തിരയുക

ഭയത്തിന്റെ പുകച്ചുരുളിൽ ഗാസ ഭയത്തിന്റെ പുകച്ചുരുളിൽ ഗാസ 

ഗാസയിലെ ആശുപത്രിക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ ആക്രമണം: മനുഷ്യത്വരഹിതമായ പ്രവൃത്തി

ഒക്ടോബർ 17-ന് അൽ അഹ്ലി ആശുപത്രിക്കുനേരെയുണ്ടായ ആക്രമണം മനുഷ്യത്വരഹിതമായ പ്രവൃത്തിയെന്നും ഇതിനെ യാതൊരുവിധത്തിലും ന്യായീകരിക്കാനാകില്ലെന്നും വത്തിക്കാൻ വാർത്താവിനിമയ ഡികാസ്റ്ററിയുടെ എഡിറ്റോറിയൽ ഡയറക്ടർ അന്ദ്രെയ തൊർണിയെല്ലി.

അന്ദ്രെയ തൊർണിയെല്ലി - മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗാസയിലെ അൽ അഹ്ലി ആശുപത്രിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ആക്രമണം തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും, ഇതിനെ ന്യായീകരിക്കാനാകില്ലെന്നും വത്തിക്കാൻ വാർത്താവിനിമയ ഡികാസ്റ്ററിയുടെ എഡിറ്റോറിയൽ ഡയറക്ടർ അന്ദ്രെയ തൊർണിയെല്ലി. ഒക്ടോബർ 7 ശനിയാഴ്ച്ച ഇസ്രായേലിന് നേരെ ഉണ്ടായ ഭീകരാക്രമണത്തെ കർദ്ദിനാൾ പിയെത്രോ പരോളിൻ മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ചിരുന്നു എന്നും, സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിനുള്ള അവകാശത്തെ അദ്ദേഹം എടുത്തുപറഞ്ഞിരുന്നുവെന്നും ഓർമ്മിപ്പിച്ച തൊർണിയെല്ലി, നിരവധി സാധാരണജനങ്ങളുടെ മരണത്തിന് കാരണമായ കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ അപലപിച്ചു.

നിലവിൽ ഗാസയുടെയും ഹമാസിന്റെയും നേതൃത്വം ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേലിന് മേൽ ചുമത്തുന്നുവെങ്കിലും, ഹമാസ് അയച്ച ഒരു മിസൈൽ പതിച്ചാണ് ഇതുണ്ടായതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഇസ്രായേൽ കഴിഞ്ഞദിവസം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്ന വടക്കൻ ഗാസയിലാണ് ഈ ദാരുണമായ ആക്രമണമുണ്ടായത്.

വിവിധ ഖണ്ഡങ്ങളായി നടക്കുന്ന മൂന്നാം ലോകമഹായുദ്ധം എന്ന് ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിക്കുന്ന സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മാനവികത, വിദ്വേഷം വളരാൻ അനുവദിക്കാതെയും, മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചും, തീവ്രവാദം അവസാനിപ്പിക്കാൻ ശ്രമിക്കണമെന്ന് അന്ദ്രെയ തൊർണിയെല്ലി ആവശ്യപ്പെട്ടു.

നിയന്ത്രണാതീതമായ രീതിയിൽ അക്രമങ്ങൾ പടരുന്നത് തടയുവാനായി, അന്താരാഷ്ട്രസമൂഹം മുന്നോട്ട് വരേണ്ട ആവശ്യമുണ്ട്. ഇസ്രയേലിലും ഗാസയിലും അരങ്ങേറിയ ആക്രമങ്ങൾ, മധ്യപൂർവദേശങ്ങളിൽ സമാധാനത്തിന്റെയും നീതിയുടെയും ദിനങ്ങൾക്കായുള്ള ശ്രമങ്ങളെ തകർക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2023, 17:02