തിരയുക

ഹൈറ്റിയിൽ ഭൂകമ്പത്തിനു ശേഷം ഹൈറ്റിയിൽ ഭൂകമ്പത്തിനു ശേഷം   (AFP or licensors)

ഹൈറ്റിയിൽ പട്ടിണിമരണങ്ങൾ വർധിക്കുന്നു

ദാരിദ്യം പിടിമുറുക്കിയ ഹൈറ്റിയിൽ ഏകദേശം 5 ദശലക്ഷം ആളുകൾ പട്ടിണി അനുഭവിക്കുന്നുവെന്ന് യൂണിസെഫിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ദാരിദ്ര്യവും, അനുബന്ധ പ്രശ്നങ്ങളും മൂലം ഏറെ ദുരിതമനുഭവിക്കുന്ന ഒരു നാടാണ് ഹൈറ്റി.ഏകദേശം 3 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ 5 ദശലക്ഷം ആളുകളാണ് പട്ടിണി അനുഭവിക്കുന്നതെന്ന് ഔദ്യോഗികമായ കണക്കുകൾ സൂചിപ്പിക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രേഖപ്പെടുത്തിയ കോളറ കേസുകളിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന രാഷ്ട്രവും ഹൈറ്റിയാണ്.

പട്ടിണിയ്ക്ക് പുറമെ ആഭ്യന്തര കലാപങ്ങളും, അക്രമങ്ങളും സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.2023 മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ, സായുധ ഗ്രൂപ്പുകൾ തമ്മിൽ  പ്രദേശത്തെയും വിഭവങ്ങളെയും ചൊല്ലിയുള്ള ഏറ്റുമുട്ടലിൽ കുറഞ്ഞത് 60 പേരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. 

ഈ അരക്ഷിതാവസ്ഥ മൂലം നൂറിലധികം സ്‌കൂളുകൾ അടച്ചുപൂട്ടുകയും, ആരോഗ്യ കേന്ദ്രങ്ങൾ  പ്രവർത്തന രഹിതമാകുകയും ചെയ്തിട്ടുണ്ട്. ഹൈറ്റിയിൽ കുറഞ്ഞത് 115000 കുട്ടികളെങ്കിലും ജീവന് ഭീഷണി ഉയർത്തുന്ന പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും യൂണിസെഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.നിലവിലെ പ്രതിസന്ധിക്ക് മുമ്പുതന്നെ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ദരിദ്രവും വികസിതവുമായ രാജ്യമായിരുന്നു ഹൈറ്റി .

2010 ജനുവരി 12 ന്,  7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, ഹൈറ്റിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിനെ  പൂർണ്ണമായി തകർത്തു. ഏകദേശം രണ്ടുലക്ഷത്തിയിരുപതിനായിരം ആളുകളാണ് അന്ന് ഭൂകമ്പത്തിൽ മരണമടഞ്ഞത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2023, 14:29