കുവാൻ വേണ്ടി  അവരെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കാൻ സായുധ ഗ്രൂപ്പുകളോട് അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട എല്ലാവരോടും യുനിസെഫ് ആവശ്യപ്പെടുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 October 2023, 13:13